Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൈനയ്ഡ് കണ്ടെത്തിയതിനാൽ പോസ്റ്റ്മാനായും പ്ലംബറായും വീട്ടിൽ പണിക്കെത്തി പൊലീസ് തെളിവ് ശേഖരിച്ചു; ഫോൺ കോളുകൾ ചോർത്തിയും കാമുകനുമായുള്ള കൂടിക്കാഴ്ചകൾ നിരീക്ഷിച്ചും അവരുറപ്പിച്ചു കൊലയാളി ഇവൾ തന്നെയെന്ന്; മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്‌കരിച്ചതോടെ എല്ലാം ശുഭമെന്ന് കരുതി മടങ്ങിയ സോഫിയയെ കുടുക്കിയത് ഓസ്‌ട്രേലിയൻ പൊലീസിന്റെ അതീവ ജാഗ്രത

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൈനയ്ഡ് കണ്ടെത്തിയതിനാൽ പോസ്റ്റ്മാനായും പ്ലംബറായും വീട്ടിൽ പണിക്കെത്തി പൊലീസ് തെളിവ് ശേഖരിച്ചു; ഫോൺ കോളുകൾ ചോർത്തിയും കാമുകനുമായുള്ള കൂടിക്കാഴ്ചകൾ നിരീക്ഷിച്ചും അവരുറപ്പിച്ചു കൊലയാളി ഇവൾ തന്നെയെന്ന്; മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്‌കരിച്ചതോടെ എല്ലാം ശുഭമെന്ന് കരുതി മടങ്ങിയ സോഫിയയെ കുടുക്കിയത് ഓസ്‌ട്രേലിയൻ പൊലീസിന്റെ അതീവ ജാഗ്രത

മറുനാടൻ മലയാളി ബ്യൂറോ

മെൽബൺ: ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നതാണ് ഇന്ത്യൻ നിയമം ഉറപ്പുവരുത്തുന്ന നീതിന്യായം. ഈ പഴുതുപയോഗിച്ച് പലരും രക്ഷപ്പെടും. അതുകൊണ്ട് തന്നെ കൊലപാതകമെന്ന് ഉറപ്പുള്ള കേസുകൾക്ക് പിന്നാലെ മാത്രമേ ഇന്ത്യയിലെ സംവിധാനങ്ങൾ നീങ്ങാറുള്ളൂ. അപവാദമായി ചുരുക്കം കേസുകളുണ്ട്. എന്നാൽ ഓസ്‌ട്രേലിയയിൽ കാര്യങ്ങൾ അങ്ങനെ അല്ല. ചെറിയ സംശയം പോലും അവിടത്തെ കുറ്റാന്വേഷകർ കാര്യമായെടുക്കും. സ്വാഭാവിക മരണമെന്ന് എഴുതി തള്ളുന്ന മരണങ്ങളിൽ പോലും പരാതി ഉയർന്നാൽ അതീവ ഗൗരവത്തോടെ അവർ അന്വേഷണം നടത്തും. എല്ലാം ശുഭമായെന്ന് കരുതിയ കേസിൽ സോഫിയാ സാം എന്ന മലയാളി യുവതി അഴിക്കുള്ളിലായതും ഈ കരതലും ഗൗരവവുമാണ്. ഭർത്താവ് സാം എബ്രഹാമിനെ കൊന്നതിന് സോഫിയയ്ക്കും അരുൺ കമലാസനനും ശിക്ഷ ഉറപ്പാക്കിയത് ഈ അന്വേഷണ മികവാണ്.

സോഫിയയ്ക്ക് 22 വർഷവും കാമുകൻ അരുൺ കമലാസനന് 27 വർഷവുമാണ് തടവുശിക്ഷ അനുഭവിക്കേണ്ടി വരുക. വിധി കേട്ട സോഫിയ പൊട്ടിക്കരഞ്ഞു. എന്നാൽ കാമുകനായ അരുൺ തികച്ചും നിർവികാരനായി കാണപ്പെട്ടു. തനിക്ക് തെറ്റുപറ്റിയെന്നും സാം മരിക്കുമെന്ന് കരുതിയില്ലെന്നും, കുഞ്ഞു ഉള്ളതിനാൽ ശിക്ഷ കുറച്ചു തരണമെന്നും സോഫിയ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ കോടതി ഇത്തരം വാദങ്ങളെ പൂർണ്ണമായും തള്ളി. സോഫിയയുടെ വഴിവിട്ട ജീവിതമാണ് കൊലയ്ക്ക് കാരണമായി കരുതപ്പെടുന്നത്. മുൻപ് സാമിനെ കൊല്ലാൻ മെൽബണിൽ ഗുണ്ടാ സംഘത്തെ സോഫിയയും കാമുകനും ചേർന്ന് ഏർപ്പാടാക്കിയിരുന്നു. ഒരു ദിവസം ജോലി കഴിഞ്ഞ് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ സാമിനെ ഗുണ്ടകൾ കുത്തി മുറിവേൽപ്പിച്ചിരുന്നു. അന്ന് സാം ഓടി രക്ഷപെടുകയായിരുന്നു. ഈ സംഭവത്തിനുശേഷം തന്റെ ജീവൻ അപകടത്തിലാണെന്ന് നാട്ടിലേക്ക് വിളിച്ച് സാം പറഞ്ഞിരുന്നു. തുടർന്ന് ഭയം മൂലം ജോലിക്ക് പോയില്ല. വീട്ടിൽ തന്നെ തങ്ങി.

ഭർത്താവിന്റെ മൃതശരീരം നാട്ടിൽ അടക്കം ചെയ്തശേഷം ഓസ്‌ട്രേലിയയിൽ തിരിച്ചെത്തിയ സോഫിയ അവിടുത്തെ പ്രവാസി മലയാളികളുടെ മുന്നിലും ദുഃഖം അഭിനയിച്ചു. എന്നാൽ സോഫിയയും അരുണും പരസ്പരം കണ്ടിരുന്നു. ഇവരുടെ യാത്രയും കൂടിക്കാഴ്ചയുമെല്ലാം ഓസ്ട്രേലിയയിലെ പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ സാമിന്റെ രക്തത്തിൽ സയനൈഡ് കലർന്നത് വ്യക്തമായിരുന്നു. എന്നാൽ ഇത് പൊലീസ് രഹസ്യമാക്കി വച്ചു. ഒപ്പം സോഫിയയെയും അവരുടെ വീടും നിരീക്ഷിച്ചു. ഇവരുടെ ഫോൺ കോളുകൾ ചോർത്തി. പലപ്പോഴും വീട്ടിൽ ഇലക്ട്രീഷ്യനായും പ്‌ളംബറായും പോസ്റ്റ്മാനായുമെല്ലാം പൊലീസെത്തി. ശേഖരിച്ച എല്ലാ വിവരങ്ങളും റെക്കോർഡ് ചെയ്തു. ഇതൊന്നും സോഫിയ തിരിച്ചറിയാതെ പോയി. അങ്ങനെ പ്രതികളെ പൊലീസ് നിരന്തരം പിന്തുടർന്നു. ഒടുവിൽ ചോദ്യം ചെയ്യലും അറസ്റ്റും. അപ്പോഴേക്കും കൊലയുടെ യഥാർത്ഥ ചിത്രം പൊലീസിന് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ കുറ്റസമ്മതവും എത്തി.

കേസിൽ വിചാരണ തുടങ്ങിയതോടെ ജാര കമിതാക്കളായ സോഫിയക്കും അരുൺ കമലാസനനും എതിരായ തെളിവുകൾ പുറത്തുവന്നിരുന്നു. ഇരുവരെയും വെട്ടിലാക്കുന്ന തെളിവുകളും വിചാരണാ വേളയിൽ പ്രോസിക്യൂഷൻ ഹാജരാക്കി. ഇതെല്ലാം ശിക്ഷ ഉറപ്പാക്കാൻ നിർണ്ണായകമായി. ഇരുവരും ഒരുമിച്ചുള്ള സി സി ടി വി ദൃശ്യങ്ങളും, സോഫിയ അരുണുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ കോൾ ലിസ്റ്റും പ്രോസിക്യൂട്ടർ കെറി ജഡ്, ഝഇ, ജൂറിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. ഭർത്താവിനെ ഒഴിവാക്കി ഒരുമിച്ച് ജീവിക്കാൻ വേണ്ടി നേരത്തെ പദ്ധതിയിട്ടിരുന്നു എന്ന വ്യക്തമാക്കുന്ന തെളിവുകളായിരുന്നു ഇവ. 2014 ജനുവരിയിൽ കോമൺവെൽത്ത് ബാങ്കിൽ സോഫിയയും അരുണും ജോയിന്റ് അക്കൗണ്ട് തുറന്നിരുന്നു എന്നാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ തെളിവുകൾ. അരുൺ കമലാസനന്റെ വിലാസം ഉപയോഗിച്ച് സോഫിയ ഇന്ത്യയിലേക്ക് പണമയച്ചതിന്റെ രേഖകളും ഹാജരാക്കി. ഇരുവരും തമ്മിൽ സംസാരിക്കാൻ പ്രത്യേകം സിം തന്നെ ഉപയോഗിച്ചിരുന്നു. അരുണിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചാണ് സോഫിയ സ്ഥിരമായി അരുണിനെ വിളിച്ചത്. പ്രതികൾ രണ്ടു പേരും ഒരുമിച്ചു കാറിൽ സഞ്ചരിക്കുന്നതിന്റെയും ലേലോർ ട്രെയിൻ സ്റ്റേഷനിൽ കാർ പാർക്ക് ചെയ്ത ശേഷം ട്രെയിൻ കയറാനായി പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളും ജൂറിക്ക് മുന്നിൽ ഹാജരാക്കി.

ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തിയാണ് ഇരുവരും സാം എബ്രഹാമിനെ വകവരുത്തിയത്. 2015 ഒക്ടോബർ 14 നു രാവിലെ എപ്പിംഗിലെ വസതിയിൽ സാം ചലനമറ്റു കിടക്കുന്നതിന്റെ ദൃശ്യങ്ങളാണ് കോടതിയിൽ ഹാജരാക്കിയത്. ഇതിന്റെ സമീപത്തും നിന്നും ഒരു പാത്രത്തിൽ ഓറഞ്ച് ജ്യൂസ് ഇരിക്കുന്നതും ചിത്രങ്ങളിൽ വ്യക്തമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സംഭവദിവസം സാമും സോഫിയയും ആറര വയസുകാരനായ മകനും ഒരേ കട്ടിലിലാണ് കിടന്നുറങ്ങിയതെന്നും, സോഫിയ അല്ല വിഷം കൊടുത്തതെങ്കിൽ പോലും എന്താണ് സംഭവിക്കുന്നത് എന്ന കാര്യം അവർ അറിഞ്ഞിരിക്കുമെന്നും പ്രോസിക്യൂട്ടർ വാദിച്ചു. ആ രാത്രിയിൽ അരുൺ കമലാസനൻ സാമിന്റെ വീട്ടിൽ എത്തിയിരുന്നതായും, എന്നാൽ ബലം പ്രയോഗിച്ച് അകത്തു കടന്നതിന്റെ തെളിവുകളൊന്നുമില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് കേസിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. സോഫിയും അരുണും തമ്മലുള്ള അവിഹിത ബന്ധം തെളിയിക്കാൻ പോന്നതായിരുന്നു ഈ തെളിവുകൾ. സാമിന്റെ മൃതദേഹം പോസ്റ്മോർട്ടം നടത്തിയ ശേഷം ടോക്സിക്കോളജി റിപ്പോർട്ടിലാണ് മരണകാരണം സയനൈഡ് ആണെന്ന് കണ്ടെത്തിയത്. ഇതിന്റെ അംശം അപകടകരമായ അളവിൽ സാമിന്റെ ശരീരത്തിൽ കണ്ടെത്തിയിരുന്നു.

ഒരു ലിറ്ററിന് 35 മില്ലിഗ്രാം എന്ന കണക്കിന് രക്തത്തിൽ നിന്നും, ഒരു കിലോഗ്രാമിന് 28 മില്ലിഗ്രാം എന്ന കണക്കിന് കരളിൽ നിന്നും സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നതായി ടോക്സിക്കോളജി റിപ്പോർട് പറയുന്നു. കൂടാതെ മയക്കി കിടത്താനുള്ള മരുന്നിന്റെ അംശവും പോസ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഉറങ്ങും മുൻപ് സോഫിയ സാമിന് ഒരു ഗ്ലാസ് ഓറഞ്ച് ജോസ് നൽകി. കൂടാതെ ഒരു ഗ്ലാസ് പിനീട് സാമിന് കുടിക്കാനായി അടുക്കളയിൽ തന്നെ വച്ചിരുന്നു. നേരത്തെ സോഫിയയും അരുണും തമ്മിലുള്ള ബന്ധത്തിന് തെളിവായി ഇരുവരുടെയും ഡയറിക്കുറിപ്പുകളാണ് പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. 2013 ജനുവരി മുതൽ സോഫിയ ഡയറിക്കുറിപ്പുകൾ എഴുതിയിരുന്നു. ഇംഗ്ലീഷ്, ഹിന്ദി മലയാളം എന്നീ ഭാഷകളിലായാണ് സോഫിയ ഡയറി എഴുതിയിരിക്കുന്നത്. 'ഒരു രഹസ്യം ഉള്ളതുകൊണ്ടാണ് ഈ ഡയറി എഴുതുന്നതെന്നും, അത് പിന്നീട് പറയാമെന്നും' അരുണിനോട് എന്ന പോലെ ഈ ഡയറിയിൽ സോഫിയ എഴുതിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പ്രണയത്തെ സൂചിപ്പിക്കുന്ന നിരവധി വാചകങ്ങളും ഡയറിയിൽ ഉണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം.

2016 ഒക്ടോബറിലായിരുന്നു മെൽബണിലെ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സാം മാത്യൂസ് കൊല്ലപ്പെടുന്നത്. ഹൃദയാഘാതമയിരുന്നു മരണ കാരണം എന്നു ഭാര്യ സേഫിയ എല്ലാവരേയും വിശ്വസിപ്പിച്ചു. എന്നാൽ തന്റെ കാമുകൻ അരുൺ കമലാസനൊപ്പം ജീവിക്കാൻ ഇരുവരും ചേർന്നു സാമിനെ കൊലപ്പെടുത്തുകയായിരുന്നു. അപ്പോഴാണ് പൊലീസിന് അജ്ഞാത ഫോൺ വിളി എത്തിയത്. ഇതോടെ കള്ളി പൊളിഞ്ഞു. സാമിന്റെ ഭാര്യയും കാമുകനും പിടിക്കപ്പെട്ടു. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങൾക്കുശേഷമാണ് ഓസ്ട്രേലിയൻ പൊലീസിന് അജ്ഞാത ഫോൺസന്ദേശം ലഭിക്കുന്നത്. സോഫിയയുടെ ചെയ്തികൾ നിരീക്ഷിച്ചാൽ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം. തുടർന്നുള്ള അന്വേഷണത്തിൽ സാമിനെ കൊലപ്പെടുത്താൻ വേണ്ടി പ്രതികൾ ദീർഘനാളത്തെ തയ്യാറെടുപ്പു നടത്തിയതായി മെൽബൺ പൊലീസ് കണ്ടെത്തി. ഏകദേശം ഒരു വർഷത്തോളം നീണ്ട തയ്യാറെടുപ്പ് കൊലപാതകത്തിനു പിന്നിലുണ്ട്. രഹസ്യം പുറത്തറിയാൻ വീണ്ടും പത്തുമാസം വൈകി. സാം മരിച്ചു പത്തു മാസത്തിനു ശേഷം പ്രതികൾക്കെതിരെ കുറ്റം തെളിയാൻ കാരണം ഇവരുടെ ടെലിഫോൺ സംഭാഷണങ്ങൾ ചോർന്നതാണെന്നാണു പ്രാഥമിക നിഗമനം.

സോഫിയുമൊത്ത് ജിവിക്കുന്നതിന് വേണ്ടി സാമിനെ വകവരുത്താൻ അരുൺ പലവട്ടം ശ്രമിച്ചു. മുഖംമൂടി ആക്രമണത്തിൽ സാമിന് കഴുത്തിനും കൈകൾക്കും മുറിവേറ്റു. ഇത് സാം അവിടത്തെ പൊലീസിൽ അറിയിച്ചിരുന്നു. ഇതും കൊലപാതകത്തിന്റെ ചുരുളഴിക്കാൻ സഹായകമായി. സാമിന്റെ സംസ്‌കാരം കഴിഞ്ഞു മടങ്ങിയെത്തിയ സോഫിയെ സാമിന്റെ സുഹൃത്തുക്കളും സോഫിയുടെ പരിചയക്കാരും ഉൾപ്പെടെ പലരും നിരീക്ഷിക്കാൻ തുടങ്ങി. ഭർത്താവ് മരിച്ചു ദിവസങ്ങൾ കഴിയും മുൻപേ കാമുകനുമൊത്തുള്ള കറക്കവും മറ്റും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭർത്താവ് മരിച്ച ഒരു യുവതിയുടെ ശരീരഭാഷയും മാനസിക ഭാഷയും ആയിരുന്നില്ല സോഫിയിൽ കണ്ടത്. ഈ സാഹചര്യത്തിലായിരുന്നു അജ്ഞാത യുവതിയുടെ ഫോൺ സംഭാഷണമെത്തിയത്. ഭർത്താവിനെ കൊലപ്പെടുത്തിയശേഷം സുഖംജീവിതം നയിക്കാമെന്ന സോഫിയയുടെയും കാമുകൻ അരുൺ കമലാസനന്റെയും പദ്ധതി അതോടെ തകരുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP