Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതകൾ മുതലെടുത്ത് ശാന്തിമഠം കബളിപ്പിച്ചത് വിദേശ മലയാളികളെ; ഗുരുവായൂരപ്പന്റെ നാട്ടിൽ വില്ലയെന്ന മോഹന വാഗ്ദാനത്തിൽ മയങ്ങിയവർ വെട്ടിലായി; തട്ടിപ്പിന് മറയാക്കിയത് മമ്മിയൂരിൽ പണിത 17 വീടുകളുടെ 'ഗുഡ്‌വിൽ'

തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതകൾ മുതലെടുത്ത് ശാന്തിമഠം കബളിപ്പിച്ചത് വിദേശ മലയാളികളെ; ഗുരുവായൂരപ്പന്റെ നാട്ടിൽ വില്ലയെന്ന മോഹന വാഗ്ദാനത്തിൽ മയങ്ങിയവർ വെട്ടിലായി; തട്ടിപ്പിന് മറയാക്കിയത് മമ്മിയൂരിൽ പണിത 17 വീടുകളുടെ 'ഗുഡ്‌വിൽ'

തൃശ്ശൂർ: ശാന്തിമഠം എന്ന പേരിലൂടെ തന്നെ ഒരു ഭക്തിതട്ടിപ്പു പ്രസ്ഥാനമായിരുന്നും രാധാകൃഷ്ണൻ വിഭാവനം ചെയ്തത്. നഗരകേന്ദ്രീകൃതങ്ങളായിരുന്നു മറ്റ് റിയൽ എസ്റ്റേറ്റ് കമ്പനികളുടെ പ്രൊജക്ടുകൾ എങ്കിൽ രാധാകൃഷ്ണന് തിരഞ്ഞെടുത്തത് പുണ്യസ്ഥലങ്ങളായിരുന്നു. തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതകൾ കൃത്യമായി വിപണിയിലേക്കെത്തിച്ച് കോടികൾ മുതൽമുടക്കുള്ള വില്ല പദ്ധതികളാണ് രാധാകൃഷ്ണൻ തയ്യാറാക്കിത്.

ഗുരുവായൂരപ്പന്റെ വിപണിസാധ്യത പരമാവധി ഉപയോഗിച്ച ശാന്തിമഠം ബിൽഡേഴ്‌സ് ഇന്ന് റിയൽ എസ്റ്റേറ്റ് തട്ടിപ്പിന്റെ മറ്റൊരു പേരായാണ് സമൂഹത്തിൽ നിറഞ്ഞുനില്ക്കുന്നത്.. ഗുരുവായൂർ ക്ഷേത്രനടയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള കോട്ടപ്പടിയിലും, 7 കിലോമീറ്റർ അകലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മുനിമടയിലുമായി ഏകദേശം 400 ഓളം ആഡംബരവീടുകൾ. ശാന്തിമഠം രാധാകൃഷ്ണനെന്ന സമർത്ഥനായ വ്യവസായിയുടെ വാക്ചാതുരിയിലും പരസ്യങ്ങളിലും മയങ്ങി കോടികളാണ് വിദേശമലയാളികൾ അടക്കമുള്ളവർ ഗുരുവായൂരിൽ മുടക്കിയത്.

സിനിമാതാരം കവിയൂർ പൊന്നമ്മ ഉൾപ്പെടെയുള്ളവരെ അണിനിരത്തിയുള്ള പരസ്യത്തിൽ വീണുപോയവർ ഭൂരിഭാഗവും വിദേശമലയാളികളാണ്. പലരും കണ്ണനെ കുളിച്ചുതൊഴാൻ ഗുരുവായൂരിൽ എത്തുമ്പോൾ തങ്ങാൻ ഒരിടം എന്ന നിലയ്ക്കാണ് ശാന്തിമഠത്തിന്റെ വീടുകൾക്കായി പണം മുടക്കാൻ തയ്യാറായത്. എന്നാൽ അവിടെയാണ് രാധാകൃഷ്ണൻ എന്ന സൂത്രശാലിയായ ബിസിനസ്സുകാരന്റെ ബുദ്ധി കൃത്യമായി പ്രവർത്തിച്ചത്. 2008ഓടെ പണി പൂർത്തിയാക്കിയ മമ്മിയൂരിലെ 17 വീടുകളുടെ ''ഗുഡ്‌വിൽ'' ഉപയോഗിച്ചാണ് ഇത്രയും മനോഹരമായി തട്ടിപ്പ് രാധാകൃഷ്ണൻ നടത്തിയതെന്നാണ് ശാന്തിമഠം വില്ല ഓണേഴ്‌സ് അസോസിയേഷൻ മുൻഭാരവാഹിയും ശാന്തിമഠം കേസുകൾ കൈകാര്യം ചെയ്യുന്നയാളുമായ ജയപ്രകാശിന്റെ അഭിപ്രായം.

2008ലാണ് കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപകജോലിയിൽ നിന്ന് വിരമിച്ചശേഷം ഒറ്റക്ക് താമസിക്കാനുറച്ച് കണ്ണൂർ സ്വദേശിയായ ജയപ്രകാശ് ഗുരുവായൂരിൽ വീട് അന്വേഷിച്ചെത്തുന്നത്. പാലക്കാട് കഞ്ചിക്കോട്ടെ കേന്ദ്രീയ വിദ്യാലയത്തിലാണ് ജയപ്രകാശ് അവസാനമായി ജോലി ചെയ്തത്. ഈ ബന്ധം തൊട്ടടുത്ത ജില്ലയായ തൃശൂരിലേക്ക് വ്യാപിക്കുകയായിരുന്നു. പ്രശസ്തമായ അതിരാത്രം നടത്താറുള്ള പാഞ്ഞാളിലെ പൈങ്കുളത്തിനടുത്തുള്ള താമസം സാങ്കേതികമായി ഉപേക്ഷിച്ചതോടെയാണ് ജയപ്രകാശ് മറ്റൊരു താമസസ്ഥലം അന്വേഷിച്ച് ഗുരുവായൂരിൽ എത്തുന്നത് ടി.വി ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും ഇതിനകം വ്യാപകമായിരുന്ന പരസ്യം തന്നെയായിരുന്നു ഇദ്ദേഹത്തെയും ശാന്തിമഠത്തിലേക്കാകർഷിച്ചത്.

കോട്ടപ്പടിയിലെത്തി വീടുകളുടെ നിർമ്മാണം കൂടി നേരിട്ടുകണ്ടപ്പോൾ ജയപ്രകാശും മറ്റൊന്നും ആലോചിച്ചില്ല. ഫുൾഫർണിഷ്ഡ് വില്ലകളും അപ്പാർട്ട്‌മെന്റുകളും നൽകുമെന്നായിരുന്നു വാഗ്ദാനം. 8 ലക്ഷം രൂപ വിലയിട്ടിരുന്ന ഒരു അപ്പാർട്ട്‌മെന്റാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇതിനുമുൻപ് തന്നെ മമ്മിയൂരിലെ ശാന്തിമഠത്തിന്റെ പ്രൊജക്ടും അദ്ദേഹം കണ്ടിരുന്നു. എന്നാൽ പണം നൽകി കരാറെഴുതി താമസിക്കാൻ വന്നപ്പോഴാണ് വഞ്ചിതനായെന്ന് ജയപ്രകാശ് മനസ്സിലാക്കുന്നത്. ഫുൾഫർണിഷ്ഡ് എന്ന് അവകാശപ്പെട്ട കോട്ടപ്പടിയിലെ അപ്പാർട്ട്‌മെന്റിൽ വൈദ്യൂതിയോ, വെള്ളമോ ഉണ്ടായിരുന്നില്ല. പഞ്ചായത്തുമായി ബന്ധപ്പെട്ട ചെറിയ ചില തകരാറുകളാണ് പ്രശ്‌നത്തിന് പിന്നിലെന്ന് നിക്ഷേപകരെ വിശ്വസിപ്പിക്കാനാണ് ശാന്തിമഠം രാധാകൃഷ്ണൻ ശ്രമിച്ചത്.

ആഴ്ചകളോ മാസങ്ങളോ മാത്രംമതി പ്രശ്‌നപരിഹാരത്തിനെന്നായിരുന്നു ശാന്തിമഠത്തിന്റെ അവകാശവാദം. ഇതോടെയാണ് താനുൾപ്പെടെയുള്ളവർ ചതിക്കപ്പെടുകയാണെന്ന് ജയപ്രകാശിന് ഉറപ്പായി. ഇദ്ദേഹത്തെപ്പോലെ ഒന്നോ രണ്ടോ പേർ മാത്രമാണ് സ്ഥിരതാമസത്തിനായി വീടുകൾ വാങ്ങിയതെന്നതും നിയമനടപടികളുമായി മുന്നോട്ടുപോകുന്നതിന് കാലതാമസമുണ്ടാക്കി. 30-35 ലക്ഷം രൂപയ്ക്കായിരുന്നു. മൂന്നുമുറികളും അടുക്കളയും ഊൾപ്പെടെയുള്ള വില്ലകൾ പലരും വാങ്ങിയിരുന്നത്. ഉടമസ്ഥർ താമസിച്ചില്ലെങ്കിൽ വാടകയ്ക്ക് നല്കി ആ പണം നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിൽ ഇടുമെന്നായിരുന്നു രാധാകൃഷ്ണന്റെ മറ്റൊരു വാഗ്ദാനം.

ഈ വാക്ക് വിശ്വസിച്ച പലരും താൽക്കാലികമായി വീടിന്റെ പവർ ഓഫ് അറ്റോണി ശാന്തിമഠത്തിന്റെ പേരിൽ നൽകിയിരുന്നു. അല്ലാത്തവരുടെ കയ്യിൽ നിന്നും വീടുകളുടെ താക്കോൾ ഈ പേരിൽ വാങ്ങിച്ചെടുക്കാനും ശാന്തിമഠത്തിന് കഴിഞ്ഞു. വില്ലകളുടെ ഉടമസ്ഥരിൽ സ്വന്തമാക്കിയ വില്ല കണ്ടിട്ടുപോലും ഇല്ലാത്തവർ ഉണ്ടെന്നതാണ് വസ്തുത. വാടക കിട്ടാതെ വന്നതോടെ മിക്കവരും പരസ്പരം ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി അറിയുന്നത്. മിക്ക വീടുകളും കേരള പഞ്ചായത്ത്‌രാജ് ആക്ട് അനുശാസിക്കുന്ന കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിച്ചില്ലെന്ന് കാണിച്ച് പൂക്കോട് പഞ്ചായത്ത് ഉടമകൾക്ക് നോട്ടീസ് അയച്ചുതുടങ്ങിയതോടെയാണ് ശാന്തിമഠം തങ്ങൾക്ക് അശാന്തിമഠമാണെന്ന് അവർക്ക് ബോധ്യമായത്. ഒരുമാസം 2500 രൂപ വീതം വാടകയിനത്തിൽ ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ശാന്തിമഠം രാധാകൃഷ്ണൻ നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്.

ആദ്യ ഒന്ന് രണ്ട് മാസങ്ങളിൽ ഉറപ്പ് പാലിച്ച് വിശ്വാസ്യത നേടി അവർ മുഖാന്തിരം വീണ്ടും ബിസിനസ്സ് പിടിക്കുകയെന്ന കച്ചവടതന്ത്രമാണ് രാധാകൃഷ്ണനും ശാന്തിമഠവും ഇവിടെ പയറ്റിയതെന്ന് വില്ലാ ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹി ജയപ്രകാശ് ആരോപിക്കുന്നു. വില്ലാ ഓണേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയപ്രകാശ് എത്തിയതോടെയാണ് നിയമനടപടിക്കുള്ള വേഗവും വർദ്ധിച്ചത്. നിക്ഷേപകരെ വിളിച്ചുകൂട്ടി പൊലീസ് സ്റ്റേഷനിലും കോടതിയിലും പരാതിയുമായെത്തി. ശാന്തിമഠത്തിനെതിരെയുള്ള പരാതികൾ വന്നുതുടങ്ങിയതോടെ പിന്നെ കേസുകളുടെ പെരുമഴയായി.

കുന്നംകുളം, ഗുരുവായൂർ പൊലീസ് സ്റ്റേഷനുകളിലായി 140 ഓളം കേസുകളാണ് രാധാകൃഷ്ണനും, മകൻ രാകേഷ് മനു, രാധാകൃഷ്ണന്റെ ഭാര്യ രമണി, പെൺമക്കളായ മഞ്ജുഷ, രഞ്ജുഷ എന്നിവർക്കെതിരായി ചാർജ്ജ് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ കേസിൽ വാറണ്ട് ആയതോടെയാണ് ശാന്തിമഠത്തിന്റെ വൈസ് ചെയർമാൻ കൂടിയായ രാകേഷ്മനു പാലക്കാട് വച്ച് പൊലീസ് കസ്റ്റഡിയിലായത്. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാൽ രാകേഷ് ചാവക്കാട് സബ്ബ്ജയിലിൽ കഴിയുകയാണ്. 50ഓളം കേസുകളിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യമെടുത്തെങ്കിലും ജാമ്യവ്യവസ്ഥകൾ പാലിക്കാനാകാത്തതിനാൽ ശാന്തിമഠം ചെയർമാൻ കൂടിയായ രാധാകൃഷ്ണൻ ഇപ്പോഴും ഒളിവിലാണ് ശാന്തിമഠം ഓഫീസിന്റെ പ്രവർത്തനവും അവസാനിപ്പിച്ചിരിക്കുകയാണ്.

(തുടരും)..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP