Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

22 മണിക്കൂർ വെള്ളത്തിൽ കിടന്നിട്ടും മൃതദേഹത്തിന് തകരാർ സംഭവിച്ചിട്ടില്ല; ഗോശ്രീ പാലത്തിൽ നിന്ന് ചാടിയപ്പോൾ ശരീരത്തിലുണ്ടായിരുന്ന വസ്തുക്കൾ എങ്ങനെ അപ്രത്യക്ഷമായി? ദുരൂഹ സാഹചര്യത്തിൽ കണ്ട ബൈക്ക് യാത്രികരെയും പിടികൂടിയില്ല; കൊച്ചിയിലെ മിഷേലിന്റെ മരണത്തിൽ സിബിഐ അന്വേഷണം തേടി ബന്ധുക്കൾ

22 മണിക്കൂർ വെള്ളത്തിൽ കിടന്നിട്ടും മൃതദേഹത്തിന് തകരാർ സംഭവിച്ചിട്ടില്ല; ഗോശ്രീ പാലത്തിൽ നിന്ന് ചാടിയപ്പോൾ ശരീരത്തിലുണ്ടായിരുന്ന വസ്തുക്കൾ എങ്ങനെ അപ്രത്യക്ഷമായി? ദുരൂഹ സാഹചര്യത്തിൽ കണ്ട ബൈക്ക് യാത്രികരെയും പിടികൂടിയില്ല; കൊച്ചിയിലെ മിഷേലിന്റെ മരണത്തിൽ സിബിഐ അന്വേഷണം തേടി ബന്ധുക്കൾ

സോഹൻ ആന്റണി

കൊച്ചി: ഒരു വർഷം മുമ്പ് കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ സിഎ വിദ്യാർത്ഥിനി പിറവം പെരിയപ്പുറം സ്വദേശി എണ്ണയ്ക്കാപ്പിള്ളിൽ മിഷേൽ ഷാജി(18) യുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്താൻ മിഷേലിന്റെ പിതാവ് ഷാജി വർഗീസ് നിയമസാധ്യത തേടി.മകളുടെ മരണം ആത്മഹത്യയാക്കി ചിത്രീകരിക്കുന്ന അന്വേഷണ സംഘത്തിന്റെ നടപടിയെ പൂർണ്ണമായും തള്ളിക്കളയുകയാണ് ഷാജിയും ബന്ധുക്കളും.മിഷേലിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് ആവർത്തിക്കുന്ന ബന്ധുക്കൾ സിബിഐ അന്വേഷണം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തി കൂടുതൽ സമഗ്രമായ അന്വേഷണം നടത്തിയാൽ മരണത്തിലെ ദുരൂഹത നീങ്ങുമെന്ന് ഷാജി പറയുന്നു.മിഷേലിന്റെ മരണം ആത്മഹത്യയാക്കി മാറ്റാനുള്ള വ്യഗ്രത തുടക്കം മുതലേ അന്വേഷണ സംഘത്തിനുണ്ടായിരുന്നതായി ഷാജി ആരോപിക്കുന്നു.കഴിഞ്ഞ മാർച്ച് 5 ന് എറണാകുളം കച്ചേരിപ്പടിയിലുള്ള ഹോസ്റ്റലിൽ നിന്നും വൈകിട്ട് മിഷേലിനെ കാണാതാവുകയും പിറ്റേന്ന് വൈകിട്ട് മിഷേലിന്റെ മൃതദേഹം കൊച്ചി കായലിൽ കണ്ടെത്തുകയുമായിരുന്നു.

മകളെ കാണാതായതു മുതൽ മൃതദേഹം കണ്ടെത്തുന്നതു വരെയുള്ള മണിക്കൂറുകളിൽ നടന്ന കാര്യങ്ങളാണ് വെളിച്ചത്തു വരേണ്ടതെന്ന് പിതാവ് ഷാജി പറയുന്നു.കൊച്ചി കായലിൽ 22 മണിക്കൂർ മൃതദേഹം കിടന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ.എന്നാൽ മൃതദേഹത്തിൽ യാതൊരു വിധ തകരാറും സംഭവിക്കാത്തത് മരണത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നതായി ഷാജി ചൂണ്ടിക്കാട്ടുന്നു.22 മണിക്കൂറിലധികം സമയം വെള്ളത്തിൽ കിടന്നിട്ടും തകരാർ സംഭവിക്കാത്ത ഒരു മൃതദേഹമെങ്കിലുമുണ്ടോയെന്ന തങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലന്നും ഷാജി പറയുന്നു.

മിഷേലിന്റെ ജഡം കായൽ കരയിലെടുത്ത് വച്ചപ്പോൾ മൃതദേഹത്തിന്റെ വയറ്റിൽ പോലും വെള്ളം നിറഞ്ഞ് വീർത്തിട്ടില്ലായിരുന്നുവെന്നും പിതാവ് ചൂണ്ടിക്കാട്ടി. സാധാരണ ഗതിയിൽ മണിക്കൂറുകൾ സമയം വെള്ളത്തിൽ കിടക്കുന്ന മൃതശരീരം കടൽ ജീവികളുടെ ആക്രമണത്തിനു ഇരയാവാറുള്ളതായി മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടവർ പറയുന്നുണ്ട്.കൊച്ചി കായലിൽ പല രീതിയിലുള്ള മൃതദേഹം കണ്ടെത്തുന്ന മത്സ്യത്തൊഴിലാളികളുടെ അനുഭവജ്ഞാനം അന്വേഷണ സംഘം ഉപയോഗിക്കാത്തത് വലിയ വീഴ്ചയായി മാറിയെന്നും ഷാജിക്ക് ആക്ഷേപമുണ്ട്

മിഷേലിന്റെ മൃതദേഹം കായലിൽ നിന്നുംകിട്ടിയതു മുതൽ അടക്കം ചെയ്യുന്നതു വരെയുള്ള ചിത്രങ്ങൾ തങ്ങളുടെ കൈവശമുണ്ട്.ഇതിന് സമാന രീതിയിൽ മരണപ്പെട്ട വ്യക്തികളുടെ ചിത്രങ്ങളും പരിശോധിക്കുമ്പോൾ വൈരുദ്ധ്യം മനസിലാക്കാൻ കഴിയുമെന്നും ബന്ധുക്കൾ പറയുന്നു മകൾ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലാതിരിക്കെ ഗോശ്രീ പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ വിചിത്രമാണ്.

ശരീരത്തിലുണ്ടായിരുന്ന,വാച്ച്,ഷോൾ, ബാഗ്, മൊബൈൽ ഫോൺ മുതലായ വസ്തുക്കൾ ഇനിയും കണ്ടെത്തിയിട്ടില്ല. ഇതെല്ലാം ഗോശ്രീ പാലത്തിലെ ഉയരത്തിൽ നിന്നും കായലിലേക്ക് ചാടിയപ്പോൾ അപ്രത്യക്ഷമായെന്ന് എങ്ങനെ വിശ്വസിക്കുമെന്നും പിതാവ് ചോദിക്കുന്നു. മാർച്ച് 5 ന് വൈകിട്ട് 6.10 ന് കലൂർ പള്ളിയിൽ നിന്നും ഇറങ്ങിയ മിഷേലിനെ നിരീക്ഷിക്കുന്ന ബൈക്ക് യാത്രികരെ ഇനിയും പിടികൂടിയിട്ടില്ലാത്ത സാഹചര്യത്തിൽ മിഷേലിന്റെ മരണം ആത്മഹത്യ തന്നെയെന്ന വാദത്തിന് അടിസ്ഥാനമില്ലന്നാണ് ബന്ധുക്കൾ പറയുന്നത്.

ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണ കാലയളവിൽ തങ്ങൾ അക്കമിട്ട് സമർപ്പിച്ച സംശയങ്ങളും ആശങ്കകളും മുഖവിലക്ക് പോലും എടുത്തില്ലന്ന് ഷാജി പറയുന്നു.മിഷേലിന്റെ മരണം ഉയർത്തുന്ന സംശങ്ങൾ ദൂരീകരിക്കാൻ നിയമപരമായ എല്ലാ സാധ്യതകളും തേടുമെന്നും പിതാവ് ഷാജി പറഞ്ഞു.അതേസമയം മിഷേലിന്റെ മരണം കൊലപാതകമാണെന്നും ഉന്നതരുടെ ഇടപെടൽ മൂലം ആത്മഹത്യയാക്കി തീർക്കുകയായിരുന്നു അന്വേഷണ സംഘമെന്നും ആക്ഷേപമുണ്ട്. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരൂ എന്നാണ് ബന്ധുക്കൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP