Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറ് മാസക്കാലത്തെ ഖത്തർ വാസത്തിനിടെ അബ്ദുൾ സത്താറുമായി പരിചയപ്പെട്ടു; എല്ലാം പ്ലാൻ ചെയ്ത് രാജേഷിനെ കൊലപ്പെടുത്തും മുമ്പും പിമ്പും സത്താറുമായി നിരന്തരം വാട്സാപ്പിലൂടെ ബന്ധപ്പെട്ടു; ക്വട്ടേഷൻ സംഘാംഗങ്ങളായ അലിഭായിക്കും അപ്പുണ്ണിക്കും പണം കൈമാറിയും വിശ്വാസ്യത കാത്തു; റേഡിയോ ജോക്കി രാജേഷ് വധത്തിൽ നിർണായക വഴിത്തിരിവായി പ്രവാസി വ്യവസായിയുടെ വനിതാ സുഹൃത്തിന്റെ അറസ്റ്റ്: സത്താറിനെ നാട്ടിലെത്തിക്കാൻ തടസം നാലരക്കോടിയുടെ ബാധ്യത!

ആറ് മാസക്കാലത്തെ ഖത്തർ വാസത്തിനിടെ അബ്ദുൾ സത്താറുമായി പരിചയപ്പെട്ടു; എല്ലാം പ്ലാൻ ചെയ്ത് രാജേഷിനെ കൊലപ്പെടുത്തും മുമ്പും പിമ്പും സത്താറുമായി നിരന്തരം വാട്സാപ്പിലൂടെ ബന്ധപ്പെട്ടു; ക്വട്ടേഷൻ സംഘാംഗങ്ങളായ അലിഭായിക്കും അപ്പുണ്ണിക്കും പണം കൈമാറിയും വിശ്വാസ്യത കാത്തു; റേഡിയോ ജോക്കി രാജേഷ് വധത്തിൽ നിർണായക വഴിത്തിരിവായി പ്രവാസി വ്യവസായിയുടെ വനിതാ സുഹൃത്തിന്റെ അറസ്റ്റ്: സത്താറിനെ നാട്ടിലെത്തിക്കാൻ തടസം നാലരക്കോടിയുടെ ബാധ്യത!

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മുൻ റേഡിയോ ജോക്കി മടവൂർ പടിഞ്ഞാറ്റേല ആശാ നിവാസിൽ ആർ.രാജേഷ്‌കുമാറിനെ(34) കൊലപ്പെടുത്തിയ കേസിൽ നിർണായകമായ വഴിത്തിരിവ്. കേസിലെ ഗൂഢാലോചനയെ കുറിച്ച് കൃത്യമായി അറിവുണ്ടായിരുന്നതായി വ്യക്തമാക്കുന്ന കണ്ണിയെ പൊലീസ് പിടികൂടി. രാജേഷിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ ഒന്നാം പ്രതി ഖത്തറിലെ വ്യവസായി അബ്ദുൽ സത്താറിന്റെ വനിതാ സുഹൃത്താണ് അറസ്റ്റിലായത്. പ്രതികൾക്കു പണം എത്തിച്ചു നൽകിയതാണു കുറ്റം. വർക്കല കിഴക്കേപ്പുറം റീനാ ഡെയിൽ നിന്ന് എറണാകുളം കപ്പലണ്ടിമുക്കിനു സമീപം ദുറുൽഇസ്ലാം റോഡിൽ ഹയറുന്നീസ മൻസിലിൽ വാടകയ്ക്കു താമസിക്കുന്ന ഷിജിന ഷിഹാബ് (34) ആണ് അറസ്റ്റിലായത്. പണം എത്തിച്ചതിന് അപ്പുറത്തേക്ക് ക്വട്ടേഷൻ സംഘത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ചും ഇവർക്ക് അറിവുണ്ടായിരുന്നതായാണ് പൊലീസ് നിഗമനം.

എറണാകുളം തേവരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അറസ്റ്റിലായ ഷിജിന. ഇവരെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. സത്താർ ക്വട്ടേഷൻ നൽകിയ അലിഭായി എന്ന ജെ.മുഹമ്മദ്‌സാലിഹിനും കായംകുളം അപ്പുണ്ണിക്കും പണം നൽകിയയതതാണ് ഷിജിനയെ വെട്ടിലാക്കിയത്. ഇവർക്ക് എസ്‌ബിഐയുടെ കൊച്ചി ഷിപ്യാർഡ് ശാഖയിലുള്ള തന്റെ അക്കൗണ്ട് വഴി ഷിജിന പണം കൈമാറിയത്. ഈ കൈമാറ്റ ക്വട്ടേഷൻ പണം നല്കലായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ഷിജിനയുടെ ഭർത്താവ് ഓച്ചിറ സ്വദേശിയാണ്. ഷിജിന ആറു മാസത്തോളം ഖത്തറിൽ ഉണ്ടായിരുന്നു. ഈ കാലത്താണു സത്താറുമായി പരിചയത്തിലാകുന്നത്. രാജേഷിന്റെ കൊലയ്ക്കു മുൻപും പിമ്പും ഷിജിന സത്താറുമായി നിരന്തരം വാട്‌സാപ്പിലൂടെ ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതെല്ലാം യുവതിയെ വെട്ടിലാക്കുന്ന ഘടകങ്ങളായി.

അതേസമയം കേസിലെ ഒന്നാം പ്രതിയെ നാട്ടിലെത്തിക്കുക എന്ന വലിയ കടമ്പയാണ് ഇന് പൊലീസിന് മുന്നിലുള്ളത്. അതിന് പ്രധാന തടസം അബ്ദുൾ സത്താറിനുള്ള യാത്രാവിലക്കാണ്. നാലരക്കോടിയുടെ സാമ്പത്തിക ബാധ്യതയുള്ളതിനാൽ ഖത്തറിൽ നിന്നു സത്താറിനെ കേരളത്തിൽ കൊണ്ടുവരുന്ന കാര്യത്തിൽ ഇനിയും തീരുമാനമായില്ല. ഇതിനിടെ പ്രതികൾക്ക് ഒളിത്താവളവും സാമ്പത്തിക സഹായവും നൽകിയതിന് അറസ്റ്റിലായ അപ്പുണ്ണിയുടെ സഹോദരി, ഇവരുടെ ഭർത്താവ്, അപ്പുണ്ണിയുടെ കൊച്ചിയിലുള്ള കാമുകി എന്നിവർക്കു കോടതി ജാമ്യം അനുവദിച്ചു. ചെന്നൈ വാടി മതിയഴകൻ നഗർ അണ്ണ സ്ട്രീറ്റ് നമ്പർ 18 ൽ താമസിക്കുന്ന സുമിത്ത്(34), ഭാര്യ ഭാഗ്യശ്രീ(29), കൊച്ചി വെണ്ണല അംബേദ്കർ റോഡ് വട്ടച്ചാനൽ ഹൗസിൽ സിബല സോണി(38) എന്നിവർക്കാണു ജാമ്യം അനുവദിച്ചത്.

മാർച്ച് 27നു പുലർച്ചെ 2.30നു മടവൂർ ജംക്ഷനിലെ തന്റെ റിക്കോർഡിങ് സ്റ്റുഡിയോയിലാണു രാജേഷ് കൊല്ലപ്പെട്ടത്. അബ്ദുൽ സത്താർ നൽകിയ ക്വട്ടേഷൻ അനുസരിച്ചുള്ള കൊലപാതകമാണിതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. രാജേഷ് മുൻപു ഖത്തറിൽ ജോലി ചെയ്യവെ സത്താറിന്റെ ഭാര്യയുമായി ഉണ്ടായിരുന്ന അടുപ്പമാണു വൈരാഗ്യത്തിനു കാരണമായി പൊലീസ് കണ്ടെത്തിയത്. ഖത്തറിലുള്ള പ്രധാന പ്രതിയായ അബദുൽ സത്താറിനെക്കൂടി നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ത് കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസിന്റെ ശ്രമം.

യാത്രാവിലക്കുള്ള സത്താറിനെ വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ ഇയാളെ നാട്ടിലെത്തിക്കാനുള്ള പരിശ്രമങ്ങളാണ് പൊലീസ് ഇപ്പോൾ നടത്തുന്നത്. സത്താറിന്റെ മുൻ ഭാര്യയായ നൃത്താധ്യാപികയ്ക്കും കൊലയിൽ ബന്ധമുണ്ടോയെന്ന സംശയം പൊലീസിനുണ്ട്. രാജേഷിന്റെ പെൺസുഹൃത്തായ യുവതിക്കെതിരെ മൊഴിയൊന്നും ലഭിച്ചിട്ടില്ല. എന്നാൽ ഇവർ പൊലീസിനെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. സത്താറോ സാലിഹോ അല്ല അബ്ദുൾ കബീർ എന്ന ആളാണ് രാജേഷിനെ കൊന്നതെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നിരുന്നു. ഇത് സംശയങ്ങൾക്ക് ഇട നൽകുന്നതാണ്.

കേസിലെ പ്രധാനപ്രതികളെല്ലാം അറസ്റ്റിലായി. മാസങ്ങൾ നീണ്ട ആസൂത്രണത്തിനു ശേഷമായിരുന്നു രാജേഷ് വധം. ഖത്തർ, കായംകുളം, കൊല്ലം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് കൊലപാതകത്തിന്റെ ആസൂത്രണം നടന്നിട്ടുള്ളത്. പ്രതികൾ ശക്തമായി ഗൃഹപാഠം ചെയ്ത് നടപ്പാക്കിയ കുറ്റകൃത്യമായതിനാൽ കുറ്റപത്രത്തിൽ വീഴ്ചകളുണ്ടായാൽ പ്രതികൾക്ക് രക്ഷപ്പെടും. കേസിലെ രണ്ടാം പ്രതിയായ മുഹമ്മദ്‌സ്വാലിഹ് ഖത്തറിൽനിന്ന് ഇന്ത്യയിലെത്തിയതിന് യാത്രാരേഖകളൊന്നുമില്ല. ഇയാൾ ഖത്തറിൽ നിന്ന് കാഠ്മണ്ഡുവിലേക്കും അവിടെനിന്ന് ബസിൽ ഇറ്റാനഗറിലേക്കും തുടർന്ന് ഡൽഹിയിലേക്കും അവിടെനിന്ന് വിമാനത്തിൽ ബെംഗളൂരുവിലേക്കും എത്തുകയായിരുന്നു. മടങ്ങിപ്പോയതും ഇതേറൂട്ടിലാണ്. വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽനിന്നുള്ള തെളിവുകൾ ശേഖരിച്ച് കോടതിയിൽ ഹാജരാക്കിയാൽ മാത്രമേ കേസിൽ ഇയാളുടെ പങ്ക് സ്ഥാപിക്കാനാകൂ. ഇതിനാണ് പൊലീസിന്റെ ഇപ്പോഴത്തെ ശ്രമം.

ഗൾഫിൽ നർത്തകി ആയിരുന്നു സത്താറിന്റെ പത്നി. ഇരുവരും പ്രേമിച്ചാണ് വിവാഹം ചെയതത്. എന്നാൽ ഇടയ്ക്ക് മറ്റൊരു പ്രണയം കടന്നുവന്നത് ഈ കുടുംബത്തിന്റെ സമാധാനം നശിപ്പിച്ചു. ഓച്ചിറ നായരമ്പലത്ത് വീട്ടിൽ സത്താർ ആണ് ക്വ്ട്ടേഷൻ കൊടുത്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സത്താറിന്റെ പത്നിയായ നർത്തകിയുമായി ബന്ധം പുലർത്തുകയും അത് തീവ്രമായി വളരുകയും ചെയ്തതോടെയാണ് ക്വട്ടേഷനിലേക്ക് എത്തുന്നതെന്നും പൊലീസ് പറയുന്നു. സത്താറിന്റെ ബിസിനസിനെ വരെ ബാധിക്കുന്ന തരത്തിൽ ഈ വിഷയം വളർന്നതോടെയാണ് പ്രതികാരത്തിലേക്ക് കാര്യങ്ങൾ എത്തുന്നത്.

പൊലീസ് സംഭവത്തെ കുറിച്ച് വ്യക്തമാക്കുന്നത് ഇങ്ങനെ: സാലിഹിനും സംഘത്തിനും ക്വട്ടേഷൻ കൊടുത്തതു ഖത്തറിൽ രാജേഷിന് അടുപ്പമുണ്ടായിരുന്ന നൃത്താദ്ധ്യാപികയുടെ ഭർത്താവായ വ്യവസായി ഓച്ചിറ നായമ്പരത്തു വീട്ടിൽ സത്താർ ആണെന്നു പൊലീസ് ഉറപ്പിച്ചു. തന്റെ ഭാര്യയുമായി ബന്ധമുള്ള രാജേഷിനെ കൊലപ്പെടുത്തുക തന്നെയായിരുന്നു സത്താറിന്റെ ലക്ഷ്യം. നാട്ടിലെ ജിംനേഷ്യത്തിൽ ട്രെയിനറായിരുന്നു സാലിഹ്. ഈ പരിചയം വച്ച് നാലു വർഷം മുമ്പാണു ഖത്തറിൽ സത്താറിന്റെ ജിംനേഷ്യത്തിൽ ജോലിക്ക് എത്തിയത്. നാട്ടുകാരൻ എന്നതിനേക്കാൾ ജേഷ്ഠ തുല്ല്യനായായിരുന്നു സാലിഹ് സത്താറിനെ കണ്ടിരുന്നത്.

സത്താറിന്റെ കുടുംബ ജീവിതം തകർത്തിൽ സാലിഹിനും സുഹൃത്തുക്കൾക്കും രാജേഷിനോടു ദേഷ്യമുണ്ടായിരുന്നു. സത്താർ രാജേഷിനെ കൊലപ്പെടുത്താൽ തീരുമാനിച്ചതോടെ ഇതിനായി സാലിഹിനെ കൂട്ടു പിടിക്കുകയായിരുന്നു. സാലിഹ് തന്റെ പരിചയക്കാരനായ കായംകുളം സ്വദേശി അപ്പുണ്ണിയുടെ സഹായത്തോടെ രണ്ടു പേരെ കൂടി സംഘത്തിൽ കൂട്ടി. കായംകുളം സ്വദേശികളായ ഇവർ നാട്ടിൽ തന്നെ ഒളിവിലാണ് എന്നാണു പൊലീസ് നിഗമനം. അപ്പുണ്ണി ചെന്നൈയിലെ സഹോദരിയുടെ വീട്ടിൽ എത്തിയ ശേഷം മുങ്ങുകയായിരുന്നു.

സാലിഹ് ഇതിനോടകം ഖത്തറിൽ എത്തിയതായും പൊലീസ് സ്ഥിരീകരിച്ചു. ഓച്ചിറയിലെ സാധു കുടുംബത്തിലെ അംഗങ്ങളായിരുന്ന സാലിഹും സത്താറും. ഗൾഫിൽ എത്തിയതിനു ശേഷമായിരുന്നു ഇവരുടെ ജീവിതം പച്ചപിടിച്ചത്. സത്താർ 15 വർഷം മുമ്പ് ഡ്രൈവർ വിസയിലാണു ഗൾഫിൽ ജോലിക്ക് എത്തിയത്. അവിടെ ജോലി ചെയ്യുന്നതിനിടയിൽ നൃത്താദ്ധ്യപികയായ ആലപ്പുഴ തുമ്പോളി സ്വദേശിനിയായ ക്രിസ്ത്യൻ യുവതിയുമായി അടുപ്പത്തിലായി. ശേഷം വിവാഹം കഴിച്ചു.

തുടർന്ന് ഇരുവരുടെയും വരുമാനം കൊണ്ടു നാട്ടിൽ പലയിടത്തും ആഡംബര വീടുകളും വസ്തുക്കളും വാങ്ങി. ഗൾഫിൽ ജിംനേഷ്യം ഉൾപ്പെടെ ബിസ്സിനസ് ശൃംങ്കല വ്യാപിപ്പിച്ചു. ഇതിനിടയിലാണു റേഡിയോ ജോക്കിയായ രാജേഷുമായി യുവതി അടുപ്പത്തിലായത്. ഇത് ഇവരുടെ കുടുംബത്തിൽ ഉലച്ചിലുണ്ടാക്കി. രാജേഷിനോടുള്ള ഭാര്യയുടെ അമിത അടുപ്പവും സൗഹൃദവും പലതവണ സത്താർ വിലക്കി. എങ്കിലും യുവതി പിന്മാറാൻ കൂട്ടാക്കിയില്ല. ഇതേ ചൊല്ലി വീട്ടിൽ കലഹം പതിവായപ്പോൾ യുവതി സത്താറുമായി ബന്ധം പിരിയാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ രാജേഷിനെ സത്താർ ഗൾഫിൽ വച്ച് ഭീഷണിപ്പെടുത്തി.

ഇതേ തുടർന്നു രണ്ടു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു രാജേഷ് ഖത്തറിൽ നിന്നു നാട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. രണ്ടു പെൺകുട്ടികളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ രാജേഷുമായി ബന്ധം തുടരുന്നതിലുള്ള പകയാണു സത്താറിനെ ഇത്തരത്തിൽ ഒരു ക്വട്ടേഷനു പ്രേരിപ്പിച്ചത്. സാലിഹിനും സത്താറിനുമായി പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് സർക്കുലർ ഖത്തർ പൊലീസിനു കൈമാറി. ഇവരെ നാട്ടിൽ എത്തിപ്പിക്കാൻ ഡി ജി പി തലത്തിൽ ശ്രമം തുടങ്ങിട്ടുണ്ട്. ഇരുവരുടെയും ഓച്ചിറയിലെ വീടുകളിൽ എത്തി കുടുംബാഗങ്ങളെ ഫോട്ടോ കാണിച്ചു തിരിച്ചറിഞ്ഞു.

മടവൂർ ജംഗ്ഷനിൽ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റെക്കാർഡിങ് സ്റ്റുഡിയേയിൽ വച്ചാണ് രാജേഷിനെ വെട്ടിക്കൊന്നത്. കാറിൽ മുഖംമറച്ചെത്തിയ നാലംഗ ക്വട്ടേഷൻ സംഘത്തിൽ ഒരാൾ ഇറങ്ങി വാളുകൊണ്ട് രാജേഷിന്റെ കൈകളിലും കാലുകളിലും തുരുതുരാ വെട്ടുകയായിരുന്നു. കൊലയാളികൾ സഞ്ചരിച്ച കാർ വാടകയ്ക്കെടുത്തതു കായംകുളം സ്വദേശിയാണെന്ന നിർണായക മൊഴിയാണ് പൊലീസിനു ലഭിച്ചത്. കാർ വാടകയ്ക്കു നൽകിയവരാണ് ഇതു സംബന്ധിച്ച മൊഴി നൽകിയത്. കാർ കായംകുളത്തു വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ പിന്നീടു കണ്ടെത്തിയിരുന്നു. ഇതിനിടെ, കൊല്ലപ്പെട്ട റേഡിയോ ജോക്കി രാജേഷുമായി ബന്ധമുണ്ടായിരുന്നുവെന്നു വിദേശത്തുള്ള യുവതി പൊലീസിനോടു സമ്മതിച്ചു. കൊല്ലപ്പെട്ട സമയത്തു വിദേശത്തുള്ള ഈ യുവതിയുമായി രാജേഷ് ഫോണിൽ സംസാരിക്കുകയായിരുന്നെന്നു കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP