Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസ് പിടികൂടിയത് സിപിഎം നൽകിയ പട്ടികയിൽ നിന്നുള്ളവർ തന്നെയെന്ന് സൂചന; ''നിരപരാധികളാക്കി'' സൈബർ പ്രചരണവും പണപ്പിരിവും തുടങ്ങി കഴിഞ്ഞു; അറസ്റ്റിലേക്ക് നയിച്ചത് നിരപരാധികളെ പ്രതിചേർത്താൽ തെളിവില്ലാതെ രക്ഷപ്പെടാം എന്ന കണ്ണൂർ ബുദ്ധി തന്നെ; ഡമ്മി പ്രതികളെ നൽകി കേസ് അട്ടിമറിക്കുന്നതിൽ സിപിഎമ്മും ആർഎസ്എസും ഒരേ പാരമ്പര്യക്കാർ

പൊലീസ് പിടികൂടിയത് സിപിഎം നൽകിയ പട്ടികയിൽ നിന്നുള്ളവർ തന്നെയെന്ന് സൂചന; ''നിരപരാധികളാക്കി'' സൈബർ പ്രചരണവും പണപ്പിരിവും തുടങ്ങി കഴിഞ്ഞു; അറസ്റ്റിലേക്ക് നയിച്ചത് നിരപരാധികളെ പ്രതിചേർത്താൽ തെളിവില്ലാതെ രക്ഷപ്പെടാം എന്ന കണ്ണൂർ ബുദ്ധി തന്നെ; ഡമ്മി പ്രതികളെ നൽകി കേസ് അട്ടിമറിക്കുന്നതിൽ സിപിഎമ്മും ആർഎസ്എസും ഒരേ പാരമ്പര്യക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഷുഹൈബ് കൊലക്കേസിൽ പിടിക്കപ്പെട്ടവർ പ്രതികളാണെന്ന് ഉറപ്പിച്ചു പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊലീസ് ഇവരെ പിന്തുടരുന്നതിനാലാണു കീഴടങ്ങിയത്. ഇവരുടെ വീട്ടിലും പൊലീസ് എത്തിയിരുന്നു. പൊലീസ് അന്വേഷണം പൂർത്തിയാക്കട്ടെ. കൊലപാതകത്തെ അപലപിക്കുന്നു. പ്രതികൾ സിപിഎമ്മുകാരാണെന്നു വ്യക്തമായാൽ പാർട്ടി നടപടിയെടുക്കുമെന്നും കോടിയേരി പറഞ്ഞു. അതായത് കേസിൽ അകത്തായ പ്രതികൾക്ക് എല്ലാ സഹായവും സിപിഎം ചെയ്യുമെന്ന് സാരം. ഉറപ്പായും രക്ഷിച്ചെടുക്കാമെന്ന് വാക്ക് കൊടുത്ത ശേഷമാണ് ഷുഹൈബ് കേസിൽ പ്രതികളെ പൊലീസ് സ്‌റ്റേഷനിൽ സിപിഎം എത്തിച്ചതെന്നാണ് സൂചന.

ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു ഡിവൈഎഫ്‌ഐ പ്രവർത്തകർകൂടി പൊലീസ് കസ്റ്റഡിയിൽ. തില്ലങ്കേരി വഞ്ഞേരിയിലെ എം വിആകാശ് (24), കരുവള്ളിയിലെ രജിൻരാജ് (26) എന്നിവർ സിപിഎം പ്രാദേശിക നേതാക്കൾക്കൊപ്പം ഇന്നലെ പുലർച്ചെ മാലൂർ പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൂന്തലോട്ടെ ശ്രീജിത്തിനെ (32) തലേന്നു പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മൂന്നുപേരും ഒന്നര വർഷം മുൻപ് ആർഎസ്എസ് പ്രവർത്തകൻ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. പക്ഷേ ഇവർക്കാർക്കും ഷുഹൈബുമായി ഏതൊരു ബന്ധവുമില്ല. ഇതാണ് ഡമ്മി പ്രതികളാണ് ഇവരെന്ന സംശയം വ്യാപകമാക്കുന്നത്. സിപിഎം ഏർപ്പാടാക്കിയ ഡമ്മി പ്രതികളിൽ അന്വേഷണം ചുരുക്കാനാണു ശ്രമമെന്നു സംശയിക്കുന്നതായി കോൺഗ്രസ് നേതാക്കളായ കെ.സുധാകരനും സതീശൻ പാച്ചേനിയും ആരോപിച്ചു കഴിഞ്ഞു. ഡമ്മി പ്രതികളെ നൽകുന്നതിലൂടെ കേസിലെ വിചാരണ അട്ടിമറിക്കാനാകും. ഇതിനാണ് സിപിഎം ശ്രമിക്കുന്നത്.

പൊലീസിൽ കീഴടങ്ങിയവർ ഡമ്മി പ്രതികളാണെന്ന ആരോപണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഡമ്മി പ്രതികൾ പുതുമയല്ല. കോളിളക്കം സൃഷ്ടിച്ച കേസുകളിൽ പോലും വ്യാജ പ്രതികളെ ഇറക്കി യഥാർഥ അക്രമികളെ രക്ഷപ്പെടുത്തിയ സംഭവങ്ങൾ പല തവണ ഉണ്ടായിട്ടുണ്ട്. ഡമ്മികൾ പിന്നീടു തെളിവിന്റെ അഭാവത്തിൽ മേൽക്കോടതികളിൽ രക്ഷപ്പെടും. അതിന് വേണ്ടിയാണ് ഈ നീക്കം പാർട്ടികൾ നടത്തുന്നത്. സിപിഎമ്മും ആർഎസഎസും പലപ്പോഴും ഇത് ചെയ്യാറുണ്ട്. കോൺഗ്രസിനും ചിലപ്പോഴെല്ലാം ഡമ്മി പ്രതികളെ നൽകി കേസ് അട്ടിമറിക്കാറുണ്ട്. ഇതിനെ കണ്ണൂർ തന്ത്രമെന്നാണ് അറിയപ്പെടുന്നത്. കണ്ണൂരിലാണ് രാഷ്ട്രീയ പാർട്ടികൾ ഈ മാർഗ്ഗം സാധാരണയായി നടപ്പിലാക്കുന്നത്.

സിപിഎം നേതാക്കൾക്കൊപ്പമെത്തിയാണ് ആഖകാശും രജിൻരാജും കീഴടങ്ങിയത്. ഇതിലൂടെ പാർട്ടി പട്ടിക പ്രകാരമാണ് അറസ്റ്റെന്ന വാദം സജീവമാക്കുകയാണ് കോൺഗ്രസ് നേതൃത്വം. കേസിൽ വിചാരണ നടക്കുമ്പോൾ കൊല നടക്കുമ്പോൾ ഇവർ സ്ഥലത്ത് പോലും ഇല്ലെന്ന് തെളിയിക്കാനാകും. ഇതോടെ കേസിലെ വിധി പ്രതികൾക്ക് അനുകൂലമാവുകയും ചെയ്യും. ആർ എസ് എസും ഈ തന്ത്രം കണ്ണൂരിൽ പുറത്തെടുക്കാറുണ്ട്. മിക്ക കേസുകളിലും ഡമ്മി പ്രതികളാകും രാഷ്ട്രീയ പാർട്ടികൾ നൽകുക. ഷുഹൈബ് കേസിൽ പിടിയിലായവർ നിരപരാധികളാണെന്ന് സൈബർ ലോകത്ത് സിപിഎം പ്രചരണം ശക്തമാണ്. പൊലീസ് വേട്ടയാടൽ ഭയന്നാണ് ഇവർ കീഴടങ്ങിയതെന്ന് സിപിഎം പറയുന്നു. ഈ പ്രചരണത്തിന്റെ ഭാഗമായാണ് കോടിയേരിയുടെ കരുതലോടെയുള്ള പ്രതികരണം.

യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി.ജയകൃഷ്ണൻ 1999 ഡിസംബർ ഒന്നിനാണു കൊല്ലപ്പെട്ടത്. പാനൂരിനടുത്തു മൊകേരി ഈസ്റ്റ് യുപി സ്‌കൂൾ അദ്ധ്യാപകനായിരുന്ന ജയകൃഷ്ണനെ ക്ലാസ് മുറിയിൽ പിഞ്ചുകുട്ടികളുടെ മുൻപിലിട്ടു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഏഴു പേരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. അതിലൊരാൾ വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു. ഒരാളെ കോടതി വിട്ടയച്ചു. അഞ്ചു പേർക്കു തലശ്ശേരി അതിവേഗകോടതി വധശിക്ഷ വിധിച്ചു. ഹൈക്കോടതി അതു ശരിവച്ചു. അതിൽ നാലു പേരെയും 2006ൽ സുപ്രീം കോടതി സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചു. അച്ചാരത്ത് പ്രദീപൻ എന്ന ഒന്നാം പ്രതിയെ മാത്രമാണു സുപ്രീം കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. പക്ഷേ വധശിക്ഷ ഇളവുചെയ്തു ജീവപര്യന്തമാക്കി. പിന്നീട് എൽഡിഎഫ് ഭരണത്തിൽ ശിക്ഷ ഇളവു ചെയ്തു പ്രദീപനെ തടവിൽ നിന്നു മോചിപ്പിക്കുകയും ചെയ്തു. ഇതനെല്ലാം കാരണം വ്യാജ പ്രതികളെ കേസിൽപ്പെടുത്തിയതാണ്.

2012ൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പിടിയിലായ ടി.കെ.രജീഷ് ആ സത്യം അന്വേഷണ സംഘത്തിനു മുൻപിൽ വെളിപ്പെടുത്തി: കെ.ടി.ജയകൃഷ്ണൻ കൊലക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ഏഴു പേരിൽ ആറു പേരും ഡമ്മിയായിരുന്നു. ഏഴു പ്രതികളിൽ അച്ചാരത്ത് പ്രദീപൻ മാത്രമാണു കൃത്യത്തിൽ പങ്കെടുത്തത്. മറ്റുള്ളവരെയെല്ലാം സിപിഎം നൽകിയ ലിസ്റ്റ് പ്രകാരം പ്രതി ചേർക്കുകയായിരുന്നു. അക്രമി സംഘത്തിൽ താനും ഉണ്ടായിരുന്നുവെന്നു രജീഷ് വെളിപ്പെടുത്തിയെങ്കിലും പിന്നീടു മൊഴിമാറ്റി. അങ്ങനെ ജയകൃഷ്ണൻ കൊലക്കേസ് അട്ടിമറിക്കപ്പെട്ടു. ഇതേ രീതിയാണ് ഷുഹൈബ് കൊലയിലും നടക്കുന്നതെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP