Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വടിവാളുകളുമായെത്തിയ ഗുണ്ടാസംഘം റോഡിൽ മറിഞ്ഞുവീണ സനലിനെ വളഞ്ഞു; വാളുകൾ പലതവണ ഉയർന്നുതാണു; ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരുടേയും വിദ്യാർത്ഥിനികളുടെയും കൺമുന്നിലിട്ട് അക്രമികൾ യുവാവിനെ വെട്ടിനുറുക്കി; നടപ്പിലാക്കിയത് ഒടുങ്ങാത്ത കുടിപ്പക; പുത്തൻകാവിൽ ചോര ചീന്തിയത് ഇങ്ങനെ

വടിവാളുകളുമായെത്തിയ ഗുണ്ടാസംഘം റോഡിൽ മറിഞ്ഞുവീണ സനലിനെ വളഞ്ഞു; വാളുകൾ പലതവണ ഉയർന്നുതാണു; ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരുടേയും വിദ്യാർത്ഥിനികളുടെയും കൺമുന്നിലിട്ട് അക്രമികൾ യുവാവിനെ വെട്ടിനുറുക്കി; നടപ്പിലാക്കിയത് ഒടുങ്ങാത്ത  കുടിപ്പക; പുത്തൻകാവിൽ ചോര ചീന്തിയത് ഇങ്ങനെ

കൊച്ചി: പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിനു മുന്നിലെ റോഡിൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരും സമീപത്തായുള്ള കാലടി സർവകലാശാലയിലെ ഹോസ്റ്റൽ വിദ്യാർത്ഥിനികളും റോഡിലൂടെ കടന്നുപോവുന്നു. ക്ഷണ നേരം കൊണ്ട് അവിടെ അരങ്ങേറിയത് ആരെയും ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു. റോഡിലൂടെ കടന്നുവന്ന ഒരു സ്‌കൂട്ടറിനെ പിന്നാലെയെത്തിയ മഹീന്ദ്ര ലോഗൻ കാർ ഇടിച്ചുതെറിപ്പിച്ചു. എല്ലാവരും ഒരു നിമിഷം സ്തബ്ദരായി. കൂടിനിന്ന ആളുകളിൽ നിന്നും തൊണ്ടയിൽ നിന്ന് നിലവിളികൾ ഉയരും മുമ്പേ സഡൻബ്രേക്കിട്ട് നിറുത്തിയ കാറിൽ നിന്ന് മൂന്നംഗസംഘം ചാടിപ്പുറത്തിറങ്ങി. വടിവാളുകളുമായെത്തിയ ഗുണ്ടാസംഘം റോഡിൽ മറിഞ്ഞുവീണ സനലിനെ വളഞ്ഞു. വാളുകൾ പലതവണ ഉയർന്നുതാണു. നിലവിളിക്കാൻപോലുമാകുന്നതിനുമുമ്പ് ,ക്ഷേത്രദർശനത്തിനെത്തിയ ഭക്തരുടേയും സർവകലാശാല വിദ്യാർത്ഥിനികളുടെയും കൺമുന്നിലിട്ട് നിമിഷനേരം കൊണ്ട് അക്രമികൾ യുവാവിനെ വെട്ടിനുറുക്കി. സംഭവം കണ്ടവർ എന്തുചെയ്യണമെന്നറിയാതെ അന്തിച്ചുനിൽക്കെ അക്രമികൾ വന്ന കാറിൽതന്നെ കയറി രക്ഷപ്പെട്ടു.

നെഞ്ചിനും പുറത്തും കൈകാലുകൾക്കും വെട്ടേറ്റ് റോഡിൽ രക്തം വാർന്നുകിടന്ന യുവാവിനെ നാട്ടുകാർ ഉടനെ അങ്കമാലി സി.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവിന്റെ രക്തവും ശരീരാവശിഷ്ടങ്ങളും ഏറെനേരം റോഡിൽ ചിതറിക്കിടന്നു. മാണിക്യമംഗലം കൈപ്പട്ടൂർ സ്വദേശി ഇഞ്ചക്കവീട്ടിൽ ദേവസിക്കുട്ടിയുടെ മകൻ സനൽ (33) ആയിരുന്നു ക്വട്ടേഷൻ സംഘത്തിന്റെ കൊലക്കത്തിക്കിരയായത്. കാലടി സംസ്‌കൃത സർവ്വകലാശാല വനിതാ ഹോസ്റ്റലിന് സമീപമുള്ള പുത്തൻകാവ് റോഡിൽവച്ചാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം അരങ്ങേറിയത്

സംഭവത്തിനു പിന്നിൽ ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പകയാണെന്നാണ് പൊലീസിന്റെ സംശയം. രാവിലെ 9.40ഓടെയാണ് സനൽ മരിച്ചത്. മലയാറ്റൂർ കാരി രതീഷ്, ആച്ചി എൽദോ എന്നിവർ ഉൾപ്പെട്ട മൂന്നംഗസംഘമാണ് വെട്ടിപ്പരിക്കേൽപ്പിച്ചതെന്ന് മരിക്കുന്നതിന് മുമ്പ് തന്നെ ചികിത്സിച്ച ഡോക്ടറോട് സനൽ പറഞ്ഞിരുന്നു. കാരി രതീഷ്, ആച്ചി എൽദോ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെന്ന് കരുതുന്ന കാരി രതീഷിനെതിരെ 24 ഉം ആച്ചി എൽദോയ്‌ക്കെതിരെ പത്തും കേസുകൾ വിവിധ സ്റ്റേഷനുകളിൽ നിലവിലുണ്ട്. ആലുവ റൂറൽ എസ്‌പി പി.എൻ ഉണ്ണിരാജൻ തിങ്കളാഴ്ച സംഭവസ്ഥലവും സനലിന്റെ കുടുംബത്തേയും സന്ദർശിച്ചിരുന്നു. കേസിന്റെ അന്വേഷണപുരോഗതിയും അദ്ദേഹം വിലയിരുത്തിയിരുന്നു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. കാലടി സി.ഐ സജി മാർക്കോസ്, എസ്.ഐ നോബിൾ മാനുവൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ അന്വേഷണച്ചുമതല.

കൊല്ലപ്പെട്ട സനൽ പ്രതികളെന്ന് സംശയിക്കപ്പെടുന്ന കാരി രതീഷ്, ആച്ചി എൽദോ എന്നിവരുമായി നേരത്തെ സൗഹൃദത്തിലായിരുന്നു. ഇവർ ഒന്നിച്ച് നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്നുവെന്നതിന് അന്വേഷണസംഘത്തിന് തെളിവു ലഭിച്ചിട്ടുണ്ട്. കാലടി സ്‌റ്റേഷനിൽ മാത്രം സനലിന്റെ പേരിൽ മൂന്ന് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇടക്കാലത്ത് ഇവർ തമ്മിൽ ഏതോ വിഷയത്തിൽ പരസ്പരം അകലുകയും ചെയ്തു. 2014ൽ സനൽ സുഹൃത്തായിരുന്ന കാരി രതീഷിന്റെ വീട്ടിൽ കയറി അക്രമം നടത്. തിയിരുന്നുവെന്നും ഇതേത്തുടർന്ന് ഉടലെടുത്ത പക മൂലമാവാം പ്രതികൾ സനലിനെ കൊലപ്പെടുത്തിയതെന്നും കാലടി സി.ഐ സജി മാർക്കോസ് സംശയം പ്രകടിപ്പിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നംഗ ഗുണ്ടാസംഘം എത്തിയ മഹീന്ദ്ര ലോഗൻ കാർ കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് പിറകുവശത്തുനിന്നാണ് വാഹനം കണ്ടെടുത്തത്. കൊലയ്ക്ക് ശേഷം സഹായിയായ അജി എന്നയാളാണ് കാർ പ്രസിഡന്റിന്റെ വീടിനു പിന്നിൽ കൊണ്ടുവന്നിട്ടത്. ഗുണ്ടകൾക്ക് കാർ തരപ്പെടുത്തിക്കൊടുത്ത കോടനാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചനകൾ. അങ്കമാലിയിൽ നിന്ന് കല്യാണ ആവശ്യത്തിനാണെന്ന് പറഞ്ഞ് വാടകയ്‌ക്കെടുത്തിരുന്നത്.

കൊലനടന്ന സമയത്തു തന്നെ സംഭവസ്ഥലത്തുനിന്ന് അരക്കിലോമീറ്റർ മാറി സർവകലാശാല ഗസ്റ്റ്ഹൗസിൽ കേന്ദ്ര സഹമന്ത്രി ഡോ. മഹീന്ദ്രനാഥ് പാണ്ഡെയും സംഘവുമുണ്ടായിരുന്നു. കേന്ദ്രമന്ത്രിയുടെ താമസസ്ഥലത്തോട് ചേർന്ന് നടന്ന കൊലപാതകം പൊലീസിന്റെ ഭാഗത്തുണ്ടായ വൻസുരക്ഷാവീഴ്ചയെയാണ് ചൂണ്ടിക്കാട്ടുന്നത്.

കാലടി, മലയാറ്റൂർ-നീലീശ്വരം, മഞ്ഞപ്ര, അയ്യമ്പുഴ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ഗുണ്ടാ സംഘങ്ങളുടെ തേർവാഴ്ച തടയാനാവാതെ നിഷ്‌ക്രിയമായിരിക്കുകയാണ് പൊലീസ്. ഗുണ്ടാ നിയമപ്രകാരം ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള നാൽപ്പതിലധികം ഗുണ്ടകൾ മേഖലയിലുണ്ടെങ്കിലും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസിന് കഴിയുന്നില്ല. സനലിന്റെ കൊലപാതകത്തെത്തുടർന്ന് പ്രദേശമാകെ ഭീതിയിലാണ്. കഴിഞ്ഞ ആഴ്ച മലയാറ്റൂർ കാടപ്പാറയിലെ വിവാഹവീട്ടിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടുകയും ഒരാൾക്ക് വെട്ടേൽക്കുകയും ചെയ്തിരുന്നു. ഇയാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്. ഈ കേസിൾ ഉൾപ്പെട്ട ഒരു പ്രതിയെ പൊലീസ് പിടികൂടി വിലങ്ങുവച്ചു കൊണ്ടുവരുമ്പോൾ അയാൾ പെരിയാറിൽ ചാടി രക്ഷപ്പെട്ടിരുന്നു. ഇത്തരം സംഘങ്ങളെ സംരക്ഷിക്കാൻ വിവിധ രാഷ്ട്രീയ സംഘടനകളുടെ ചില പ്രാദേശിക നേതാക്കൾ രംഗത്തുണ്ടെന്നതും ക്രിമിനൽ നടപടികളെടുക്കാൻ പൊലീസിന് തടസമാകുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP