Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202419Sunday

സിസ്റ്റർ അമലയെ കൊന്നെന്നു സ്വയം സമ്മതിച്ച് ഒരാൾ മാഹിയിൽ കീഴടങ്ങി; കൊലപാതക ദിവസം അപരിചതനെ കണ്ടെന്ന് സിസ്റ്ററുടെ മൊഴിയും; കൊലപാതകത്തിൽ അന്തേവാസികളേയും പൊലീസിന് സംശയം

സിസ്റ്റർ അമലയെ കൊന്നെന്നു സ്വയം സമ്മതിച്ച് ഒരാൾ മാഹിയിൽ കീഴടങ്ങി; കൊലപാതക ദിവസം അപരിചതനെ കണ്ടെന്ന് സിസ്റ്ററുടെ മൊഴിയും; കൊലപാതകത്തിൽ അന്തേവാസികളേയും പൊലീസിന് സംശയം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പാലായിലെ മഠത്തിനുള്ളിൽ കന്യാസ്ത്രീയുടെ കൊലപാതകത്തിനു പിന്നിൽ താനാണെന്ന് പറഞ്ഞ് ഒരാൾ മാഹി പൊലീസിന് മുന്നിൽ കീഴടങ്ങി. കോട്ടയം സ്വദേശിയാണ് കീഴടങ്ങിയത്. പാലാ ലിസ്യുക്‌സ് കർമലീത്താ കോൺവെന്റിലെ മൂന്നാം നിലയിലുള്ള മുറിയിലാണ് സിസ്റ്റർ അമല വാലുമ്മേലിനെ(69) ഭാരമുള്ള വസ്തു ഉപയോഗിച്ചു തലയ്ക്കടിയേറ്റു മരിച്ചനിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കോട്ടയം സ്വദേശിയാണെന്ന് പറഞ്ഞാണ് ഇയാൾ കീഴടങ്ങിയത്. കൊല നടത്തിയ ആൾ മലബാറിലേക്ക് പോയതായി പൊലീസിന് നേരത്തെ വിവരം കിട്ടിയിരുന്നു. ഇത്തരത്തിൽ അന്വേഷണം വ്യാപിക്കുന്നതിനിടെയാണ് അറസ്റ്റ് നടക്കുന്നത്.

അതിനിടെ കൊലയ്ക്ക് പിന്നീൽ അന്തേവാസികൾ തന്നെയാണോയെന്നു പൊലീസിനു സംശയമുണ്ട്. അന്തേവാസികളെ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം ഇപ്പോൾ നടക്കുന്നത്. മഠത്തിലെ മുപ്പതോളം കന്യാസ്ത്രീമാരെയും വേലക്കാരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. മൂന്നാം നിലയിലുള്ള ഹാൾ ആറായി ഒറ്റക്കട്ടയ്ക്കു ഭിത്തി കെട്ടിത്തിരിച്ച മുറികളിലൊന്നിലായിരുന്നു സിസ്റ്റർ അമലയുടെ മൃതദേഹം കിടന്നിരുന്നത്. ഒന്നരയാൾ മാത്രം ഉയരത്തിലുള്ള ഭിത്തിയുടെ മുകൾഭാഗം തുറന്നുകിടക്കുന്നതാണ്. കൈയുയർത്തിയാൽപോലും കാണാവുന്ന തരത്തിലുള്ള മുറികളായിട്ടും കൊലപാതകം നടന്നിട്ടു മറ്റുമുറികളിലുള്ളവർ എന്തുകൊണ്ടറിഞ്ഞില്ല എന്നതാണു പൊലീസിനു ദുരൂഹതയായി തോന്നുന്നത്. ചെറിയ ഒരുനിലവിളി പോലും വ്യക്തമായി കേൾക്കാമെന്നിരിക്കെ തൊട്ടടുത്തുള്ളവർ കേട്ടില്ലെന്നു പറയുന്നതിനാലാണ് കോൺവെന്റിനകത്തുള്ളവരെ സംശയിക്കാൻ കാരണമാകുന്നത്.

കൊല നടത്തിയത് മോഷ്ടാവായിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഇപ്പോൾ മാഹിയിൽ കീഴടങ്ങിയ വ്യക്തിയെ ചോദ്യം ചെയ്താലേ ഇക്കാര്യങ്ങളിൽ വ്യക്തത വരൂ. കോൺവെന്റിന്റെ രണ്ടാം നിലയോടു ചേർന്ന് ഉയർന്നു നിൽക്കുന്ന പുരയിടത്തിൽനിന്നു കോൺവെന്റിൽ പോർച്ചിനു മുകളിലുള്ള വാർക്കയിലേക്കു കയറാം. അവിടെനിന്നു ഗ്രിൽ വാതിൽ തുറന്നു വരാന്തയിലെത്തി തുറന്നുകിടക്കുന്ന മുറിക്കകത്തേക്കു മോഷ്ടാവ് കടക്കാനുള്ള സാധ്യതയും പൊലീസ് നോക്കുന്നുണ്ട്. ഈ വിധത്തിൽ ഒരാളെ പറമ്പിൽനിന്നു കോൺവെന്റിലേക്കു പ്രവേശിപ്പിച്ചു പരീക്ഷണം നടത്തിനോക്കുകയും ചെയ്തു പൊലീസ്. അതിനിടെ സിസ്റ്ററുടെ മരണ ദിവസം അപരിചതനെ മഠത്തിൽ കണ്ടെന്നും പൊലീസിന് സൂചനയുണ്ട്. ടെറസിന് മുകളിൽ ഒരാൾ നിൽക്കുന്നത് കണ്ടെന്ന് സിസ്റ്റർ ജൂലിയയാണ് പൊലീസിന് മൊഴി നൽകിയത്.

ഇതിനിടയിൽ മഠത്തിനു മുകളിലെ മിന്നൽ രക്ഷാചാലകത്തിനുപയോഗിച്ച വിലപിടിപ്പുള്ള ചെമ്പു കമ്പി കാണാതായതിനെക്കുറിച്ചും പൊലീസ് പരിശോധന നടത്തി. അതു നേരത്തേ മോഷ്ടിക്കപ്പെട്ടിരുന്നോയെന്ന് അന്വേഷിക്കുന്നുണ്ട്. കോട്ടയത്തു പയസ് ടെൻത് കോൺവെന്റിൽ സിസ്റ്റർ അഭയ കൊല്ലപ്പെട്ടതിനെത്തുടർന്നുള്ള അന്വേഷണത്തിനിടയിൽ ഇതുപോലെ കോൺവെന്റിലെ ചെമ്പുകമ്പി മോഷ്ടിക്കപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. അന്നും ആ ദിശയിലുള്ള അന്വേഷണം നടത്തുകയും മോഷ്ടാവിനെ പിടികൂടി അഭയയുടെ മരണവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. ഏതായാലും ഇപ്പോൾ കീഴടങ്ങിയ ആളിനെ ചോദ്യം ചെയ്ത ശേഷമേ

അതിനിടെ രണ്ടാഴ്ച മുമ്പ് ഇതേ കോൺവെന്റിലെ വയോധികയായ മറ്റൊരു കന്യാസ്ത്രീക്ക് നേരെയും ആക്രമണം ഉണ്ടായെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ കന്യാസ്ത്രീ മഠങ്ങളിൽ സമാനമായ ആക്രമണങ്ങളുണ്ടായെന്നതും ശ്രദ്ധേയമാണ്. എല്ലായിടത്തും വയോധികരായ കന്യാസ്ത്രീമാരാണ് ആക്രമണത്തിനിരയായത്. എവിടെയും പരാതി ഉണ്ടായില്ല എന്നതാണ് ദുരൂഹം. നേരത്തേ പാലായിലെ മഠത്തിലെ കന്യാസ്ത്രീയുടെ തലയിലുണ്ടായ മുറിവും ഇന്നലെ മരിച്ച സിസ്റ്റർ അമലയുടെ തലയിലെ മുറിവും സമാനമാണെന്നും ഒരേ തരത്തിലുള്ള ആയുധമാണ് അക്രമി ഉപയോഗിക്കുന്നതെന്നതിന്റെ സൂചനയാണിതെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ പറയുന്നു. മാനസിക വിഭ്രാന്തിയുള്ള അക്രമി റിപ്പർ മോഡലിൽ, സമാന രീതിയിൽ വയോധികരായ കന്യാസ്ത്രീകളെ മാത്രം ആക്രമിക്കുകയാണെന്നാണ് വാദം,ൃ.

പാലാ ലിസ്യു കർമലീത്താ മഠത്തിലെ അധികാരികളുടെ മൊഴിയിൽ ഏറെ ആശയക്കുഴപ്പമുണ്ട്. ഓരാളെ തലയ്ക്കടിച്ച് കൊന്നിട്ടും ആരും അറിഞ്ഞില്ലെന്ന വാദം നിലനിൽക്കില്ലെന്നാണ് പൊലീസിന്റെ നിലപാട്. ആയുധം ഉപയോഗിച്ചുള്ള മുറിവാണ് മരണ കാരണം. ഈ ഭാഗം കൂടി അന്വേഷണത്തിൽ വ്യക്തത വന്നാൽ അടുത്ത ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങും. ഏതായാലും കൊലപാതകിയെ കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. അതിനിടെ തലയിൽ ആയുധം കൊണ്ട് ഉണ്ടായ മാരക മുറിവാണ് സിസ്റ്ററുടെ മരണത്തിന് കാരണമെന്ന് വിശദമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പൊലീസിന് ലഭിച്ചു. ഈ സാഹചര്യത്തിലാണ് പാലാ ഡി.വൈ.എസ്‌പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കൂടുതൽ വിശദമായ അന്വേഷണത്തിലേക്ക് കടക്കുന്നത്.

ഭാരമുള്ള വസ്തു കൊണ്ടു തലയ്ക്ക് അടിയേറ്റാണു മരണമെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടു സൂചിപ്പിക്കുന്നു. പുലർച്ചെ രണ്ടരയ്ക്കും ഏഴിനും ഇടയിലാണു മരണം സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. പുലർച്ചെ എല്ലാവരും നല്ല ഉറക്കത്തിലായിരിക്കും. അതുകൊണ്ടാകാം സിസ്റ്ററുടെ നിലവിളി കേൾക്കാത്തത് എന്ന വാദമാണ് മഠം ഉയർത്തുന്നത്. ഇന്നലെ രാവിലെയാണ് സിസ്റ്റർ അമല(69)യെ മഠത്തിലെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിലെ ഇവരുടെ കട്ടിലിൽ നെറ്റിയിൽ മുറിവേറ്റ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സിസ്റ്റർ രാവിലെ കുർബാനയിൽ പങ്കെടുത്താതിരുന്നതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയുടെ വാതിൽ ചാരിയ നിലയിലായിരുന്നു. പനി ബാധിച്ച് രണ്ടു മൂന്നു ദിവസമായി വിശ്രമത്തിലായിരുന്നു സിസ്റ്റർ എന്ന് മഠം അധികൃതർ പറഞ്ഞു.

സുഖമില്ലാതിരുന്നപ്പോഴും രാവിലത്തെ കുർബാന മുടക്കാറില്ലായിരുന്നു. ഇന്ന് രാവിലെ പതിവിന് വിരുദ്ധമായി കുർബാനയിൽ പങ്കെടുക്കാത്തതിനാലാണ് അന്വേഷിച്ചത്. കോൺവെന്റിന് സമീപത്തെ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകളും ഈ കോൺവെന്റിൽ താമസക്കാരായുണ്ട്. രാത്രി കാലങ്ങളിൽ പലരും ആശുപത്രിയിലേക്കും തിരിച്ചും കോൺവെന്റിൽ നിന്ന് പോകാറുണ്ടെന്നും അതിനാൽ പുറമെ നിന്നാരെങ്കിലും വന്നിട്ടുണ്ടോയെന്ന് ഉറപ്പില്ലെന്നുമാണ് മഠം അധികൃതർ പറയുന്നത്. ഏതായാലും തലയ്ക്ക് അടിയേറ്റ സിസ്റ്റർ ഉച്ചത്തിൽ നിലവിളിക്കാനുള്ള സാധ്യതയുണ്ട്. ഇങ്ങനെയൊരു നിലവിളി തൊട്ടടുത്ത മുറിയിലുള്ള ആരും കേട്ടില്ലെന്നത് വിശ്വസിക്കാൻ പൊലീസിന് കഴിയുന്നില്ല. ഇക്കാര്യങ്ങളിൽ വ്യക്തമായ വിശദീകരണം നൽകാൻ മഠത്തിന് കഴിഞ്ഞിട്ടില്ല.

സമീപകാലത്ത് രോഗബാധയെത്തുടർന്ന് ആശുപത്രിയിലായിരുന്നതിനാൽ സിസ്റ്റർ അമലയുടെ മുറി പൂട്ടാറില്ലായിരുന്നു. മൂന്നാംനിലയിൽ തൊട്ടടുത്ത മുറികളിലും ആളുണ്ടായിരുന്നു. രാത്രി 12 മണിയോടെ ഇവിടത്തെ കന്യാസ്ത്രീ ഡോ.റൂബിമരിയ, സമീപത്തുള്ള കാർമൽ ആശുപത്രിയിലേക്കു പോയിരുന്നു. ഇവർ രണ്ടാംനിലയിലുള്ള മുറിയിലാണ് താമസിച്ചിരുന്നത്. ഈ മുറിയിൽനിന്നാണ് 500 രൂപയോളം കാണാതായത്. കോട്ടയത്തുനിന്ന് വിരലടയാളവിദഗ്ധരായ ജോസ് ടി. ഫിലിപ്പ്, ശ്രീജ എന്നിവർ സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ്‌നായ 'ജിൽ' മണംപിടിച്ച് മഠത്തിനു സമീപത്തുള്ള സ്വകാര്യ ആശുപത്രിയുടെ പരിസരത്തുകൂടി 150 മീറ്റർ അകലെയുള്ള പാലാ കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡുവരെ ഓടി തിരികെയെത്തി.

രാമപുരം വാലുമ്മേൽ പരേതരായ വി.ഡി.ആഗസ്തിയുടെയും ഏലിയുടെയും മകളാണ് അമല. പന്നിമറ്റം അസീസി മഠത്തിലെ സിസ്റ്റർ ഹിൽഡ, സി.എം.സി. പ്രൊവിൻഷ്യാൾ സിസ്റ്റർ ലൂസി മേരി, പരേതയായ സിസിലി എന്നിവർ സഹോദരങ്ങളാണ് . ശവസംസ്‌കാരശുശ്രൂഷകൾ ശനിയാഴ്ച രാവിലെ ഒമ്പതിന് പാലാ കാർമൽ ആശുപത്രിയിലെ ചാപ്പലിൽ ആരംഭിക്കും. കിഴതടിയൂർ സെന്റ് ജോസഫ്‌സ് പള്ളിയിൽ സംസ്‌കരിക്കും. വെള്ളിയാഴ്ച വൈകുന്നേരം നാലിന് കാർമൽ ആസ്?പത്രിയിൽ മൃതദേഹം പൊതുദർശനത്തിന് എത്തിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP