Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യത്യസ്ത മതക്കാരായതിനാൽ പ്രതിബന്ധങ്ങളെ ഭേദിച്ച് വിവാഹത്തിലൂടെ ഒരുമിക്കാനായില്ല; സാമുമൊത്ത് ജീവിതം തുടങ്ങിയപ്പോഴും കോളേജ് പഠനകാലത്തെ പ്രണയം കൂടെ കൂട്ടി; അരുണുമായി ഒരുമിച്ച് കഴിയാൻ സയനൈഡ് നൽകി ഭർത്താവിനെ കൊന്ന് സ്വാഭാവിക മരണമാക്കി; കള്ളി പൊളിച്ചത് അജ്ഞാത ഫോൺ സംഭാഷണവും; സാം എബ്രഹാമിന്റെ കൊലയ്ക്ക് പിന്നിൽ വർഷങ്ങളുടെ ഗൂഢാലോചന; ഓസ്ട്രേലിയക്കാരെ ഞെട്ടിച്ച മലയാളിയുടെ കൊലപാതകം തെളിഞ്ഞത് ഇങ്ങനെ

വ്യത്യസ്ത മതക്കാരായതിനാൽ പ്രതിബന്ധങ്ങളെ ഭേദിച്ച് വിവാഹത്തിലൂടെ ഒരുമിക്കാനായില്ല; സാമുമൊത്ത് ജീവിതം തുടങ്ങിയപ്പോഴും കോളേജ് പഠനകാലത്തെ പ്രണയം കൂടെ കൂട്ടി; അരുണുമായി ഒരുമിച്ച് കഴിയാൻ സയനൈഡ് നൽകി ഭർത്താവിനെ കൊന്ന് സ്വാഭാവിക മരണമാക്കി; കള്ളി പൊളിച്ചത് അജ്ഞാത ഫോൺ സംഭാഷണവും; സാം എബ്രഹാമിന്റെ കൊലയ്ക്ക് പിന്നിൽ വർഷങ്ങളുടെ ഗൂഢാലോചന; ഓസ്ട്രേലിയക്കാരെ ഞെട്ടിച്ച മലയാളിയുടെ കൊലപാതകം തെളിഞ്ഞത് ഇങ്ങനെ

പ്രത്യേക ലേഖകൻ

മെൽബൺ: കാമുകനൊപ്പമുള്ള അവിഹിതം തുടരാൻ വേണ്ടി ഭർത്താവിനെ സയനൈഡ് കൊടുത്തുകൊലപ്പെടുത്തിയ കേസിൽ കാമുകനും കാമുകിയും ഇനി ജീവിതാവസാനം വരെ ജയിലിൽ കഴിയേണ്ടി വരും. 2016 ഒക്ടോബറിലാണ് മെൽബണിലെ എപ്പിംഗിലുള്ള വസതിയിൽ വച്ചാണ് സാം എബ്രാഹം കൊല്ലപ്പെട്ടത്. അതിവേഗം നടപടികൾ പൂർത്തിയാക്കി സാം എബ്രഹാം കൊലയിൽ കോടതി ശിക്ഷ വിധിച്ചിരിക്കുന്നു. തന്ത്രപരമായി എല്ലാം ഒളിപ്പിക്കാനായിരുന്നു സോഫിയെ ശ്രമിച്ചത്. അരുൺ കമലാസനനും ബുദ്ധിപരമായി കരുക്കൾ നീക്കി. എന്നാൽ ഓസ്‌ട്രേലിയൻ പൊലീസിന് കിട്ടിയ ഫോൺ സന്ദേശം കൊലപാതക രഹസ്യങ്ങൾ പുറം ലോകത്ത് എത്തിച്ചു.

സാമിനെ ഒഴിവാക്കി ഒരുമിച്ച് ജീവിക്കാൻ സോഫിയയും അരണും ഗൂഢാലോചന നടത്തുകയും ഒടുവിൽ കൊലപ്പെടുത്തുകയുമായിരുന്നു . എല്ലാവരേയും തെറ്റിദ്ധരിപ്പിച്ച സോഫിയ ഭർത്താവിന്റേതു സ്വാഭാവിക മരണമാണെന്ന് വരുത്തി തീർക്കാനും ശ്രമിച്ചിരുന്നു. സ്വാഭാവിക മരണത്തിന് ട്വിസ്റ്റുണ്ടായത് പൊലീസിന് ലഭിച്ച ഫോൺ കോളായിരുന്നു. പൊലീസിന് ലഭിച്ച ഫോൺ കോളിൽ നിന്നും സോഫിയയെ സംശയിക്കുകയും ഇവരുടെ ഫോൺ സംഭാഷണങ്ങളിൽ നിന്ന് കൊലപാതക രഹസ്യം പുറത്തുവരികയുമായിരുന്നു. ഇതോടെ ലേലോർ സ്റ്റേഷനിലെ കാർ പാർക്കിൽ വച്ച് സാമിന് നേരെ നടന്ന ആക്രമണവും അരുൺ കമലാസനൻ തന്നെ നടത്തിയ വധശ്രമമായിരുന്നു എന്നും തെളിഞ്ഞു. ഇതോടെ വർഷങ്ങൾ നീണ്ട ഗൂഢാലോചന ഓസ്‌ട്രേലിയൻ പൊലീസ് പൊളിച്ചു. കുറ്റസമ്മത മൊഴി പോലും ലഭിക്കാത്ത കേസിലാണ് ശാസ്ത്രീയ തെളിവുകളുടെ കരുത്തിൽ കോടതിയിൽ കുറ്റം പ്രോസിക്യൂഷൻ തെളിച്ചത്.

ലേലോർ സ്‌റ്റേഷനിൽ മുഖംമൂടി ധരിച്ച ഒരാളായിരുന്നു സാമിനു നേരേ ആക്രമണം നടത്തിയത്. മുഖംമൂടി വലിച്ചൂരിയെങ്കിലും അക്രമിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല എന്ന് പൊലീസിൽ പരാതിപ്പെട്ട സാം, വലിച്ചൂരിയ മുഖംമൂടി പൊലീസിന് കൈമാറിയിരുന്നു. അരുണിന്റെ കൈവശം ഇത്തരം മുഖംമൂടി കണ്ടതായി അരുണിനൊപ്പം താമസിച്ചിരുന്ന മറ്റൊരു മലയാളി കോടതിയെ അറിയിച്ചതും ഗൂഢാലോചന കണ്ടെത്താൻ സഹായിച്ചു. അരുൺ ഓസ്‌ട്രേലിയയിലെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോൾ സോഫിയയെയും അരുണിനെയും വീട്ടിൽ ഒരുമിച്ച് കണ്ടതായും ഇയാൾ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. ഇതും വിചാരണയിൽ അതീവ നിർണണായകമായിരുന്നു.

സാമും അരുണും ചേർന്ന് സാം എബ്രഹാമിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയെന്നാണ് കേസ്. ഉറങ്ങികിടക്കുകയായിരുന്ന സാം എബ്രഹാമിനെ കൊലപ്പെടുത്തിയത് കാമുകൻ അരുൺ കമലസനനായിരുന്നു. ഉറക്കത്തിനിടെ സയനൈഡ് കലർത്തിയ ഓറഞ്ച് ജ്യൂസ് വായിലേക്ക് ഒഴിച്ചാണ് സോഫിയയുടെ കാമുകൻ കൊല നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. അരുൺ കമലാസനന് 'എ കെ' എന്നാ ഷോട്ട്‌ഫോമാണ് പൊലീസ് നൽകിയിരിക്കുന്നത്. അരുൺ കമലാസനന്റെ ഫോൺകോളുകൾ ചോർത്തിയതോടെയാണ് പൊലീസിന് കേസിലെ നിർണായകമായ പല വിവരങ്ങളും ലഭിച്ചത്. സംഭവദിവസം രാത്രിയോടെ സാമിന്റെയും സോഫിയയുടെയും വീട്ടിലേക്ക് ഒളിച്ചു പ്രവേശിക്കുകയാണ് അരുൺ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. അവർ കുടിക്കുന്ന ജ്യൂസിൽ ഉറക്കമരുന്ന് കലർത്തി. തുടർന്ന് എല്ലാവരും ഉറക്കമാകുന്നതു വരെ എ കെ കാത്തിരുന്നു. ഉറക്കം തുടങ്ങിയപ്പോൾ സാമിന്റെ തല ബലമായി പിടിച്ച് സയനൈഡ് കലർത്തിയ ഓറഞ്ച് ജ്യൂസ് വായിലേക്ക് ഒഴിച്ചുകൊടുത്തു എന്നാണ് ഫോൺ സംഭാഷണത്തിൽ നിന്ന് പൊലീസിന് മനസിലായത്.

സംഭവം നടന്ന ദിവസം, 'എ കെ' വീട്ടിൽ വന്നിരുന്നതായും, ചോക്കളേറ്റുകൾ നൽകിയതായും സോഫി പറഞ്ഞുവെന്ന് മകൻ മൊഴി നൽകിയതും നിർണ്ണായകമായി. രാത്രി താൻ ഉറക്കമായിരുന്നുവെന്നും, രാവിലെ ഉണർന്നു വിളിച്ചപ്പോൾ സാമിന് അനക്കമില്ലായിരുന്നു എന്നുമാണ് സോഫിയ നൽകിയ മൊഴി. ഇന്ത്യയിൽ വച്ചു തന്നെ സോഫിയയ്ക്കും അരുണിനും പരസ്പരം അറിയാമായിരുന്നു എന്നും, സംഭവത്തിനു മുമ്പ് ഇരുവരും ഇന്ത്യയിൽ സംയുക്ത ബാങ്ക് അക്കൗണ്ട് തുടങ്ങിയിരുന്നു എന്നും പൊലീസ് കണ്ടെത്തി. കൊല്ലം സ്വദേശിയായ സാം എബ്രഹാമിന്റെ ഹൃദയാഘാതം മൂലമാണെന്ന് കരുതിയിടത്തു നിന്നുമാണ് കൊലപാതകമാണെന്ന വാസ്തവും അറിയത്. മെൽബൺ പൊലീസിന് ലഭിച്ച ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നതും ഒടുവിൽ കൊലപാതകമാണെന്ന് തെളിഞ്ഞതും. കഴിഞ്ഞ ഒക്ടോബറിലായിരുന്നു പുനലൂർ സ്വദേശിയും യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാം മരിച്ചത്. ഉറക്കത്തിനിടയിൽ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തിൽ കരുതിയിരുന്നത്.

എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സാമിനെ വിദഗ്ധമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് സാമിന്റെ ഭാര്യ സോഫിയെയും കാമുകൻ അരുൺ കമലാസനനെയും പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ വില്ലനായത് സോഫിയയുടെ ഇരട്ടപ്രണയമായിരുന്നു. കോളേജ് കാലത്ത് അടിച്ചുപൊളി ജീവിതം നയിച്ച സോഫി ഒരേസമയം രണ്ട് പേരെയാണ് പ്രണയിച്ചത്. സ്‌കൂൾ കാലം തൊട്ട് പരിചയമുണ്ടായിരുന്ന സാമിനെ പ്രേമിച്ചപ്പോൾ തന്നെ കോളേജ് കാലത്ത് പരിചയപ്പെട്ട അരുൺ കമലാസനനുമായി അടുക്കുകയും ചെയ്തു. കോളേജ് കാലത്ത ഇവരുടെ പ്രണയം അന്നത്തെ സഹപാഠികൾക്ക് അറിയുകയും ചെയ്യുമായിരുന്നു. എന്നാൽ, വ്യത്യസ്ത മതക്കാരായതിനാൽ പ്രതിബന്ധങ്ങളെ ഭേദിച്ച് വിവാഹത്തിലൂടെ ഒരുമിക്കാൻ ഇവർക്ക് സാധിച്ചില്ല. അതേസമയം സാം എബ്രഹാമുമായുള്ള പ്രണയം വീട്ടുകാർ ഇടപെട്ട് കല്യാണത്തിൽ കലാശിക്കുകയും ചെയ്തു. എന്നാൽ, അരുണുമായുള്ള ബന്ധം ഇതേസമയം തന്നെ സോഫി തുടരുകയും ചെയ്തു. ഈ പ്രണയാണ് ഒടുവിൽ സാമിന്റെ ജീവനെടുത്തത്.

ഏകദേശം ഒരു വർഷത്തോളം നീണ്ട തയ്യാറെടുപ്പ് കൊലപാതകത്തിനു പിന്നിലുണ്ട്. രഹസ്യം പുറത്തറിയാൻ വീണ്ടും പത്തുമാസം വൈകി. സാം മരിച്ചു പത്തു മാസത്തിനു ശേഷം പ്രതികൾക്കെതിരെ കുറ്റം തെളിയാൻ കാരണം ഇവരുടെ ടെലിഫോൺ സംഭാഷണങ്ങൾ ചോർന്നതാണെന്നാണു പ്രാഥമിക നിഗമനം. സാമും സോഫിയയും തമ്മിൽ 2008 ഫെബ്രുവരി 27നായിരുന്നു വിവാഹം. പിജിയും എംബിഎയും കഴിഞ്ഞ് കുറച്ചുകാലം ബൊംഗളൂരുവിൽ ജോലി ചെയ്ത സാം തിരികെ ബാങ്കിങ് മേഖലയിൽ പ്രവേശിച്ചു. ഇതേസമയം സോഫിയ ഇലക്ട്രോണിക് ബിരുദം നേടിയശേഷം ടെക്‌നോപാർക്കിൽ ജോലി നേടി. പിന്നീട് സാം ഒമാൻ, ദുബായ് എന്നിവിടങ്ങളിൽ ജോലി നോക്കി.

ഓസ്‌ട്രേലിയൻ കമ്പനിയിൽ ജോലിക്കുള്ള ടെസ്റ്റിൽ പാസായ സോഫിയ 2012ൽ അവിടേക്ക് പോയി. സഹോദരിക്കും ഭർത്താവിനുമൊപ്പമായിരുന്നു കഴിഞ്ഞത്. പിന്നീട് സാം ദുബായിൽ നല്ല ജോലിയിൽ പ്രവേശിച്ചതോടെ സോഫിയയെ ക്ഷണിച്ചു. എന്നാൽ സോഫിയക്ക് ആസ്‌ട്രേലിയയിലായിരുന്നു താൽപര്യം. ഇതിനെ തുടർന്ന് 2013ൽ സാം ഓസ്‌ട്രേലിയയിലെത്തി ഒരു കമ്പനിയിൽ ജോലിക്ക് കയറി. സോഫിയ ജോലിക്ക് പോയിരുന്ന സ്ഥാപനത്തിൽ ആഴ്ചയിൽ മൂന്നുദിവസം പോയാൽ മതി. കോളജിലെ സഹപാഠി അരുണുമായി അടുക്കാനും ഇത് അവസരമൊരുക്കി. ഇതോടെ ഇവർ പ്രണയത്തിലായതോടെ സാമിന്റെ കുടുംബ ജീവിതം അസഹ്യമായി.

സോഫിയുമൊത്ത് ജിവിക്കുന്നതിന് വേണ്ടി സാമിനെ വകവരുത്താൻ അരുൺ പലവട്ടം ശ്രമിച്ചു. മുഖംമൂടി ആക്രമണത്തിൽ സാമിന് കഴുത്തിനും കൈകൾക്കും മുറിവേറ്റു. ഇത് സാം അവിടത്തെ പൊലീസിൽ അറിയിച്ചിരുന്നു. ഇതും കൊലപാതകത്തിന്റെ ചുരുളഴിക്കാൻ സഹായകമായി. സാമിന്റെ സംസ്‌കാരം കഴിഞ്ഞു മടങ്ങിയെത്തിയ സോഫിയെ സാമിന്റെ സുഹൃത്തുക്കളും സോഫിയുടെ പരിചയക്കാരും ഉൾപ്പെടെ പലരും നിരീക്ഷിക്കാൻ തുടങ്ങി. ഭർത്താവ് മരിച്ചു ദിവസങ്ങൾ കഴിയും മുൻപേ കാമുകനുമൊത്തുള്ള കറക്കവും മറ്റും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭർത്താവ് മരിച്ച ഒരു യുവതിയുടെ ശരീരഭാഷയും മാനസിക ഭാഷയും ആയിരുന്നില്ല സോഫിയിൽ കണ്ടത്.

ഈ സാഹചര്യത്തിലായിരുന്നു അജ്ഞാത യുവതിയുടെ ഫോൺ സംഭാഷണമെത്തിയത്. ഭർത്താവിനെ കൊലപ്പെടുത്തിയശേഷം സുഖംജീവിതം നയിക്കാമെന്ന സോഫിയയുടെയും കാമുകൻ അരുൺ കമലാസനന്റെയും പദ്ധതി അതോടെ തകരുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP