Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കൻ മലയാളിയെ വെടിവച്ചു കൊന്നു പെട്രോളൊഴിച്ചു കത്തിച്ച കേസിൽ നിർണായക വഴിത്തിരിവ്; ജോയ് ജോണിനെ കൊന്നതു മകൻ ഷെറിനല്ലെന്നു വാദിച്ച് അമ്മ; പിന്നിൽ വൻ സംഘമെന്ന് ആരോപണം; ഷെറിനു വേണ്ടി മറ്റൊരു വക്കീൽ ഹാജരായതിൽ ശകാരിച്ചു മജിസ്ട്രേറ്റ്: കോടതി മുറിയിലും നാടകീയ രംഗങ്ങൾ

അമേരിക്കൻ മലയാളിയെ വെടിവച്ചു കൊന്നു പെട്രോളൊഴിച്ചു കത്തിച്ച കേസിൽ നിർണായക വഴിത്തിരിവ്; ജോയ് ജോണിനെ കൊന്നതു മകൻ ഷെറിനല്ലെന്നു വാദിച്ച് അമ്മ; പിന്നിൽ വൻ സംഘമെന്ന് ആരോപണം; ഷെറിനു വേണ്ടി മറ്റൊരു വക്കീൽ ഹാജരായതിൽ ശകാരിച്ചു മജിസ്ട്രേറ്റ്: കോടതി മുറിയിലും നാടകീയ രംഗങ്ങൾ

ശ്രീലാൽ വാസുദേവൻ

ചെങ്ങന്നൂർ: അമേരിക്കൻ മലയാളി ജോയ് ജോണിനെ കൊന്ന് കത്തിക്കുകയും കഷണങ്ങളാക്കി പലയിടത്തായി അവശിഷ്ടങ്ങൾ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ മകൻ ഷെറിന് പങ്കില്ലെന്ന വാദവുമായി ഷെറിന്റെ അമ്മ. ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഷെറിന്റെ അമ്മ മകൻ നിരപരാധിയാണെന്ന വാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ഹൈക്കോടതി വക്കീലായ ഹരിദാസ് മുഖേന മകൻ നിരപരാധിയാണെന്ന് കാണിച്ച് വക്കാലത്ത് ഫയൽ ചെയ്യുകയായിരുന്നു. വക്കാലത്ത് സമർപ്പിച്ച ഹരിദാസ് പക്ഷേ കോടതിയിൽ ഇന്ന് ഹാജരായിരുന്നില്ല. ഹരിദാസിന് പകരം ഹാജരായത് ബാബു എന്ന അഭിഭാഷകനായിരുന്നു.

എന്നാൽ വക്കാലത്ത് സമർപ്പിച്ച് വക്കീൽ അഭിഭാഷകൻ എന്തുകൊണ്ടാണ് ഹാജരാകാത്തത് എന്ന് മജിസ്‌ട്രേറ്റ് ചോദിച്ചു. അയാൾ ഹാജരാകണമെന്നും പറയുകയായിരുന്നു. പിന്നീട് മജിസ്‌ട്രേറ്റും ബാബു എന്ന അഭിഭാഷകനും തമ്മിൽ വാഗ്വാദം നടക്കുകയായിരുന്നു. എന്നാൽ വാദം ഇപ്പോൾ കേൾക്കണമെന്നും പുനരന്വേഷണം വിധിക്കണമെന്നും പറഞ്ഞ് ബാബു വക്കീലും മജിസ്‌ട്രേറ്റും തമ്മിൽ വാഗ്വാദം തുടർന്നെങ്കിലും ഫലമുണ്ടായില്ല. കേസ് ജില്ലാ കോടതിയിലേക്ക് നിർദ്ദേശിക്കപ്പെട്ടതാണെന്നും ഇനിയും പുനരന്വേഷണം പ്രഖ്യാപിക്കാനാകില്ലെന്നും അറിയിച്ചു. കോടതി കേസ് പരിഗണിക്കാനായി ജില്ലാ കോടതിക്ക് കൈമാറി. മജിസ്‌ട്രേറ്റ് കോടതിയിൽ മൂന്ന് വർഷത്തിന് മുകളിൽ ശിക്ഷ വിധിക്കാൻ വകുപ്പില്ല.

തുടർന്നാണ് പ്രതിയുടെ അമ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചത്. മകൻ നിരപരാധിയാണെന്നും ഭർത്താവിന്റെ കൊലപാതകത്തിന് പിന്നിൽ വൻ സംഘമുണ്ടെന്നും തുടങ്ങി ഒരു മണിക്കൂറോളം വാദങ്ങൾ നിരത്തിയാണ് അമ്മ മറുപടി നൽകിയത്. എന്നാൽ കോടതിയിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഇല്ലാത്തതിനാൽ ഉച്ചക്ക് ശേഷം പറയു എന്ന നിർദ്ദേശമാണ് കോടതി നൽകിയത്. തന്റെ മകൻ നിരപരാധിയാണെന്നും ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും അമ്മ കോടതിയിൽ പറഞ്ഞു.

തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നു കൊണ്ടു വരുന്ന വഴി ഒരു സംഘം തന്നെ വണ്ടി തടഞ്ഞ് നിർത്തിയ ശേഷം മർദ്ദിച്ചുവെന്നും മൊഴി നൽകി. ഇത് എഴുതി നൽകാൻ മജിസ്‌ട്രേറ്റ് ആവശ്യപ്പെടുകയായിരുന്നു. പ്രതിക്കെതിരായ കുറ്റപത്രം 88 ദിവസങ്ങൾ കൊണ്ട് കോടതിയിൽ ഹാജരാക്കുകയായിരുന്നു. 900 പേജ് കുറ്റപത്രമാണ് അന്ന് സമർപ്പിച്ചത്. എന്നാൽ പ്രതിഭാഗത്തിന് കൈമാറിയത് 15 പേജ് മാത്രമാണ്.

ഇക്കഴിഞ്ഞ മെയ് 25ന് വൈകിട്ടായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ഇതിൽ 88-ാം ദിവസമാണ് പൊലീസ് കുറ്റപത്രം നൽകുന്നത്. നിരവധി ശാസ്ത്രീയ തെളിവുകളുടേയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ കുറ്റപത്രം പ്രകാരം കൊലപാതകം, തെളിവു നശിപ്പിക്കൽ, അനധികൃതമായി ആയുധം കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളാണ് ഷെറിനെതിരെ ചുമത്തിയിട്ടുള്ളത്.

മെയ് 25ന് ആഡംബരക്കാർ തിരുവനന്തപുരത്ത് സർവീസിനായി കൊണ്ടുപോയ ശേഷം മടങ്ങി വരവെ ജോയിയും മകൻ ഷെറിനും സ്വത്ത് സംബന്ധിച്ച് തർക്കം നടക്കുകയും മുളക്കുഴ കൂരിക്കടവ് പാലത്തിന് സമീപം വച്ച് കൈവശം സൂക്ഷിച്ചിരുന്ന തോക്ക് ഉപയോഗിച്ച് പിതാവിനെ വെടിവയ്ക്കുകയുമായിരുന്നുവെന്നാണ് കേസ്

തുടർന്ന് മൃതദേഹം നഗരമധ്യത്തിൽ ജോയിയുടെ ഉടമസ്ഥതയിലുള്ള ഉഴത്തിൽ ബിൽഡിങ്സിന്റെ ഗോഡൗണിൽ എത്തിച്ചു കത്തിച്ച ശേഷം വെട്ടിമുറച്ച് ശരീരഭാഗങ്ങൾ ചാക്കിലാക്കി കാറിൽ പമ്പാനദിയിലും കോട്ടയം, ആലപ്പുഴ, പത്തംനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിലും തള്ളിയെന്നാണ് കേസ്. ജോയ് ജോണിനെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് മകൻ തന്നെയാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. തുടർന്ന് ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച് ശരീരഭാഗങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്നും പൊലീസ് കണ്ടെടുക്കുകയായിരുന്നു. ഇടതുകാൽ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

അതേസമയം, കേസിൽ ഷെറിൻ മാത്രമല്ല പ്രതിയെന്ന സംശയം നാട്ടുകാർക്കും ജോയി ജോണിന്റെ ബന്ധുക്കൾക്കും ഇപ്പോഴുമുണ്ട്. ഷെറിൻ ഒറ്റയ്ക്കാവില്ല ഈ കൃത്യം നടത്തിയതെന്ന് ജോയിയുടെ ഭാര്യ മറിയാമ്മ തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരാൾക്ക് ഒ്റ്റയ്ക്ക് ചെയ്യാൻ പറ്റുന്ന രീതിയിലല്ല കൊല നടത്തിയതും തുടർന്ന് മൃതദേഹഭാഗങ്ങൾ കത്തിക്കുകയും പലയിടത്തായി കൊണ്ടുതള്ളുകയും ചെയ്തതെന്നതുമാണ് അന്ന് മറിയാമ്മയ്ക്ക് സംശയമുണ്ടാക്കിയത്. മരിച്ച ജോണിന് ഒരു വിവാഹ പൂർവ ബന്ധമുണ്ടായിരുന്നെന്നും ഷെറിനെ അരുംകൊലയ്ക്ക് പ്രേരിപ്പിച്ചത് ഈ ബന്ധമായിരുന്നെന്നുമുള്ള സൂചനകളും ഇടയ്ക്ക് ഉയർന്നിരുന്നു. കോടികൾ വരുന്ന സ്വത്ത് വീതംവയ്ക്കേണ്ടിവരുമെന്ന ആശങ്കയും കൊലയ്ക്ക് പ്രേരണയായെന്ന വാദവും ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP