Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊച്ചിയിൽ സമാന്തര പൊലീസ് സ്‌റ്റേഷൻ! ഫയാസിന്റെ ബൈക്കിലെ ഇരിപ്പ് കള്ളി പുറത്തുകൊണ്ടുവന്നു; സരിതയിലും റുക്‌സാനയിലും അന്വേഷണവും വന്നു; ഇമേജിനായി സിനിമയിലും തലകാട്ടി; വിരമിച്ച ശേഷം ഡിക്ടറ്റീവും; അന്നും ഇന്നും മുൻ എസ് പി സുനിൽ ജേക്കബ് തലവേദന തന്നെ

കൊച്ചിയിൽ സമാന്തര പൊലീസ് സ്‌റ്റേഷൻ! ഫയാസിന്റെ ബൈക്കിലെ ഇരിപ്പ് കള്ളി പുറത്തുകൊണ്ടുവന്നു; സരിതയിലും റുക്‌സാനയിലും അന്വേഷണവും വന്നു; ഇമേജിനായി സിനിമയിലും തലകാട്ടി; വിരമിച്ച ശേഷം ഡിക്ടറ്റീവും; അന്നും ഇന്നും മുൻ എസ് പി സുനിൽ ജേക്കബ് തലവേദന തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ റിട്ട.എസ്‌പിയുടെ നേതൃത്വത്തിൽ സമാന്തര പൊലീസ് സ്‌റ്റേഷൻ നടത്തുന്നുവെന്ന് ഡയറകടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആരോപിച്ചു. റിട്ട എസ്‌പി സുനിൽ ജേക്കബ് സ്വകാര്യ ഏജൻസിയുടെ മറവിൽ സ്വകാര്യ പൊലീസ് സ്‌റ്റേഷൻ നടത്തുകയാണെന്നും കേസുകൾ ഒത്തുതീർപ്പാക്കുകയാണെന്നുമാണ് ഡി.ജി.പി കോടതിയെ അറിയിച്ചത്.

പൊലീസ് അകാരണമായി പീഡിപ്പിക്കുന്നുവെന്ന് കാട്ടി സുനിൽ ജേക്കബ് ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കവെയാണ് ഡി.ജി.പി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തന്റെ സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയിൽ റെയ്ഡ് നടത്തി തന്നേയും കുടുംബത്തെ കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ഹർജി. എന്നാൽ വസ്തുതകൾ മറ്റൊന്നാണെന്നും സുനിൽ ജേക്കബിന് ഗുണ്ടാ നേതാക്കളുമായി അടുപ്പമുണ്ടെന്നും അന്വേഷണത്തിലിരിക്കുന്ന കേസുകൾ ഒത്തുതീർപ്പാക്കുകയാണ് സുനിൽ ജേക്കബ് ചെയ്യുന്നതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. തുടർന്ന് ആരോപണങ്ങൾ സത്യവാങ്മൂലമായി എഴുതി നൽകാൻ ഡി.ജി.പിയോട് കോടതി ആവശ്യപ്പെട്ടു

തന്റെ സ്ഥാപനത്തിനെതിരെ ഐജി അജിത് കുമാർ നീക്കം നടത്തുന്നുവെന്ന് സുനിൽ ജേക്കബ് പരാതിപ്പെട്ടിരുന്നു. തുടർന്നാണ് കേസ് കോടതിക്ക് മുൻപിലെത്തിയത്. പൊലീസിൽ ഉള്ളപ്പോൾ നിരവധി വിവാദങ്ങളപ്പെട്ട വ്യക്തിയാണ് സുനിൽ ജേക്കബ്. സ്വർണ കള്ളക്കടത്തുകാരൻ ഫയാസും ക്രൈം റിക്കോർഡ്‌സ് ബ്യൂറോ എസ്‌പി. സുനിൽ ജേക്കബും തമ്മിലുള്ള വഴിവിട്ട ബന്ധവും വിവാദത്തിന് ഇട നൽകിയിരുന്നു. സ്വർണ കള്ളക്കടത്ത് കേസിൽ പിടിയിലായ ഫയാസിന്റെ ആഡംബര ബൈക്കിൽ എസ്‌പി. സുനിൽ ജേക്കബ് ഇരിക്കുന്ന ദൃശ്യം ചാനലുകൾ പുറത്ത് വിട്ടത് ഏറെ ചർച്ചയായിരുന്നു. ഇതോടെയാണ് സുനിൽ ജേക്കബിന്റെ മാഫിയാ ബന്ധം ആദ്യമായി ചർച്ച ചെയ്തത്.

സുനിൽ ജേക്കബ് എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്നപ്പോഴാണ് മാഹി സ്വദേശി ഫയാസുമായി ബന്ധം സ്ഥാപിക്കാൻ തുടങ്ങിയത്. ഫയാസിനെതിരെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ചാർജ് ചെയ്തിരുന്ന പണാപഹരണക്കേസ് സുനിൽ ജേക്കബാണ് അന്വേഷിച്ചിരുന്നത്. ഫയാസിന്റെ ചെന്നൈയിലുള്ള റിസോർട്ടിൽ സുനിൽ ജേക്കബ് ഉൾപ്പെടെ സംസ്ഥാന പൊലീസിലെ ചിലർ സന്ദർശനം നടത്തിയതായി ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. സോളാർ തട്ടിപ്പ് കേസിലെ പ്രതിയായ സരിതാ നായരുടെ ഫോൺ വിവരപട്ടിക ചോർന്നതിന് പിന്നിൽ ക്രൈം റിക്കോർഡ്‌സ് ബ്യൂറോ എസ്‌പി. സുനിൽ ജേക്കബിന് പങ്കുള്ളതായി നേരത്തെ ആരോപണമുയർന്നിരുന്നു. സരിതാ നായരും ബിജുവുമായി ബന്ധമുള്ള പൊലീസുകാരിൽ സുനിൽ ജേക്കബിന്റെ പേരും ഉണ്ടായിരുന്നു.

കേരള സർക്കാറിന്റെ താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുമ്പോഴും നിരവധി നടപടികൾക്ക് വിധേയനായ ഓഫീസറാണ് സംസ്ഥാന ക്രൈം റക്കോർഡ്‌സ് ബ്യൂറോ എസ്‌പിയുമായിരുന്ന സുനിൽ ജേക്കബ്. 1992 മുതൽ സുനിൽ ജേക്കബ്ബിന് പ്രൊസിക്യൂഷൻ അടക്കമുള്ള നിരവധി നടപടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. കൊച്ചി ഇരട്ട കൊലപാതകം കാര്യക്ഷമമായി അന്വേഷിക്കാത്തതിന്റെ പേരിൽ 1992 ൽ തന്നെ സസ്‌പെൻഷനിലുമായി. 2004 ൽ ഈ പരാതിയിൽ ഇൻക്രിമെന്റും തടഞ്ഞു. സർവ്വീസിൽ ഇത്രയേറെ നടപടികൾക്ക് വിധേയനായിട്ടും പത്തനംതിട്ടയിലെ കോൺഗ്രസ് നേതാവ് ഇദ്ദേഹത്തിനുവേണ്ടി അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനോട് ശുപാർശ ചെയ്തു. അങ്ങനെയാണ് കൊച്ചിയിൽ നിർണ്ണായക സ്ഥാനങ്ങളിൽ എത്തിയത്. എന്നാൽ വിവാദങ്ങൾ സജീവമായതോടെ ഉന്നത സ്ഥാനങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെട്ടു.

ഫയാസുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന എസ് പി സുനിൽ ജേക്കബിനെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ സുരക്ഷാ ചുമതലയിൽ നിന്ന് മാറ്റിയതും ചർച്ചയായിരുന്നു. അന്ന് ഇന്റലിജൻസ് എ ഡി ജി പി സെൻകുമാറിന്റ നിർദ്ദേശത്തെത്തുടർന്നായിരുന്നു നടപടി. ഫയാസുമായുള്ള സുനിൽ ജേക്കബിന്റെ ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ അന്ന് ഡി ജി പിയായിരുന്ന കെ.എസ്. ബാലസുബ്രഹ്മണ്യം സെൻകുമാറിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു അന്വേഷണവും നടപടിയും. ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ തന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായി ബ്ലാക് മെയിൽ കേസിലെ പ്രതി റുക്‌സാന പറഞ്ഞിരുന്നു. കസ്റ്റഡിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി ബിന്ധ്യയും വെളിപ്പെടുത്തി. സുനിൽ ജേക്കാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇയാൾക്ക് വഴങ്ങാതിരുന്നതിനാൽ കള്ളക്കേസുകൾ കെട്ടിച്ചമച്ചുവെന്നായിരുന്നു മൊഴി.

ഇതിനിടെയാണ് അഭിനേതാവായി വെള്ളിത്തിരയിൽ എത്തിയത്. പൃഥ്വി രാജ് ചിത്രമായ മുംബൈ പൊലീസിലാണ് എറണാകുളം അസ്സി: കമ്മീഷണറായിരിക്കെ സുനിൽ ജേക്കബ് പൊലീസ് കമ്മീഷണറായി അഭിനയിച്ചത്. മലയാള സിനിമയിൽ പൊലീസ് കഥകൾ പറയുമ്പോഴെല്ലാം സംവിധായകരും രചയിതാക്കളും സംശയനിവാരണത്തിനായി സ്ഥിരം സമീപിക്കുന്നത് ഇദ്ദേഹത്തിനെയാണ്. ഈ ബന്ധമാണ് സിനിമയിലേക്ക് വഴി തുറന്നത്. പൊലീസിൽ നിന്ന് മാസങ്ങൾക്ക് മുമ്പാണ് വിരമിച്ചത്. അതിന് ശേഷമാണ് കൊച്ചി കേന്ദ്രീകരിച്ച് ഡിക്ടറ്റീവ് ഏജൻസി തുടങ്ങിയത്. പല കേസുകളിലും എസ്‌പിയുടെ ഇടപടെൽ അറിഞ്ഞതോടെ പൊലീസ് നീക്കം തുടങ്ങി. കൊച്ചി സെൻട്രൽ സ്‌റ്റേഷന് മുന്നിലാണ് ഇയാളുടെ സ്വകാര്യ ഡിക്ടറ്റീവ് ഏജൻസി.

പൊലീസിലെ പല ഉന്നതരുമായി അടുത്ത ബന്ധം സുനിൽ ജേക്കബിനുണ്ടെന്നും സൂചനയുണ്ട്. നിരവധി പരാതികൾ ഇയാളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐജി അജിത് കുമാർ ഡിക്ടറ്റീവ് ഏജൻസിയിൽ റെയ്ഡ് നടത്തിയത്. ഈ പരാതിയുടെ പിൻബലത്തിലാണ് കർശന നിലപാട് ഹൈക്കോടതിയിൽ സർക്കാരെടുത്തത്.

കൊച്ചിയിൽ ദീർഘകാലം അസിസ്റ്റൻ് കമീഷണറായിരുന്ന സുനിൽ ജേക്കബ്, ക്രൈം റോക്കർഡസ് ബ്യൂറോയിൽ എസ്‌പിയായാണ് വിരമിച്ചത്. ഇതിന് ശേഷം സെൻട്രൽ പൊലീസ് സ്റ്റേഷന് മുന്നിൽ സ്വകാര്യഡിറ്റക്ടീവ് ഏജൻസി നടത്തിവരികയാണ്. വിരമിച്ച ശേഷം തന്നെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം സുനിൽ ജേക്കബ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഐജി അജിത് കുമാറിനെതിരെയായിരുന്നു പ്രധാന ആരോപണം. തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണ്. ബ്ലാക്ക്‌മെയിൽകേസിൽ അറസ്റ്റിലായ രുക്‌സാനയേയും ബിന്ധ്യാസിനെയും സ്വാധീനിച്ച് തനിക്കെതിരെ മൊഴി ശേഖരിച്ചു. തന്റെ ഓഫീസിലും വീട്ടിലും റെയ്ഡ് നടത്താനും ഉദ്ദേശ്യമുണ്ടെന്നം ഹർജിയിൽ പറഞ്ഞിരുന്നു.

ഹർജി പരിഗണിച്ചപ്പോഴാണു സുനിൽ ജേക്കബിനെതിരെ പ്രൊസിക്യൂഷൻ ഡയറക്ടർ ജനറൽ ആസിഫ് അലി അതീവഗൗരവമുള്ള ആരോപണങ്ങൾ ഉന്നയിച്ചത്. സുനിൽ ജേക്കബിന്റെ നേതൃത്വത്തിൽ സമാന്തര പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുകയാണ്. അന്വേഷണത്തിലിരിക്കുന്ന കേസുകളിൽ ഇടപെട്ട് ഒത്തുതീർക്കുന്നു. നിരവധി ഗുണ്ടാ നേതാക്കളുമായി ഇദ്ദേഹത്തിന് അടുപ്പമുണ്ട്. തുടർന്ന് ഇക്കാര്യങ്ങൾ സത്യവാങ്മൂലമായി നൽകാൻ കോടതി നിർദ്ദേശിച്ചു. സെൻട്രൽ സ്റ്റേഷനിലെ ചില പൊലീസ് ഉദ്യോഗസ്ഥർ, കേസ് ഡയറികളിലെ രഹസ്യവിവരങ്ങൾ സുനിൽ ജേക്കബിന് ചോർത്തിക്കൊടുക്കുന്നതായി ഡിജിപിയുടെ പ്രത്യേക സ്‌ക്വാഡ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് മൂന്നു സിവിൽ പൊലീസ് ഓഫീസർമാരെ ജില്ലയ്ക്കു പുറത്തേക്ക് ഐജി അജിത് കുമാർ സ്ഥലം മാറ്റിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP