Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അസ്വാഭാവിക മരണം കൊലപാതകമായി; അന്താരാഷ്ട്ര കൊലയാളി സംഘത്തെ സംശയിച്ച് പൊലീസ്; കൈയിൽ വിലങ്ങു വീഴുന്ന വക്കിൽ ശശി തരൂർ: സുനന്ദാ പുഷ്‌ക്കറിന്റെ മരണത്തിന് ഒരു വർഷം തികയുമ്പോൾ കാര്യങ്ങൾ എത്തിനിൽക്കുന്നത് ഇവിടെ വരെ

അസ്വാഭാവിക മരണം കൊലപാതകമായി; അന്താരാഷ്ട്ര കൊലയാളി സംഘത്തെ സംശയിച്ച് പൊലീസ്; കൈയിൽ വിലങ്ങു വീഴുന്ന വക്കിൽ ശശി തരൂർ: സുനന്ദാ പുഷ്‌ക്കറിന്റെ മരണത്തിന് ഒരു വർഷം തികയുമ്പോൾ കാര്യങ്ങൾ എത്തിനിൽക്കുന്നത് ഇവിടെ വരെ

തിരുവനന്തപുരം: കൊച്ചിൻ ടസ്‌കേഴ്‌സ് കേരള എന്ന ഐപിഎൽ ടീമിന്റെ ജനനവും ഇതേ തുടർന്ന് ഉടലെടുത്ത ഓഹരി വിവാദത്തിലുമാണ് സുനന്ദ പുഷ്‌ക്കർ എന്ന പേര് മലയാളികൾ കേൾക്കുന്നത്. പിന്നീടിങ്ങോട്ട് സുനന്ദയായിരുന്നു വാർത്താ താരം. ഐപിഎൽ ടീമിലെ സുനന്ദയുടെ വിയർപ്പോഹരിയും തരൂരുമായുള്ള വിവാഹവും എല്ലാം ഇതിനിടെ കഴിഞ്ഞു. അതിന് ശേഷം ഒരു വൈകുന്നേരത്തോടെയാണ് കൈരളി പീപ്പിൾ ചാനലിന്റെ ബ്രേക്കിങ് ന്യൂസായി സുനന്ദയുടെ ദൂരൂഹ മരണം പുറത്തുവന്നത്. ന്യൂഡൽഹിയിലെ ഹോട്ടൽ ലീല എന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് സുനന്ദ മരണപ്പെട്ടുവെന്ന വാർത്ത പലരും ശ്രവിച്ചത് അവിശ്വസനീയതോടെയായിരുന്നു. ഇന്ന് സുനന്ദ പുഷ്‌ക്കർ എന്ന ആ കാശ്മീർ സുന്ദരിയുടെ മരണത്തിന് ഒരു വയസു തികഞ്ഞു. ഭാര്യയുടെ അവിചാരിത മരണത്തിന്റെ പേരിൽ ശശി തരൂർ ഇപ്പോൾ അറസ്റ്റും പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു.

അസ്വാഭാവിക മരണം എന്ന് ഡൽഹി പൊലീസ് പറഞ്ഞിരുന്ന കേസ് കേന്ദ്രത്തിലെ അധികാരമാറ്റത്തിന് ശേഷം കൊലപാതകമാണെന്ന വിധത്തിലേക്ക് എത്തി. സുബ്രഹ്മണ്യം സ്വാമിയെന്ന കൗശലക്കാരനായ രാഷ്ട്രീയക്കാരന്റെ ഇടപെടൽ സുനന്ദയുടെ മരണത്തിലെ ദുരൂഹതകൾ വീണ്ടും നിലനിർത്തി. ഏറ്റവും ഒടുവിൽ അന്താരാഷ്ട്ര കൊലയാളി സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലേക്ക് പോലും മരണത്തിന് ഒരു വർഷം പിന്നിടുമ്പോൾ ഡൽഹി പൊലീസ് എത്തിച്ചേർന്നിരിക്കയാണ്.

കൊലപാതകം നടന്ന് ഒരു വർഷമായിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നതും കേസ് അന്വേഷണത്തെ തന്നെ സംശയത്തിലാക്കുന്നതാണ്. സുനന്ദ മരിച്ചത് ദുരൂഹമായ ഏതെങ്കിലും സ്ഥലത്തു വച്ചല്ല. ഡൽഹിയിലെ പ്രശസ്തമായ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ ഒരു മുറിയിൽ വച്ചാണ്. മരിച്ചു കിടന്നത് ഏതു മുറിയിൽ വച്ചാണ് എന്ന കാര്യം പോലും സ്ഥിരീകരിക്കാൻ ഒരു വർഷമായിട്ടും ഡൽഹി പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതാണ് സുബ്രഹ്മണ്യ സ്വാമി ഉയർത്തിയ ന്യായമായ സംശയം. ജനത്തെ വിഡ്ഢികളാക്കാമെന്നതിൽ കവിഞ്ഞ് ഒന്നും സംഭവിക്കാൻ സാധ്യതയില്ലെന്ന് നിരീക്ഷിക്കുന്നവരും കുറവല്ല.

വർഷം ഒന്നായിട്ടും സുനന്ദയുടെ ഭർത്താവായിരുന്ന ശശിതരൂരിനെപ്പോലും ചോദ്യം ചെയ്യാൻ ഡൽഹി പൊലീസിനായിട്ടില്ല. ഇത് തന്നെ കേസിലെ അസാധാരണ സ്വഭാവം വ്യക്തമാക്കുന്നതാണ്. പൊലീസിന്റെ ഇത്തരം നടപടികളിൽ സാമാന്യ ജനം സംശയിച്ചാൽ അവരെ കുറ്റം പറയാൻ പോലും സാധിക്കില്ലെന്ന് നിയമജ്ഞർ പോലും പറയുന്നു. ഇവിടെയാണ് അന്താരാഷ്ട്ര കൊലയാളി സംഘത്തിന്റെ പങ്കിലേക്ക് സുനന്ദയുടെ മരണം കടന്നുവരുന്നത്. ഒട്ടേറെ അന്താരാഷ്ട്ര കച്ചവട ബന്ധങ്ങൾ ഉള്ളവരാണ് ശശിതരൂരും സുനന്ദാ പുഷ്‌ക്കറും. ദുരൂഹമായ വ്യാപാരങ്ങളിൽ പങ്കാളിയായിരുന്നു സുനന്ദയും.

ഊഹക്കച്ചവടമാണ് ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ലാഭമുള്ള നിക്ഷേപ മേഖല. ഭൂമി, കെട്ടിട നിർമ്മാണം, ആയുധക്കച്ചവടം എന്നീ മേഖലകളിലാണ് കൂടുതൽ ധനം നിക്ഷേപിക്കുന്നത്. ഉത്പാദന മേഖലയിൽ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ ആയിരം ഇരട്ടിയിലധികം ലാഭമാണ് ഊഹക്കച്ചവടത്തിലൂടെ ലഭിക്കുന്നത്. മൂന്നാം ലോക രാജ്യങ്ങളിൽ ഇതിനായി ശക്തമായ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. പ്രധാന രാഷ്ട്രീയ പാർട്ടിയിലെ ചില നേതാക്കൾ, ജാതിമത സംഘടനകളിലെ നേതാക്കൾ, സർക്കാരിതര സംഘടനയിലെ ചിലർ എന്നിവരാണ് ഏജന്റുമാരിൽ പ്രധാനികൾ. പണമൂലധനം ഏതു രാജ്യത്തിൽ നിക്ഷേപിക്കപ്പെട്ടാലും അതിന്റെ നിയന്ത്രണം അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഊഹക്കച്ചവടക്കാരുടെ കൈകളിലായിരിക്കും.

ഊഹക്കച്ചവടക്കാരുടെ വിവിധ രാജ്യങ്ങളിലെ ഏജന്റുമാർ തമ്മിൽ കലഹിക്കുന്നത് പതിവാണ്. ഇത്തരം കലാപങ്ങളിൽ ദുർബ്ബലനായ പങ്കാളികളെ ശാരീരികമായി ഇല്ലാതാക്കുകയാണ് പതിവ്. ഇത്തരം കൊലപാതകങ്ങളെ അന്താരാഷ്ട്രതലത്തിൽ എക്‌സ്ട്രാ ജുഡീഷ്യൽ കില്ലിങ് എന്ന പേരിലാണ് അറിയപ്പെടുന്നത്. നിയമത്തിന് പിടി കൊടുക്കാതെ ഇത്തരം കൊലപാതകങ്ങൾ സമർത്ഥമായി നടത്തുന്ന വാടകക്കൊലയാളികൾ ഇന്ന് ലോകത്തുണ്ട്. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ ഇത് കൂടുതലായി കണ്ടു വരുന്നു. അതിനായി അന്താരാഷ്ട്ര കൊലയാളി കമ്പോളം തന്നെ നിലവിലുള്ളതായി പറയപ്പെടുന്നു. ഇങ്ങനെയുള്ള ബിസിനസിൽ സുനന്ദയും പങ്കാളികളായിരുന്നെന്ന സംശയങ്ങൾ രേഖപ്പെടുത്തുന്നവരും കുറവല്ല. സുനന്ദയുടെ ദുരൂഹ മരണത്തിന് പിന്നിലും ഇത്തരം അന്താരാഷ്ട്ര കൊലയാളി സംഘമുണ്ടെന്ന് സംശയമുണ്ട്.

10 വർഷത്തിനിടയിൽ സുനന്ദാ പുഷ്‌ക്കറിന്റെ വരുമാനത്തിൽ വന്ന വർദ്ധനവ് പരിശോധിച്ചാൽ തന്നെ സുനന്ദയുടെ ബിസിനസിലെ ദുരൂഹതകളെ കുറിച്ച് ബോധ്യമാകും. 1997 വരെ ഡൽഹിയിൽ ഒരു ഹോട്ടൽ റിസപ്ഷനിസ്റ്റ് ആയിരുന്ന സുനന്ദയുടെ ആസ്തി 250 കോടി രൂപ വരെ എത്തി നിൽക്കുന്നു. ഇന്ത്യയിൽ മാത്രമല്ല ഗൾഫ് രാജ്യങ്ങളിലും കാനഡയിലും വരെ ഇവരുടെ ആസ്തികൾ വ്യാപിച്ചു കിടക്കുന്നുണ്ട്. നിയമപരമായ ഒരു വ്യാപാരത്തിലും ഏർപ്പെട്ട് ഇത്രയും വലിയൊരു ആസ്തി ചുരുങ്ങിയ കാലംകൊണ്ട് നേടാൻ കഴിയില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇവിടെയാണ് ക്രിക്കറ്റും അന്താരാഷ്ട്ര കച്ചവടത്തിന്റെ ഒരു ഉപാധിയാകുന്നത്. സുനന്ദാ പുഷ്‌ക്കർ അന്താരാഷ്ട്ര ഊഹക്കച്ചവടത്തിന്റെ ഇന്ത്യയിലെ ഏജന്റുമാർ ആണെന്ന ആരോപണം നേരത്തെയും ഉയർന്നിരുന്നു.

കഴിഞ്ഞ കുറെ വർഷങ്ങൾക്കുള്ളിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊല്ലപ്പെട്ട ചില രാഷ്ട്രീയ നേതാക്കളുടെ മരണങ്ങളും ഇതുമായി ബന്ധപ്പെട്ട് ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. കോൺഗ്രസ്സ് നേതാക്കളായ രാജേഷ് പൈലറ്റ്, മാധവറാവു സിന്ധ്യ, വൈഎസ്ആർ തുടങ്ങിയവരുടെ മരണങ്ങളിലെ ദുരൂഹതകൾ കൂടി ഇക്കൂട്ടത്തിൽ കൂട്ടിവായിക്കപ്പെടേണ്ടതാണ്. ഫലസ്തീൻ വിമോചന നേതാവ് യാസർ അറാഫത്തിന്റെ മരണം പോലും അത്തരത്തിലുള്ള കൊലപാതകമായിരുന്നുവെന്ന അഭിപ്രായവും ശക്തമായി ഇപ്പോൾ ഉയർന്നു കേൾക്കുന്നുണ്ട്.

അന്താരാഷ്ട്ര കൊലയാളി സംഘമാണ് സുനന്ദയുടെ മരണത്തിന് പിന്നിലെങ്കിൽ ഡൽഹി പൊലീസിന്റെ അന്വേഷണം കൊണ്ട് കാര്യങ്ങൾ എവിടെയും എത്തില്ലെന്ന കാര്യം ഉറപ്പാണ്. നരേന്ദ്ര മോദി അധികാരത്തിൽ വന്നിട്ട് 8 മാസം കഴിഞ്ഞു. ഒരു കൊലപാതകം തെളിയിക്കാൻ ആവശ്യത്തിലധികം സമയം കൈവന്നിട്ടും അതുണ്ടായിട്ടില്ല. കേരളത്തിലെ ഒരു ലോക്കൽ പേലീസിന് പോലും നിഷ്പ്രയാസം തെളിയിക്കാനുള്ള ഒരു കേസ്സ് വരും കാലങ്ങളിലും ദുരൂഹമായി തന്നെ തുടരാനാണ് സാധ്യത. തരൂർ മോദി സ്തുതിയിലും മോദി തരൂർ സ്തുതിയിലുമായി കാലം മുന്നോട്ടു പോകുമെന്നും പൊലീസ് ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു. ആന്തരാവയവ പരിശോധന വിദേശത്ത് അയയ്ക്കാൻ തീരുമാനിച്ചത് തന്നെ അന്വേഷണം അട്ടിമറിക്കാൻ ആണെന്ന സംശയം ബലപ്പെടുന്നു. ഇന്ന് എല്ലാ രാസ പരിശോധനകൾക്കും ആവശ്യമായ സൗകര്യം ഇന്ത്യയിൽ ഉണ്ടെന്നിരിക്കേയാണ് വിദേശത്ത് രാസപരിശോധന നടത്തുന്നത് തന്നെ അട്ടിമറിക്കാനാണെന്നാണ് ആരോപണം.

ഡൽഹിയിലെ അതീവ സുരക്ഷിതമായ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് നടന്ന ഈ കൊലപാതകം അന്വേഷിച്ച് കണ്ടുപിടിക്കാൻ ഒരു വർഷമായിട്ടും കഴിഞ്ഞിട്ടില്ലായെന്നത് ഇന്ത്യക്കാകെ നാണക്കേടാണ്. വിവാഹം കഴിഞ്ഞ് 7 വർഷത്തിനുള്ളിൽ ഭാര്യ മരിച്ചാൽ ഭർത്താവിനെയും ചോദ്യം ചെയ്യേണ്ടത് സാധാരണ നിയമം മാത്രമാണ്. ഭർത്താവിനെയും കുടുംബാംഗങ്ങളേയും ചോദ്യം ചെയ്യുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്ത സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ട്. കേരളത്തിലെ ജയിലുകൾ പരിശോധിച്ചാൽ തന്നെ അങ്ങനെയുള്ള എത്രയോ പേരെ കണ്ടെത്താൻ കഴിയും. ആഗോള പൗരനായ ശശി തരൂരിന് മാത്രം ഇന്ത്യൻ നിയമം ബാധകമല്ലെന്നുണ്ടോയെന്ന സ്വാഭാവിക ചോദ്യം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP