Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്ഛന്റെയും അമ്മയുടേയും പേരറിയില്ല; സ്വന്തം നാടും വീടും എവിടെയെന്നും അറിയില്ല; ആശുപത്രിയിൽ വച്ച് അമ്മ അടിച്ചപ്പോൾ അവിടെനിന്ന് ഇറങ്ങി; തെരുവിൽ അലഞ്ഞ യുവതിക്ക് രക്ഷകരായി വനിതാ ട്രാഫിക് വാർഡന്മാർ; ജനോവയെന്ന 22 കാരിയെ ആർക്കെങ്കിലും അറിയാമോ എന്ന് ചോദിച്ച് പൊലീസ്

അച്ഛന്റെയും അമ്മയുടേയും പേരറിയില്ല; സ്വന്തം നാടും വീടും എവിടെയെന്നും അറിയില്ല; ആശുപത്രിയിൽ വച്ച് അമ്മ അടിച്ചപ്പോൾ അവിടെനിന്ന് ഇറങ്ങി; തെരുവിൽ അലഞ്ഞ യുവതിക്ക് രക്ഷകരായി വനിതാ ട്രാഫിക് വാർഡന്മാർ; ജനോവയെന്ന 22 കാരിയെ ആർക്കെങ്കിലും അറിയാമോ എന്ന് ചോദിച്ച് പൊലീസ്

ആർ പീയൂഷ്

തിരുവനന്തപുരം: നാടും വീടും എവിടെയെന്നോ വീട്ടുകാർ ആരെന്നോ പറയാനാകാതെ തെരുവിൽ അലഞ്ഞ യുവതിക്ക് വനിതാ ട്രാഫിക് വാർഡന്മാർ രക്ഷകരായി. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ പട്ടം മോഡൽ ഗേൾസ് സ്‌ക്കൂളിന് മുന്നിൽ വഴിയറിയാതെ പരിഭ്രമിച്ചു നിന്ന യുവതി പറയുന്നത് തനിക്ക് അച്ഛന്റെയും അമ്മയുടേയും പേരുപോലും അറിയില്ലെന്നാണ്. വീട്ടിൽ ഉള്ളവരെ അച്ഛൻ, അമ്മ എന്നാണ് വിളിക്കുകയെന്നും പറയുന്ന യുവതി സ്വന്തം പേര് ജനോവയാണെന്നും പറയുന്നു.

പട്ടത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ട്രാഫിക് വാർഡന്മാരായ അജിത, ഷീബ എന്നിവരെ യുവതി തനിക്ക് വീട്ടിൽ പോകാൻ വഴിയറിയില്ല എന്ന് പറഞ്ഞ് സമീപിക്കുകയായിരുന്നു. ഇവർ വീടെവിടെ എന്ന് ചോദിച്ചപ്പോൾ അറിയില്ല എന്ന മറുപടിയാണ് നൽകിയത്. ആശുപത്രിയിൽ പോയതാണെന്നും അമ്മ വഴക്കിട്ട് തല്ലിയതിനാൽ പേടിച്ച് ഓടിപ്പോന്നതാണെന്നും യുവതി ഇവരോട് പറഞ്ഞു.

എന്നാൽ യുവതിക്ക് അമ്മയുടെ പേരോ ഏതാണ് ആശുപത്രിയെന്നോ അറിയില്ല. തിമിര ശസ്ത്രക്രിയക്കാണ് എത്തിയതെന്നും കാൽസ്യം കുറവായതിനാൽ പറ്റില്ല എന്നും പറഞ്ഞതായി ട്രാഫിക് വാർഡന്മാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഏറെ ക്ഷീണിതയായി കണ്ടെത്തിയ യുവതിക്ക് അടുത്തുള്ള കടയിൽ നിന്നും ഭക്ഷണവും ഇവർ വാങ്ങി നൽകി. പിന്നീട് കണ്ട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു.

കണ്ട്രോൾ റൂം പൊലീസ് വിവരമറിഞ്ഞ് പാഞ്ഞെത്തി. ഇവർ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം അറിയില്ല എന്ന മറുപടിയാണ് യുവതി നൽകിയത്. അൽപ്പസമയത്തിനകം പേരൂർക്കട എസ്‌ഐ സമ്പത്തും എത്തി യുവതിയോട് വിവരങ്ങൾ ചോദിച്ചു. ആരെയും അറിയില്ല എന്നും വീട്ടിലുള്ളവരെ അച്ഛൻ അമ്മ എന്നുമാണ് വിളിക്കുന്നതെന്നും പേരറിയില്ല എന്നും പറഞ്ഞു. കൂടാതെ വീട്ടിലുള്ളവർ സ്വന്തം അച്ഛനും അമ്മയും അല്ല എന്നും യുവതി പൊലീസിനോട് പറഞ്ഞു. ഇവരൊക്കെ തന്നെ മർദ്ദിക്കാറുണ്ടെന്നും പറയുന്നുണ്ടായിരുന്നു. യുവതി പറയുന്ന കാര്യങ്ങൾ നോക്കി മാനസിക പ്രശ്നങ്ങൾ ഉണ്ടോ എന്ന സംശയവും പൊലീസിന് ഉണ്ട്.

പ്രാഥമിക വിവരങ്ങൾ ശേഖരിച്ച ശേഷം യുവതിയെ വനിതാ ഹെൽപ്പ് ലൈൻ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി കൈമാറി. ഇവർ മെഡിക്കൽ കോളേജ് പൊലീസിന് കൈമാറിയിരിക്കുകയാണ് ഇപ്പോൾ. ഉടൻ തന്നെ യുവതിയുടെ വീട്ടുകാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നും മെഡിക്കൽ കോളേജ് എസ്‌ഐ ഗിരിലാൽ മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ വാർത്ത ശ്രദ്ധയിൽപ്പെടുന്നവർക്ക് യുവതിയെ അറിയാമെങ്കിൽ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ 0471 244 3145 എന്ന നമ്പരിൽ ബന്ധപ്പെടാനും എസ്‌ഐ അഭ്യർത്ഥിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP