Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നടി ധന്യാമേരി വർഗ്ഗീസിന്റെ ഭർത്താവും കുടുംബവും ഫ്‌ലാറ്റ് തട്ടിപ്പിന് പിന്നാലെ നിക്ഷേപ തട്ടിപ്പും നടത്തി; 24 ശതമാനം പലിശ വാഗ്ദാനം ചെയ്ത് 20 കോടിയോളം പിരിച്ചതായും ആക്ഷേപം; നടിയുടെ അമ്മായിയപ്പന് ഇനിയും ജാമ്യം കിട്ടിയില്ല; ഭർത്താവും സഹോദരനും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നു; പണം നഷ്ടപ്പെട്ടവർ പത്രസമ്മേളനം നടത്തിയിട്ടും അറിയാത്ത ഭാവം നടിച്ച് മാദ്ധ്യമങ്ങൾ

നടി ധന്യാമേരി വർഗ്ഗീസിന്റെ ഭർത്താവും കുടുംബവും ഫ്‌ലാറ്റ് തട്ടിപ്പിന് പിന്നാലെ നിക്ഷേപ തട്ടിപ്പും നടത്തി; 24 ശതമാനം പലിശ വാഗ്ദാനം ചെയ്ത് 20 കോടിയോളം പിരിച്ചതായും ആക്ഷേപം; നടിയുടെ അമ്മായിയപ്പന് ഇനിയും ജാമ്യം കിട്ടിയില്ല; ഭർത്താവും സഹോദരനും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നു; പണം നഷ്ടപ്പെട്ടവർ പത്രസമ്മേളനം നടത്തിയിട്ടും അറിയാത്ത ഭാവം നടിച്ച് മാദ്ധ്യമങ്ങൾ

എം എസ് സനിൽകുമാർ

തിരുവനന്തപുരം: നടി ധന്യ മേരി വർഗീസിന്റെ ഭർതൃപിതാവ് ജേക്കബ് സാംസണും ഭർത്താവ് ജോണും അനിയനും ഉൾപ്പെട്ട ഫ്‌ലാറ്റ് തട്ടിപ്പ് കേസ് വഴിത്തിരിവിൽ. ഫ്‌ലാറ്റ് തട്ടിപ്പ് കൂടാതെ ഇവർ നിക്ഷേപത്തട്ടിപ്പും നടത്തിയതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അതിനിടെ സാംസൺ ആൻഡ് സൺ ഗ്രൂപ്പിലെ തട്ടിപ്പുകൾ വിശദീകരിച്ച് ഇരകൾ പത്രസമ്മേളനവും നടത്തി. എന്നാൽ സാംസൺ ആൻഡ് സണ്ണിന്റെ പരസ്യ വരുമാനത്തിൽ ഇപ്പോഴും കണ്ണ് വയ്ക്കുന്ന മാദ്ധ്യമങ്ങൾക്ക് ഈ പത്രസമ്മേളനം വാർത്തയായില്ല. മുൻനിര മാദ്ധ്യമങ്ങളെല്ലാം ഇപ്പോഴും ഈ വലിയ ഫ്‌ലാറ്റ് തട്ടിപ്പ് മറച്ചുവയ്ക്കുകയാണ്.

ഇതിനിടെയാണ് നിക്ഷേപ തട്ടിപ്പിന്റെ വിവരങ്ങളും പുറത്തുവരുന്നത്. 24 ശതമാനം വാർഷിക പലിശ നൽകാമെന്ന് പറഞ്ഞു ഇവർ നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടി. 36 പേരുടെ കയ്യിൽ നിന്ന് 19 കോടി 63 ലക്ഷം രൂപയാണ് സ്ഥിരനിക്ഷേപമായി സ്വീകരിച്ചത്. മാസം 2 ശതമാനം പലിശ നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ മാസങ്ങളായി ഇവർ പലിശ നൽകുന്നില്ല. തുക ആവശ്യപ്പെട്ട് ചെല്ലുന്നവർക്ക് വണ്ടിച്ചെക്ക് നൽകുകയും ഫൽറ്റുകൾ എഴുതിനൽകാമെന്ന് ഉറപ്പു നൽകുകയുമാണ് പതിവ്. ഒരേ ഫ്‌ലാറ്റ് ഒന്നിലധികം പേർക്ക് എഴുതി നൽകിയും കബളിപ്പിക്കൽ നടന്നിട്ടുണ്ട്. കേസ് കൊടുത്താൽ പണം തിരികെ നൽകില്ലെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. കുബേരയിൽ പ്പെടുത്തുമെന്നു ചിലരെ ഭീഷണിപ്പെടുത്തി. നിക്ഷേപങ്ങൾ സ്വീകരിക്കാൻ ഇവർക്ക് നിയമാനുസൃതമായ ലൈസൻസ് തന്നെയില്ല.

ജേക്കബ് സാംസണെതിരെയും കുടുംബത്തിനെതിരെയും പരാതിയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സ്ഥിരനിക്ഷേപമായും കടമായും വാങ്ങിയ പണം തിരികെ നല്കുന്നില്ലെന്നാണ് പരാതി. പരാതിക്കാർ പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ചു. നിക്ഷേപതുകയ്ക്ക് ഉയർന്ന പലിശയും സുരക്ഷിതത്വവും ഉറപ്പാക്കുന്ന വ്യാജ സർട്ടിഫിക്കറ്റ് നൽകിയാണ് കബളിപ്പിക്കൽ നടത്തിയതെന്ന് തട്ടിപ്പിനിരയായവരിൽ ഒരാളായ ഫെലിക്‌സ് ജോണി കുരുവിള പറഞ്ഞു. തട്ടിപ്പ് നടത്തിയ തുക ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ വീട്ടുകാരുടെ പാസ്‌പോർട്ടും മറ്റുരേഖകളും പിടിച്ചെടുക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ജില്ലാകളക്ടർ , കമ്മീഷണർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

ഫ്‌ലാറ്റ് നൽകാമെന്ന് പറഞ്ഞു നൂറുകണക്കിനാളുകളിൽ നിന്ന് പണം വാങ്ങി കബളിപ്പിച്ചതിന്റെ പേരിൽ ജേക്കബ് സാംസണെ ഈ മാസം ആദ്യം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ജേക്കബ് ആൻഡ് സൺസ് കമ്പനിയുടെ ഡയറക്ടർമാരായ മക്കൾ ജോണും സാമുവലും മുൻകൂർ ജാമ്യം തേടിയിരിക്കുകയാണ് . കമ്പനിയുടെ സെയിൽസ് വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന നടി ധന്യ മേരി വർഗീസിനെ കേസിൽ പ്രതി ചേർക്കുന്ന കാര്യത്തിൽ പൊലീസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ധന്യ മേരിക്കെതിരെയും അന്വേഷണം നടന്നുവരികയാണ്. ഫ്‌ലാറ്റ് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് അമ്പതിലേറെ പേരിൽ നിന്ന് കോടികൾ തട്ടിയെന്ന കേസിലാണ് ധന്യയുടെ ഭർതൃപിതാവ് ജേക്കബ് സാംസൺ അറസ്റ്റിലായത് . സാംസൺ ആൻഡ് സൺസ് ബിൽഡേഴ്‌സ് ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് പണം തട്ടിയത്. പ്രസ്തുത കമ്പനിയുടെ സെൽസ് വിഭാഗം ഡയറക്ടറായിരുന്നു ധന്യമേരി വർഗ്ഗീസ്.

മ്യൂസിയം, കന്റോൺമെന്റ്, പേരൂർക്കട പൊലീസ് സ്‌റ്റേഷനുകളിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പിനെതിരെ കേസെടുത്തത്. 2011ൽ മരപ്പാലത്ത് നോവ കാസിൽ എന്ന ഫൽറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി ഇവർ അഡ്വാൻസ് തുക കൈപ്പറ്റി. 40 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ് ഇവർ പലരിൽ നിന്നായി വാങ്ങിയത്. പണി പൂർത്തിയാക്കി 2014 ഡിസംബറിൽ ഫൽറ്റ് കൈമാറാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പറഞ്ഞ തീയതി കഴിഞ്ഞിട്ടും ഫ്‌ലാറ്റ് നൽകാതിരുന്നതിനെ തുടർന്ന് പണം നൽകിയവർ പൊലീസിനെ സമീപിക്കുകയായിരുന്നു. ഭർതൃപിതാവിന്റെ കമ്പനിയിൽ ഫ്‌ലാറ്റുകളുടെ സെയിൽസ് വിഭാഗത്തിലായിരുന്നു ധന്യ മേരി വർഗീസ് പ്രവർത്തിച്ചിരുന്നത്. ചലച്ചിത്ര താരമെന്ന് ഇമേജ് ഉപയോഗിച്ച് ധന്യ നിരവധി പേരിൽ നിന്ന് പണം വാങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ധന്യയെ പ്രതിചേർക്കാനുള്ള സാധ്യത വർധിച്ചിരിക്കുന്നത്. . അതിനിടെ നടിക്ക് വേണ്ടി ഉന്നത തല സമ്മർദ്ദം ശക്തമാണ്. തട്ടിപ്പിനിരയായവർക്ക് പണം തിരിച്ചു നൽകി കേസിൽ നിന്ന് തലയൂരാനുള്ള ശ്രമവും അണിയറയിൽ നടക്കുന്നുണ്ട്.

പി.ആർ.ഡി ആഡീഷണൽ ഡയറക്ടർ ആയി വിരമിച്ച ജേക്കബ് സാംസൺ, മക്കളായ ജോൺ, സാം എന്നിവരാണ് കമ്പനി ഡയറക്ടർമാർ. ഇതിൽ ചലച്ചിത്ര നടനും മ്യൂസിക് ഷോ അവതാരകനും കൂടിയായ ജോണാണ് ധന്യാമേരീ വർഗ്ഗീസിനെ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും സെലിബ്രിറ്റി പശ്ചാത്തലം ഉപയോഗിച്ച് ധാരാളം ആളുകളെ ചതിയിൽപ്പെടുത്തിയതായി പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. 2012ലായിരുന്നു ജോണും ധന്യയും തമ്മിലെ വിവാഹം നടന്നത്. കൂത്താട്ടുകുളം ഇടയാർ വർഗീസിന്റെയും ഷീബയുടെയും മകളായ ധന്യ മേരി മധുപാൽ സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായത്. പിന്നീട് വൈരം, ദ്രോണ തുടങ്ങിയ ചിത്രങ്ങളിൽ ധന്യ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2006ൽ 'തിരുടി എന്ന ചിത്രത്തിലൂടെയാണ് ധന്യ വെള്ളിത്തിരയിൽ അരങ്ങേറിയത്. അതിന് മുമ്പ് മോഡലിങിലും ധന്യ സജീവമായിരുന്നു. എംബിഎ ബിരുദധാരിയായ ജോൺ കണ്ണിമറ്റം ജേക്കബ് സാംസണിന്റെയും ലളിതയുടെയും മകനാണ്. അമൃത ടെലിവിഷൻ ചാനലിലെ സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയനായത്. ടൂർണമെന്റ്' എന്ന സിനിമയിൽ നാല് യുവനായകന്മാരിൽ ഒരാളായിരുന്നു ജോൺ.

ഈ ഗ്ലാമർ പരിവേഷമാണ് തട്ടിപ്പിന് പ്രധാനമായും ഉപയോഗിച്ചത്. 2011 മുതലാണ് തട്ടിപ്പിന്റെ ആരംഭം എന്നാണ് പൊലീസിന് ലഭിച്ച വിവിധ പരാതികളിൽ പറയുന്നത്. 2011 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി മരപ്പാലത്ത് നോവാ കാസിൽ എന്ന ഫ്‌ലാറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് 25 പേരിൽ നിന്ന് ഇവർ അഡ്വാൻസ് തുക കൈപ്പറ്റി. 40 ലക്ഷം മുതൽ ഒരുകോടി രൂപ വരെ കൊടുത്തവരിൽ ഉൾപ്പെടുന്നു. മരുമകളായി ധന്യ എത്തിയതോടെ കൂടുതൽ പേരെ തട്ടിപ്പിനിരകളാക്കി. 2014 ഡിസംബറിൽ ഫ്‌ലാറ്റ് പൂർത്തീകരിച്ച് നൽകാമെന്നായിരുന്നു വാഗ്ദാനം എന്നാൽ പറഞ്ഞ തീയതി കഴിഞ്ഞിട്ടും ഫ്‌ലാറ്റ് നിർമ്മാണം പൂർത്തിയാകാതെ വന്നതോടെ ഉപഭോക്താക്കൾ ഫ്‌ലാറ്റ് നിർമ്മാതാക്കളെ സമീപിച്ചു. ഉടൻ പൂർത്തിയാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കഴിഞ്ഞ രണ്ടുവർഷമായി തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാർ പറയുന്നു. ഇതുകൂടാതെ ഫ്‌ലാറ്റുകളും ഫ്‌ലാറ്റ് നിർമ്മിക്കുന്ന സ്ഥലവും ഈടുവച്ച് ഇവർ കേരള ഫിനാൻസ് കോർപ്പറേഷനിൽ നിന്ന് 15 കോടി രൂപ വായ്പയെടുത്തതായും പരാതിക്കാർ ആരോപിക്കുന്നു.

നോവ കാസിൽ കൂടാതെ, പരുത്തിപ്പാറ സന്തോഷ് നഗറിൽ ഓർക്കിഡ് വാലി എന്ന ഫ്‌ലാറ്റ് നിർമ്മിക്കാമെന്ന് കാണിച്ച് പലരിൽ നിന്നും സാംസൺ ആൻഡ് സൺസ് ബിൽഡേഴ്‌സ് അഡ്വാൻസ് തുക കൈപ്പറ്റി. 25 ഫ്‌ലാറ്റുകളാണ് ഇവിടെ നിർമ്മിക്കുന്നതെന്നായിരുന്നു വാഗ്ദാനം. 2014ലാണ് ഈ തട്ടിപ്പിന് തുടക്കമിട്ടത്. പലരും 20 ലക്ഷം മുതൽ 40 ലക്ഷം വരെ ഈ ഫ്‌ലാറ്റുകൾക്ക് അഡ്വാൻസ് നൽകി. എന്നാൽ ഫ്‌ലാറ്റ് നിർമ്മിക്കാനുദ്ദേശിച്ച സ്ഥലത്ത് ഇതുവരെ പൈലിങ് പോലും ആരംഭിച്ചിട്ടില്ല. പേരൂർക്കടയിൽ പേൾ എന്ന് ഫ്‌ലാറ്റും വഴയിലയിൽ സാങ്ച്വറി എന്ന് ഫ്‌ലാറ്റ് സമുച്ചയവും മരുതൂരിൽ ഷാരോൺ വില്ലാസ് ആൻഡ് ഫ്‌ലാറ്റ് എന്ന് സമുച്ചയവും നിർമ്മിക്കുമെന്ന് കാണിച്ചും പണംതട്ടിയതായി പരാതിയിൽ പറയുന്നു. ഇവിടങ്ങളിലൊന്നും ഫ്‌ലാറ്റ് നിർമ്മാണം തുടങ്ങിയിട്ടേയില്ല. പരുത്തിപ്പാറയിൽ മെറിലാന്റ് എന്ന ഫ്‌ലാറ്റ് നിന്നിരുന്ന സ്ഥലം സാംസൺ ആൻഡ് ബിൾഡേഴ്‌സ് വാങ്ങി. ഇവിടെ താമസിച്ചിരുന്ന ഏഴ് ഫ്‌ലാറ്റ് ഉടമകൾക്ക് പകരം ഫ്‌ലാറ്റ് നിർമ്മിച്ചുനൽകാമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഇതുവരെ നടപ്പായില്ല. ഇങ്ങനെ നിരവധി പരാതികളാണ് സാംസൺ ആൻഡ് ബിൾഡേഴ്‌സിനെതിരെ പൊലീസിന് ലഭിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP