Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശരീരം മുഴുവൻ സ്വർണം ധരിച്ച് അഡംബരക്കാറിൽ കറങ്ങി നടന്നു രാജേശ്വരി ആളുകളെ നിയമിച്ചു; സഹോദരങ്ങൾ എല്ലാം ഇംഗ്ലണ്ടിലെ ഡോക്ടർമാർ! യുകെ മോഹത്തിന്റെ ചതിക്കുഴിയിൽ വീണ് പണം പോയത് കുക്ക് മുതൽ നേഴ്‌സുമാർ വരെ അനേകർ

ശരീരം മുഴുവൻ സ്വർണം ധരിച്ച് അഡംബരക്കാറിൽ കറങ്ങി നടന്നു രാജേശ്വരി ആളുകളെ നിയമിച്ചു; സഹോദരങ്ങൾ എല്ലാം ഇംഗ്ലണ്ടിലെ ഡോക്ടർമാർ! യുകെ മോഹത്തിന്റെ ചതിക്കുഴിയിൽ വീണ് പണം പോയത് കുക്ക് മുതൽ നേഴ്‌സുമാർ വരെ അനേകർ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: രാജേശ്വരിയെ കണ്ടാൽ കോടീശ്വരി ആണെന്നേ ആരും പറയൂ. ആരെയും ആകർഷിക്കുന്ന സംസാര വൈഭവം കൈമുതലായുണ്ട്. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവരെ തട്ടിച്ച് കോടികളാണ് രാജേശ്വരം ഉണ്ടാക്കിയത്. കൈനിറയെ സ്വർണവള, കഴുത്തിൽ എട്ടുപവന്റെ ഒറ്റമാല. അഞ്ചുപവന്റെ പാദസരം, സാരിയിലും ചെരുപ്പിലുമെല്ലാം ആഡംബര. യാത്ര ചെയ്യുന്നത് പോഷ് കാറുകളിലും. ശരാശരി മലയാളിയെ തട്ടിപ്പിന് ഇരയാക്കാൻ വേണ്ടതെല്ലാം കരുതിയായിരുന്നു തട്ടിപ്പ്. പാമ്പാടി പടുതലമറ്റം സെന്റ് ജൂഡ് ഓൽഡേജ് ഹോം നടത്തിപ്പുകാരി രാജേശ്വരി എസ്‌പിള്ളയുടെ തട്ടിപ്പുകൾ ഇംഗ്ലണ്ടിലേക്ക് വിസ നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു.

ഇംഗ്ലണ്ടിൽ ജോലി സ്വപ്നം കണ്ട ഉദ്യോഗാർത്ഥികളുടെ കൈയിൽനിന്ന് ഒരു വിസയ്ക്ക് നാലും അഞ്ചും ലക്ഷം രൂപ വീതമാണ് രാജേശ്വരി അടിച്ചെടുത്തത്. കോടീശ്വരപുത്രിയാണ് താനെന്നായിരുന്നു രാജേശ്വരി ഉദ്യോഗാർത്ഥികളെയും പാമ്പാടി നിവാസികളെയും പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്. തിരുവല്ലയിലുള്ള വീട് ഒരു കൊട്ടാരമാണെന്നും കുടുംബാംഗങ്ങളെല്ലാം ഡോക്ടർമാരാണെന്നും എല്ലാവരും ഇംഗ്ലണ്ടിലാണെന്നുമൊക്കെയായിരുന്നു രാജേശ്വരിയുടെ പറഞ്ഞു ഫലിപ്പിച്ചു. ഇംഗ്ലണ്ടിൽ ഡോക്ടറായ മൂത്ത സഹോദരൻ ഹരി ഒരു ട്രസ്റ്റ് രൂപീകരിച്ചാണ് അവിടത്തെ മെഡിക്കൽ ഫീൽഡിലേക്ക് ജോലിക്കാരെ കൊണ്ടു പോകുന്നത്. മറ്റൊരു സഹോദരനായ അനീഷ് ഇംഗ്ലണ്ടിൽ ഓഫ്ത്താന്മോളജിസ്റ്റ് ആണ്. അയാളുടെ ഭാര്യ പ്രീതി അവിടെതന്നെ ഗൈനക്കോളജിസ്റ്റ് ആണെന്നും പറഞ്ഞു. ഇതിനെ പിന്തുണയ്ക്കാൻ ഭർത്താവ് ജോൺസനും ഇടനിലക്കാരൻ ആർപ്പൂക്കര വില്ലൂന്നി സ്വദേശി സത്യനും.

ഇതോടെ രാജേശ്വരിയുടെ കച്ചവടം പൊടിപൊളിച്ചു. മൂന്നു കോടി രൂപയോളം കൈയിലെത്തിയതോടെ രാജേശ്വരി മുങ്ങി. പണം നഷ്ടപ്പെട്ടുവെന്ന് മനസിലാക്കിയ ഉദ്യോഗാർത്ഥികൾ സംഘടിച്ചു. പടുതലമറ്റത്തെ ഓൽഡേജ് ഹോമിനു മുമ്പിൽ കുത്തിയിരുന്നു. അതോടെ പാമ്പാടി, ഗാന്ധിനഗർ പൊലീസ് സ്റ്റേഷനുകളിൽ രാജേശ്വരിക്കും ഭർത്താവ് ജോൺസനും ഇടനിലക്കാരൻ സത്യനുമെതിരെ പരാതികളായി. സത്യം പുറത്തുവന്നപ്പോൾ എല്ലാവരും ഞെട്ടി. തിരുവല്ലയിലെ കുടുംബ വീട് കണ്ട് പൊലീസും ഞെട്ടി. ചെറിയൊരു കുടിലായിരുന്നു വീട്. മൂത്ത സഹോദരൻ ഹരി തിരുവല്ല കുറ്റൂർ ജംഗ്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവർ. മറ്റൊരു സഹോദരനായ അനീഷാകട്ടെ ബി.എസ്.എൻ.എൽ ലൈൻ മാൻ. പിതാവ് ഷണ്മുഖൻപിള്ള പശുവിനെ വളർത്തിയാണ് കുടുംബം പുലർത്തുന്നത്. കുടുംബവീട്ടിലെ റേഷൻകാർഡിൽ രാജി എസ്‌പിള്ളയെന്നാണ് രാജേശ്വരിയുടെ പേര്. മൂന്ന് കൊല്ലമായി മകളെ കുറിച്ച് അച്ഛനും യാതൊരു വിവരവുമില്ല. അപ്പോഴാണ് തട്ടിപ്പിന്റെ നിജസ്ഥിതി പുറത്തായത്.

ഇംഗ്ലണ്ടിലെ ആശുപത്രിയിലേക്ക് നഴ്‌സ്, ഇലക്ട്രീഷ്യൻ, അറ്റൻഡർ, കുക്ക്, സെക്യൂരിറ്റി തുടങ്ങിയ തസ്തികളിലേക്ക് വിസ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞാണ് രാജേശ്വരിയും സത്യനും ലക്ഷങ്ങൾ തട്ടിയത്. വിദേശരാജ്യങ്ങളിൽ ജോലിയുള്ളവരെ പോലും വലയിൽ വീഴ്‌ത്തി. വൻ ശമ്പളമാണ് ഓഫർ ചെയ്തിരുന്നത്. നഴ്‌സിന് ഒരു മാസം മൂന്നര ലക്ഷം രൂപ ലഭിക്കുമെന്നും കൂടാതെ ഓവർടൈം ചെയ്യാൻ അവസരം ഉണ്ടെന്നും ആ നിലയിൽ ഒരു ലക്ഷം രൂപയെങ്കിലും പ്രതിമാസം നേടാൻ കഴിയുമെന്നും പറഞ്ഞപ്പോൾ ഉദ്യോഗാർത്ഥികൾ കുടുങ്ങി.

നഴ്‌സിങ് തസ്തികകളിലേക്ക് 3.50 ലക്ഷവും മറ്റ്‌ജോലികൾക്ക് 2.20ലക്ഷവും വാഗ്ദാനം നൽകി 45പേരിൽനിന്നുമാണ് സത്യൻ പണം വാങ്ങിയത്. വീട്ടിൽ സ്വന്തമായി ഓഫീസ് മുറി സജ്ജീകരിച്ചായിരുന്നു സത്യന്റെ ഇടപാട്. രാജേശ്വരി എത്ര പേരിൽനിന്ന് ഇത്തരത്തിൽ പണം വാങ്ങിയെന്നതിനെക്കുറിച്ച് വ്യക്തമായ കണക്കുകൾ ലഭിച്ചിട്ടില്ല. എങ്കിലും മൂന്നു കോടിയോളം രൂപ പലരിൽനിന്നായി വാങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പണം നൽകിയവരോട് ജോലിക്കായുള്ള വിസ വാങ്ങാൻ സെപ്റ്റംബർ 30ന് എത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. ചൈന്നെയിൽനിന്ന് വിമാനമാർഗമാണ് പോകുന്നതെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അവർ പറഞ്ഞ ദിവസത്തിന് ഒരു ദിവസം മുമ്പ് രാജേശ്വരി മുങ്ങുകയായിരുന്നു. തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് ബോധ്യമായതോടെയാണ് ഉദ്യോഗാർത്ഥികൾ സംഘടിച്ചത്.

ഇതോടെ രാജേശ്വരിയുടെ ഭർത്താവ് ജോൺസനെ പാമ്പാടി പൊലീസ് വിളിച്ചുവരുത്തി. രാജേശ്വരി എങ്ങോട്ട് പോയെന്ന് തനിക്കറിയില്ലെന്നും താൻ ഉദ്യോഗാർത്ഥികളിൽനിന്ന് പണം കൈപ്പറ്റിയില്ലെന്നുമായിരുന്നു ജോൺസൺ പൊലീസിനോട് പറഞ്ഞത്. ജോൺസനെ അറസ്റ്റ് ചെയ്തശേഷം പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. തുടർന്ന് ഇടനിലക്കാരനായി പ്രവർത്തിച്ച സത്യനെയും പൊലീസ് വിളിച്ചുവരുത്തി. എല്ലാവരുടെയും പണം തിരികെ നൽകാമെന്ന് സത്യൻ പൊലീസിനോട് വ്യക്തമാക്കി. തുടർന്ന് നൂറുരൂപ മുദ്രപത്രത്തിൽ തുക സഹിതം എഴുതിവാങ്ങി. സ്‌റ്റേഷനിൽ എഴുതി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പിന്നീട് സത്യനെയും വിട്ടയച്ചു. എന്നാൽ പിറ്റെദിവസം സത്യൻ കുടുംബസമേതം മുങ്ങി. പലരുടെയും പാസ്‌പോർട്ടും ബന്ധപ്പെട്ടരേഖകളും രാജേശ്വരിയുടെയും സത്യന്റെയും കൈകളിലായിരുന്നു.

രാജേശ്വരി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും പൊലീസിൽ കീഴടങ്ങാനായിരുന്നു കോടതി നിർദ്ദേശം. ഇതിൻപ്രകാരം കഴിഞ്ഞ ബുധനാഴ്ച രാവിലെ ഗാന്ധിനഗർ എസ്.ഐ എം.ജെ.അരുൺ മുമ്പാകെ രാജേശ്വരി കീഴടങ്ങുകയായിരുന്നു.ഉദ്യോഗാർത്ഥികളിൽനിന്ന് വാങ്ങിയ പണം സത്യന്റെ പക്കലാണെന്നാണ് രാജേശ്വരി പൊലീസിനോട് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP