Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കാവ്യയുടെ കടയിൽ എന്തോ കൊടുത്തു എന്നതരത്തിലാണ് ഫോണിൽ പറഞ്ഞത്; കത്ത് ആയിരിക്കും എന്നാണ് ആദ്യം കരുതിയതെങ്കിലും മെമ്മറി കാർഡായിരിക്കും എന്നാണ് ഇപ്പോൾ മനസിലാക്കുന്നത്; വാഗ്ദാനം ചെയ്തിരുന്ന പണം കൊടുത്തിരുന്നെങ്കിൽ കേസ് ഒത്തുതീർപ്പായേനെ; സുനിൽകുമാർ വളരെ വിശ്വസ്തനായാണ് അവരോട് പെരുമാറിയിരുന്നതെന്നും ജിൻസൻ

കാവ്യയുടെ കടയിൽ എന്തോ കൊടുത്തു എന്നതരത്തിലാണ് ഫോണിൽ പറഞ്ഞത്; കത്ത് ആയിരിക്കും എന്നാണ് ആദ്യം കരുതിയതെങ്കിലും മെമ്മറി കാർഡായിരിക്കും എന്നാണ് ഇപ്പോൾ മനസിലാക്കുന്നത്; വാഗ്ദാനം ചെയ്തിരുന്ന പണം കൊടുത്തിരുന്നെങ്കിൽ കേസ് ഒത്തുതീർപ്പായേനെ; സുനിൽകുമാർ വളരെ വിശ്വസ്തനായാണ് അവരോട് പെരുമാറിയിരുന്നതെന്നും ജിൻസൻ

മറുനാടൻ മലയാളി ഡെസ്‌ക്‌

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽനിന്ന് പലവട്ടം ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷായെ വിളിച്ചിരുന്നതായി സഹതടവുകാരനായ ജിൻസൻ. സൗഹൃദത്തോടെയായിരുന്നു ഇരുവരും സംസാരിച്ചിരുന്നത്. നടി കാവ്യാ മാധവന്റെ കടയെക്കുറിച്ചും ഇരുവരും സംസാരിച്ചിരുന്നു. പണത്തെക്കുറിച്ചായിരുന്നു സംഭാഷണമെന്നും ജിൻസൻ പറഞ്ഞു.

'തന്നെ പൊലീസിന്റെ ചാരൻ ആയാണ് മാധ്യമ വാർത്തകളിൽ വിശേഷിപ്പിച്ചിരുന്നത്. താൻ ധരിച്ചിരുന്ന നല്ല ഷർട്ട് പൾസർ സുനി എടുത്തു. ഇതിനു പകരമായി സുനിയുടെ ഷർട്ടിട്ടാണ് താൻ പുറത്തിറങ്ങിയത്. ഇതുകണ്ടാണ് ഞങ്ങൾ തമ്മിൽ അടുപ്പമുണ്ടാകുമെന്നു കരുതി പൊലീസ് തിരിച്ചു വിളിപ്പിച്ചത്. നിങ്ങളുടെ ബന്ധം തിരിച്ചറിഞ്ഞാണ് വിളിപ്പിച്ചതെന്നാണ് പെരുമ്പാവൂർ സിഐ തന്നോടു പറഞ്ഞത്.

പൾസർ സുനിയെ കരുവാക്കിയവർ രക്ഷപ്പെടാൻ പാടില്ലെന്ന് ഉറപ്പിച്ചതിനാൽ പിന്നീട് കാര്യങ്ങളെല്ലാം തുറന്നു പറയുകയായിരുന്നു. ജയിലിലേക്കു ഒളിപ്പിച്ചു കടത്തിയ ഫോൺ ഉപയോഗിച്ചായിരുന്നു സംഭാഷണം ജിൻസൻ വ്യക്തമാക്കി.

'ജയിലിൽനിന്ന് ഫോണിൽ അപ്പുണ്ണി എന്നൊക്കെ വിളിക്കുന്നത് താൻ കേട്ടിരുന്നു. നടനും സംവിധായകനുമായ നാദിർഷായെ പലതവണ വിളിച്ചിരുന്നു. സെറ്റിലോ സ്റ്റേജ് പ്രോഗ്രാമിലോ ആണെന്ന രീതിയിലാണ് നാദിർഷാ മറുപടി പറഞ്ഞിരുന്നത്. സെറ്റിലാണ് എന്ന വാക്കാണ് തനിക്ക് മനസിലായത്. പണമിടപാടിനെക്കുറിച്ചാണ് സുനിയും നാദിർഷായും സംസാരിച്ചിരുന്നത്. സുനിയുടെ കാര്യമല്ല പ്രധാനമായും സുനി സംസാരിച്ചിരുന്നത്. വിജീഷ് ഉൾപ്പെടെ രണ്ടുമൂന്നു കൂട്ടുപ്രതികളുടെ കാര്യങ്ങളാണ് സുനി പറഞ്ഞിരുന്നത്. ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. ഇതിലൊരാളുടെ വീട് ജപ്തി ചെയ്യാൻ പോവുകയാണ്, സഹായിക്കണം എന്നതരത്തിലായിരുന്നു സുനിയുടെ സംഭാഷണങ്ങൾ ജിൻസൻ പറഞ്ഞു.

'കാര്യം കഴിഞ്ഞാൽ തള്ളിക്കളയാൻ പറ്റുന്നതരത്തിലുള്ള ബന്ധമല്ല ഞങ്ങൾ തമ്മിലെന്നു സുനി പലപ്പോഴും പറഞ്ഞിരുന്നു. ഇതുമാത്രമല്ല ഞങ്ങൾ തമ്മിലുള്ളത് എന്നും സുനി സൂചിപ്പിച്ചു. നടിയുടെ ചിരിക്കുന്ന മുഖവും മോതിരവും വിഡിയോയിൽ എന്തായാലും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നാണ് ക്വട്ടേഷനെക്കുറിച്ച് സുനി പറഞ്ഞത്. തന്നെ ഏൽപ്പിച്ച ആളുകൾ അങ്ങനെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്ന തരത്തിലായിരുന്നു സുനിയുടെ സംസാരം.

കാവ്യയുടെ കടയിൽ എന്ന വാക്കു ഫോൺ സംഭാഷണത്തിനിടെ പറയുന്നതു കേട്ടിരുന്നു. പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ടു മുന്നോട്ടു പോകുമ്പോഴാണ് കാവ്യയുടെ കട എന്താണെന്ന് ശരിക്കും തനിക്ക് മനസിലായത്. കാവ്യയുടെ കടയിൽ എന്തോ കൊടുത്തു എന്നതരത്തിലാണ് ഫോണിൽ പറഞ്ഞത്. കത്ത് ആയിരിക്കും നൽകിയിട്ടുണ്ടാകുക എന്നാണ് താൻ മനസിലാക്കിയത് ജിൻസൻ പറഞ്ഞു.

'കാവ്യയുടെ കടയിൽ കൊടുത്തത് മെമ്മറി കാർഡ് ആയിരിക്കും എന്നാണ് ഇപ്പോൾ മനസിലാകുന്നത്. വാഗ്ദാനം ചെയ്തിരുന്ന പണം കൊടുത്തിരുന്നെങ്കിൽ കേസ് ഒത്തുതീർപ്പായേനെ എന്നാണ് ഇതുവരെയുള്ള കാര്യങ്ങളിൽനിന്നു തോന്നുന്നത്. വേറെ പ്രശ്‌നങ്ങളൊന്നു ഉണ്ടാകില്ലായിരുന്നു. സുനിൽകുമാർ വളരെ വിശ്വസ്തനായിരുന്നു. സുനിൽ അങ്ങനെയായിരുന്നു പെരുമാറിയിരുന്നത് ജിൻസൻ പറഞ്ഞു.

മാലപൊട്ടിക്കൽ കേസുകളിലെ സ്ഥിരംപ്രതിയാണ് ജിൻസൻ എന്നാണ് പൊലീസ് പറയുന്നത്. തൃശൂർ പീച്ചി സ്വദേശിയായ ജിൻസൻ കഴിഞ്ഞ വർഷം ഒടുവിൽ എറണാകുളം മരടിൽ അറസ്റ്റിലായിരുന്നു. പിന്നീട് സമാനമായൊരു കേസിൽ നെടുമ്പാശേരി പൊലീസ് അറസ്റ്റുചെയ്തു കാക്കനാട് ജയിലിൽ അയച്ചു. അപ്പോഴാണ് നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയുമായി ബന്ധപ്പെട്ടത്. ഇരുവരും ഒരേ സെല്ലിലായിരുന്നു. ഇതാണ് നിർണായകമായ പുതിയ അറസ്റ്റുകളിലേക്കു പൊലീസിനെ നയിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP