Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശാശ്വതീകാന്ദ പ്രതിയായ വധശ്രമക്കേസിലെ കൂട്ടുപ്രതിയായ വൈദികനും മുങ്ങി മരിച്ചതിൽ ദുരൂഹത; തന്റെ മരണം അടുത്തിരുന്നുവെന്ന് ഫാദർ വർക്കി പറഞ്ഞിരുന്നതായി ബന്ധുക്കൾ; പുതിയ വെളിപ്പെടുത്തലുമായി കൈരളിയും; ജലസമാധിയെ ചൊല്ലിയുള്ള ദുരൂഹതകൾക്ക് ഇരട്ടി ഊർജ്ജം

ശാശ്വതീകാന്ദ പ്രതിയായ വധശ്രമക്കേസിലെ കൂട്ടുപ്രതിയായ വൈദികനും മുങ്ങി മരിച്ചതിൽ ദുരൂഹത; തന്റെ മരണം അടുത്തിരുന്നുവെന്ന് ഫാദർ വർക്കി പറഞ്ഞിരുന്നതായി ബന്ധുക്കൾ; പുതിയ വെളിപ്പെടുത്തലുമായി കൈരളിയും; ജലസമാധിയെ ചൊല്ലിയുള്ള ദുരൂഹതകൾക്ക് ഇരട്ടി ഊർജ്ജം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : സ്വാമി ശാശ്വതീകാനന്ദ ഒന്നാം പ്രതിയായിരുന്ന വധശ്രമക്കേസിൽ കൂട്ടുപ്രതിയായ വൈദികന്റെ മുങ്ങിമരണത്തിലും ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ശാശ്വതീകാനന്ദയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് വൈദികന്റെ മരണവും വിവാദമാകുന്നത്. വർക്കല സ്വദേശി വി. രാധാകൃഷ്ണനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴാം പ്രതിയായിരുന്ന ഫാദർ കെ.വി വർക്കിയുടെ മുങ്ങി മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം.

സ്വാമി പെരിയാറ്റിൽ മുങ്ങിമരിച്ചപ്പോൾ ഫാദർ കെ വി വർക്കി രണ്ടുവർഷത്തിനുശേഷം ജൂലൈയിൽ പമ്പയാറ്റിലാണ് മുങ്ങിമരിച്ചത്. തന്റെ മരണം അടുത്തതായി ഫാദർ കെവി വർക്കി സൂചിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. 2002 ലാണ് സ്വാമി ശാശ്വതീകാനന്ദ ആലുവാപ്പുഴയിൽ മുങ്ങി മരിച്ചത്. രണ്ടു വർഷങ്ങൾക്ക് ശേഷം 2004 ജൂലൈയിലാണ് ഫാദർ കെ.വി. വർക്കിയെ പമ്പാറ്റിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ രണ്ടുപേർക്കും സംഭവിച്ചത് സ്വഭാവിക മരണമാണെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ, വധശ്രമക്കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 2007 മെയ്‌ 30ന് കണ്ടെത്തിയപ്പോഴേക്കും പ്രതികളായ സ്വാമി ശാശ്വതീകാനന്ദനയും ഫാദർ വർക്കി കറുകയിലും മുങ്ങിമരിച്ചിരുന്നു.

വർക്കല സ്വദേശി വി രാധാകൃഷ്ണനെ 1992 ഡിസംബറിലാണ് ചിലർ ചേർന്ന് തട്ടിക്കൊണ്ടുപോയത്. ശിവഗിരിയിൽ സ്വാമി ശാശ്വതീകാനന്ദയുടെ നേതൃത്വത്തിൽ നടക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് പ്രതിയോഗി എന്ന പേരിൽ ഒരു പുസ്തകം എഴുതിയതാണ് തട്ടിക്കൊണ്ടുപോകലിനും വധശ്രമത്തിനും കാരണമെന്നാണ് രാധാകൃഷ്ണന്റെ പരാതി. ഈ കേസിൽ സ്വാമി ശാശ്വതീകാനന്ദ ഒന്നാം പ്രതിയും എറണാകുളത്ത് വൈദീകനായിരുന്ന വർക്കി കറുകയിൽ എഴാം പ്രതിയുമായിരുന്നു. കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈം ബ്രാഞ്ച് എട്ടു പേർക്കെതിരെയാണ് കുറ്റപത്രം നൽകിയിരുന്നത്. സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകിയതിനെത്തുടർന്ന് കേസ് തീർപ്പായിട്ടില്ല മൂന്നു പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

കൊലപാതകം തന്നെന്ന് പ്രിയന്റെ കൂട്ടുപ്രതിയുടെ വെളിപ്പെടുത്തൽ

ശിവഗിരി മഠാധിപതിയായിരുന്ന ശാശ്വതീകാനന്ദ സ്വാമിയുടേതുകൊലപാതകം തന്നെയെന്ന് വെളിപ്പെടുത്തലുമായി കൈരളി ടിവി വീണ്ടും രംഗത്തുവന്നു. വാടകക്കൊലയാളിയാ പ്രിയൻ ആണ് ശാശ്വതികാനന്ദ സ്വാമിയെ കൊന്നത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയുമാണ് കൊലപാതകത്തിന് പിന്നിലെന്നും വെളിപ്പെടുത്തൽ. പ്രിയന്റെ കൂട്ടുപ്രതിയായിരുന്ന സജീഷ് ആണ് കൈരളിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

ശാശ്വതികാനന്ദയെ കൊല്ലാൻ പ്രവീൺ കൂട്ടുനിന്നുവെന്നും സജീഷ് വെളിപ്പെടുത്തുന്നു. സ്വാമിയുടെ കൊലപാതകം പുറത്തറിയാതിരിക്കാനാണ് പ്രവീണിനെ കൊന്നത്. ഏത് നിമിഷവും താനും കൊല്ലപ്പെട്ടേക്കാം. അതുകൊണ്ടാണ് ഇക്കാര്യം പുറത്ത പറയുന്നത് എന്നും സജീഷ് പറഞ്ഞു. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട വളരെ നിർണായകമായ വെളിപ്പെടുത്തലാണ് പുറത്തു വന്നത്. വെള്ളാപ്പള്ളി നടേശന്റെ ക്വട്ടേഷൻ ഏറ്റെടുത്ത് പ്രിയനാണ് ശാശ്വതീകാന്ദയെ വധിച്ചത് എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണ്് പ്രവീൺ വധക്കേസിൽ പ്രിയന്റെ കൂട്ടുപ്രതിയായ സജീഷ് നടത്തിയത്. ശാശ്വതീകാനന്ദയെ വധിച്ച ക്വട്ടേഷൻ സംഘത്തിൽ പ്രിയനൊപ്പം പ്രവീണും ഉണ്ടായിരുന്നുവെന്നും സജീഷ് പറഞ്ഞു. ശാശ്വതീകാനന്ദയെ പുഴക്കരയിലേക്ക് എത്തിച്ചത് സ്വാമിയുടെ അടുത്ത സഹായി ആയിരുന്നുവെന്ന് പ്രിയൻ തന്നോട് പറഞ്ഞതായി സജീഷ് വെളിപ്പെടുത്തി. വെള്ളാപ്പള്ളി നടേശന്റെയും തുഷാർ വെള്ളാപ്പള്ളിയുടേയും ക്വട്ടേഷൻ ഏറ്റെടുത്ത് നടത്തിയ കൊലപാതകത്തെക്കുറിച്ച് പ്രവീൺ ചിലരോട് തുറന്നു പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് പ്രവീണിനെ വക വരുത്താൻ പ്രിയൻ തീരുമാനിച്ചത്. അതേസമയം തന്നെയായിരുന്നു പ്രവീണിനെ വധിക്കാൻ ഡിവൈഎസ്‌പി ഷാജിയുടെ ക്വട്ടേഷനും വന്നതെന്നും സജീഷ് പറഞ്ഞു.

ഇതേസമയത്താണ് പ്രവീണിനെ വധിക്കാൻ കൂടെ നിൽക്കാൻ ആവശ്യപ്പെട്ട് പ്രിയൻ തന്നെ സമീപിച്ചതെന്നും സജീഷ് പറയുന്നു. സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രഹസ്യങ്ങളും പ്രിയൻ തന്നോട് തുറന്ന് പറഞ്ഞതെന്നും സജീഷ് വെളിപ്പെടുത്തി. വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും ഒത്താശ പ്രകാരമാണ് പ്രവീണിനെ വധിച്ചതെന്നും സജീഷ് പറയുന്നു. പ്രതിഫലമായി 10 ലക്ഷം രൂപ വെള്ളാപ്പള്ളിയുടെ കയ്യിൽ നിന്ന് വാങ്ങി തരാമെന്ന് പ്രിയൻ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഒരു പൈസ പോലും തനിക്ക് തന്നിട്ടില്ലെന്നും സജീഷ് വെളിപ്പെടുത്തി. വെള്ളാപ്പള്ളിക്ക് സംരക്ഷണം നൽകുന്നത് പ്രിയന്റെ ഗുണ്ടകൾ ആണെന്നും സജീഷ് പറയുന്നു. സ്വാമിയെയും പ്രവീണിനെയും ഇല്ലാതാക്കിയപോലെ തന്നെയും ഇല്ലാതാക്കുമോ എന്ന് ഭയം ഉള്ളതായും സജീഷ് പറയുന്നു.

2005 ഫെബ്രവരി 15 നാണ് പ്രവീൺ കൊല്ലപ്പെടുന്നത്. കൊലപാതകം നടന്ന് 9 വർഷത്തോളം ഒളിവിലായിരുന്ന സജീഷ് കഴിഞ്ഞ വർഷം ഒക്ടോബർ 15 വടകരയിൽ വച്ചാണ് പിടിയിലാകുന്നത്. ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലാണ് സജീഷ്.

തീയിൽ തൊട്ടാൽ പൊള്ളുമെന്നറിയാവുന്നവർക്ക് പൊള്ളൽ ഏൽക്കുന്നില്ലേ? സ്വാമി സൂക്ഷ്മാനന്ദയുടെ ലോജിക്ക് ഇങ്ങനെ

അതിനിടെ സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ തനിക്ക് യാതൊരു ഒരു പങ്കുമില്ലെന്ന് സ്വാമി സൂക്ഷ്മാനന്ദ പ്രതികരിച്ചു. ശാശ്വതീകാനന്ദയുടെ മരണത്തിൽ അസ്വഭാവികതയില്ലെന്നും നീന്തലറിയാവുന്ന ഒരുപാടുപേർ മുങ്ങി മരിച്ചിട്ടുണ്ടെന്നും സൂക്ഷ്മാനന്ദ പറഞ്ഞു. തീ പിടിച്ചാൽ പൊള്ളുമെന്ന് അറിയുന്ന എത്രയോ പേർ പൊള്ളലേറ്റ് മരിക്കുന്നുവെന്നും അതൊക്കെ വിധിയാണെന്നും ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിൽ സൂക്ഷ്മാനന്ദ പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പറയാത്തതുകൊണ്ടാണ് ബിജു രമേശ് തനിക്കെതിരായത്. വാടക കൊലയാളി പ്രിയനെ തനിക്ക് അറിയില്ലെന്നും ബിജു രമേശിന്റെ ആരോപണം പച്ചക്കള്ളമാണെന്നും സൂക്ഷ്മാനന്ദ പറഞ്ഞു. ശാശ്വതീകാനന്ദയുടെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് എല്ലാവരും വിശ്വസിക്കുന്ന സാഹചര്യത്തിൽ ഏതന്വേഷണത്തിനും താനും തയ്യാറാണെന്നും തന്നെ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതിനു പിന്നിൽ ദുരുദ്ദേശമുണ്ടെന്നും സൂക്ഷ്മാനന്ദ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP