Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആഡംബരവില്ല നിർമ്മിച്ചു നൽകാമെന്ന് പറഞ്ഞ് ശാന്തിമഠം ബിൽഡേഴ്‌സ് തട്ടിച്ചെടുത്തത് കോടികൾ; ഉടമ ശാന്തിമഠം രാധാകൃഷ്ണനെതിരെ നിലവിലുള്ളത് 140 ഓളം കേസുകൾ; തട്ടിപ്പിന്റെ ഉള്ളറകൾ തേടി മറുനാടൻ മലയാളിയുടെ അന്വേഷണ പരമ്പര ആരംഭിക്കുന്നു

ആഡംബരവില്ല നിർമ്മിച്ചു നൽകാമെന്ന് പറഞ്ഞ് ശാന്തിമഠം ബിൽഡേഴ്‌സ് തട്ടിച്ചെടുത്തത് കോടികൾ; ഉടമ ശാന്തിമഠം രാധാകൃഷ്ണനെതിരെ നിലവിലുള്ളത് 140 ഓളം കേസുകൾ; തട്ടിപ്പിന്റെ ഉള്ളറകൾ തേടി മറുനാടൻ മലയാളിയുടെ അന്വേഷണ പരമ്പര ആരംഭിക്കുന്നു

തൃശ്ശൂർ: തട്ടിപ്പുകൾ എത്രകണ്ടാലും പഠിക്കാത്തവരാണ് മലയാളികൾ എന്നാണ് പൊതുവേ പറയാറ്. ഒരു തട്ടിപ്പുകഥയുടെ ചൂടാറി വരുമ്പോഴേക്കും മറ്റൊന്ന് പതിയെ തലപൊക്കും. കാലങ്ങളായുള്ള ശീലം ഇന്നും ആവർത്തിച്ചു വരുന്നു. കയറിക്കിടക്കാൻ ഒരു വീടെന്ന മലയാളികളുടെ സ്വപ്നത്തെ മറയാക്കി തട്ടിപ്പു നടത്തുന്ന നിരവധി ബിൽഡർമാർ കേരളത്തിൽ മുളച്ചുപൊങ്ങിയിട്ടുണ്ട്. എന്നിട്ടും എത്രകൊണ്ടാലും മലയാളികൾ പാഠം പഠിക്കുന്നില്ല. ഗുരുവായൂരപ്പന്റെ നാട്ടിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ആഡംബര വില്ല എന്ന മോഹന വാഗ്ദാനം നൽകി വിദേശ മലയാളികൾ അടക്കം നിരവധി പേരുടെ പക്കൽ നിന്നും കോടികൾ തട്ടിച്ചതിന് നടപടി നേരിടുന്ന ബിൽഡേഴാണ് ശാന്തിമഠം ബിൽഡേഴ്‌സ്.

പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും പരസ്യങ്ങൾ നൽകിയും അതുവഴി ധനസമാഹരണം നടത്തിയ ശാന്തിമഠം വൻകിട ബിൽഡറായത് ചുരുങ്ങിയ സമയം കൊണ്ടായിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ കേരളത്തിൽ കുതിച്ചുചാട്ടമുണ്ടായ വേളയിലായിരുന്നു ശാന്തിമഠത്തിന്റെ വളർച്ചയും. അതുകൊണ്ട് തന്നെ അതിവേഗം കേരളത്തിലെ മുതിർന്ന ബിൽഡർമാരുടെ സ്ഥാനത്തെത്തി. ഇതിനെതിരെ ചിലരൊക്കെ പരാതിയുമായി വന്നപ്പോൾ അധികാരവും പണവും കൊണ്ട് കേസുകൾ ഒതുക്കി. ഒടുവിൽ കൈരളി ചാനലിന്റെ റിയാലിറ്റി ഷോയിൽ അന്ധഗായകർക്ക് സമ്മാനമായി പ്രഖ്യാപിച്ച വില്ല കിട്ടാതെ വന്നതോടെയാണ് വിഷയം മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ ഓൺലൈൻ മാദ്ധ്യമങ്ങൾ തട്ടിപ്പുകളെ കുറിച്ച് റിപ്പോർട്ട് ചെയ്തപ്പോഴും മുഖ്യധാരാ മാദ്ധ്യമങ്ങൾ പണത്തിന്റെ മറവിൽ മിണ്ടാതിരുന്നു. ഒടുവിൽ മുഖ്യധാരാ മാദ്ധ്യമങ്ങൾക്കും ശാന്തിമഠത്തിന്റെ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യേണ്ടി വന്നു.

പണം വാങ്ങുമ്പോൾ തേനും പാലും ഒലുപ്പിച്ച് രംഗത്തെത്തിയ ശാന്തിമഠം വാഗ്ദാനങ്ങളൊന്നും പാലിക്കാൻ തയ്യാറായിട്ടില്ലെന്നാണ് ഉയരുന്ന ആക്ഷേപം. പണം മുടക്കിയിട്ടും നിശ്ചിത സമയത്ത് വില്ലകിട്ടാതെ വന്നവർ പരാതിയുമായി പൊലീസ് സ്‌റ്റേഷനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. വില്ല ലഭിച്ചവർക്കാകട്ടെ അവിടെ താമസിക്കാനുള്ള സൗകര്യം ഇനിയും ലഭിച്ചിട്ടില്ല. കേരളത്തിലെ തന്നെ പ്രമുഖ ബിൽഡർമാരായിരുന്ന ശാന്തിമഠം ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സിന് എവിടെയാണ് കാര്യങ്ങൾ പിഴച്ചത്? ശാന്തിമഠം രാധാകൃഷ്ണൻ എങ്ങനെയാണ് പ്രമുഖ ബിൽഡറായി വളർന്നത്? ഇതേക്കുറിച്ച് മറുനാടൻ മലയാളിയുടെ വിശദമായ അന്വേഷണ പരമ്പര ആരംഭിക്കുകയാണ്...

തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലുമായി എല്ലാവിധ അത്യാധുനിക സൗകര്യത്തോടും കൂടി ആഡംബര വില്ലകൾ നിർമ്മിച്ചു നൽകാമെന്ന് പറഞ്ഞ് നൂറുകണക്കിനാളുകളിൽ നിന്ന് കോടികൾ തട്ടിയെന്ന പരാതിയാണ് ശാന്തിമഠം ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സിനും അതിന്റെ ഉടമയായ രാധാകൃഷ്ണനുമെതിരെ നിലനിൽക്കുന്നത്. ഗുരുവായൂർ കുന്നംകുളം പൊലീസ് സ്റ്റേഷനുകൾക്ക് കീഴിൽ മാത്രമായി ഏകദേശം 140 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.

ഗുരുവായൂർ ക്ഷേത്രത്തിന് രണ്ട് കിലോമീറ്റർ മാറി കുന്നംകുളം റൂട്ടിലുള്ള കോട്ടപ്പടിയിലും, 7 കിലോമീറ്റർ അകലെ ഇരിങ്ങപ്പുറം പഞ്ചായത്തിൽ ഉൾപ്പെട്ട ഇരിങ്ങപ്പുറം പഞ്ചായത്തിലുൾപ്പെട്ട മുനിമടയിലും മാത്രമാണ് പ്രധാനമായും വില്ലകൾ നിർമ്മിക്കാനുദ്ദേശിച്ചിരുന്നത്. 180 വീടുകൾ കോട്ടപ്പടിയിലും ബാക്കിയുള്ളവ മുനിമടയിലുമായി നിർമ്മിക്കാനായിരുന്നു പദ്ധതിയുണ്ടായിരുന്നത്. എന്നാൽ പരസ്യത്തിൽ ഫുൾഫർണിഷ്ഡ് വില്ലകൾ എന്ന് കേട്ട് വീട് വാങ്ങിയവരെല്ലാം പിന്നീട് പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

മൂന്ന് ബെഡ്‌റൂം വീടുകൾ വാങ്ങിയ മിക്കവർക്കും വർഷങ്ങളായിട്ടും അവിടെ കയറി താമസിക്കാനായിട്ടില്ല. വൈദ്യുതിക്കും വെള്ളത്തിനും വേണ്ട സജ്ജീകരണങ്ങൾ ഒന്നും തന്നെ ഒരുക്കാതെയാണ് വീടുകൾ ഉടമകൾക്ക് കൈമാറിയിരിക്കുന്നതെന്നാണ് വസ്തുത. ഇതിന് പുറമെ വാടകയിനത്തിൽ വലിയൊരു തുക നിക്ഷേപകർക്ക് നൽകും എന്ന വാഗ്ദാനവും ശാന്തിമഠം പാലിച്ചിട്ടില്ല. കോട്ടപ്പടിയിലെ സ്ഥിതി ഇതാണെന്നിരിക്കെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശമായ മുനിമടയിൽ നിർമ്മാണ പ്രവർത്തനങ്ങൾ 30 ശതമാനത്തോളം പൂർത്തിയാക്കാനെ ശാന്തിമഠത്തിനായിട്ടുള്ളൂ.

പാരിസ്ഥിതിക പ്രശ്‌നങ്ങളും നിർമ്മാണപ്രവർത്തനങ്ങൾക്കുമേലുള്ള പുരാവസ്തുവകുപ്പിന്റെ വിലക്കും നിലനിൽക്കുന്നതിനാൽ മിക്ക വീടുകൾക്കും ഇരിങ്ങപ്പുറം പഞ്ചായത്ത് അനുമതി നൽകിയിട്ടില്ല. 35 കോടി രൂപ നഷ്ടപ്പെട്ടുവെന്ന പരാതികളാണ് ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. കൈലാസ് എന്നയാളിൽ നിന്ന്മുനിമടയിൽ വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയെന്ന പരാതിയിന്മേൽ ശാന്തിമഠം രാധാകൃഷ്ണനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുരുവായൂരിലെയും കുന്നംകുളത്തെയും കേസുകളെത്തുടർന്ന് രാധാകൃഷ്ണന്റെ മകൻ രാകേഷ് മനു (26) മരുമകൻ രാജേഷ് എന്നിവരും പിടിയിലായി. ജാമ്യത്തിലിറങ്ങിയ രാധാകൃഷ്ണൻ ഒളിവിൽപോയതോടെ കേസുകളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.

കോട്ടപ്പടിയിലെ മിക്ക വീടുകളും ഇപ്പോഴും ഉപയോഗശൂന്യമായി പൂട്ടിക്കിടക്കുകയാണ്. കേരളാ പഞ്ചായത്തിരാജ് കെട്ടിട നിർമ്മാണ ചട്ടം അനുശാസിക്കുന്ന പാലിച്ചിട്ടില്ലെന്ന ആക്ഷേപം നിലനിൽക്കുന്നതിനാൽ ഗുരുവായൂർ നഗരസഭയുടെ രേഖകളിൽ ഇവയെല്ലാം അനധികൃത നിർമ്മാണങ്ങളാണ്. 'ഗുരുവായൂരപ്പന്റെ മണ്ണിൽ ഒരു വീട്' സ്വപ്നം കണ്ട് പണം നിക്ഷേപിച്ച വിദേശമലയാളികൾ ഉൾപ്പെടെയുള്ളവരാണ് ശാന്തിമഠത്തിന്റെ തട്ടിപ്പിനിരയായിരിക്കുന്നത്.
(തുടരും)

  • പറവൂരിൽ ചായക്കട നടത്തിയ രാധാകൃഷ്ണൻ ശാന്തിമഠം രാധാകൃഷ്ണനായത് എങ്ങനെ? ഈ കഥ നാളെ വായിക്കാം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP