Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അറസ്റ്റിലാകുന്നതിന് തലേദിവസം സരിത ക്ലിഫ്ഹൗസിലേക്ക് വിളിച്ചു; മുഖ്യമന്ത്രി ഉപയോഗിച്ചിരുന്നത് ജിക്കുമോന്റെയും ജോപ്പന്റെയും എന്റെയും ഫോൺ; കോഴിക്കോട്ട് കരിക്കാംകുളം കേസിൽ കുടുക്കിയത് ടി സിദ്ദിഖ്: ഉമ്മൻ ചാണ്ടിക്ക് കുരുക്കായി വെളിപ്പെടുത്തലുകളുമായി സലിംരാജ് രംഗത്ത്

അറസ്റ്റിലാകുന്നതിന് തലേദിവസം സരിത ക്ലിഫ്ഹൗസിലേക്ക് വിളിച്ചു; മുഖ്യമന്ത്രി ഉപയോഗിച്ചിരുന്നത് ജിക്കുമോന്റെയും ജോപ്പന്റെയും എന്റെയും ഫോൺ; കോഴിക്കോട്ട് കരിക്കാംകുളം കേസിൽ കുടുക്കിയത് ടി സിദ്ദിഖ്: ഉമ്മൻ ചാണ്ടിക്ക് കുരുക്കായി വെളിപ്പെടുത്തലുകളുമായി സലിംരാജ് രംഗത്ത്

തിരുവനന്തപുരം: സോളാർ തട്ടിപ്പുകാരി സരിത എസ് നായരും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ വെൡപ്പെടുത്തലുകളുമായി മുൻഗൺമാനും കടകംപള്ളി ഭൂമിതട്ടിപ്പു കേസിലെ പ്രതി സലിംരാജ് രംഗത്തെത്തി. പീപ്പിൾ ടിവിയാണ് സലിംരാജിന്റെ വെളിപ്പെടുത്തലുകൾ പുറത്തുവിട്ടത്. സോളാർ കേസുമായി തനിക്ക് ബന്ധമില്ലെന്നും സരിതയും മുഖ്യമന്ത്രിയും തമ്മിലുള്ള അടുപ്പം അറിയാവുന്നതുകൊണ്ടാണ് തന്നെ കള്ളക്കേസിൽ കുടുക്കിയതെന്നുമാണ് സലിം രാജിന്റെ ആരോപണം.

സരിതയെ ആദ്യം കണ്ടത് കടപ്ലാമറ്റത്ത് മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങലാണെന്നും ക്ലിഫ്ഹൗസിൽ നിന്നും പലരും സരിതയെ വിളിച്ചിട്ടുണ്ടെന്നുമാണ് സലിംരാജ് ആരോപിക്കുന്നത്. സോളാർ കമ്മീഷൻ മുമ്പാകെ ഇത് സംബന്ധിച്ച മൊഴി നൽകിയെന്നുമാണ് സലിംരാജ് പറഞ്ഞു. ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം പൂർത്തിയായിട്ട് ഒരു വർഷത്തോളമായെന്നും തന്റെ പേരിലുള്ള കുറ്റം തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും സലിം രാജ് പറഞ്ഞു. ഇത്രകാലമായിട്ടും തന്നെ സർവീസിൽ തിരിച്ചെടുക്കാൻ സർക്കാരിന് കഴിഞ്ഞില്ല. സർവീസിൽ തിരിച്ചെടുക്കേണ്ട സമയം കഴിഞ്ഞു. തന്നെ തിരിച്ചെടുത്താൽ എന്തോ സംഭവിക്കുമെന്നാണ് സർക്കാരിന്റെ പേടി. തന്നെ സർവീസിൽ തിരിച്ചെടുക്കണമെന്ന ആവശ്യമായി തന്റെ ഭാര്യ മുഖ്യമന്ത്രിയെ സമീപിച്ചപ്പോൾ കോടതി ഉത്തരവുമായി വരട്ടെ, അപ്പോൾ തിരിച്ചെടുക്കാമെന്നായിരുന്നു മറുപടി നൽകിയതെന്നും സലിം രാജ് പീപ്പിൾ ചാനലിനോട് പറഞ്ഞു.

സരിത എസ് നായർക്ക് ക്ലിഫ്ഹൗസിലേക്ക് എപ്പോഴും വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. സരിതയോട് സംസാരിച്ചു എന്ന കാര്യം സത്യമാണ്. താൻ അതു സമ്മതിച്ചതുമാണ്. ക്ലിഫ് ഹൗസിലേക്ക് പലരും വിളിക്കാറുണ്ട്. അങ്ങനെ അറസ്റ്റിലാകുന്നതിന് തലേന്ന് സരിത വിളിച്ചിരുന്നു. എഴുകോൺ സിഐയുടെ നമ്പർ എന്ന പേരിൽ തനിക്കു കോളുകൾ വരുന്നുണ്ടെന്നും ഈ നമ്പർ ആരുടേതാണെന്ന് കണ്ടെത്തി തരണമെന്നുമാണ് ആവശ്യപ്പെട്ടത്. അതനുസരിച്ച് താൻ ഇതേക്കുറിച്ച് അന്വേഷിച്ചു നൽകിയെന്നും സലിംരാജ് പറഞ്ഞു. സരിത സ്ഥിരമായി ക്ലിഫ് ഹൗസിലേക്കു വിളിക്കാറുണ്ടായിരുന്നതിനാൽ അക്കാര്യം അന്വേഷിച്ചു സരിതയ്ക്കു മറുപടി നൽകിയിരുന്നു. ഇതാണ് സംഭവിച്ചത്. ഇതിൽ അസ്വാഭാവികമായി ഒന്നുമില്ല.

മുഖ്യമന്ത്രി ഉപയോഗിച്ചിരുന്നത് തന്റെയും ജോപ്പന്റെയും ജിക്കുമോന്റെയും ഫോണുകളായിരുന്നു. മുഖ്യമന്ത്രി ആരെ വിളിച്ചാലും തങ്ങളുടെ ഫോണിന്റെ കോൾ ലിസ്റ്റിലാണ് അവയൊക്കെ വരിക. ക്ലിഫ്ഹൗസിൽ കോൾ രജിസ്റ്റർ സൂക്ഷിക്കാറില്ലെന്നും സലിംരാജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽനിന്ന് നിരവധി കോളുകൾ പുറത്തേക്ക്. ഇതിൽ സരിതയ്്ക്കുള്ള കോളുകളുമുണ്ട്. പൊലീസിന് ഇതിന്റെ വ്യക്തമായ വിവരം ലഭിച്ചിരുന്നു. പലരെയും വിളിക്കാൻ മുഖ്യമന്ത്രി പറയുമായിരുന്നു. മുഖ്യമന്ത്രി ആരുമായൊക്കെയാണ് സംസാരിച്ചതെന്ന് തങ്ങൾക്കറിയില്ല. സോളാർ കേസ് പുറത്തുവന്ന ശേഷവും സരിതയെ സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിൽ കണ്ടിട്ടുണ്ടെന്നും സലിം രാജ് പറഞ്ഞു.

കോഴിക്കോട്ട് കരിക്കാംകുളത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പേരിൽ തന്നെ കേസിൽ കുടുക്കിയതും റിമാൻഡ് ചെയ്യിച്ചതും സോളാർ കേസിൽനിന്നു ശ്രദ്ധതിരിക്കാനായിരുന്നുവെന്നും സലിം രാജ് വെളിപ്പെടുത്തി. ഇങ്ങനെയൊരു കേസ് കെട്ടിച്ചമച്ചതാണ്. നാടകീയമായി സൃഷ്ടിച്ചതാണ് രംഗങ്ങൾ. മുഖ്യമന്ത്രിയുടെ വലംകൈയായ ടി സിദ്ധിഖാണ് ഇതിനായുള്ള ഗൂഢാലോചന നടത്തിയത്. ഇക്കാര്യം പിന്നീട് പൊലീസുകാർ തന്നോട് വെളിപ്പെടുത്തിയതെന്നും സലിം രാജ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP