Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ഇതാണു കുറുപ്പ്' എന്നു ചൂണ്ടിക്കാട്ടാൻ പൊലീസിന്റെ പക്കലുള്ളത് മുപ്പതു വർഷം മുമ്പത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയും പാസ്പോർട്ട് വിവരങ്ങളും മാത്രം; പിടികൂടാൻ ഇന്റർപോൾ സഹായം തേടിയാലും നൽകാൻ വിരളടയാളമില്ല; വ്യാജ പാസ്‌പോർട്ടിൽ സൗദിയിൽ എത്തി മുസ്ലിം പേരിൽ കഴിയുന്ന സുകുമാരക്കുറുപ്പിനെ കണ്ടെത്താൻ പൊലീസിന് മുമ്പിൽ വമ്പൻ കടമ്പകൾ

'ഇതാണു കുറുപ്പ്' എന്നു ചൂണ്ടിക്കാട്ടാൻ പൊലീസിന്റെ പക്കലുള്ളത് മുപ്പതു വർഷം മുമ്പത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയും പാസ്പോർട്ട് വിവരങ്ങളും മാത്രം; പിടികൂടാൻ ഇന്റർപോൾ സഹായം തേടിയാലും നൽകാൻ വിരളടയാളമില്ല; വ്യാജ പാസ്‌പോർട്ടിൽ സൗദിയിൽ എത്തി മുസ്ലിം പേരിൽ കഴിയുന്ന സുകുമാരക്കുറുപ്പിനെ കണ്ടെത്താൻ പൊലീസിന് മുമ്പിൽ വമ്പൻ കടമ്പകൾ

മറുനാടൻ മലയാളി ബ്യൂറോ

 പത്തനംതിട്ട: കേരളാ പൊലീസിന്റെ ഉറക്കം കെടുത്തുന്ന ക്രിമിനലാണ് സുകുമാരക്കുറുപ്പ്. പല പേരുകളിലും വേഷങ്ങളിലും മുങ്ങിനടന്ന സുകുമാരക്കുറുപ്പിനെ കണ്ടെത്താൻ കേരളാ പൊലീസ് കിണഞ്ഞു പരിശ്രമിച്ചിട്ടും ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടെയാണ് ഇന്നലെ മംഗളം റിപ്പോർട്ടർ സജിത് പരമേശ്വരൻ സുകുമാരക്കുറുപ്പ് സൗദി അറേബ്യയിൽ വ്യാജ പേരിൽ താമസിക്കുകയാണെന്ന വാർത്ത പുറത്തുവിട്ടത്. ഇതോടെ കേരളാ പൊലീസിൽ വീണ്ടും കുറുപ്പിനെ തേടിയുള്ള അന്വേഷണങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ, മംഗളം വാർത്ത വിശ്വസിച്ച് മുന്നോട്ടു പോകുന്ന പൊലീസിന് കുറുപ്പിനെ കണ്ടെത്തൽ എളുപ്പമാകില്ലെന്നാണ് വ്യക്തമാകുന്ന കാര്യം.

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി രൂപസാദൃശ്യമുള്ള ഒരാളെ കൊന്നുകത്തിച്ചെന്ന കേസിൽ പ്രതിയായ കുറുപ്പിനെ പിന്നീടു ആരും കണ്ടിട്ടില്ല. കുറുപ്പ് സൗദിയിലെ മദീനയിലുണ്ടെന്നു വ്യക്തമായ വിവരം കിട്ടിയെങ്കിലും തിരിച്ചറിയാൻ കഴിയുന്ന തെളിവുകളുടെ അഭാവം മുന്നോട്ടുപോക്കിനെ പ്രതിസന്ധിയിലാക്കുന്നു. കുറുപ്പിനെ അറസ്റ്റ് ചെയ്യണമെങ്കിൽ ഇന്റർപോളിന്റെ സഹായം തേടുക മാത്രമാണു പോംവഴി. 'ഇതാണു കുറുപ്പ്' എന്നു ചൂണ്ടിക്കാട്ടാൻ പൊലീസിന്റെ പക്കലുള്ളത് മുപ്പതു വർഷം മുമ്പു കിട്ടിയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയും പാസ്പോർട്ട് സംബന്ധിച്ച വിവരങ്ങളും മാത്രം. മുപ്പതു വർഷത്തിനിപ്പുറം കുറുപ്പിന്റെ ഛായ ഇങ്ങനെയായിരിക്കും എന്നു സൂചിപ്പിക്കുന്ന ഒരു ചിത്രം പോലും പൊലീസ് തയാറാക്കിയിട്ടില്ല. സൗദി അറേബ്യയിൽ മറ്റൊരു വേഷത്തിലും ഭാവത്തിലും കഴിയുന്ന വയോധികനായ കുറുപ്പിനെ തിരിച്ചറിയാൻ സാധിക്കുന്ന എന്ത് രേഖയാണ് ഇന്റർപോളിനു കൈമാറാൻ കഴിയുക എന്ന ചോദ്യം അവശേഷിക്കുന്നു.

കുറുപ്പ് അബുദാബിയിൽ ജോലി ചെയ്തിരുന്നപ്പോഴുള്ള പാസ്പോർട്ടിന്റെ വിവരമാണ് പൊലീസിന്റെ പക്കലുള്ളത്. കുറുപ്പ് സൗദിയിലേക്കു കടന്നത് മുസ്ലിം പേരിലെടുത്ത വ്യാജ പാസ്പോർട്ടിലാണെന്ന കാര്യത്തിൽ സംശയമില്ല. സുകുമാരക്കുറുപ്പിന്റെ മുഖം ഇപ്പോൾ എങ്ങനെയായിരിക്കുമെന്നു സൂചിപ്പിക്കുന്ന ചിത്രം ശാസ്ത്രീയമായി തയാറാക്കി ഇന്റർപോളിനു കൈമാറുകയാണു വേണ്ടത്. അതിനു സമയമെടുക്കും.

ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ 1984 ജനുവരി 21-നു രാത്രി കൊലപ്പെടുത്തിയതിനു ശേഷം കുറുപ്പും പൊന്നപ്പനും കാറിൽ ആലുവയിലേക്കാണു പോയത്. അവിടെയുള്ള ഒരു ലോഡ്ജിലായിരുന്നു താമസം. പിന്നീട് കാറുമായി പൊന്നപ്പൻ തിരികെ ചെറിയനാട്ടെത്തി. എല്ലാം കുഴഞ്ഞുമറിഞ്ഞെന്നു മനസിലാക്കിയ സുകുമാരക്കുറുപ്പ് അതിസാഹസികമായി മാതാവ് ജാനകിയുടെ സഹോദരി താമസിക്കുന്ന മാവേലിക്കരയ്ക്ക് സമീപമുള്ള ഈരേഴയിലെത്തി. റോഡ് യാത്ര സുരക്ഷിതമല്ലെന്നു കണ്ട് അവിടെനിന്നു റെയിൽവേ ട്രാക്കിലൂടെ കിലോമീറ്ററുകൾ നടന്ന് ചെറിയനാട്ടെ ബന്ധുവീട്ടിൽ വന്നു. തുടർന്നാണ് ചില ബന്ധുക്കളുടെ സഹായത്തോടെ സ്ത്രീവേഷമണിഞ്ഞ് കാറിൽ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലെത്തിയത്. അവിടെ നിന്നു പോയ കുറുപ്പിനെ പിന്നീടു കണ്ടവരില്ല.

കുറുപ്പ് ആലുവയിൽ മുറിയെടുത്ത ലോഡ്ജിൽ വിശദമായ പരിശോധന നടത്തിയിരുന്നെങ്കിൽ വിരലടയാളം കണ്ടെത്താൻ പൊലീസിനു കഴിയുമായിരുന്നു. ഈ നിർദ്ദേശം ചില ഉദ്യോഗസ്ഥർ മുന്നോട്ടുവച്ചെങ്കിലും അതു നടന്നില്ല. ശാസ്ത്രീയ കുറ്റാന്വേഷണ സംവിധാനം ഇന്നത്തെയത്ര വളർന്നിരുന്നില്ലെങ്കിലും ചാക്കോ വധം സംബന്ധിച്ച് പ്രാഥമിക അന്വേഷണങ്ങളെല്ലാം അന്നു നൂതനമായിരുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു. കൊല്ലപ്പെട്ടത് ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയാണെന്നു സ്ഥിരികരിക്കാനായി പൊലീസ് സർജൻ ബി. ഉമാദത്തൻ സൂപ്പർ ഇംപോസിഷനാണ് നടത്തിയത്.

ചാക്കോയുടെ ഫോട്ടോ ഉപയോഗിച്ചാണ്് കത്തിക്കരിഞ്ഞ തലയോട്ടിയിൽനിന്നു മുഖം സൃഷ്ടിച്ചെടുത്തത്. പാദത്തിന്റെ അസ്ഥിയിൽനിന്നു കാലിന്റെ നീളവും കണ്ടെത്തി. ചാക്കോയുടെ ചെരുപ്പുമായി ഒത്തുനോക്കി. ചാക്കോയുടെ മൃതദേഹം ചുട്ടുകരിച്ചത് സുകുമാരക്കുറുപ്പിന്റെ ഭാര്യവീടായ ചെറിയനാട്ടെ സ്മിതാ ഭവനിലെ കുളിമുറിയിലായിരുന്നു. അവിടെനിന്നു മുടിയുടെ ഭാഗം കണ്ടെത്തി. തല കരിച്ചപ്പോൾ മുടിയിഴകൾ പുകച്ചുരുളിനൊപ്പം ഉയർന്ന് കുളിമുറിയിലെ മാറാലയിൽ തൂങ്ങിക്കിടന്നിരുന്നു. കുളിമുറി കഴുകിയപ്പോൾ ഏതാനും മുടിയിഴകൾ ഓവുചാലിലും തങ്ങിനിന്നിരുന്നു. ഇവയെല്ലാം കണ്ടെത്തി ഫോറൻസിക് പരിശോധന നടത്തിയത് പ്രശസ്ത ഫോറൻസിക് വിദഗ്ധൻ ഡോ. മുരളീകൃഷ്ണയാണ്.

കൊല്ലപ്പെട്ടതു ചാക്കോ തന്നെയാണെന്ന് ഇത്രയും ശാസ്ത്രീയമായ മാർഗങ്ങളിലൂടെ സ്ഥിരീകരിച്ച പൊലീസ് എന്തുകൊണ്ട് കുറുപ്പിന്റെ വിരലടയാളം ശേഖരിച്ചില്ലെന്ന ചോദ്യം വലിയ പിഴവിലേക്കു വിരൽ ചൂണ്ടുന്നു. മുസ്തഫയായി മാറിയ കുറുപ്പ് സൗദി അറേബ്യയിലെ മദീനയിലുണ്ടെന്ന വാർത്ത ഇന്നലെ പുറത്തുവന്നതോടെ ചെറിയനാട് നിവാസികൾ ഏറെ കൗതുകത്തോടെയാണു സ്വീകരിച്ചത്. നാട്ടിൽ മുമ്പ് ഇത്തരത്തിൽ ചില അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്തുതന്നെയായാലും കുറുപ്പ് ഇസ്ലാം മതം സ്വീകരിക്കില്ലെന്നു വിശ്വസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ പൊലീസിൽനിന്നു രക്ഷപ്പെടാൻ കുറുപ്പ് ഏതു സാധ്യതയും ഉപയോഗപ്പെടുത്തുമെന്ന് അടുത്തറിയാമായിരുന്നവർ കരുതുന്നു.

അബുദാബിയിൽ മറൈൻ എൻജിനീയറായിരുന്ന കുറുപ്പിന് പണത്തോടുണ്ടായിരുന്ന അടങ്ങാത്ത ആർത്തിയാണ് മരിച്ചെന്നുവരുത്തി ഇൻഷുറൻസ് തുക തട്ടുകയെന്ന തന്ത്രം മെനയുന്നതിലെത്തിച്ചത്. അതിനു കുറുപ്പിന്റെ ഭാര്യയും പങ്കുവഹിച്ചു എന്നു വിശ്വസിക്കുന്നവരുമുണ്ട്. സൗദി അറേബ്യയിലുള്ള കുറുപ്പ് ഇടയ്ക്ക് കുവൈത്തിലുള്ള കുടുംബത്തെ സന്ദർശിക്കാറുണ്ടെന്നു നാട്ടുകാർ സംശയിച്ചിരുന്നു. എന്നാൽ പൊലീസ് വിദേശത്ത് കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നാണു സൂചന.

കടപ്പാട്: മംഗളം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP