Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ടി.പിയുടെ ശരീരത്തിലുണ്ടായിരുന്ന അതേ തരം മുറിവുകൾ; അതേ ആഴവും നീളവും; ആക്രമിക്കാനെത്തിയവരിൽ ഒരാൾക്കു പോലും ആകാശിന്റെ ശരീരത്തോടു സാദൃശ്യമുണ്ടായിരുന്നില്ല; വെട്ടിയവർ ആകാശിനോളം ശരീരവലിപ്പം ഇല്ലാത്തവരും; ഷുഹൈബിനെ വെട്ടിയത് പിറകോട്ടു വളഞ്ഞ കനം കൂടിയ വാൾ കൊണ്ടുമെന്ന് ദൃക്‌സാക്ഷിയുടെ മൊഴി; കൊലയ്ക്ക് പിന്നിൽ കിർമ്മാണി മനോജെന്ന് ആവർത്തിച്ച് സുധാകരനും; ഷുഹൈബിന്റെ കൊലയിൽ തർക്കം തുടരുന്നു

ടി.പിയുടെ ശരീരത്തിലുണ്ടായിരുന്ന അതേ തരം മുറിവുകൾ; അതേ ആഴവും നീളവും; ആക്രമിക്കാനെത്തിയവരിൽ ഒരാൾക്കു പോലും ആകാശിന്റെ ശരീരത്തോടു സാദൃശ്യമുണ്ടായിരുന്നില്ല; വെട്ടിയവർ ആകാശിനോളം ശരീരവലിപ്പം ഇല്ലാത്തവരും; ഷുഹൈബിനെ വെട്ടിയത് പിറകോട്ടു വളഞ്ഞ കനം കൂടിയ വാൾ കൊണ്ടുമെന്ന് ദൃക്‌സാക്ഷിയുടെ മൊഴി; കൊലയ്ക്ക് പിന്നിൽ കിർമ്മാണി മനോജെന്ന് ആവർത്തിച്ച് സുധാകരനും; ഷുഹൈബിന്റെ കൊലയിൽ തർക്കം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: അറസ്റ്റിലായ ആകാശ് തില്ലങ്കേരി തങ്ങളെ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നില്ലെന്നു കൊല്ലപ്പെട്ട ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ്. മൂന്നുപേർ ചേർന്നാണു ഷുഹൈബിനെ വെട്ടിയതെന്നും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നൗഷാദ് പറഞ്ഞു. ചായക്കടയിൽ ഇരിക്കുകയായിരുന്ന ഷുഹൈബിനെയും മൂന്നു സുഹൃത്തുക്കളെയും നമ്പർ പതിപ്പിക്കാത്ത വെളുത്ത നിറത്തിലുള്ള കാറിൽ വന്ന നാലു പ്രതികളാണ് ആക്രമിച്ചത്. ബോംബ് എറിഞ്ഞ ശേഷം വാളുകൊണ്ട് ഷുഹൈബിനെ വെട്ടിക്കൊല്ലുകയും തടയാൻ ചെന്ന മറ്റുള്ളവരെ ബോംബെറിഞ്ഞ് വെട്ടിക്കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പരുക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ നൗഷാദിന്റെ മൊഴി കേസിൽ നിർണ്ണായകമാണ്. 

ആകാശിനെ നേരിട്ടറിയാം. ആക്രമിക്കാനെത്തിയവരിൽ ഒരാൾക്കു പോലും ആകാശിന്റെ ശരീരത്തോടു സാദൃശ്യമുണ്ടായിരുന്നില്ല. വെട്ടിയവർ ആകാശിനോളം ശരീരവലിപ്പം ഇല്ലാത്തവരാണ്. ഷുഹൈബിനെ വെട്ടിയത് പിറകോട്ടു വളഞ്ഞ കനം കൂടിയ വാൾ കൊണ്ടാണെന്നും നൗഷാദ് പറഞ്ഞു. ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ട കിർമാണി മനോജാണു ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നു കോൺഗ്രസ് നേതാവ് കെ. സുധാകരൻ ആരോപിച്ചിരുന്നു. സംഭവത്തിനു ദൃക്സാക്ഷിയായ നൗഷാദിന്റെ വെളിപ്പെടുത്തൽ ഈ ആരോപണം ശക്തമാക്കുന്നതാണ്.

ആക്രമിച്ചത് ഏതു ക്വട്ടേഷൻ സംഘമാണെന്നും വെട്ടിയത് ആരെന്നും മുറിവിന്റെ സ്വഭാവത്തിൽനിന്നു തിരിച്ചറിയാമെന്നാണ് കോൺഗ്രസ് പറയുന്നത്. കൊലപാതകം നടത്തിയ രീതി, വെട്ടിന്റെ ആഴവും നീളവും, ഉപയോഗിച്ച ആയുധം എന്നിവയിൽനിന്നു ക്വട്ടേഷൻ ടീമിനെ തിരിച്ചറിയാം. ഒഞ്ചിയത്തെ ആർ.എംപി. നേതാവ് ടി.പി.ചന്ദ്രശേഖരനെ വകവരുത്തിയത് കണ്ണൂർ സംഘമാണെന്നു വ്യക്തമായതോടെയാണു ക്വട്ടേഷൻ നേതാക്കളുടെ പേരുകൾ കേരളമാകെ പ്രചരിച്ചത്. കൊടി സുനി, അന്ത്യേരി സുര, കാട്ടി സുരേഷ്, കാക്ക ഷാജി, കിർമാണി മനോജ്, അണ്ണൻ സിജിത്ത്, ട്രൗസർ മനോജ്... ഇവരെല്ലാം കേരളത്തിലെ സൂപ്പർ പേരുകാരായി.

യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊന്നത് ടി.പിയെ വെട്ടിയ സംഘത്തിലെ കിർമാണി മനോജാണെന്നു കോൺഗ്രസ് നേതാവ് കെ. സുധാകരൻ തറപ്പിച്ചുപറയുന്നു. ടി.പിയുടെ ശരീരത്തിലുണ്ടായിരുന്ന അതേ തരം മുറിവുകളാണു ഷുഹൈബിന്റെ ശരീരത്തിലുള്ളതെന്ന് അവയുടെ ആഴവും നീളവുമളന്ന് അദ്ദേഹം പറയും. ഈ കൊലപാതകത്തിനു പ്രതിഫലമായി കിർമാണിക്ക് ലഭിച്ചത് 30 ദിവസത്തെ പരോളാണെന്നും സുധാകരൻ പറയുന്നു. പരോളിലിറങ്ങിയ കിർമാണി മനോജ് ഷുഹൈബിനെ വെട്ടിയ സംഘത്തിലുണ്ടായിരുന്നെന്ന വാദത്തിനു പിന്നാലെയാണ് അറസ്റ്റിലായ ആകാശ് തില്ലങ്കേരി തങ്ങളെ ആക്രമിച്ച സംഘത്തിലില്ലായിരുന്നെന്ന ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദിന്റെ മൊഴി പുറത്തുവന്നത്.

കൊലപാതകം സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘത്തിന്റെ പണിയാണെന്നു കോൺഗ്രസ് പ്രചാരണം ശക്തമാക്കുകയാണ്. പരോളിലിറങ്ങിയ കിർമാണി മനോജിനു ഷുഹൈബ് വധത്തിലുള്ള പങ്ക് പുറത്തുവന്നാൽ ഗൗരവം വർധിക്കുമെന്നതിനാലാണ് ആകാശിനെ പ്രതിയാക്കിയതെന്നും സുധാകരൻ ആരോപിക്കുന്നു. ഷുഹൈബിനെ വെട്ടിയത് പിന്നോട്ടു വളഞ്ഞ കനം കൂടിയ വാൾ കൊണ്ടാണെന്നും നൗഷാദ് പറയുന്നു. കൈയോ കാലോ തലയോ വെട്ടിമാറ്റാനായുള്ള കണ്ണൂരിലെ രാഷ്ട്രീയ ക്വട്ടേഷൻകാരുടെ സ്ഥിരം പണിയായുധമാണ് ഇത്.

അതിനിടെ ഷുഹൈബ് വധക്കേസിലെ പ്രതികൾ സിപിഎമ്മുകാർ തന്നെയാണെന്നും ഷുഹൈബിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെതന്നെയായിരുന്നു ആക്രമണമെന്നും കോടതിക്കു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. സിപിഎമ്മിനെ കുരുക്കിലാക്കുന്ന റിപ്പോർട്ട്, കാലു വെട്ടാനായിരുന്നു പദ്ധതിയെന്ന പ്രതികളുടെ വാദവും തള്ളിക്കളയുന്നു. എടയന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷത്തിൽ ഷുഹൈബ് ഇടപെട്ടതാണു പ്രകോപനം.

തില്ലങ്കേരി വഞ്ഞേരിയിലെ എം വി ആകാശ് , കരുവള്ളിയിലെ രജിൻ രാജ് എന്നിവരെ അറസ്റ്റ് ചെയ്തതു മാലൂർ സബ് സ്റ്റേഷൻ പരിസരത്തുനിന്നാണ്. ഒരു ലക്ഷം ഫോൺകോളുകൾ പരിശോധിക്കുകയും ശാസ്ത്രീയ പരിശോധനകൾ നടത്തിയുമാണ് ഇവരെ പിടികൂടിയതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. തിരിച്ചറിയൽ പരേഡിനു ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനാണു തീരുമാനം.

പിടിയിലാകാനുള്ള മൂന്നു പേരെപ്പറ്റിയും വ്യക്തമായ വിവരം ലഭിച്ചെന്നാണു സൂചന. മട്ടന്നൂർ എടയന്നൂർ സ്വദേശികളായ രണ്ടു പേരെയും മുടക്കോഴി സ്വദേശിയെയുമാണു പൊലീസ് തെരയുന്നത്. മട്ടന്നൂരിലും പരിസരത്തുമുള്ള ചില സിപിഎം. പ്രാദേശിക നേതാക്കളാണു കൊലപാതകത്തിനു പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP