Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീജിത്തിനെ കൊന്നത് വരാപ്പുഴ എസ് ഐയും സംഘവും എന്നു സ്ഥിരീകരിച്ച് ഐജി ശ്രീജിത്ത്; ഇനി കണ്ടെത്തേണ്ടത് സിഐയുടെ റോളും എസ് ഐക്കൊപ്പം ഉരുട്ടാൻ കൂടിയ പൊലീസുകാർ ആരൊക്കെയാണെന്നും; അന്വേഷണത്തോട് ഒട്ടും സഹകരിക്കാതെ വരാപ്പുഴ പൊലീസ്; എസ്‌ഐ അടക്കമുള്ള പൊലീസുകാർ രണ്ട് ദിവസത്തിനകം അഴിക്കുള്ളിലായേക്കും

ശ്രീജിത്തിനെ കൊന്നത് വരാപ്പുഴ എസ് ഐയും സംഘവും എന്നു സ്ഥിരീകരിച്ച് ഐജി ശ്രീജിത്ത്; ഇനി കണ്ടെത്തേണ്ടത് സിഐയുടെ റോളും എസ് ഐക്കൊപ്പം ഉരുട്ടാൻ കൂടിയ പൊലീസുകാർ ആരൊക്കെയാണെന്നും; അന്വേഷണത്തോട് ഒട്ടും സഹകരിക്കാതെ വരാപ്പുഴ പൊലീസ്; എസ്‌ഐ അടക്കമുള്ള പൊലീസുകാർ രണ്ട് ദിവസത്തിനകം അഴിക്കുള്ളിലായേക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വരാപ്പുഴ പൊലീസിന്റെ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ അന്വേഷണം പുരോഗമിക്കവേ പ്രതിക്കൂട്ടിലാകുന്നകത് സിഐയും മറ്റ് ഉദ്യോഗസ്ഥരും. ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയായാണ്. ശ്രീജിത്തിനെ കൊന്നത് വരാപ്പുഴ എസ്‌ഐ ദീപക്കും സംഘവുമാണെന്ന് ഏതാണ് വ്യക്തമായിട്ടുണ്ട്. ഈ സംഭവത്തിൽ സിഐക്ക് എന്താണ് ഇനി റോൾ ഉള്ളത് എന്നാണ് അറിയേണ്ടത്. ശ്രീജിത്തിനെ മർദിച്ചത് വരാപ്പുഴ എസ്‌ഐ ജി.എസ്. ദീപക് ആണെന്നു ശ്രീജിത്തിനൊപ്പം അറസ്റ്റിലായവർ വ്യക്തമാക്കിയിട്ടുണ്ട്. വരാപ്പുഴ സ്റ്റേഷനിൽ വച്ചാണു മർദിച്ചതെന്ന് ഇവർ പറവൂർ കോടതി പരിസരത്തു മാധ്യമങ്ങളോടു പറഞ്ഞു. ശ്രീജിത്തിന്റെ വയറിൽ എസ്‌ഐ ചവിട്ടി. പൊലീസ് തങ്ങളെയും മർദിച്ചു. ശ്രീജിത്തിനെ മർദിച്ചതിനു തങ്ങൾ ദൃക്‌സാക്ഷികളാണെന്നും ഇവർ പറഞ്ഞു. വീടാക്രമണക്കേസിലെ നാലു പ്രതികളെയാണു പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയത്.

എസ് ഐ ദീപക്ക് ക്രൂരമായി മർദ്ദിച്ചെന്നാണ് കോടതി പരിസരത്തുവച്ച് പ്രതികൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. ശ്രീജിത്തിന്റെ മരണം കൊലപാതമെന്ന് വ്യക്തമായതോടെ ഇതിൽ കൊലക്കേസ് ചാർജ് ചെയ്തിട്ടുണ്ട്. ആത്മഹത്യചെയ്ത വാസുദേവന്റെ വീടാക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികളാണ് ലോക്കപ്പ് മർദ്ദനത്തിന്റെ വിവരങ്ങൾ തുറന്നുപറഞ്ഞത്. തങ്ങളേയും ശ്രീജിത്തിനേയും കസ്റ്റഡിയിലേടു സ്റ്റേഷനിലെത്തിച്ചതിന് പിറ്റേന്ന് പുലർച്ചെയാണ് എസ്ഐ ദീപക്ക് മർദ്ദിച്ചതെന്നാണ് ശ്രീജിത്തിനൊപ്പം ഉണ്ടായിരുന്ന പ്രതികൾ പറയുന്നത്.

ആറാംതീയതി വൈകീട്ടാണ് ശ്രീജിത്തിനെയും മറ്റുള്ളവരെയും ടൈഗർഫോഴ്സ് കസ്റ്റഡിയിലെടുക്കുന്നത്. ഇതിന് പിറ്റേന്ന് പുലർച്ചെ സ്റ്റേഷനിലെത്തിയ എസ്ഐ ക്രൂരമായി മർദ്ദിച്ചെന്നും അടിവയറ്റിന് ഉൾപ്പെടെ ചവിട്ടിയെന്നും മറ്റ് പ്രതികൾ ഇന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു. വയറ്റിൽ ചവിട്ടിയെന്നും എസ്ഐ തന്നെയാണ് മർദ്ദിച്ചതെന്നും ഇവർ പറഞ്ഞതോടെ ഈ വിവരം കൂടി പരിഗണിച്ചാവും കസ്റ്റഡിമരണം അന്വേഷിക്കുന്ന ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നിഗമനങ്ങൾ മുന്നോട്ടുപോകുക.

അതേസമയം അന്വേഷണവുമായി സഹകരിക്കാതെ മുഖം തിരിഞ്ഞു നിൽക്കുകയാണ് വരാപ്പുഴ പൊലീസ്. അയൽവീട്ടിലെ അടിപിടിക്കിടെ ശ്രീജിത്തിനു പരുക്കേറ്റുവെന്ന ലോക്കൽ പൊലീസിന്റെ വാദം തെറ്റാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. തൂങ്ങിമരിച്ച വാസുദേവന്റെ വീട്ടിലുണ്ടായ സംഘർഷത്തിലാണു ശ്രീജിത്തിനു പരുക്കേറ്റതെന്നായിരുന്നു പൊലീസിന്റെ ആദ്യനിഗമനം. ആദ്യം പ്രത്യേകാന്വേഷണ സംഘവും ഇതു വിശ്വസിച്ചിരുന്നു. അതുകൊണ്ടാണു സംഘത്തലവൻ ഐജി എസ്. ശ്രീജിത് ഡിജിപിക്കു നൽകിയ പ്രാഥമിക റിപ്പോർട്ടിൽ കസ്റ്റഡി മർദനത്തിനു തെളിവു ലഭിച്ചിട്ടില്ലെന്നു രേഖപ്പെടുത്തിയത്. വാസുദേവന്റെ മകൻ വിനീഷിന്റെ രണ്ടാമത്തെ മൊഴി, കേസ് ഡയറി എന്നിവ പരിശോധിച്ചശേഷമായിരുന്നു ഇത്. വാസുദേവന്റെ വീട്ടിലുണ്ടായ അടിപിടിയിലാകാം ശ്രീജിത്തിനു മർദനമേറ്റതെന്നു റൂറൽ എസ്‌പി എ.വി. ജോർജ് ആദ്യദിവസം പ്രതികരിച്ചതും ലോക്കൽ പൊലീസിന്റെ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു.

എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുകയും ലോക്കൽ പൊലീസിന് അനുകൂലമായ മൊഴികളുടെ വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്തതോടെയാണു കസ്റ്റഡി മരണത്തിൽ പൊലീസുകാർ തന്നെ പ്രതികൾ എന്നുറപ്പിച്ചത്. ആർടിഎഫിന്റെ മർദനത്തിനുള്ള തെളിവുകളും സാക്ഷിമൊഴികളും മാത്രമാണ് ഇതുവരെ ലഭിച്ചത്. വീട്ടിൽ നിന്നു പിടികൂടുമ്പോൾ പൊലീസ് മർദിച്ചുവെന്ന ശ്രീജിത്തിന്റെ വീട്ടുകാരുടെ മൊഴി ഇതിൽ പ്രധാനമാണ്. മുനമ്പം പൊലീസിന്റെ വാഹനത്തിൽ മുനമ്പത്തെ പൊലീസുകാരാണു വരാപ്പുഴ സ്റ്റേഷനിലെത്തിച്ചത്.

ശ്രീജിത്തിനെയും തന്നെയും വാഹനത്തിൽ മർദിച്ചതായി സഹോദരൻ സജിത് ആരോപിച്ചിരുന്നു. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വിവരിക്കുന്ന രീതിയിലുള്ള പരുക്കുകളേൽക്കാൻ കാരണമായ മർദനം ഈ വാഹനത്തിനുള്ളിൽ നടക്കുമോ എന്നു പരിശോധിക്കുന്നുണ്ട്. വരാപ്പുഴ പൊലീസിന്റെ കസ്റ്റഡിയിലാണു മരണകാരണമായ മർദനമെന്നു സംശയിക്കാനുള്ള സാഹചര്യത്തെളിവുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. അവധിയിലുള്ള എസ്‌ഐ അർധരാത്രി സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്തതിലെ ദുരൂഹതയാണ് അതിലൊന്ന്. വരാപ്പുഴ പൊലീസിന്റെ കസ്റ്റഡിയിൽ എത്തുന്നതുവരെ ശ്രീജിത്തിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നുള്ളതിനു തെളിവുകളുണ്ട്. ശ്രീജിത്തിനെ കോടതിയിൽ ഹാജരാക്കുന്നതിലും വൈദ്യപരിശോധന നൽകുന്നതിലും സംഭവിച്ച അനാസ്ഥയാണു മറ്റൊന്ന്.

അതേസമയം ഒരുമിച്ചു കസ്റ്റഡിയിലെടുത്ത പത്തുപേരിൽ ശ്രീജിത്തിനെ മാത്രം ഞങ്ങൾ എന്തിനു മർദിക്കണം എന്ന വാദമാണ് പൊലീസുകാർ ചൂണ്ടിക്കാട്ടുന്നത്. ശ്രീജിത്തിനു മരണകാരണമായ മർദനമേറ്റതു പൊലീസിൽനിന്നു തന്നെയെന്നു പ്രത്യേകാന്വേഷണ സംഘം ഉറപ്പിച്ചതോടെ ഈ ചോദ്യം ഇപ്പോൾ നേരിടുന്നതു പൊലീസാണ്. ഇത്ര ക്രൂരമായി ശ്രീജിത്തിനെ മാത്രം മർദിക്കാനിടയായ കാരണമെന്ത്? വാസുദേവൻ എന്ന ഗൃഹനാഥന്റെ മരണം ആത്മഹത്യയെന്നു സ്ഥിരീകരിച്ച ശേഷമാണു ശ്രീജിത്ത് ഉൾപ്പെടെയുള്ളവരെ പൊലീസ് പിടികൂടുന്നത്.

ശ്രീജിത്തിനെയോ മറ്റുള്ളവരെയോ ഇടിച്ചുപിഴിഞ്ഞു പറയിപ്പിക്കാൻ മാത്രമുള്ള രഹസ്യങ്ങളോ തെളിവുകളോ ഈ കേസിലുണ്ടായിരുന്നില്ല. പിന്നെയെന്തിന് ഇത്ര ക്രൂരമായ മർദനം അഴിച്ചുവിട്ടുവെന്ന ചോദ്യത്തിനാണു പൊലീസ് ഉത്തരം നൽകേണ്ടത്. അനാവശ്യമായി തന്നെ കസ്റ്റഡിയിലെടുത്തതു ശ്രീജിത്ത് ചോദ്യം ചെയ്തിട്ടുണ്ടെങ്കിൽ അതുകൊണ്ടുള്ള ദേഷ്യംമൂലമാകാം പൊലീസ് ക്രൂരമായി മർദിച്ചതെന്നു സൂചനയുണ്ട്. പ്രകോപനപരമായ വാക്കോ പ്രവൃത്തിയോ ഉണ്ടായോ എന്നതും പ്രത്യേകാന്വേഷണ സംഘം പരിശോധിക്കും. വീട്ടിൽനിന്നു പിടികൂടി കൊണ്ടുപോകുമ്പോൾ വാഹനത്തിനു സമീപം ശ്രീജിത്, തന്റെ വീടു കാണിച്ചുകൊടുക്കാൻ എത്തിയയാളുമായി സംഘർഷത്തിലേർപ്പെട്ടതായി ആർടിഎഫ് മൊഴി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി വാഹനത്തിലോ സ്റ്റേഷനിലോ എന്തെങ്കിലും സംഭവിച്ചോ എന്നും അന്വേഷിക്കുന്നുണ്ട്.

പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു

അതേസമയം വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ശ്രീജിത്തിന്റെ മരണം മൂന്നാം മുറയെ തുടർന്നാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേഥാവി ഡോ.കെ. ശശികല, ആലപ്പുഴ മെഡിക്കൽ കോളജിലെ ജനറൽ വിഭാഗം പ്രൊഫസർ ഡോ ഉണ്ണികൃഷ്ണൻ കർത്ത, തൃശൂർ മെഡിക്കൽ കോളജ് ജനറൽ സർജറി വിഭാഗം അഡീ. പ്രൊഫസർ ഡോ.ശ്രീകുമാർ, കോഴിക്കോട് മെഡിക്കൽ കോളജിലെ സർജിക്കൽ ഗ്യാസ്‌ട്രോ എൻ ട്രോളജി പ്രൊഫസർ ഡോ.പ്രതാപൻ, കോട്ടയം മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗം പ്രൊഫസർ ഡോ. ജയകുമാർ എന്നിവരാണ് മെഡിക്കൽ ബോർഡിലെ അംഗങ്ങൾ.

ക്രൈംബ്രാഞ്ചിന്റെ കത്തിനെ തുടർന്ന് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ രാത്രി പുറപ്പെടുവിച്ചത്. മരിച്ച ശ്രീജിത്തിന്റെ ശരീരത്തിൽ വലിയ മർദനത്തിന്റെ അടയാളങ്ങൾ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. ഈ സാഹചര്യത്തിൽ മുതിർന്ന ഡോക്ടർമാരുടെ സഹായത്തോടെ എങ്ങനെയൊക്കെയാണ് മർദനമേറ്റതെന്ന് കണ്ടെത്താൻ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP