Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നൈസലും ശരന്യയും ചേർന്ന് ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ പോയി ചെന്നിത്തലയെ കണ്ടു; ജോലിവാഗ്ദാന തട്ടിപ്പു കേസിലെ പ്രതി ശരണ്യ അഭിഭാഷകന്റെ വെളിപ്പെടുത്തൽ പീപ്പിൾ ചാനൽ പുറത്തുവിട്ടു: ചെന്നിത്തലയ്ക്ക് കുരുക്കായി രണ്ടാം സോളാർ

നൈസലും ശരന്യയും ചേർന്ന് ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ പോയി ചെന്നിത്തലയെ കണ്ടു; ജോലിവാഗ്ദാന തട്ടിപ്പു കേസിലെ പ്രതി ശരണ്യ അഭിഭാഷകന്റെ വെളിപ്പെടുത്തൽ പീപ്പിൾ ചാനൽ പുറത്തുവിട്ടു: ചെന്നിത്തലയ്ക്ക് കുരുക്കായി രണ്ടാം സോളാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ ജോലി വാഗദാനം ചെയ്ത് ലക്ഷങ്ങലുടെ തട്ടിപ്പു നടത്തിയ കേസിലെ പ്രതി തൃക്കുന്നത്തുപുഴ സ്വദേശിനി ശരന്യയുടെ അഭിഭാഷകൻ മന്ത്രി രമേശ് ചെന്നിത്തലയെ വെട്ടിലാക്കുന്ന ആരോപണങ്ങളുമായി രംഗത്തെത്തി. കേസിൽ ആരോപണ വിധേയനായ യൂത്ത് കോൺഗ്രസ് നേതാവ് നൈസലിനൊപ്പം ശരന്യ ആഭ്യന്തരമന്ത്രിയുടെ വീട്ടിലെത്തി കൂടിക്കാഴ്‌ച്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി ശരന്യയുടെ അഭിഭാഷകൻ ജയൻ രംഗത്തെത്തി. കൈരളി പീപ്പിൾ ചാനൽ ചർച്ചക്കിടെയാണ് ജയൻ ഈ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. നേരത്തെ ഇക്കാര്യം ഹരിപ്പാട് മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിൽ ശരന്യ വ്യക്താക്കിയിരുന്നു.

ശരന്യയെ മനപ്പൂർവ്വം കേസിൽ പെടുത്തിയതാണെന്ന് ശരന്യയുടെ അഭിഭാഷകൻ ആരോപിച്ചു. +2 മാത്രം വിദ്യാഭ്യാസമുള്ള ശരന്യയ്ക്ക് ഒറ്റയ്ക്ക് തട്ടിപ്പു നടത്താൻ സാധിക്കില്ല. ശരന്യ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയത് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടാണെന്നും അവർ ഒറ്റയ്ക്കല്ലെന്നും അഡ്വ. ജയൻ പീപ്പിൾ ടിവിയുടെ ന്യൂസ് ആൻഡ് വ്യൂസ് ചർച്ചയിൽ പറഞ്ഞു. ചെന്നിത്തല അടക്കം നിരവധി കോൺഗ്രസ് നേതാവുമായി ബന്ധമുള്ള വ്യക്തിയാണ് നൈസൽ. നൈസലുമായുള്ള ബന്ധത്തിന്റെ പേരിൽ രമേശ് ചെന്നിത്തലയുടെ ഓഫീസും ഇപ്പോൾ കൂടുതൽ വിവാദത്തിൽ ആകുകയാണ്.

അതേസമയം രമേശ് ചെന്നിത്തലയുടെ ഓഫീസിൽ നിരവധി പേർ വരാറുണ്ടെന്നും അതുകൊണ്ട് അതിൽ മറുപടി പറയേണ്ട ബാധ്യത അദ്ദേഹത്തിന് ഇല്ലെന്നും കോൺഗ്രസ് നേതാവ് ആർ ചന്ദ്രശേഖരൻ പ്രതികരിച്ചു. ഇത്തരം ആരോപണങ്ങൾ വരുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

നേരത്തെ ശരണ്യയുടെ രഹസ്യമൊഴി പുറത്തുവന്നതും ചെന്നിത്തലയ്ക്ക് എതിരായിട്ടായിരുന്നു. ഹരിപ്പാട് മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യമൊഴിയാണു പുറത്തായത്. തട്ടിപ്പിൽ ആഭ്യന്തരമന്ത്രിയുടെ ഹരിപ്പാട് ക്യാംപ് ഓഫിസിന് പങ്കുണ്ടെന്നും യൂത്ത് കോൺഗ്രസ് നേതാവ് നൈസിൽ തട്ടിപ്പിന് കൂട്ടുനിന്നെന്നും ശരണ്യ മൊഴിയിൽ പറയുന്നുണ്ട്. ആഭ്യന്തരമന്ത്രിയുടെ പേര് പറയരുതെന്നു ക്രൈംബ്രാഞ്ച് എസ്‌പി ആവശ്യപ്പെട്ടുവെന്നും ശരണ്യയുടെ മൊഴിയിലുണ്ട്.

ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഉഷാനായർക്ക് മുന്നിലാണ് അടച്ചിട്ട മുറിയിൽ ഒന്നരമണിക്കൂർ നീണ്ട രഹസ്യമൊഴി നൽകിയത്. പൊലീസ് സേനയിൽ ജോലി നൽകുന്നതു സംബന്ധിച്ച വിശ്വാസ്യത വരുത്തുന്നതിനായി ഉപയോഗിച്ച പി എസ് സിയുടെ അഡൈ്വസ് മെമോ, സീൽ എന്നിവ ആഭ്യന്തര മന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിലൂടെ ലഭിച്ചതാണെന്ന രഹസ്യമൊഴിയാണ് നൽകിയിട്ടുള്ളതെന്നു നേരത്തെ തന്നെ മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു.

164ാം വകുപ്പു പ്രകാരമുള്ള കേസിലെ പ്രതി ശരണ്യയുടെ രഹസ്യമൊഴിയാണ് പുറത്തുവന്നത്. ആലപ്പുഴയിലെ ഹരിപ്പാട്ടുള്ള രമേശ് ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസിലെത്തി രമേശ് ചെന്നിത്തലയെ കണ്ടുവെന്നാണ് മജിസ്‌ട്രേറ്റ് മുമ്പാകെ ശരണ്യ മൊഴി നൽകിയത്. 14 പേജുള്ള രഹസ്യമൊഴിയാണ് നൽകിയിട്ടുള്ളത്. യൂത്ത് കോൺഗ്രസ് നേതാവ് നൈസിലും മന്ത്രിയുടെ ഓഫീസിലെ വേണുവും കൂടെയുണ്ടായിരുന്നെന്നും രഹസ്യമൊഴിയിൽ പറയുന്നുണ്ട്. മൊഴിയിൽ ശരണ്യ പറയുന്നത് ഇപ്രകാരം. ഹരിപ്പാട്ടെ ക്യാമ്പ് ഓഫീസിലേക്ക് തന്നെ കൊണ്ടു പോയത് നൈസലാണ്. ക്യാമ്പ് ഓഫീസിൽ മന്ത്രി രമേശ് ചെന്നിത്തലയെ നൈസൽ തന്നെ പരിചയപ്പെടുത്തി.

മന്ത്രിയുടെ ഓഫീസിലെ വേണുവും കൂടെയുണ്ടായിരുന്നു. നമുക്ക് വേണ്ടി ആളുകളെ പിടിക്കുന്ന ആളാണെന്നാണ് തന്നെ പരിചയപ്പെടുത്തിയത്. പിന്നീട് ഇതിന്റെ ചുവടുപിടിച്ചാണ് രണ്ടു കോടിയോളം രൂപയുടെ തട്ടിപ്പ് അരങ്ങേറുന്നത്. ഇതിന് ആവശ്യമായ കേരള പൊലീസിന്റെ സീലും പിഎസ്‌സിയുടെ സീലും മന്ത്രിയുടെ സീലും മന്ത്രിയുടെ ഓഫീസിൽ നിന്നാണ് നൈസൽ സംഘടിപ്പിച്ചത്. അന്വേഷണം ആരംഭിച്ചതിനു ശേഷം ആഭ്യന്തര മന്ത്രിയുടെ പേരു പറയരുതെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ശരണ്യയുടെ മൊഴിയിൽ പറയുന്നു. ക്രൈംബ്രാഞ്ച് എസ്‌പിയാണ് ശരണ്യയെ ഭീഷണിപ്പെടുത്തിയത്. രമേശ് ചെന്നിത്തലയുടെ പേരോ മന്ത്രിയുടെ ഓഫീസിൽ പോയ വിവരമോ പുറത്തു പറയരുതെന്നായിരുന്നു ഭീഷണി.

ഇപ്പോഴത്തെ വിവരങ്ങൾ പുറത്തുവന്നതോടെ പൊലീസ്‌സേനയിൽ ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി കഴിഞ്ഞദിവസം കോടതിയിൽ നൽകി മൊഴി മറ്റൊരു സോളാറായി മാറിയിരിക്കുകയാണ്. സോളാർ കേസുമായി ഏറെ സമാനതകളുള്ളതാണ് മൊഴി. സോളാറിൽ സരിത എസ് നായർ തട്ടിയ അഞ്ചുകോടിയുടെ ചുരുൾ അഴിഞ്ഞത് ഏറെ അന്വേഷണത്തിനുശേഷമാണ്. ശരണ്യ തട്ടിയത് അഞ്ചു കോടിയാണെന്നാണു സൂചന. സോളാറിൽ സരിത മുഖ്യമന്ത്രിയെയും ഓഫീസിനെയും കരുവാക്കിയെങ്കിൽ ശരണ്യ അഭ്യന്തര മന്ത്രിയെയാണ് കരുവാക്കിയിട്ടുള്ളത്. ഇതോടെ പൊലീസിനെ ആദ്യഘട്ടം മുതൽ സംശയിച്ചു തുടങ്ങിയ കോടതി അത് പ്രകടമാക്കുകയും ചെയ്തു. ഈ കേസിൽ വിചാരണ നേരിടുന്ന തൃക്കുന്ന പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പ്രദീപ് തട്ടിപ്പുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് നൽകിയിട്ടുള്ളത്.

പൊലീസിൽ ജോലി വാഗ്ദാനം നൽകി കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ ഇതുവരെ പരാതി നൽകിയത് അമ്പതോളം പേരാണ്. നൂറുകണക്കിന് പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കായംകുളം, ഹരിപ്പാട്, തൃക്കുന്നപ്പുഴ, അമ്പലപ്പുഴ സ്വദേശികളാണ് തട്ടിപ്പിന് ഇരയായവരിൽ കൂടുതലും. വനിതാ സിവിൽ പൊലീസ് ഓഫിസർ ചമഞ്ഞാണ് +2 വിദ്യാഭ്യാസമുള്ള ശരണ്യ തട്ടിപ്പിന് കളമൊരുക്കിയത്. ആഭ്യന്തരമന്ത്രിയുടെ ഭാര്യയുമായി അടുപ്പമുണ്ടെന്നും ഇതിലൂടെ പിൻവാതിൽ നിയമനം വാങ്ങിനൽകാമെന്നും വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. വലയിൽ കുടുങ്ങിയവരെ വിശ്വസിപ്പിക്കാനായി കണ്ണൂർ, മണിയാർ, അടൂർ പൊലീസ് ക്യാമ്പുകളിൽ കൊണ്ടുപോയിരുന്നു. ക്യാമ്പിനോടുചേർന്ന പൊലീസ് സ്‌റ്റേഷനിൽ കയറി പരിചയഭാവത്തിൽ ഇടപെട്ടതും ഉദ്യോഗാർഥികളിൽ വിശ്വാസം നേടിയെടുക്കാൻ കാരണമായി. പത്തനംതിട്ട സീതത്തോട് സ്വദേശിയായ പ്രദീപാണ് ശരണ്യയെ വിവാഹം കഴിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP