Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംരക്ഷണ ഭിത്തി കെട്ടാനെന്ന വ്യാജേന ഹൈക്കോടതി തടഞ്ഞ ഫ്‌ളാറ്റ് നിർമ്മാണം തകൃതി; അയൽവാസിക്ക് സംരക്ഷണഭിത്തി കെട്ടികൊടുക്കില്ലെന്ന വാശിയിൽ തന്നെ ഫ്‌ളാറ്റ് ഉടമകൾ; സ്‌കൈലൈൻ ബിൽഡേഴ്‌സിന്റെ ക്രൂരതയ്‌ക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് പരാതിക്കാരൻ; ഹൈക്കോടതി വിധി വെല്ലുവിളിച്ച് നടത്തുന്ന നിർമ്മാണത്തിന് കോട്ടയം നഗരസഭയുടെ ഒത്താശ

സംരക്ഷണ ഭിത്തി കെട്ടാനെന്ന വ്യാജേന ഹൈക്കോടതി തടഞ്ഞ ഫ്‌ളാറ്റ് നിർമ്മാണം തകൃതി; അയൽവാസിക്ക് സംരക്ഷണഭിത്തി കെട്ടികൊടുക്കില്ലെന്ന വാശിയിൽ തന്നെ ഫ്‌ളാറ്റ് ഉടമകൾ; സ്‌കൈലൈൻ ബിൽഡേഴ്‌സിന്റെ ക്രൂരതയ്‌ക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് പരാതിക്കാരൻ; ഹൈക്കോടതി വിധി വെല്ലുവിളിച്ച് നടത്തുന്ന നിർമ്മാണത്തിന് കോട്ടയം നഗരസഭയുടെ ഒത്താശ

ആർ.പീയൂഷ്

തിരുവനന്തപുരം: ഹൈക്കോടതി വിധിയെ വെല്ലുവിളിച്ചു കോട്ടയം കഞ്ഞിക്കുഴിയിൽ സ്‌കൈലൈൻ ബിൽഡേഴ്‌സിന്റെ ഫ്‌ളാറ്റ് നിർമ്മാണം തകൃതിയായി നടക്കുന്നു. വ്യാജ രേഖകൾ ചമച്ചുള്ള നിർമ്മാണമാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധി മറികടന്നാണ് ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നത്.

അയൽവാസിക്ക് സംരക്ഷണ ഭിത്തി നിർമ്മിച്ചു നൽകുന്നു എന്ന വ്യാജേനയാണ് നിർമ്മാണം നടത്തുന്നത്. ഫ്‌ളാറ്റിന്റെ ഒരു നിലയെങ്കിലും പണിത് തീർത്ത് റെഗുലറൈസ് ചെയ്യാനാണ് ഉത്തരവിനെ മറികടന്നുള്ള ഈ നിർമ്മാണത്തിന് പിന്നിൽ. റെഗുലറൈസ് ചെയ്ത് കഴിഞ്ഞാൽ താൽക്കാലിക പെർമിറ്റോട് കൂടി ഫ്‌ളാറ്റിന്റെ നിർമ്മാണം പൂർത്തിയാക്കി വിൽപ്പന നടത്താനാണ് ഉടമകളുടെ ലക്ഷ്യം. 2016 ലാണ് ഹൈക്കോടതി നിർമ്മാണത്തിന് വിലക്കേർപ്പെടുത്തിയത്. സ്‌കൈലൈന്റെ നിർമ്മാണ പ്രവർത്തനം മൂലം സമീപവാസിയായ ബിബിൻ ജേക്കബ് തന്റെ കെട്ടിടത്തെ അപകടാവസ്ഥയിലാക്കിയ നിർമ്മാണ പ്രവർത്തനത്തിനെതിരെ പരാതി നൽകിയതോടെയാണ് കോടതി ഉത്തരവ് പുറപ്പെടിവിച്ചത് നിർമ്മാണ പ്രവർത്തനങ്ങൾ തടയുകയായിരുന്നു.

എന്നാൽ അപ്പോഴെല്ലാം സ്റ്റേ ലഭിച്ചിട്ടും വക വയ്ക്കാതെ സ്‌കൈലൈൻ അവരുടെ നിർമ്മാണ പ്രവർത്തനം തുടരുകയായിരുന്നു. ബിബിന്റെ കെട്ടിടത്തിൽ വിള്ളൽ വീഴുകയും വീടിരിക്കുന്ന സ്ഥലത്ത് നിന്നും ഒരു ഭാഗം ഇടിഞ്ഞ് ഫ്‌ളാറ്റ് നിർമ്മിക്കുന്ന സ്ഥലത്തേക്ക് പതിക്കുകയായിരുന്നു. ഇക്കാരണത്താൽ തന്നെ ബിബിനും കുടുംബവും താമസസൗകര്യം ലഭിക്കാതെ വന്നതോടെ മറ്റൊരു സ്ഥലത്തേക്ക് മാറുകയും ചെയ്തു. ബിബിന്റെ വീടിന് കേടുപാട് സംഭവിച്ചതിന് പരിഹാരമായി സുരക്ഷാ ഭിത്തി നിർമ്മിച്ചു നൽകാനും നേരത്തെ കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും സ്‌കൈലൈൻ ഓരോ ന്യായങ്ങൾ നിരത്തി വഴുതി മാറുകയായിരുന്നു. അനുമതി ലഭിച്ചതിലും നൂറ് മടങ്ങ് അധികം മണ്ണാണ് ഇവിടെ നിന്നും സ്‌കൈലൈൻ അനധികൃതമായി മാറ്റിയത്. 350 ചതുരശ്ര മീറ്ററിന് താഴെയുള്ള കെട്ടിടങ്ങൾക്കാണ് മണ്ണെടുത്ത് മാറ്റാൻ അനുമതിയുള്ളത്. എന്നാൽ സ്‌കൈലൈന്റെ കെട്ടിടം 17000 ചതുരശ്ര മീറ്റർ കവിഞ്ഞ് നൽക്കുന്ന ഒന്നാണ് എന്നിട്ടും ഏകദേശം 60 അടിയോളം താഴ്ചയിലാണ് ഇവിടെനിന്നും മണ്ണ് മാറ്റിയിരിക്കുന്നത്.

450 ഡിഎംസി പൈലിങ്ങാണ് ഫ്ളാറ്റ് നിർമ്മിക്കുന്നതിനായി ആവശ്യമുള്ളത്. അതിൽ 350 ഡിഎംസി പൈലിങ്ങോളം പൂർത്തിയാക്കിയിശേഷമാണ് ഫ്ളാറ്റിന്റെ നിർമ്മാണം നേരത്തെ നിർത്തിവെച്ചത്.കഞ്ഞിക്കുഴിയിൽ സ്‌കൈലൈൻ നിർമ്മിക്കുന്ന ഈ ഫ്‌ളാറ്റ് എല്ലാ രീതിയിലും സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. കെട്ടിടനിർമ്മാണത്തിന്റെ ഭാഗമായി വാഹനങ്ങൾ കടന്നുപോകുന്നത് കഞ്ഞിക്കുഴി കാശിവേലിക്കുന്ന് റോഡിലൂടെയാണ്. കെ.കെ റോഡിന് പകരമാണ് ഇവർ ഇത് ഉപയോഗിക്കുന്നത്. മണൽ കയറ്റിയുള്ള വാഹനങ്ങൾ കടന്നു പോകുന്നത് കാരണം സ്‌കൂൾ കുട്ടികൾ ഉൾപ്പടെയുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുകയാണ്.

സമീപത്തെ മറ്റൊരു ഹൗസിങ്ങ് കോളനിയായ ദീപ്തി നഗർ നിവാസികൾക്കും കെട്ടിടനിർമ്മാണം മൂലം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് പതിവാണ്. 30 വർഷത്തിന് മുകളിൽ പഴക്കമുള്ള കെട്ടിടങ്ങളാണ് ഇവിടെ അധികവും. ഇവിടങ്ങളിൽ താമസിക്കുന്നവരാകട്ടെ മിക്കവാറും എല്ലാവരും തന്നെ പ്രായമേറിയവരുമാണ്. വലിയ രീതിയിലുള്ള പൈലിങ്ങും മറ്റും മൂലം വലിയ രീതിയിൽ വീടുകൾക്ക് കേട് സംഭവിക്കുന്നുണ്ട്. നേരത്തെ ഫ്‌ളാറ്റിന്റെ നിർമ്മാണം കാരണം വീടിനും വസ്തുവിനും കേട് സംഭവിച്ച ബിബിന്റെ വീടിനെക്കാളും പഴക്കമുള്ള കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.

കെട്ടിടനിർമ്മാണത്തിനായി ഇവർ വലിയ അളവിൽ വെള്ളം ഉപയോഗിക്കുന്നതിനാൽ പ്രദേശത്തെ കുടിവെള്ള ക്ഷാമവും രൂക്ഷമാവുകയാണ്. കമ്പനി അധികൃതർ കുഴൽകിണർ ഉപയോഗിക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ഇതിനും പ്രത്യേകിച്ച് തെളിവൊന്നുമില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം. സ്ഥലം എംഎൽഎ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണന് പരാതി നൽകിയപ്പോൾ അവരുമായി ഒരു തവണ കൂടി കാര്യങ്ങൾ സംസാരിച്ചശേഷം എംഎൽഎയുടെ സാന്നിധ്യത്തിൽ ചർച്ച നടത്താനും ധാരണയായി. സമീപത്തെ കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിക്കാതിരിക്കാൻ സുരക്ഷാ ഭിത്തി കെട്ടണമെന്നു നേരത്തെ മുൻസിപാലിറ്റിയുടെ മെമോയും കോടതിയുടെ ഉത്തരവും ഉണ്ടായിരുന്നു. എന്നാൽ ചാക്കിൽ മണ്ണ് നിറച്ച് കെട്ടേണ്ടതിന് പകരം വെറും തകര ഷീറ്റ് കൊണ്ട് മറച്ച അവസ്ഥയാണ്. ഹൈക്കോടതി വിധിപോലും മാനിക്കാതെയുള്ള കെട്ടിടനിർമ്മാതാക്കളുടെ പ്രവർത്തി എന്ത് അടിസ്ഥാനത്തിലാണെന്ന ആശ്ചര്യത്തിലാണ് നാട്ടുകാരും ആക്ഷൻകൗൺസിലുമെല്ലാം.

കോട്ടയം നഗരത്തിലെ തന്നെ ഏറ്റവും വലിയ ഫ്‌ളാറ്റാണ് ഇവിടെ പേൾ എന്ന പേരിൽ നിർമ്മാണം നടത്തിവരുന്നത്. ഫ്‌ളാറ്റ് നിർമ്മാണത്തിനായി പൈലിങ്ങ് നടത്തിയപ്പോഴാണ് തൊട്ടടുത്ത കെട്ടിടം അപകടാവസ്ഥയിലേക്ക് എത്തിയത്. അനുവദിച്ച അളവിൽ കൂടുതൽ പൈലിങ്ങ് നടത്തിയതാണ് തൊട്ടടുത്ത കെട്ടിടത്തെ അപകട നിലയിലേക്ക് തള്ളിവിട്ടത്. ഫ്ളാറ്റ് നിർമ്മാണത്തിന്റെ ഭാഗമായി 60 അടിയോളം താഴ്ചയിൽ മണ്ണ് മാറ്റി. തൊട്ടടുത്തുള്ള ഒരേയൊരു കെട്ടിടത്തിന്റെ സുരക്ഷയെ കുറിച്ച് യാതൊരു ശ്രദ്ധയും ഇല്ലാതെയാണ് അനധികൃതമായ നിർമ്മാണ പ്രവർത്തനം നടത്തിവന്നിരുന്നത്.

ഫ്‌ളാറ്റ് അപകടാവസ്ഥയിലായത് കാരണം ഇപ്പോൾ വാടക വീട്ടിലാണ് ബിബിനും കുടുംബവും താമസം.ഫ്ളാറ്റിന്റെ നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ ബിബിൻ നിർമ്മാതാക്കളോട് പറഞ്ഞിരുന്നു ഇത്തരം നിർമ്മാണം തന്റെ കെട്ടിടത്തിന് അപകടമുണ്ടാക്കും അതിനാൽ തനിക്ക് സുരക്ഷാ ഭിത്തി നിർമ്മിച്ച് നൽകണമെന്ന്. ഈ വാർത്ത മറുനാടൻ മലയാളി നേരത്തെ റിപ്പോർട്‌ചെയ്തിരുന്നു.പിന്നീട് ഫ്‌ളാറ്റ് നിർമ്മാണം അപകടകരമാക്കുമെന്ന് കാണിച്ച് ബിബിൻ മുൻസിപാലിറ്റി, മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പ് വില്ലേജ് ഓഫീസർ എന്നിവർക്ക് നൽകിയെ പരാതിയിൽ നിർമ്മാണ പ്രവർത്തനം നിർത്തിവെയ്ക്കാനുള്ള സ്റ്റോപ് മെമൊ നൽകിയെങ്കിലും അധികാരികളുടെ ഒത്താശയോടെ തന്നെ നിർമ്മാണ പ്രവർത്തനം തുടരുകയായിരുന്നു.

ഇത് മുൻസിപ്പാലിറ്റിയെ അറിയച്ചപ്പോഴെല്ലാം അവർ പരിശോധനയ്ക്ക് വരുമ്പോൾ നിർമ്മാണം നടക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ നൽകിയിരുന്നത്. ഹൈക്കോടതിയിൽ നിന്നും സ്റ്റേ ഓർഡർ നേടിയിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയായിരുന്നു. പിന്നീട് ഇത് അധികാരികളും ഫ്‌ളാറ്റ് നിർമ്മാതാക്കളും തമ്മിലെ ഒത്തുകളിയാണെന്ന് മനസ്സിലാക്കിയ ബിബിൻ സിസിടിവി ക്യാമറ സ്ഥാപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഓർഡർ ഉണ്ടായിട്ടും നിങ്ങൾക്ക് ഈ അനീതി തടയാനാകുന്നില്ലേ എന്ന് ചോദിച്ചപ്പോൾ മുൻസിപ്പൽ എഞ്ചിനീയർ ആന്ദരാജ് നൽകിയ മറുപടി കോടതി അലക്ഷ്യത്തിന് കേസ് നൽകൂ എന്നാണ്. പിന്നീട് കോട്ടയം എസ്‌പി ഉൾപ്പടെയുള്ളവർ ഇടപെട്ടാണ് നിർമ്മാണ പ്രവർത്തനം നിർത്തിവെയ്‌പ്പിച്ചതും. നിയമത്തെയും നാട്ടുകാരെയും വെല്ലുവിളിച്ച് നടത്തുന്ന സ്‌കൈലൈൻ ബിൽഡേഴ്‌സിന്റ ഫ്‌ളാറ്റ് നിർമ്മാണത്തിനെതിരെ മരണം വരെ പോരാട്ടം നടത്തുമെന്ന് വിപിൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP