Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകളെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ച് ഇന്ദ്രാണിയുടെ മുൻഭർത്താവ് സഞ്ജിവ് ഖന്ന; ഷീന വോറയുടെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസ്‌കണ്ടെത്തു; ഫൊറൻസിക് പരിശോധനയിലെ സ്ഥിരീകരണം നിർണ്ണായകമാകും: വിചിത്രമായ ദുരൂഹതകളുടെ ഞെട്ടലിൽ മുംബൈ

മകളെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ച് ഇന്ദ്രാണിയുടെ മുൻഭർത്താവ് സഞ്ജിവ് ഖന്ന; ഷീന വോറയുടെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസ്‌കണ്ടെത്തു; ഫൊറൻസിക് പരിശോധനയിലെ സ്ഥിരീകരണം നിർണ്ണായകമാകും: വിചിത്രമായ ദുരൂഹതകളുടെ ഞെട്ടലിൽ മുംബൈ

മുംബൈ: സഹോദരിയാണെന്ന് സമൂഹത്തെ ധരിപ്പിച്ച് ഷീന വോറ ഇന്ദ്രാണി മുഖർജിയുടെ മകളാണെന്ന വാർത്ത ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. ഇപ്പോൾ ഏവരിലും ആകാംക്ഷ ഉയർത്തിക്കൊണ്ട് മുന്നോട്ടു പോകുകയാണ് ഷീന വോറ കൊലക്കേസ്. മകളെ കൊലപ്പെടുത്തിയതി തനിക്കും പങ്കാളിത്തമുണ്ടെന്ന് ഷീനവോറയുടെ മുൻഭർത്താവ് സഞ്ജയ് ഖന്ന സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ കേസിലെ സുപ്രധാന വഴിത്തിരിവായി ഷീനയുടെ ശരീരാവശിഷ്ടങ്ങൾ മുംബൈ പൊലീസ് കണ്ടെത്തി. ഷീനയുടെ മൃതദേഹം കുഴിച്ചിട്ടെന്ന് കരുതുന്ന സ്ഥലത്ത് നടത്തിയ തിരച്ചിലിൽ ശരീര അവശിഷ്ടങ്ങൾ കണ്ടെടുത്തു. എല്ലുകളും തലയോട്ടിയും ഒരു സ്യൂട്ട് കേസുമാണ് ഇവിടെ നിന്നും ലഭിച്ചത്. കൂടുതൽ തെളിവുകൾക്കായി തിരച്ചിൽ തുടരുകണെന്നും പൊലീസ് അറിയിച്ചു. വനത്തിനുള്ളിൽ നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങൾ ഷീനയുടേതാണെന്ന് ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചാൽ അത് കേസന്വേഷണത്തിൽ വഴിത്തിരിവാകും.

അതേസമയം മുംബൈയിലെ ഷീനാ ബോറ കൊലക്കേസിൽ മുഖ്യ പ്രതി സഞ്ജയ് ഖന്നയെ ഈ മാസം 31 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊല്ലപ്പെട്ട ഷീനയുടെ ഡിഎൻഎ സാമ്പിളുകൾ ഇന്ദ്രാണി മുഖർജിയുടെ ഡിഎൻഎ സാമ്പിളുകളുമായി യോജിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കസ്റ്റഡിയിലുള്ള ഇന്ദ്രാണിയെ കാണാൻ ബാന്ദ്ര കോടതി അഭിഭാഷകന് അനുമതി നിഷേധിച്ചു അറസ്റ്റിലായ ഇന്ദ്രാണി മുഖർജിയും മകൾ ഷീനാ ബോറയും തമ്മിലുണ്ടായിരുന്ന് സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഷീന ഇന്ദ്രാണിയുടെ മകളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതേ സമയം ഇന്ദ്രാണിയുടെ ആദ്യ ഭർത്താവ് സഞ്ജയ് ഖന്നയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ദ്രാണിക്കെതിരെ ശക്തമായ തെളിവുകളുമായി ഷീനയുടെ സഹോദരൻ മിഖായേൽ ബോറയും രംഗത്ത് എത്തിയിരുന്നു.

അതേസമയം ദുരഭിമാന കൊലപാതകമാണെന്ന സംശയ ബലപ്പെടുത്തുന്ന വിധത്തിലാണ് കാര്യങ്ങളുടെ കിടപ്പ്. ഷീന ബോറ കൊലക്കേസിൽ കാമുകൻ രാഹുൽ മുഖർജിയെ മുംബൈ പൊലീസ് രണ്ടുവട്ടം പൊലീസ് ചോദ്യംചെയ്തു. ഗുവാഹത്തിയിൽ ഷീനയുടെ സഹോദരൻ മിഖൈൽ ബോറയുടെ മൊഴിയുമെടുത്തു. സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജിയുടെ ഭാര്യ ഇന്ദ്രാണി മുഖർജിയും അവരുടെ മുൻ ഭർത്താവ് സഞ്ജീവ് ഖന്നയും ചേർന്നു ഷീനയെ കൊലപ്പെടുത്തിയെന്ന കേസിൽ, പീറ്ററിന്റെ ആദ്യബന്ധത്തിലെ മകൻ രാഹുലിന്റെ മൊഴി നിർണായകമാകുമെന്നാണു പ്രതീക്ഷ. ഷീനയും മിഖൈലും സിദ്ധാർഥ് ദാസ് എന്നയാളുമായുള്ള ബന്ധത്തിൽ ഇന്ദ്രാണിക്കുണ്ടായ മക്കളാണ്. ഇതു മറച്ചുവച്ച് ഇരുവരും സഹോദരങ്ങളാണെന്നാണ് ഇന്ദ്രാണി പ്രചരിപ്പിച്ചിരുന്നത്. കൊലക്കേസിൽ ഇവർ അറസ്റ്റിലാകുന്നതുവരെ ഈ കഥയാണു പീറ്ററും വിശ്വസിച്ചിരുന്നത്.

പീറ്ററിന്റെ ആദ്യഭാര്യ ഷബ്‌നത്തിന്റെ മകനായ രാഹുലും ഷീനയും പ്രണയത്തിലാകുകയും ഇന്ദ്രാണിയുടെ ശക്തമായ എതിർപ്പ് അവഗണിച്ച് ഒരുമിച്ചു താമസിക്കുകയും ചെയ്തിരുന്നു. അതിനാലാണു ദുരഭിമാനക്കൊലയുടെ സാധ്യതകൾ പൊലീസ് അന്വേഷിക്കുന്നത്. 2012 ഏപ്രിൽ 24ന് ഇന്ദ്രാണി കാണണമെന്ന് ആവശ്യപ്പെട്ടതനുസരിച്ചു താനാണു ഷീനയുടെ കാറിൽ കൊണ്ടുപോയി വിട്ടതെന്നു രാഹുൽ പറയുന്നു. അന്നാണു ഷീന കൊല്ലപ്പെട്ടതും.

പലവട്ടം വിളിച്ചെങ്കിലും ഷീനയുടെ ഫോൺ സ്വിച്ഡ് ഓഫ് ആയിരുന്നെന്നു രാഹുൽ മുഖർജി പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ 'നമ്മുടെ ബന്ധം അവസാനിച്ചു' എന്ന എസ്എംഎസ് വന്നു. അവർ ജോലിചെയ്തിരുന്ന മുംബൈ മെട്രോ റയിൽ ലിമിറ്റഡിൽ അന്വേഷിച്ചപ്പോൾ അവധിയിലാണെന്നാണു പറഞ്ഞത്. പിന്നീടു രാജിവച്ചതായി അറിഞ്ഞു. ഫേസ്‌ബുക്ക് അക്കൗണ്ടും ഡീ ആക്ടിവേറ്റ് ചെയ്തതായി കണ്ടതോടെ സംശയമേറി. തുടർന്ന്, ഷീനയെ കാണാനില്ലെന്നു പരാതി നൽകി. ഷീനയെ ഉപരിപഠനത്തിനു യുഎസിലേക്ക് അയച്ചെന്നും രാഹുലിന്റെ ശല്യംകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടിവന്നതെന്നും ഇന്ദ്രാണി പറഞ്ഞതായി പൊലീസ് അറിയിച്ചു. അവളെ അന്വേഷിച്ചു പുറകെ നടക്കരുതെന്ന് ഇന്ദ്രാണി തന്നോടും പറഞ്ഞതായി രാഹുൽ പറയുന്നു.

മുഖർജിമാരുടെ അടുത്ത ഇര താനാകുമെന്നു ഭയപ്പെടുന്നതായി ഷീനയുടെ സഹോദരനും ഇന്ദ്രാണിയുടെ മകനുമായ മിഖൈൽ ബോറ മാദ്ധ്യമങ്ങളോടു പറഞ്ഞു. ഇന്ദ്രാണിയുടെ മാതാപിതാക്കളായ യു. കെ. ബോറ, ദുർഗാ റാണി എന്നിവരോടൊപ്പം ഗുവാഹത്തിയിലാണു മിഖൈലിന്റെ താമസം. 'ഷീനയെ കൊന്നത് അമ്മയാണ്. അതിന്റെ കാരണവും അറിയാം. അമ്മതന്നെ അതു പരസ്യമായി പറയുന്നുവോ എന്നു കാക്കുകയാണ്. ഇല്ലെങ്കിൽ ഞാൻ വെളിപ്പെടുത്തും.'' മിഖൈൽ പറയുന്നു. രാവിലെ മാദ്ധ്യമങ്ങളോടു വളരെയധികം സംസാരിച്ച മിഖൈൽ ഉച്ചയ്ക്കു മുംബൈ പൊലീസ് സംഘത്തിന്റെ ചോദ്യംചെയ്യലിനുശേഷം മൗനം പാലിച്ചു. ചോദ്യങ്ങൾക്കെല്ലാം 'നോ കമന്റ്‌സ്' എന്നു മാത്രമായിരുന്നു ഉത്തരം.

എച്ച്ആർ കൺസൽറ്റന്റ് ജോലിയിൽ നിന്നു വോൾ സ്ട്രീറ്റ് ജേണലിന്റെ '50 മികവുറ്റ വനിതകളു'ടെ പട്ടികയിലേക്ക് മിന്നൽ വേഗത്തിൽ എത്തിയ കഥയാണ് ഇന്ദ്രാണി മുഖർജിയുടേത്. ഗുവാഹത്തി സ്വദേശിനി പോരി ബോറ പേര് മാറി ഇന്ദ്രാണി മുഖർജിയായതു 2002ൽ അന്നത്തെ സ്റ്റാർ ഇന്ത്യ സിഇഒ പീറ്റർ മുഖർജിയുമായുള്ള വിവാഹത്തോടെയാണ്. വ്യവസായി സഞ്ജീവ് ഖന്നയുമായി അതിനു മുൻപുള്ള ബന്ധത്തിൽ ഒരു മകളുമുണ്ട്. അപ്പോഴും വർഷങ്ങൾക്കു മുൻപ് തേയില എസ്റ്റേറ്റ് ഉടമ സിദ്ധാർഥ് ദാസുമായുണ്ടായിരുന്ന ബന്ധം പരസ്യമായിരുന്നില്ല. 1989ൽ ഷീനയും 1990ൽ മിഖൈലും ജനിച്ചത് ഈ ബന്ധത്തിലാണ്. എന്നാൽ, ഇന്ദ്രാണി- സിദ്ധാർഥ് വിവാഹം 1991ലാണു നടന്നതെന്നാണു രേഖകൾ.

പിരിഞ്ഞശേഷം മക്കളെ ഗുവാഹത്തിയിൽ അച്ഛനമ്മമാരെ ഏൽപിച്ച് ഇന്ദ്രാണി മുംബൈയിലേക്കു ചേക്കേറി. ഷീനയും മിഖൈലും സഹോദരങ്ങളാണെന്നു വരുത്താൻ അവരുടെ പേരിനൊപ്പം ബോറയെന്ന കുടുംബനാമവും ചേർത്തു. പീറ്ററും ഇന്ദ്രാണിയും ചേർന്നു 2007ൽ ഐഎൻഎക്‌സ് മീഡിയ തുടങ്ങി. സിഇഒ ആയ ഇന്ദ്രാണി മുംബൈ മാദ്ധ്യമരംഗത്തെ ശ്രദ്ധേയ വനിതാ സാന്നിധ്യമായി. ഇന്ദ്രാ നൂയിക്കും മറ്റുമൊപ്പം ശക്തരായ വനിതകളുടെ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്തു. എന്നാൽ, ചാനൽ പൊട്ടി. നിക്ഷേപകരുടെ പണം ഉടമകൾ തട്ടിയെന്നും ആരോപണമുണ്ട്. ഷീനയെ കടത്തിക്കൊണ്ടുപോയ കാറിന്റെ ഡ്രൈവർ ശ്യാം റായ് മറ്റൊരു കേസിൽ പിടിയിലായതോടെയാണ് ഇപ്പോൾ കൊലക്കേസ് പൊങ്ങിവന്നത്.

മുംബൈ മെട്രോ റയിൽ ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജരായിരുന്ന ഷീന ബോറ കൊല്ലപ്പെട്ട ദിവസം (2012 ഏപ്രിൽ 24) അവധിക്ക് അപേക്ഷിച്ചിരുന്നു. ഇത് ഇന്ദ്രാണി ആവശ്യപ്പെട്ടതനുസരിച്ചാകാമെന്നു പൊലീസ് കരുതുന്നു. പിന്നാലെ ഷീന രാജിക്കത്ത് അയച്ചതായും പറയുന്നു. ഇതു ഷീന കൊല്ലപ്പെട്ടശേഷം ഇന്ദ്രാണിയോ കൂട്ടാളികളോ അയച്ചതാണോ എന്നന്വേഷിക്കുന്നു. കത്ത് എഴുതി അയച്ചതാണോ, ഇ-മെയിൽ ചെയ്തതാണോ, രാജിക്കുള്ള കാരണങ്ങളായി പറയുന്നത് എന്തെല്ലാം തുടങ്ങിയ കാര്യങ്ങൾ കമ്പനിയോടു പൊലീസ് തേടിയിട്ടുണ്ട്.

പ്രമുഖ വ്യവസായസ്ഥാപനത്തിന്റെ തലപ്പത്തിരുന്ന വ്യക്തിത്വം എന്ന നിലയിൽ ഇന്ദ്രാണി മുഖർജി കേസ് മാദ്ധ്യമങ്ങൾ അതിപ്രാധാന്യമാണ് ഈ വിഷയത്തിന് നൽകുന്നത്. ഇന്നലെ ചാനലുകൾ മിഖായേൽവോറയെ വിമാനത്തിലും പിന്തുടരുകയായിരുന്നു. വരും ദിവസങ്ങളിലും ഈ കേസിൽ എന്തൊക്കെ ട്വിസ്റ്റ് ഉണ്ടാകുമെന്നാണ് എല്ലാവരിലും ആകാംക്ഷ ഉയർത്തുന്നുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP