Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൾസർ സുനിയും നടനും ബാഗ്ലൂരിലേക്ക് വിമാനയാത്ര നടത്തിയോ എന്ന് പരിശോധിക്കും; കാമുകനെ ഭീഷണിപ്പെടുത്തിയെന്നത് സ്ഥിരീകരിക്കാനും അന്വേഷണം; വൈരാഗ്യത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഇരയുടെ മൊഴി വീണ്ടുമെടുക്കും; ഗൂഢാലോചന വ്യക്തമാക്കുന്ന ഫോൺ രേഖകൾ പൊലീസിന് കിട്ടി; നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണം തുടങ്ങി

പൾസർ സുനിയും നടനും ബാഗ്ലൂരിലേക്ക് വിമാനയാത്ര നടത്തിയോ എന്ന് പരിശോധിക്കും; കാമുകനെ ഭീഷണിപ്പെടുത്തിയെന്നത് സ്ഥിരീകരിക്കാനും അന്വേഷണം; വൈരാഗ്യത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഇരയുടെ മൊഴി വീണ്ടുമെടുക്കും; ഗൂഢാലോചന വ്യക്തമാക്കുന്ന ഫോൺ രേഖകൾ പൊലീസിന് കിട്ടി; നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് എഡിജിപി ബി സന്ധ്യ നേതൃത്വം നൽകും. അക്രമത്തിനിരയായ നടിയുടെ മൊഴി വീണ്ടും സംഘം രേഖപ്പെടുത്തും. പൾസർ സുനി നടത്തിയ വെളിപ്പെടുത്തലിൽ പെട്ട നടനും സംവിധായകനുമായി നടിക്കുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളിലേക്ക് അന്വേഷണം നീളും. പൾസർ സുനിയും നടനും ബാഗ്ലൂരിലേക്ക് വിമാനയാത്ര നടത്തിയോ എന്നും പൊലീസ് പരിശോധിക്കും. ഇക്കാര്യത്തിൽ വ്യക്തമായ ഉത്തരം പൾസർ സുനി നൽകിയിട്ടില്ല. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ എല്ലാ പഴുതുകളും അടച്ച് പരിശോധിക്കാനാണ് നീക്കം.

അതിനിടെ സെൻകുമാർ പൊലീസ് മേധാവി സ്ഥാനം ഒഴിയുന്നത് കേസിനെ ബാധിക്കുമോ എന്ന ആശങ്ക സജീവമാണ്. അടുത്ത പൊലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റയെത്തുമെന്നാണ് സൂചന. ഈ വിവാദത്തിൽപ്പെട്ട നടനും ബെഹ്‌റയുമായി അടുത്ത ബന്ധമുണ്ട്. ഈ നടന്റെ പുതിയ സിനിമയുടെ പൂജയ്ക്ക് ബെഹ്‌റയാണ് മുഖ്യ അതിഥിയായത്. ഇതിന് പിന്നിൽ ബോധപൂർവ്വം പൊലീസിനെ സ്വാധീനിക്കാനുള്ള ശ്രമം നടന്നുവെന്ന് സിനിമാ മേഖലയിലെ ചിലർ അടക്കം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ബെറ്ഹ എത്തുന്നത് കേസിനെ ബാധിക്കുമെന്ന് ഭയക്കുന്നവർ ഏറെയാണ്. സെൻകുമാറിന്റെ അതിശക്തമായ നീക്കവും മുഖ്യമന്ത്രി പിണറായി വിജയന്റെ താൽപ്പര്യവുമാണ് നടിയെ ആക്രമിച്ച കേസിൽ അന്വേഷണത്തിൽ വഴിത്തിരിവായത്.

നടിയെ ആക്രമിക്കുന്നതിന് മുമ്പ് നടനും പൾസർ സുനിയും ബംഗ്ലുരുവിലേക്ക് വിമാനത്തിൽ പറന്നതായി സൂചനയുണ്ടായിരുന്നു. എസ്റ്റേറ്റ് തിരിച്ചു നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് നടിയെ ആക്രമിക്കുന്നതിൽ എത്തിയതെന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ നടിയുടെ കാമുകനെ ഭയപ്പെടുത്താനായിരുന്നു യാത്രയെന്നായിരുന്നു ആക്ഷേപം. ഇതിലെ സത്യം പൊലീസ് കണ്ടെത്താൻ ശ്രമിക്കും. ഇവർ ഭീഷണിപ്പെടുത്താൻ എത്തിയിരുന്നോവെന്ന് നടിയോടും തിരക്കുമെന്നാണ് സൂചന. ആരോപണ വിധേയനായ നടനും ആക്രമിക്കപ്പെട്ട നടിയുമായുള്ള ആരോപിക്കപ്പെട്ട ശത്രുതയുടെ യഥാർത്ഥ വസ്തുതയും പരിശോധിക്കും. എഡിജിപിയുടെ നേതൃത്വത്തിൽ അതീവരഹസ്യമായാണ് അന്വേഷണം. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയാൽ നടനെ ചോദ്യം ചെയ്യും.

നടിയോട് തട്ടിക്കൊണ്ടു പോയി അതിക്രമം കാണിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ആക്രമണത്തിൽ നേരിട്ടു പങ്കെടുത്തവർക്കെതിരെ ആദ്യകുറ്റപത്രം സമർപ്പിച്ചതോടെ അന്വേഷണം അവസാനിപ്പിച്ചെന്നു പ്രതികളെ തെറ്റിധരിപ്പിച്ച പൊലീസ് ഇവരുടെ ഫോൺ വിളികൾ അടക്കം നിരീക്ഷിച്ചിരുന്നു. ജയിലിൽ നിന്നു പ്രതികൾ പുറത്തേക്കു വിളിച്ച ഫോൺ കോളുകൾ മൂന്നു മാസമായി പൊലീസ് പരിശോധിച്ചിരുന്നു. ഇതാണ് നിർണ്ണായകമായത്. ഇതോടൊപ്പം കേസിലെ മുഖ്യപ്രതിയായ സുനിൽ കുമാർ സഹതടവുകാരൻ ജിൻസനോടു വെളിപ്പെടുത്തിയ വിവരങ്ങളും കേസിന്റെ തുടരന്വേഷണത്തിനു സഹായകമായി.

നടിയുടെ യാത്രാ വിവരങ്ങൾ സംവിധായകൻ തൽസമയം അറിയിച്ചുവെന്നതും ഗൗരവത്തോടെയാണ് കാണുന്നത്. കേസിൽ ഈ സംവിധായകനേയും പ്രതിയാക്കാനാണ് ആലോചന. എല്ലാം തെളിഞ്ഞാൽ ഗൂഢാലോചന കുറ്റത്തിനാകും സംവിധായകനെ പൊലീസ് അറസ്റ്റ് ചെയ്യുക. മജിസ്‌ട്രേട്ട് മുൻപാകെ ജിൻസന്റെ മൊഴികൾ രേഖപ്പെടുത്തുന്നതോടെ കേസിന്റെ തുടരന്വേഷണത്തിനു പൊലീസ് ഔദ്യോഗികമായി കോടതിയുടെ അനുവാദം തേടും. കഴിഞ്ഞ ഫെബ്രുവരി 17നു രാത്രിയാണ് അങ്കമാലിക്കു സമീപം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഏപ്രിൽ 18 ന് ഏഴു പ്രതികൾക്കെതിരെ കുറ്റപത്രവും സമർപ്പിച്ചു.

കേസിലെ ക്വട്ടേഷൻ സാധ്യത സംബന്ധിച്ച് അതിക്രമത്തിന് ഇരയായ നടിയും അടുത്ത സുഹൃത്തുക്കളും വ്യക്തമായ സൂചനകൾ പൊലീസിനു നൽകിയിരുന്നു. ആദ്യം ഇതൊന്നും കാര്യമായെടുത്തില്ല. ഇതിന് ശേഷമാണ് മഞ്ജു വാര്യരുടെ നേതൃത്വത്തിൽ വനിതാ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ എത്തുന്നത്. ഇവർ മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു. ഇതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന സുനി സഹ തടവുകാരോട് ആക്രമണത്തെപ്പറ്റിയും അതിനു പിന്നിൽ പ്രവർത്തിച്ചവരെപ്പറ്റിയും പറഞ്ഞതും കാര്യങ്ങൾ മാറ്റി മറിച്ചു. സൂചന ലഭിച്ചതിനെ തുടർന്ന് നേരത്തെ സുനിക്കൊപ്പം ജയിൽമുറിയിൽ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിൻസന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. പൊലീസ് ജയിലിലെത്തി ഇതു സംബന്ധിച്ച് മൊഴിയെടുത്തതായും സൂചനയുണ്ട്.

അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പൊലീസ് അനുബന്ധ കുറ്റപത്രവും സമർപ്പിച്ചേക്കും. ജയിലിനുള്ളിൽ സുനി എഴുതിയ ഒരു കത്ത് പുറത്തെത്തിച്ചത് ജിൻസനാണ്. ഇതേത്തുടർന്നു സുനിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് ജിൻസനെ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത് ഒരു പ്രമുഖ നടന്റെ നിർദ്ദേശമനുസരിച്ചാണെന്നും ഇതിൽ ഒരു സംവിധായകൻ ഇടപെട്ടിട്ടുണ്ടെന്നുമുള്ള പുതിയ വിവരങ്ങളാണ് സുനി പുറത്തുവിട്ടിട്ടുള്ളതെന്നാണ് സൂചന. പൾസർ സുനിയോടൊപ്പം മറ്റൊരു കേസിൽ കാക്കനാട് ജില്ലാ ജയിലിൽ തടവിൽ കഴിയുന്ന ചാലക്കുടി സ്വദേശി ജിൻസനോടാണ് സംഭവത്തിലെ ഗൂഢാലോചനയെപ്പറ്റി ഇയാൾ പറഞ്ഞിട്ടുള്ളത്. ജിൻസനിൽ നിന്നും പൊലീസിന് ലഭിച്ച വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയതിനെത്തുടർന്ന് ഇയാളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.

നെടുമ്പാശേരി പൊലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പു കേസിൽ പ്രതിയായ ജിൻസനും പൾസർ സുനിയും ഒരേ മുറിയിലായിരുന്നു കഴിഞ്ഞിരുന്നത് .ഇവർ സൗഹൃദത്തിലാവുകയും കേസിലെ ഗൂഢാലോചനയും മറ്റു സംഭവവികാസങ്ങളും സുനി ഇയാളോട് പങ്കുവക്കുകയായിരുന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എല്ലാ വശങ്ങളും അന്വേഷിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP