Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായി പഞ്ചായത്തിൽ രണ്ടിടത്തായി പൂച്ചകളുടെ ജഡം കൈകാലുകളും തലയും വെട്ടിയ നിലയിൽ; മുഖ്യമന്ത്രിയുടെ വീടിന് 400 മീറ്റർ അകലെ ഉണ്ടായ സംഭവത്തിൽ അന്വേഷണം തുടങ്ങി പൊലീസ്; രാഷ്ട്രീയ സംഘർഷത്തിന് മുന്നോടിയായി വളർത്തുമൃഗങ്ങളെ ഇത്തരത്തിൽ കൊല്ലാറുണ്ടെന്നതിന്റെ ആശങ്കയിൽ നാട്ടുകാരും

പിണറായി പഞ്ചായത്തിൽ രണ്ടിടത്തായി പൂച്ചകളുടെ ജഡം കൈകാലുകളും തലയും വെട്ടിയ നിലയിൽ; മുഖ്യമന്ത്രിയുടെ വീടിന് 400 മീറ്റർ അകലെ ഉണ്ടായ സംഭവത്തിൽ അന്വേഷണം തുടങ്ങി പൊലീസ്; രാഷ്ട്രീയ സംഘർഷത്തിന് മുന്നോടിയായി വളർത്തുമൃഗങ്ങളെ ഇത്തരത്തിൽ കൊല്ലാറുണ്ടെന്നതിന്റെ ആശങ്കയിൽ നാട്ടുകാരും

രഞ്ജിത്ത് ബാബു

തലശേരി: പിണറായി പഞ്ചായത്തിൽ കൈകാലുകളും തലയും വെട്ടിമാറ്റിയ നിലയിൽ പൂച്ചകളുടെ ജഡം. രണ്ടിടത്തായി സമാന രീതിയിൽ പൂച്ചകളെ വെട്ടിയിട്ട നിലയിൽ കണ്ടതോടെ ഇത് പ്രദേശത്ത് രാഷ്ട്രീയ പകപോക്കൽ അരങ്ങേറുന്നതിന്റെ സൂചനയാണോ എന്ന ചർച്ചയും സജീവമായി. മുമ്പും സമാന രീതിയിൽ രാഷ്ട്രീയ സംഘർഷാവസ്ഥയുള്ള കണ്ണൂരിലെ പ്രദേശങ്ങളിൽ വളർത്തുനായയേയും പൂച്ചയേയുമെല്ലാം വെട്ടിക്കൊന്നിരുന്നു എന്നതാണ് ഇപ്പോഴും ആശങ്കയ്ക്ക് കാരണമായത്. മുഖ്യമന്ത്രിയുടെ പഞ്ചായത്തിൽ തന്നെ ഇത്തരത്തിൽ പൂച്ചകളെ വെട്ടിക്കൊന്ന നിലയിൽ കണ്ടതോടെ പൊലീസും അന്വേഷണം തുടങ്ങി.

അതേസമയം, മൃഗങ്ങളെ ഏതോ ജീവികൾ കടിച്ചുകൊന്നതാണെന്നാണ് കരുതുന്നതെന്നാണ് സൂചനയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണത്തിനായി അന്വേഷണം നടക്കുന്നുണ്ട്. ഇപ്പോൾ പിണറായിയിൽ സമാധാനാന്തരീക്ഷമാണ് ഉള്ളതെന്നും ഈ സാഹചര്യത്തിൽ പൂച്ചകളെ വെട്ടിക്കൊന്നതാകാൻ സാധ്യത തീരെ കുറവാണെന്നുമാണ് പൊലീസിന്റെ അനുമാനം

പക്ഷേ, രണ്ടിടത്ത് ഇത്തരത്തിൽ കണ്ടത് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുമുണ്ട്. പിണറായിയിൽ രണ്ട് ദിവസങ്ങളിലായാണ് പൂച്ചകളുടെ ജഡങ്ങൾ കണ്ടത്. അടുത്തടുത്ത ദിവസങ്ങളിൽ ഇങ്ങനെ കണ്ടതോടെയാണ് ജനങ്ങളിൽ അസ്വസ്ഥത സൃഷ്ടിക്കപ്പെട്ടതും പൊലീസ് അന്വേഷണം നടത്തിയതും. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് സ്ഥിതി ചെയ്യുന്നതിന് നാനൂറു മീറ്റർ മാത്രം അകലയാണ് പൂച്ചകളുടെ ജഡങ്ങൾ കണ്ടെത്തിയതെന്നതും ദുരൂഹത വർധിപ്പിച്ചു.

അതേസമയം, ആദ്യം ചത്തനിലയിൽ കണ്ട പൂച്ച വാഹനമിടിച്ചാണ് ചത്തതെന്നാണ് പൊലീസ് അനുമാനം. രണ്ടാമത്തെ ദിവസം കണ്ട പൂച്ചയുടെ ജഡം പിന്നീട് വെറ്ററിനറി സർജനെ കൊണ്ടുവന്ന് പരിശോധിച്ചു. എവിടെയോ ചത്ത പൂച്ചയെ ഇവിടെ കൊണ്ടിട്ടതാകാമെന്നാണ് സൂചന. ഇവിടെ രക്തപ്പാടുകൾ ഉണ്ടായിരുന്നില്ല. കൈകാലുകൾ ഏതെങ്കിലും ജീവികൾ കടിച്ചെടുത്തതാകാമെന്നും ആയുധംകൊണ്ട് അല്ല വെട്ടിയതെന്നും ഉള്ള അനുമാനമാണ് സർജനും പങ്കുവച്ചത്.

24 മണിക്കൂറും പൊലീസ് നിരീക്ഷണമുള്ള പ്രദേശത്താണ് ഇത്തരത്തിൽ സംഭവമുണ്ടായതും. ഈ മാസം 30 ന് പിണറായിയിൽ പൊലീസ് സ്റ്റേഷൻ നിലവിൽ വരാനിരിക്കെയാണ് നിർദ്ദിഷ്ട പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്തായി ഇത്തരമൊരു സംഭവം ഉണ്ടായത്.

പിണറായി ഓലയമ്പലം പെട്രോൾ പമ്പിന് സമീപത്താണ് വ്യാഴാഴ്ച പുലർച്ചെ നാലു കാലുകൾ വെട്ടി മാറ്റിയ നിലയിൽ പൂച്ചയുടെ ജഡം കണ്ടെത്തിയത്. പിണറായി ആരോഗ്യ കേന്ദ്രത്തിനു സമീപത്തായിട്ടാണ് ഇന്നലെ രാവിലെ രണ്ട് കാലുകൾക്കും തലയ്ക്കും വെട്ടേറ്റ നിലയിൽ മറ്റൊരു പൂച്ചയുടെ ജഡം കണ്ടെത്തിയത്. ഇതോടെയാണ് വിവരമറിഞ്ഞ് ധർമ്മടം പൊലീസ് സ്ഥലത്തെത്തുകയും അന്വേഷണം നടത്തുകയും ചെയ്തതും. അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക സൂചനകളെങ്കിലും സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അന്വേഷണം തുടരുന്നുണ്ട്.

വർഷങ്ങൾക്ക് മുമ്പ് ഒരു രാഷ്ട്രീയ സംഘർഷത്തിന് മുന്നോടിയായി പിണറായി പ്രദേശത്ത് വെട്ടേറ്റ പരിക്കുകളോടെ നായ്ക്കളെ കണ്ടെത്തിയിരുന്നു. നായ്ക്കൾക്ക് വെട്ടേറ്റ സംഭവം ക്രിമിനൽ സംഘങ്ങളുടെ ആയുധ പരിശീലനമാണെന്ന റിപ്പോർട്ടുകളെ തുടർന്ന് അന്ന് പൊലീസ് വ്യാപകമായ അന്വേഷണവും നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP