Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണികണ്ഠൻ മുങ്ങിയത് 25 പവനും 2 ലക്ഷം രൂപയുമായി; കാട്ടക്കടയിലെ ശ്രീലതയുടെ മരണത്തിൽ കുടുംബപ്രശ്‌നങ്ങൾ മൂലമോ? പരാതിയുമായി ബന്ധുക്കൾ ഡിജിപിക്ക് മുന്നിൽ

മണികണ്ഠൻ മുങ്ങിയത് 25 പവനും 2 ലക്ഷം രൂപയുമായി; കാട്ടക്കടയിലെ ശ്രീലതയുടെ മരണത്തിൽ കുടുംബപ്രശ്‌നങ്ങൾ മൂലമോ? പരാതിയുമായി ബന്ധുക്കൾ ഡിജിപിക്ക് മുന്നിൽ

കാട്ടാക്കട : ശരീരമാസകലം പൊള്ളലേറ്റ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ഏറെ. മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത് വന്നു.

കാട്ടാക്കട മൊളിയൂർ കോണത്ത് അടുത്തകാലത്ത് താമസമാക്കിയ പെരുങ്കടവിള മണ്ണറക്കോണം അഭിജിത് ഭവനിൽ കൊച്ചുകൃഷ്ണൻ സുശീല ദമ്പതികളുടെ മകൾ ശ്രീലതയുടെ (39) മരണം ഇതോടെ ചർച്ചയാവുകയാണ്. ഏപ്രിൽ രണ്ടിന് രാത്രിയിലാണ് രണ്ടാം ഭർത്താവ് മണികണ്ഠനൊപ്പം താമസിച്ചിരുന്ന ശ്രീലതയെ പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ 6 നാണ് ശ്രീലത മരിച്ചത്്. മരണത്തിന്റെ രണ്ടാം നാൾ വീടുവിട്ട മണികണ്ഠനെ പിന്നിട് കാണാനില്ലെന്നും 25 പവനിലേറെ സ്വർണ്ണവും വസ്തുവിറ്റതിലുള്ള 2ലക്ഷം രൂപയും കൊണ്ടാണ് മണികണ്ഠൻ മുങ്ങിയതെന്നും ബന്ധുക്കൾ പറയുന്നു.

ശ്രീലതയുടെ പേരിലുള്ള സ്വത്തും പണവും കൈക്കലാക്കാൻ രണ്ടാം ഭർത്താവ് ആസൂത്രിതമായി വകവരുത്തിയെന്നാണ് ബന്ധുക്കളുടെ പരാതി. ഉലയംകോണം സ്വദേശിയായ ഒരാൾക്കൊപ്പം വിവാഹം ചെയ്ത് അയച്ച ശ്രീലത ആദ്യ ഭർത്താവുമൊത്ത് കുടുംബഓഹരിയായി കിട്ടിയ 25 സെന്റ് സ്ഥലത്തായിരുന്നു താമസം. ആദ്യ ഭർത്താവുമായി വേർപിരിഞ്ഞ ശ്രീലത കാട്ടാക്കടയിലെ ഒരു ടെക്‌സ്‌റ്റൈൽ സ്ഥാപനത്തിലെ ജോലിക്കിടെയാണ് കെ.എസ്.ഇ.ബി കരാർ ജീവനക്കാരനായ മൈലോട്ട് മൂഴി സ്വദേശി മണികണ്ഠനുമായി പരിചയപ്പെട്ടത്. ആദ്യഭാര്യയുമായുള്ള ബന്ധം വേർപിരിഞ്ഞ് നിൽക്കുമ്പോഴാണ് മണികണ്ഠൻ ശ്രീലതയെ പരിചയപ്പെടുന്നത്. പിന്നീട് വിവാഹം കഴിച്ചു. എന്നാൽ ക്ഷേത്രത്തിലെത്തി പരസ്പരം മാലചാർത്തിയതൊഴിച്ചാൽ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല.

ശ്രീലതയുടെ കുറച്ച് സ്വർണമെടുത്ത് പണയപ്പെടുത്തി വീടിന്റെ അറ്റകുറ്റപ്പണികൾ മണികണ്ഠൻ ചെയ്തു. ഉരുപ്പടികൾ പണയപ്പെടുത്തിയത് ശ്രീലത ചോദ്യം ചെയ്തത് മണികണ്ഠനെ ചൊടിപ്പിച്ചു. ഇതേച്ചൊല്ലി മണികണ്ഠൻ ശ്രീലതയെ മർദ്ദിച്ചതോടെ പ്രശ്‌നങ്ങൾ തുടങ്ങി. വീട് പണിതതിന് പിന്നാലെ ബൈക്ക് വാങ്ങാനെന്ന പേരിൽ മണികണ്ഠൻ വീണ്ടും അവളുടെ സ്വർണത്തിൽ കണ്ണുവച്ചു. മണികണ്ഠന്റെ ശല്യവും ഉപദ്രവവും സഹിക്കവയ്യാതെ ബൈക്ക് വാങ്ങാനും തന്റെ ആഭരണങ്ങൾ ഊരി നൽകിയ ശ്രീലതയ്ക്ക് പിന്നെയും മണികണ്ഠൻ സ്വസ്ഥത കൊടുത്തില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതു സംബന്ധിച്ച് അവർ ഡി.ജി.പിക്ക് പരാതി നൽകി.

മണികണ്ഠനുമായി പ്രശ്‌നങ്ങൾ വഷളായതോടെ ശ്രീലത ആഹാരം പാചകം ചെയ്യൽ കുടുംബവീട്ടിലേക്ക് മാറ്റി. തന്നെ വീട്ടിൽ നിന്നിറക്കിവിട്ടെന്ന പേരിൽ കുടുംബത്തെത്തിയ അവൾ അവിടെ രാത്രിയിലും തങ്ങാൻ തുടങ്ങി. ഒരു ദിവസം രാത്രി ശ്രീലതയെ അന്വേഷിച്ചെത്തിയ മണികണ്ഠനും ക്രമേണ താമസം അവിടേക്ക് മാറ്റി. ഇതിനിടെ കുടുംബ വീട് ഇടിഞ്ഞുവീണു. ശ്രീലതയെയും മാതാപിതാക്കളെയും സ്‌നേഹ രൂപേണ തന്റെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുപോയ മണികണ്ഠന്റെ മനസ് മറ്റൊരു ചതിക്കായി തയ്യാറെടുക്കുകയായിരുന്നുവെന്നാണ് പിന്നീടുണ്ടായ സംഭവവികാസങ്ങൾ തെളിയിക്കുന്നത്.

കുടുംബപ്രശ്‌നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും രൂക്ഷമായതോടെ മണികണ്ഠൻ ശ്രീലതയെ മർദ്ദിക്കുന്നത് പതിവാക്കി. ശ്രീലതയ്ക്ക് പൊള്ളലേൽക്കുന്നതിന് ഏതാനും ദിവസം മുമ്പ് ശ്രീലതയുടെ സഹോദരന്റെ മകന്റെ മുന്നിൽ അവളുടെ തല കസേരയ്ക്ക് തല്ലിപൊളിച്ചശേഷം സ്ഥലം വിട്ടു. ഗുരുതരമായി പൊള്ളലേറ്റ് ഏതാനും ദിവസം ചികിത്സയിലായിരുന്ന ശ്രീകല സംഭവത്തെപ്പറ്റി വീട്ടുകാരോടോ ബന്ധുക്കളോടോ കൂടുതലൊന്നും പറയാൻ തയ്യാറായില്ല. എന്തുസംഭവിച്ചെന്ന ഉറ്റവരുടെ ചോദ്യത്തിന് നിറഞ്ഞൊഴുകിയ കണ്ണീർ തുള്ളികളായിരുന്നു മറുപടി. മൊഴി രേഖപ്പെടുത്താനെത്തിയ മജിസ്‌ട്രേറ്റിനോട് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് വെളിപ്പെടുത്തിയത്.

സംഭവംദിവസങ്ങൾ പിന്നിട്ടിട്ടും ആത്മഹത്യാ പ്രേരണ കുറ്റംപോലും മണികണ്ഠനെതിരെ ചുമത്താനോ അറസ്റ്റ് ചെയ്യാനോ തയ്യാറാകാത്ത പൊലീസ് നടപടിയാണ് ദുരൂഹതകൾക്കിടയാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP