Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉന്നത ഉദ്യോഗസ്ഥരാരും മലകയറി വിയർക്കാനില്ല; ക്രൈംസീനിലെത്തിച്ച് തെളിവ് ശേഖരണം പോലും നടത്താതെ പ്രതികളെ പമ്പയിൽ നിന്ന് കൊണ്ടു പോയി; ഐജി മനോജ് എബ്രഹാമിന്റെ ചോദ്യം ചെയ്യലും അവലോകനവും പത്തനംതിട്ടയിൽ; പ്രതിഷ്ഠാ ദിനത്തിൽ സന്നിധാനത്ത് ഉണ്ടായിരുന്നത് 100 പൊലീസുകാർ മാത്രം; കൊടിമരം കേടാക്കിയതിന് പിന്നിലെ അന്വേഷണം പ്രഹസനമോ?

ഉന്നത ഉദ്യോഗസ്ഥരാരും മലകയറി വിയർക്കാനില്ല; ക്രൈംസീനിലെത്തിച്ച് തെളിവ് ശേഖരണം പോലും നടത്താതെ പ്രതികളെ പമ്പയിൽ നിന്ന് കൊണ്ടു പോയി; ഐജി മനോജ് എബ്രഹാമിന്റെ ചോദ്യം ചെയ്യലും അവലോകനവും പത്തനംതിട്ടയിൽ; പ്രതിഷ്ഠാ ദിനത്തിൽ സന്നിധാനത്ത് ഉണ്ടായിരുന്നത് 100 പൊലീസുകാർ മാത്രം; കൊടിമരം കേടാക്കിയതിന് പിന്നിലെ അന്വേഷണം പ്രഹസനമോ?

മറുനാടൻ മലയാളി ബ്യൂറോ

പമ്പ: കേരളത്തിലെ മതേതരത്വത്തിന്റെ മുഖമാണ് ശബരിമല. ആർക്കും വന്ന് അയ്യപ്പനെ ഇവിടെ തൊഴാം. മതത്തിന്റെ വേലിക്കെട്ടുകളുമില്ല. എന്നാൽ കഴിഞ്ഞ തീർത്ഥാടനകാലത്ത് ചില പൊലീസ് ഉദ്യോഗസ്ഥർ ശബരിമല കയറാൻ മടികാട്ടുകയും ഉത്തരവാദിത്തം മറ്റ് പൊലീസുകാരെ ഏൽപ്പിക്കുകയും ചെയ്തത് വിവാദമായിരുന്നു. മല ചവിട്ടാനുള്ള മടിയാണ് ഇതിന് കാരണമെന്നായിരുന്നു ഉയർന്ന ആരോപണം. ശബരിമലയിലെ കൊടിമര പ്രതിഷ്ടാ ദിനത്തിൽ തന്നെ അത് കേടുവരുത്തുകയെന്നത് ഗുരുതര സുരക്ഷാ വീഴ്ചയാണ്. സന്നിധാനത്ത് ഏറ്റവും സുരക്ഷയുള്ള മേഖലയിലാണ് കൊടിമരം. ഇവിടെ ഒരു കൂട്ടമെത്തി കൊടിമരം കേടാക്കിയിട്ടും അതിനെ പൊലീസ് ഗൗരവമായി എടുക്കുന്നില്ല. പിടിയിലായവരെ സംഭവ സ്ഥലത്തുകൊണ്ടു വന്ന് തെളിവെടുപ്പ് പോലും നടത്താതെ അവരെ പത്തനംതിട്ടയിലേക്ക് പൊലീസ് വണ്ടി കയറ്റി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പമ്പയിലോ ശബരിമലയിലോ എത്താനുള്ള മടിയാണ് ഇതിന് കാരണമെന്നാണ് സൂചന.

പമ്പയിൽ വച്ചാണ് വിജയവാഡ സ്വദേശികൾ പിടിയിലായത്. ഇവരെ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വച്ചാണ് പടികൂടിയത്. പമ്പയിലെ പൊലീസ് സ്‌റ്റേഷനിലാണ് ഇവരെ കൊണ്ടു വന്നത്. പത്തനംതിട്ട എസ് പി ചോദ്യവും ചെയ്തു. അതിന് ശേഷം ഇന്ന് പുലർച്ചെ പൊലീസ് പിടിയിലായവരെ പത്തനംതിട്ടിയലേക്ക് മാറ്റി. കേടുവന്ന കൊടിമരത്തിന് അടുത്തു കൊണ്ടു വന്നെ ഇവരെ തെളിവെടുപ്പ് പോലും നടത്തിയില്ല. ഇതിന് മുമ്പാണ് പത്തനംതിട്ടയിലേക്ക് കൊണ്ടു പോയത്. ഐജി മനോജ് എബ്രഹാമിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഇത്. ഐജി പമ്പയിലെത്തി പ്രതികളെ ചോദ്യം ചെയ്യുമെന്നും അതിന് ശേഷം തെളിവെടുപ്പിന് സന്നിധാനത്ത് എത്തിക്കുമെന്നുമായിരുന്നു പൊലീസ് ആദ്യം അറിയിച്ചത്. ഇതിന് വിരുദ്ധമായതാണ് സംഭവിച്ചത്. ഐജിക്ക് പമ്പയിലെത്താൻ താൽപ്പര്യമില്ലാത്തതു കൊണ്ടാണിതെന്നാണ് പൊലീസ് നൽകുന്ന സൂചന.

അട്ടിമറിയില്ലെന്നും എല്ലാം ആചാരപ്രകാരമാണെന്നുമുള്ള വാദമാണ് പൊലീസ് ഉയർത്തുന്നത്. അതുകൊണ്ട് തന്നെ ഗൂഢാലോചനയൊന്നുമില്ല. പ്രതികൾ എല്ലാം അറിയാതെ ചെയ്തതാണെന്നാണ് വിശദീകരണം. എന്നാൽ കൊടിമരവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു. ശബരിലമയിലെ കൊടിമര പ്രതിഷ്ഠയിൽ സഹകരിക്കാൻ നിരവധി ആന്ധ്രാ കമ്പനികളെത്തിയിരുന്നു. ഇവരെല്ലാം തമ്മിൽ വലിയ മത്സരവും ഇക്കാര്യത്തിലുണ്ടായിരുന്നു. ഒടുവിൽ സ്വർണക്കൊടിമരത്തിന് ചെലവായ മൂന്നുകോടി 20 ലക്ഷം രൂപ ഹൈദരാബാദിലെ ഫീനിക്സ് ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് വഴിപാടായി നൽകിയത്. അതുകൊണ്ട് തന്നെ ഈ സ്ഥാപനം പണിത സ്വർണ്ണ കൊടിമരത്തോട് വൈരാഗ്യമുള്ളവർ ഏറെയാണ്. ഈ തരത്തിലേക്ക് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

കുറേക്കാലമായി നിരവധി സുരക്ഷാ വീഴ്ചകൾ ശബരിമലയിൽ തുടരുന്നുണ്ട്. ഇതിലൊന്നും പൊലീസിനും ദേവസം ബോർഡും വലിയ താൽപ്പര്യമില്ല. കൊടിമര പ്രതിഷ്ഠയ്ക്ക് ആയിരങ്ങളാണ് ശബരിമലയിൽ എത്തിയത്. ഇത് പ്രതീക്ഷിക്കാവുന്നതുമാണ്. എന്നാൽ ആകെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നത് നൂറോളം പൊലീസുകാർ മാത്രമാണ്. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലായിരുന്നു ഇവർ എത്തിയതും. പത്തനംതിട്ട എസ് പി പോലും ഇത്രയും പ്രധാനപ്പെട്ട ദിവസം സന്നിധാനത്തുണ്ടായിരുന്നില്ല. കേരളത്തിൽ തീവ്രവാദ ആക്രമണത്തിന് പോലും ഏറ്റവും സാധ്യത കേന്ദ്ര ഏജൻസികൾ കൽപ്പിക്കുന്ന ശബരിമലയിലെ സുരക്ഷയോട് പൊലീസിന്റെ സമീപനമാണ് ഇതിലൂടെ വ്യക്തമാകുന്നത്. കൊടിമരം കേടാക്കിയ സംഭവത്തിലും ഇതേ അലംഭാവമാണ് പൊലീസ് കാണിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ സംഭവം നടന്നപ്പോൾ തന്നെ സന്നിധാനത്ത് നേരിട്ട് എത്തേണ്ടതായിരുന്നുവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

അതിനിടെ ശബരിമലയിലെ അയ്യപ്പസന്നിധിയിൽ പ്രതിഷ്ഠിച്ച പുതിയ കൊടിമരം പൂർവസ്ഥിതിയിലാക്കി. ശിൽപ്പി അനന്തൻ ആചാരിയുടെ നേതൃത്വത്തിലാണ് കേടുപാടുകൾ തീർത്തത്. കൊടിമരത്തിൽ വീണ്ടും സ്വർണം പൂശിയിട്ടുണ്ട്. ഇതും അന്വേഷണത്തെ ബാധിക്കും. പൊലീസ് പ്രതികളെന്ന് കരുതുന്നവരെ എത്തിച്ച് തെളിവെടുത്ത ശേഷമായിരുന്നു ഈ പ്രവർത്തി ചെയ്യേണ്ടിയിരുന്നത്. ഇന്നലെയാണ് ആന്ധ്രസ്വദേശികളായ അഞ്ചുപേർ കൊടിമരത്തിൽ മെർക്കുറി ഒഴിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആന്ധ്ര വിയ്യൂർ സ്വദേശികളായ വെങ്കിട്ട റാവു, സഹോദരൻ ഇ.എൻ.എൽ. ചൗധരി, സത്യനാരായണ റെഡ്ഡി, ഉമാമഹേശ്വര റെഡ്ഡി, സുധാകര റെഡ്ഡി എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം, ശബരിമലയിലെ പുതിയ കൊടിമരത്തിനു കേടുപാട് വരുത്തിയതിനു പിന്നിൽ അട്ടിമറിയില്ലെന്ന് ഐജി മനോജ് എബ്രഹാം പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.. പത്തനംതിട്ടയിൽ ഐജിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരുന്നുണ്ട്. ഈ അവലോകന യോഗം സന്നിധാനത്ത് ആയിരുന്നില്ലേ ചേരണ്ടെതെന്ന ചോദ്യമാണ് ഹിന്ദു സംഘടനകൾ ഉയർത്തുന്നത്. സന്നിധാനത്തെത്തി തെളിവെടുക്കേണ്ടതില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽനിന്ന് തെളിവുകൾ കിട്ടിയിട്ടുണ്ടെന്നുമാണ് മനോജ് എബ്രഹാം നൽകുന്ന വിശദീകരണം. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പമ്പ കെഎസ്ആർടിസി പരിസരത്തുനിന്നാണു അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, അഞ്ചംഗ സംഘം സംശയാസ്പദമായ രീതിയിൽ കൊടിമരത്തിലേക്ക് എന്തോ ഒഴിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. പിടിയിലായവരിൽനിന്നു മെർക്കുറിയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിഷ്ഠ നടന്നു മണിക്കൂറുകൾക്കുള്ളിലാണു സ്വർണക്കൊടിമരത്തിനു കേടുവരുത്തിയതായി കണ്ടെത്തിയത്. കൊടിമരത്തിന്റെ പഞ്ചവർഗത്തറയിലാണു രാസവസ്തു ഒഴിച്ചു കേടുവരുത്തിയതായി കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഡിജിപി: ടി.പി. സെൻകുമാറിനു ദേവസ്വം ബോർഡ് പരാതി നൽകിയിരുന്നു. ഉച്ചയ്ക്ക് 1.50ന് പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാക്കിയശേഷം പൊലീസുകാരും ദേവസ്വം ഉദ്യോഗസ്ഥരും ഇവിടെനിന്നു മാറിയപ്പോഴാണ് കൊടിമരത്തിന്റെ ചില ഭാഗങ്ങൾ കേടുവരുത്തിയതായി ശ്രദ്ധയിൽപ്പെട്ടത്.

ഞായറാഴ്ച രാവിലെ 11.50നും 12.30നും മധ്യേയാണ് കൊടിമരത്തിൽ വാജിവാഹനപ്രതിഷ്ഠ നടത്തിയത്. അതിന് ശേഷം അഷ്ടദിക്പാലകന്മാരെ പ്രതിഷ്ഠിച്ച് അഭിഷേകം നടത്തുകയും ചെയ്തിരുന്നു. കൊടിമരത്തിന്റെ പറകൾ തേക്കുമരത്തിൽ സ്ഥാപിക്കുന്ന ചടങ്ങ് ശനിയാഴ്ച പുലർച്ചെ പൂർത്തിയായിരുന്നു. പുലർച്ചെ 4.25നായിരുന്നു പണികഴിഞ്ഞത്. അഞ്ച് സ്വർണ പറകളാണ് കൊടിമരത്തിനുള്ളത്. മൂന്നുകോടി 20 ലക്ഷം രൂപയാണ് സ്വർണക്കൊടിമരത്തിന് ചെലവായത്. 10 കിലോ സ്വർണം, 17 കിലോ വെള്ളി, 250 കിലോ ചെമ്പ് എന്നിവയാണ് കൊടിമരത്തിന് ഉപയോഗിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP