Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റബീഉള്ളയെ കാണണമെന്നാവശ്യപ്പെട്ട് തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; പിടിയിലായവരിൽ ബിജെപിയുടെ ന്യൂനപക്ഷ നേതാവും; കാറിൽ എംഎൽഎയുടെ സ്റ്റിക്കറും; എത്തിയത് ശതകോടീശ്വരനെ തടവിൽ നിന്ന് മോചിപ്പിക്കാനെന്ന് മൊഴിയും; ഡോ റബീഉള്ളയുടെ വീടിന് മുമ്പിലുണ്ടായത് അസാധാരണ സംഭവങ്ങൾ

റബീഉള്ളയെ കാണണമെന്നാവശ്യപ്പെട്ട് തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; പിടിയിലായവരിൽ ബിജെപിയുടെ ന്യൂനപക്ഷ നേതാവും; കാറിൽ എംഎൽഎയുടെ സ്റ്റിക്കറും; എത്തിയത് ശതകോടീശ്വരനെ തടവിൽ നിന്ന് മോചിപ്പിക്കാനെന്ന് മൊഴിയും; ഡോ റബീഉള്ളയുടെ വീടിന് മുമ്പിലുണ്ടായത് അസാധാരണ സംഭവങ്ങൾ

എം പി റാഫി

മലപ്പുറം: പ്രമുഖ ഗൾഫ് വ്യവസായിയും ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ഉടമയുമായ ഡോ.കെ.ടി മുഹമ്മദ് റബീഉള്ളയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ഏഴു പേർ അറസ്റ്റിൽ. ഇന്നലെ രാവിലെയാണ് റബീഉള്ളയുടെ വീട്ടുമുറ്റത്ത് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ റബീഉള്ളയുടെ ഭാര്യ ഷഹ്‌റാബാനുവിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്.

പൊലീസ് പിടിയിലായവരിൽ ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അസ്ലം കുരിക്കളും കർണാടകയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനുമുണ്ട്. തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് റബീഉള്ളയെ കാണണമെന്നാവശ്യപ്പെട്ടാണ് സംഘം എത്തിയിരുന്നത്. റബീഉള്ളയുടെ ബിസിനസ് പ്രശ്‌നം പരിഹരിക്കാൻ എത്തിയതെന്നാണ് സംഘം പൊലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞത്. സംഘത്തിന് റബീഉള്ളയുമായി ബിസിനസ് ഇടപാട് ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. മുംബൈ മോഡലിൽ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി വിലപേശലായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണ് പൊലീസ് സംശയിക്കുന്നത്.

രാവിലെ ആറരയോടെയാണ് മൂന്ന് വാഹനങ്ങളിലായി സംഘം മലപ്പുറം കോഡൂരിലെ റബീഉള്ളയുടെ വീടിനു സമീപത്തെത്തിയത്. അടഞ്ഞു കിടന്ന ഗേറ്റ് തുറക്കാൻ സംഘം ആവശ്യപ്പെട്ടെങ്കിലും സെക്യൂരിറ്റി പ്രവേശനം നിഷേധിച്ചു. തുടർന്ന് കാവൽക്കാരെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി സംഘം മതിൽ ചാടി ഉള്ളിലേക്ക് കടന്നു. ഇതു കണ്ട നാട്ടുകാർ സംഘത്തെ പിടികൂടി ചോദ്യം ചെയ്തു. പന്തികേട് തോന്നിയ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഘം എത്തിയ ഒരു വാഹനം നാട്ടുകാർ അടിച്ചു തകർത്തു. മൂന്ന് പേരെ സംഭവസ്ഥലത്ത് വെച്ച് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. രക്ഷപ്പെട്ട മറ്റു നാലു പേരെ അതിവിദഗ്ദമായി രാത്രിയോടെ കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായി പൊലീസ് പിടികൂടി മലപ്പുറത്തെത്തിച്ചു.

മംഗളുരു സ്വദേശിയും ന്യൂനപക്ഷ മോർച്ച നേതാവുമായ അസ് ലം ഗുരുക്കൾ, ഇയാളുടെ ഗൺമാനും കർണാടകയിലെ പൊലീസ് ഉദ്യോഗസ്ഥനുമായ കേശവ മൂർത്തി, മംഗളുരു സ്വദേശികളായ രമേശ്, സുനിൽകുമാർ, കാസർകോട് സ്വദേശികളായ റിയാസ്, അർഷാദ്, ഉസ്മാൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഘം സഞ്ചരിച്ച വാഹനങ്ങളും രണ്ട് തോക്കുകളും കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ച വാഹനങ്ങളിൽ ഒന്ന് കർണാടക മെമ്പർ ഓഫ് ലെജിസ്ലേറ്റീവ് കൗൺസിൽ എന്ന സ്റ്റിക്കർ ഒട്ടിച്ചതായിരുന്നു.

കാവൽക്കാരുടെ നേരെ ചൂണ്ടിയ തോക്ക് ഗൺമാനായ പെലീസുകാരന്റെതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വീട്ടുതടങ്കലിൽ കഴിയുന്ന റബീഉള്ളയെ മോചിപ്പിക്കാൻ വന്നതാണെന്നാണ് സംഘം പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പണം തട്ടുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്നാണ് കരുതുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് മലപ്പുറം ഡിവൈഎസ്‌പി ജലീൽ തോട്ടത്തിൽ മറുനാടൻ മലയാളിയോടു പറഞ്ഞു.

റബീഉള്ളയുടെ ഭാര്യയുടേയും സംഭവസ്ഥലത്തുണ്ടായിരുന്നവരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തി. നേരിയ ശാരീരിക,മനസികാസ്വാസ്ഥ്യത്തെ തുടർന്ന് റബീഉള്ള മാസങ്ങളായി ചികിത്സയിൽ കഴിയുകയാണെന്ന് ബന്ധുക്കൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഈ സമയത്ത് ചികിത്സയുടെ ഭാഗമായി ബിസിനസ് കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് താൽക്കാലികമായി വിട്ട് നിർത്തിയിരിക്കുകയാണ്. ഫോൺ പോലും ഉപയോഗിക്കരുതെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. അവസരം മുതലെടുത്ത് സ്വത്ത് തട്ടുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പരിശോധിച്ചു വരുന്നു.

കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവത്തിന് ദൃക്‌സാക്ഷികളായതോടെ റബീഉള്ളയുടെ വീട്ടുകാർക്കും പരിസരവാസികൾക്കും അമ്പരപ്പ് വിട്ടുമാറിയിട്ടില്ല. ജീവകാരുണ്യ സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്ന കെ.ടി റബീഉള്ള ഒമ്പത് മാസമായി പൊതു ഇടങ്ങളിൽ നിന്നും തന്റെ ബിസിനസ് സാമ്രാജ്യത്തിൽ നിന്നും അപ്രത്യക്ഷമായിരുന്നു. റബീഉള്ളയെ സ്‌നേഹിക്കുന്നവരും അടുപ്പക്കാരുമായ നിരവധി പേർ ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ ജൂലൈ 20ന് റബീഉള്ളയുടെ തിരോധാനം സംബന്ധിച്ച് മറുനാടൻ മലയാളി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

വാർത്ത ചർച്ചയായതോടെ നിരവധി അഭ്യൂഹങ്ങളും വെളിപ്പെടുത്തലുമായി റബീഉള്ളയുടെ കൂടെയുണ്ടായിരുന്നവർ തന്നെ രംഗത്തെത്തി. റബീഉള്ളയുടെ അവസ്ഥ സൂചിപ്പിച്ചു കൊണ്ടുള്ള രഹസ്യവിവരങ്ങളും ഇ-മെയിൽ സന്ദേശങ്ങളും മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾക്ക്‌ല ലഭിച്ചു. ഇത് പുറത്ത് വന്നതോടെ കൂടുതൽ അഭ്യൂഹങ്ങളും ആശങ്കകളും പടർന്നു. ഒടുവിൽ ഫേസ് ബുക്ക് വീഡിയോയിലൂടെ റബീഉള്ള തന്നെ പ്രത്യക്ഷപ്പെട്ട് വിശദീകരണം നൽകിയതോടെ അദ്ദേഹത്തെ സ്‌നേഹിക്കുന്നവർക്ക് ആശ്വാസമായി. ചികിത്സയുടെ ഭാഗമായാണ് താൻ ഫോൺ ഉപയോഗം കുറച്ചതും വിശ്രമത്തിൽ കഴിയുന്നതന്നും റബീഉള്ള വിശദീകരിച്ചു.

അസുഖം ഭേദമായാൽ അൽപ ദിവസത്തിനകം വിദേശ രാജ്യങ്ങളിലെ സ്ഥാപനങ്ങളിൽ സന്ദർശിക്കുമെന്ന് റബീഉള്ള വീഡിയോയിൽ പറഞ്ഞിരുന്നു. ഈ സന്ദേശം വന്ന് രണ്ട് ദിവസം കഴിയും മുമ്പാണ് റബീഉള്ളയുടെ വീട്ടിലേക്ക് അതിക്രമവും തട്ടിക്കൊണ്ടു പോകൽ ശ്രമവും നടന്നിരിക്കുന്നത്. സംഭവത്തിൽ മലപ്പുറം എസ്‌പി ദേബേഷ് കുമാർ ബെഹ്‌റയുടെ മേൽനോട്ടത്തിൽ ഡി.വൈ.എസ്‌പി ജലീൽ നേട്ടത്തിൽ, സി.ഐ എ പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP