Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാറിൽ പിന്തുടർന്ന സംഘം ഇടിച്ചു തെറിപ്പിച്ചപ്പോൾ കുറ്റിക്കാട്ടിൽ ആയുധവുമായി ഒളിച്ചിരുന്ന മറ്റൊരു സംഘം അഫ്‌സലിനെ തലങ്ങും വിലങ്ങും വെട്ടി; ഗുരുതരമായി പരുക്കേറ്റ സി.പി.എം പ്രവർത്തകനെ ആശുപത്രിയിൽ എത്തിച്ചത് സമീപവാസികൾ; മലപ്പുറത്തിന്റെ തീരദേശത്ത് സമാധാനം കെടുത്തി വീണ്ടും രാഷ്ട്രീയ സംഘർഷം; മൂന്നു പഞ്ചായത്തുകളിൽ സി.പി.എം ഹർത്താൽ

കാറിൽ പിന്തുടർന്ന സംഘം ഇടിച്ചു തെറിപ്പിച്ചപ്പോൾ കുറ്റിക്കാട്ടിൽ ആയുധവുമായി ഒളിച്ചിരുന്ന മറ്റൊരു സംഘം അഫ്‌സലിനെ തലങ്ങും വിലങ്ങും വെട്ടി; ഗുരുതരമായി പരുക്കേറ്റ സി.പി.എം പ്രവർത്തകനെ ആശുപത്രിയിൽ എത്തിച്ചത് സമീപവാസികൾ; മലപ്പുറത്തിന്റെ തീരദേശത്ത് സമാധാനം കെടുത്തി വീണ്ടും രാഷ്ട്രീയ സംഘർഷം; മൂന്നു പഞ്ചായത്തുകളിൽ സി.പി.എം ഹർത്താൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം : മലപ്പുറം ജില്ലയുടെ തീരദേശ മേഖലയായ ഉണ്യാലിൽ വീണ്ടും രാഷ്ട്രീയത്തിന്റെ പേരിൽ ചോരക്കളി.സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ സി പി എം പ്രവർത്തകന് വെട്ടേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് താനൂരിലെ തീരദേശ പഞ്ചായത്തുകളിൽ നാളെ എൽ.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. വർഷങ്ങളായി ലീഗ്, സി.പി.എം സംഘർഷം നടക്കുന്ന ഉണ്യാൽ, താനൂർ, ആലിൻ ചുവട്, പറവണ്ണ പ്രദേശങ്ങൾ സമാധാനത്തിലേക്ക് ചുവട് വെയ്ക്കുന്നതിനിടെയാണ് ഇന്ന് വീണ്ടും സംഘർഷമുണ്ടായിരിക്കുന്നത്.

ഉണ്യാൽ കിണറ്റിങ്ങൽ അസൈനാറിന്റെ മകൻ അഫ്‌സൽ എന്ന അക്കു (28)വിനാണ് സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ  വെട്ടേറ്റത്. കാലുകൾക്കും കൈകൾക്കുമാണ് വെട്ടേറ്റത് ഗുരുതമായി പരിക്കേറ്റ ഇയാളെ തിരൂർ ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഉണ്യാലിൽ സി പി എം-ലീഗ് സംഘർഷത്തെ തുടർന്ന് സമാധാന ശ്രമങ്ങൾ നടന്ന് വരുന്നതിനിടെയാണ് തീരദേശവാസികളെ ഭീതിയിലാഴ്‌ത്തി വീണ്ടും അക്രമം ഉടലെടുത്തത്. മാസങ്ങൾക്ക് മുമ്പ് ഉണ്യാൽ ഫിഷറീസ് ഗ്രൗണ്ടിൽ നടന്ന ഫുട്‌ബോൾ ടൂർണമെന്റിന് ശേഷം ഗ്രൗണ്ടിൽ ഉറങ്ങിക്കിടന്ന ഒമ്പത് സി.പി.എം പ്രവർത്തകരെ ലീഗ് പ്രവർത്തകർ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. താനൂർ ആൽബസാർ മേഖലയും ലീഗ്, സി.പി.എം സംഘർഷത്തിന്റെ പേരിൽ മാസങ്ങളായി അശാന്തിയിലാണ്.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കൂട്ടായിൽ നിന്നും സ്‌കൂട്ടറിൽ ഉണ്യാലിലേക്ക് വരുന്നതിനിടെ പറവണ്ണ ആലിൻചുവടിനും ബീച്ച് റോഡിനും ഇടയിൽ വച്ച് കാറിൽ എത്തിയ ഒരു സംഘം സ്‌കൂട്ടർ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോവുകയും ഈ സമയം സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ച് നിന്ന സംഘം അഫ്‌സലിനെ വെട്ടി പരിക്കേൽപിക്കുകയും ആയിരുന്നു. അവശനായി കിടന്ന ഇയാളെ സമീപവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. കുറ്റിക്കാട്ടിൽ നിന്നും വെട്ടാനുപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. ഡിവൈഎസ്‌പി വി.എ ഉല്ലാസിന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ഉണ്ണ്യാലിൽ സി പി എം പ്രവർത്തകനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് താനൂരിലെ തീരദേശ പഞ്ചായത്തുകളിൽ എൽ ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. താനൂർ നിയോജക മണ്ഡലത്തിലെ തീരദേശ പഞ്ചായത്തുകളായ താനാളൂർ, നിറമരുതൂർ, ഒഴൂർ, എന്നിവിടങ്ങളിലും താനൂർ നഗരസഭാ പരിധിയിലുമാണ് എൽ ഡി എഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ആവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയതായി എൽ.ഡി.എഫ് നേതാക്കൾ അറിയിച്ചു.

താനൂർ തീരദേശ മേഖലയെ കുരുതിക്കളമാക്കാൻ മുസ്ലിം ലീഗ് ശ്രമിക്കുകയാണെന്ന് സി പി എം ആരോപിച്ചു.സംഘടിത അക്രമങ്ങൾക്കാണ് ലീഗിലെ ഒരു വിഭാഗം ശ്രമിക്കുന്നതെന്നും നേതാക്കൾ വിമർശിച്ചു. താനൂരിൽ എം എൽ എ യുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ സമാധാന ശ്രമങ്ങൾക്ക് ഊർജിത ശ്രമം നടക്കുമ്പോഴാണ് ഒരു കൂട്ടം ക്രിമിനലുകൾ അഴിഞ്ഞാടുന്നത്.

താനൂരും പരിസര പ്രദേശങ്ങളും ഒരു കാലത്തും സമാധാനമുണ്ടാകരുതെന്ന് അഗ്രഹിക്കുന്ന ഒരു വിഭാഗമാണ് അക്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നും ലീഗിനകത്തുള്ള സമാധാന കാംക്ഷികൾ ഈ അക്രമ പ്രവർത്തനങ്ങൾക്കെതിരെ രംഗത്ത് വരണമെന്നും ഏരിയ സെക്രട്ടറി ഇ.ജയൻ, ലോക്കൽ സെക്രട്ടറി കെ ടി.ശശി, കെ വി സിദ്ദീഖ്, പി.ശങ്കരൻ മാസ്റ്റർ, ബാലകൃഷ്ണൻ ചുള്ളിയത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP