Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വധഭീഷണിയുണ്ടെന്ന് മുഖ്യമന്ത്രിയോട് അടക്കം അച്ഛൻ പല തവണ പരാതിപ്പെട്ടിട്ടും പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ല; ഒരു തവണ മാത്രമാണ് മൊഴിയെടുക്കാൻ വിളിപ്പിച്ചത്; പൊലീസിനെതിരെ രാജീവിന്റെ മകൻ; ചക്കര ജോണി പറ്റിക്കുകയായിരുന്നു എന്ന് മനസിലായപ്പോൾ അച്ഛൻ ബന്ധം അവസാനിപ്പിച്ചു; അഡ്വ. ഉദയഭാനുവിനെതിരെയും അഖിന്റെ മൊഴി; അഭിഭാഷകനുമായുള്ള വസ്തു ഇടപാടിന്റെ രേഖകളും കൈമാറി; തനിക്കെതിരെ പുറത്തുവരുന്നത് കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് അഭിഭാഷകൻ

വധഭീഷണിയുണ്ടെന്ന് മുഖ്യമന്ത്രിയോട് അടക്കം അച്ഛൻ പല തവണ പരാതിപ്പെട്ടിട്ടും പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ല; ഒരു തവണ മാത്രമാണ് മൊഴിയെടുക്കാൻ വിളിപ്പിച്ചത്; പൊലീസിനെതിരെ രാജീവിന്റെ മകൻ; ചക്കര ജോണി പറ്റിക്കുകയായിരുന്നു എന്ന് മനസിലായപ്പോൾ അച്ഛൻ ബന്ധം അവസാനിപ്പിച്ചു; അഡ്വ. ഉദയഭാനുവിനെതിരെയും അഖിന്റെ മൊഴി; അഭിഭാഷകനുമായുള്ള വസ്തു ഇടപാടിന്റെ രേഖകളും കൈമാറി; തനിക്കെതിരെ പുറത്തുവരുന്നത് കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് അഭിഭാഷകൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചാലക്കുടിയിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ ആരോപണങ്ങലുമായി കുടുംബം രംഗത്ത്. തനിക്ക് വധഭീഷണി ഉണ്ടെന്ന് പിതാവ് പലതവണ പരാതിപ്പെട്ടിട്ടും പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്ന ആരോപണവുമായാണ് കൊല്ലപ്പെട്ട രാജീവിന്റെ മകൻ അഖിൽ രംഗത്തെത്തിയത്. വധഭീഷണിയുണ്ടെന്ന് അച്ഛൻ പല തവണ പരാതിപ്പെട്ടിട്ടും പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ല. ഒരു തവണ മാത്രമാണ് മൊഴിയെടുക്കാൻ വിളിപ്പിച്ചതെന്നും അഖിൽ പരാതിപ്പെട്ടു.

വധ ഭീഷണിയുണ്ടെന്ന് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും പൊലീസ് കൃത്യമായി അന്വേഷണം നടത്തിയില്ലെന്ന് അഖിൽ. പരാതിപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത ഉദ്യോഗസ്ഥർക്കും രാജീവ് പരാതി നൽകിയിരുന്നു എന്നാണ് ആരോപണം. പരാതി നൽകി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ എത്തിയപ്പോൾ തിയതി കഴിഞ്ഞു പോയെന്നായിരുന്നു പൊലീസിന്റെ മറുപടിയെന്നും മകൻ അഖിൽ പരാതിപ്പെടുത്തുന്നു.

അച്ഛന്റെ പരാതിയിൽ പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ല. ഒരു തവണ മാത്രമാണ് മൊഴിയെടുക്കാൻ വിളിപ്പിച്ചതെന്നും രാജീവിന്റെ മകൻ അഖിൽ പറയുന്നു. അഡ്വ ഉദയഭാനുവിന് പണം കൊടുക്കാനുണ്ടെന്ന് ആലുവ എസ് പി ഓഫീസിൽ അച്ഛൻ എഴുതിക്കൊടുത്തിരുന്നുവെന്നാണ് ഇപ്പോൾ കേൾക്കുന്നത്. ഇത് ശരിയല്ലെന്നും അച്ഛൻ എസ് പി ഓഫീസിൽ പോയെങ്കിലും റൂറൽ എസ് പിയെ കാണാൻ കഴിഞ്ഞില്ലെന്നും അഖിൽ പറഞ്ഞു.

പിന്നീട് രാജീവ് പണം നൽകാനുണ്ടെന്ന് പറഞ്ഞ് സജയ് എന്നൊരൊൾ ചാലക്കുടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇയാളുടെ അഭിഭാഷകനാണ് ഉദയഭാനുവെന്നും മകൻ പറയുന്നു. ഇത്തരത്തിൽ വിവിധ സ്ഥലങ്ങളിൽ പരാതി നൽകി അച്ഛനെ കുടുക്കാനാണ് ഇവർ ശ്രമിച്ചത്. ജീവന് ഭീഷണിയുള്ള കാര്യം അച്ഛൻ എപ്പോഴും പറയുമായിരുന്നു. ചക്കര ജോണിയുമായി വസ്തു ഇടപാടുകൾ ഉണ്ടായിരുന്നു. ജോണി പറ്റിക്കുകയായിരുന്നു എന്ന് മനസിലായപ്പോൾ രാജീവ് അയാളുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നുവെന്നും മകൻ പറയുന്നു.

അതിനിടെ പൊലീസ് സംഘത്തിന് മുമ്പാകെ അഖിൽ അഡ്വ. ഉദയഭാനുവിനെതിരെ മൊഴി നൽകിയിട്ടുണ്ട്. ഉദയഭാനുവുമായി രാജീവിന് വസ്തു ഇടപാടുകൾ ഉണ്ടായിരുന്നെന്നും ഇത് സംബന്ധിച്ച രേഖകളും അഖിൽ പൊലീസ് മുമ്പാകെ നൽകി. അതേസമയം ക്വട്ടേഷന് പിന്നിൽ ചക്കര ജോണി തന്നെയാണെന്നും അഖിൽ പൊലീസ് മുമ്പാകെ പറഞ്ഞിട്ടുണ്ട്. എന്നൽ, രാജീവ് വധക്കേസിലേക്കു തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നു പ്രമുഖ അഭിഭാഷകൻ സി.പി. ഉദയഭാനു. കെട്ടിച്ചമച്ച ആരോപണങ്ങളാണു പുറത്തുവരുന്നത്. ബോധപൂർവം അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചന ഇതിനു പിന്നിലുണ്ട്. രാജീവിനെ പരിചയമുണ്ട്. അന്വേഷണം പൂർത്തിയാവുമ്പോൾ സത്യാവസ്ഥ എല്ലാവർക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ മുഖ്യപ്രതി അങ്കമാലി സ്വദേശി ചക്കര ജോണി രാജ്യം വിട്ടെന്ന സൂചന പുറത്തുവരുന്നതിനിടെ പൊലീസ് ഈ വാദം തള്ളിയിട്ടുണ്ട്. ജോണി രാജ്യം വിട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിനു പിന്നിലെ മുഖ്യ സൂത്രധാരനെന്നു കരുതപ്പെടുന്ന ഇയാൾക്ക് മൂന്നു രാജ്യങ്ങളുടെ വീസയുള്ളതാണ് സംശയമുയരാൻ കാരണം. ഓസ്‌ട്രേലിയ, യുഎഇ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലേക്കുള്ള വീസയാണ് ഇയാളുടെ കൈവശമുള്ളത്. ജോണിക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും സൂചനയുണ്ട്. ഇയാൾക്കായി വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അതിനിടെ ജോണിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പാസ്‌പോർട്ട് കണ്ടെടുത്തിട്ടുണ്ട്.

കൊല നടത്തിയെന്നു സംശയിക്കുന്ന നാലംഗ ക്വട്ടേഷൻ സംഘത്തെ അഞ്ചു മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രമുഖ അഭിഭാഷകൻ സി.പി. ഉദയഭാനുവിൽനിന്നു തനിക്കു വധഭീഷണി ഉണ്ടെന്നുകാട്ടി മൂന്നു മാസം മുൻപു ഡിജിപിക്കു രാജീവ് പരാതി നൽകിയ സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ പങ്കും അന്വേഷിക്കുമെന്ന് റൂറൽ പൊലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു. അന്വേഷണത്തിനു ഡിവൈഎസ്‌പി എസ്. ഷംസുദ്ദീന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

പരിയാരം തവളപ്പാറയിൽ കോൺവന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ വെള്ളിയാഴ്ച രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. തട്ടിക്കൊണ്ടുവന്ന ശേഷം ഇവിടെ കൊല നടത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ശ്വാസംമുട്ടിച്ചായിരുന്നു കൊലപാതകം. ഇതിനായി ഉപയോഗിച്ച പായ മൃതദേഹത്തിനരികിൽനിന്നു കണ്ടെത്തി. ഭൂമിയിടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണു കൊലപാതകത്തിനു കാരണമെന്നു സംശയിക്കുന്നു. ഗൂഢാലോചന നയിച്ചതായി ആരോപിക്കപ്പെടുന്ന രണ്ടു പേരിൽ ഒരാൾക്കു രാജീവ് മൂന്നു കോടി രൂപയും മറ്റേയാൾക്ക് 70 ലക്ഷം രൂപയും നൽകാനുണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. വസ്തു ഇടപാടിന് ഇവർ രാജീവിനു മുൻകൂറായി നൽകിയ തുകയാണിത്.

പരിയാരത്ത് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വസ്തുബ്രോക്കർ രാജീവന്റെ ജീവൻ ലക്ഷ്യമിട്ട് കൊലയാളികൾ എത്തിയത് നാല് തവണയാണെന്നും പൊലീസ് അന്വേഷണത്തിൽ സൂചനയുണ്ട്. മൂന്ന് തവണയും സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ പിന്മാറി. ഇരുചക്ര വാഹനത്തിൽ പരിയാരത്തെത്തുന്ന രാജീവിന് പിറകെ ഇവർ കൂടിയെങ്കിലും മറ്റ് ആളുകൾ വന്നെത്തിയതിനാൽ ഇവർക്ക് കൃത്യം ചെയ്യാൻ കഴിയാതെ പോയി.

രണ്ടാഴ്ചയായി ഇവർ ഇതിനായുള്ള ശ്രമത്തിലായിരുന്നു. സംഭവ ദിവസം അതിരാവിലെ ഇവർ അതിനായി പരിയാരത്തെ രാജീവ് താമസിക്കുന്നിടത്ത് എത്തിയെങ്കിലും അയാൾ അവിടെ ഉണ്ടായിരുന്നില്ല. സാധാരണഗതിയിൽ പുലർച്ചെ ആറോടെയാണ് അവിടെ എത്തുക പതിവ്. 6.45 ആയിട്ടും വരാതായതോടെ കൊലയാളികൾ ശ്രമം ഉപേക്ഷിച്ച് മടങ്ങി. ഓട്ടോയിൽ മടങ്ങുന്ന വഴിയിൽ വെച്ച് ഇയാൾ സ്‌കൂട്ടറിൽ പരിയാരത്തേക്ക് വരുന്നത് അപ്രതീക്ഷിതമായി ഇവരുടെ ശ്രദ്ധയിൽപെട്ടു.അതോടെ ഇവരും ഓട്ടോറിക്ഷ തിരിച്ച് രാജീവിന്റെ പിറകെ പിടിച്ചു. അയാൾ എത്തിയത് താമസസ്ഥലത്താണ്.

പരിസരത്ത് ആളുകളില്ലാതിരുന്നതുകൊലപാതകസംഘത്തിന് അനുകൂലമായി. സ്‌കൂട്ടർ സ്റ്റാൻഡിൽ നിർത്തുന്നതിനിടെ പിറകെ ഓട്ടോയിൽ എത്തിയ സംഘം രാജീവന് മേൽ ചാടി വീണു. രക്ഷപ്പെടാനുള്ള മൽപിടിത്തത്തിനിടെ സ്‌കൂട്ടർ തട്ടിമറിഞ്ഞു വീണു. ബലപ്രയോഗത്തിനിടെ രാജീവന്റെയും സംഘത്തിലുള്ളവരുടെയും ചെരിപ്പുകൾ ചിതറി.

മറ്റുള്ളവർ അറിയുന്നതിന് മുമ്പ് ഓട്ടോയിൽ കയറ്റാനായിരുന്നു ശ്രമം. രാജീവൻ പക്ഷെ, കുതറി മാറി. അതോടെ അയാളെ ശാരീരികമായി ആക്രമിച്ച് അവശനാക്കി ഓട്ടോയിൽ എടുത്തിട്ട് കൊണ്ടുപോവുകയായിരുന്നു. നാലുപേരടങ്ങുന്ന ക്വട്ടേഷൻ സംഘമാണ് കൃത്യം ചെയ്യാൻ നിയോഗിക്കപ്പെട്ടത്. ഏകദേശം ഒരു മാസം മുമ്പാണ് ഇവർക്ക് ഇതിന് ക്വട്ടേഷൻ ലഭിച്ചത്. നായത്തോട്ടിലുള്ള വീട്ടിലോ വഴിയിലോവെച്ച് പിടികൂടാൻ പ്രയാസമാണെന്ന് ഇവർ മനസ്സിലാക്കിയിരുന്നു. അതിനാലാണ് ഇയാൾ കൂടുതൽ സമയം ചെലവഴിക്കുന്ന പരിയാരത്തെ ജാതി തോട്ടത്തിൽെവച്ച് പിടികൂടി കൊല്ലാൻ പദ്ധതിയിട്ടത്. പരിയാരം തവളപ്പാറയിൽ അമേരിക്കയിൽ താമസമാക്കിയ ആളുടെ പത്തേക്കർ വരുന്ന ജാതി തോട്ടത്തിൽ കൃഷി ചെയ്യാനും ജാതിക്കായ ശേഖരിക്കാനുമായിരുന്നു നായത്തോട്ടിൽനിന്നും രാജീവ് വന്നത്.

തോട്ടത്തിലെ ഔട്ട് ഹൗസിൽ രാത്രി രാജീവ് താമസിക്കാറില്ല. തൊഴിലാളികൾക്ക് ഭക്ഷണം തയാറാക്കാൻ ഉപയോഗിക്കുക മാത്രമെ ചെയ്തിരുന്നുള്ളൂ. തൊഴിലാളികൾ എപ്പോഴും ഉണ്ടാകുമെന്നതിനാൽ അവിടെവെച്ച് തങ്ങളുടെ പദ്ധതി നടപ്പാക്കാനാവില്ലെന്ന് ക്വട്ടേഷൻ സംഘം തിരിച്ചറിഞ്ഞിരുന്നു. അതിനായി പരിയാരത്തെ ഒഴിഞ്ഞു കിടക്കുന്ന എസ്.ഡി കോൺവന്റ് മഠത്തിന്റെ കെട്ടിടം ഇവർ നേരത്തെ വാടകക്കെടുത്തിരുന്നു. ഇവിടെ തങ്ങിയാണ് കാര്യങ്ങൾ ഇവർ ആസൂത്രണം ചെയ്തത്.

വെള്ളിയാഴ്ച രാവിലെ ഏഴോടെ ഇവിടേക്ക് അവശനിലയിൽ ഇവിടെ എത്തിച്ച രാജീവനെ കെട്ടിടത്തിന്റെ വാതിൽ താക്കോൽ ഉപയോഗിച്ച് തുറന്ന് മുറിയിലിട്ട് രണ്ട് മണിക്കൂറോളം ക്രൂരമായി മർദിച്ചു. ഇതിനിടെ എന്തൊക്കെയോ രേഖകൾ ഒപ്പിട്ടു വാങ്ങിയതായി സംശയിക്കുന്നു. ശ്വാസം മുട്ടിച്ചാണ് കൊന്നത്. മുണ്ടുകൊണ്ട് കൈകൾ പിന്നിൽ കെട്ടിയിരുന്നു. പായയിൽ നഗ്‌നനായിട്ടാണ് മൃതദേഹം കണ്ടത്. തലയുടെ പിൻഭാഗത്ത് മുറിവുണ്ടായിരുന്നു. ഈ മുറിവ് മരണകാരണമല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP