Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അധിക നികുതി അടച്ച് കേസൊഴിവാക്കാൻ തോമസ് ഐസക് അവസരം നൽകിട്ടും മൈൻഡ് ചെയ്തില്ല; പുതുച്ചേരി വാഹന നികുതി തട്ടിപ്പ് കേസിൽ സുരേഷ് ഗോപിക്കും അമലാ പോളിനുമെതിരെ നിലപാട് കടുപ്പിച്ച് സർക്കാർ; കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ചിന് നിർദ്ദേശം; വ്യാജ രേഖ ചമച്ചുവെന്ന കുറ്റം ചുമത്തും; പിഴ അടച്ച ഫഹദ് ഫാസിലിനെ വെറുതെ വിടും; പുതുച്ചേരി വാഹന തട്ടിപ്പ് കേസിൽ തെളിവെല്ലാം കിട്ടിയെന്ന് അന്വേഷണ സംഘം

അധിക നികുതി അടച്ച് കേസൊഴിവാക്കാൻ തോമസ് ഐസക് അവസരം നൽകിട്ടും മൈൻഡ് ചെയ്തില്ല; പുതുച്ചേരി വാഹന നികുതി തട്ടിപ്പ് കേസിൽ സുരേഷ് ഗോപിക്കും അമലാ പോളിനുമെതിരെ നിലപാട് കടുപ്പിച്ച് സർക്കാർ; കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ചിന് നിർദ്ദേശം; വ്യാജ രേഖ ചമച്ചുവെന്ന കുറ്റം ചുമത്തും; പിഴ അടച്ച ഫഹദ് ഫാസിലിനെ വെറുതെ വിടും; പുതുച്ചേരി വാഹന തട്ടിപ്പ് കേസിൽ തെളിവെല്ലാം കിട്ടിയെന്ന് അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുതുച്ചേരി വാഹന നികുതി തട്ടിപ്പിൽ സുരേഷ് ഗോപിയേയും അമലാ പോളിനേയും കുടുക്കാനുറച്ച് പൊലീസ്. കേസിൽ പൊലീസ് കുറ്റപത്രം തയ്യാറാകുകയാണ്. സുരേഷ് ഗോപിക്കും അമലാപോളിനും എതിരെയാണ് കുറ്റപത്രം തയ്യാറാക്കുന്നത്. അധിക നികുതിയടച്ച് സംസ്ഥാനത്തേക്ക് രജിസ്ട്രേഷൻ മാറ്റാൻ അവസരം നൽകിയിട്ടും സുരേഷ് ഗോപിയും അമലാ പോളും ഇതിന് തയ്യാറായില്ല. ഈ സാഹചര്യത്തിൽ നടപടികൾ കർശനമാക്കാൻ സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകിയിരുന്നു. അതിവേഗം കുറ്റപത്രം നൽകി കേസിൽ വിചാരണ തുടങ്ങാനാണ് നീക്കം.

വ്യാജരേഖ ചമച്ച് നികുതി വെട്ടിക്കാൻ ശ്രമിച്ചു എന്നതാണ് സുരേഷ് ഗോപിയും അമലാ പോളും ചെയ്ത കുറ്റം. നികുതി അടച്ച് രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റിയതിനാൽ ഫഹദ് ഫാസിലിനെതിരായ കേസ് ഒഴിവാക്കി. പുതുച്ചേരിയിൽ താമസക്കാരാണെന്ന് വ്യാജരേഖ ഉണ്ടാക്കിയാണ് സുരേഷ് ഗോപിയും അമലാ പോളും വാഹനങ്ങൾ രജിസ്റ്റർ ചെയ്തത്. വാഹന ഡിലർമാരും ഏജന്റുമാരും ഉൾപെട്ടതാണ് ഈ തട്ടിപ്പെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. തങ്ങളുടെ വാടക വീടിന്റെ വിലാസത്തിലാണ് കാറുകൾ രജിസ്റ്റർ ചെയ്തതെന്ന് സുരേഷ് ഗോപിയും അമലാ പോളും അറിയിച്ചിരുന്നതെങ്കിലും വാടക ചീട്ട് ഹാജരാക്കാൻ ഇവർക്ക് സാധിച്ചിരുന്നില്ല.

പുതുച്ചേരിയിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഇവർക്കെതിരെ വ്യക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചു.
സുരേഷ്ഗോപി രാജ്യസഭാംഗം ആയതിനാൽ കുറ്റപത്രം നൽകുന്നതിന് മുമ്പ് നിയമോപദേശം തേടും. സുരേഷ് ഗോപിയും അമലാ പോളും കൂടാതെ സമാനമായ മറ്റ് നികുതിവെട്ടിപ്പ് കേസുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. എന്നാൽ താരങ്ങൾക്കെതിരെയാകും അതിവേഗം കുറ്റപത്രം നൽകുക. കോടിയേരി ബാലകൃഷ്ണന്റെ മിനി കൂപ്പർ വിവാദമാണ് ഇതിലേക്ക് വഴിയൊരുക്കിയത്.

തട്ടിപ്പു നടത്തുന്നവരിൽ കൂടുതലും പ്രശസ്തരാണെന്നായിരുന്നു കേരളത്തിലെ ഗതാഗത വകുപ്പിന്റെ കണ്ടെത്തൽ. എത്ര ഉന്നതരായാലും രക്ഷപ്പെടാൻ അനുവദിക്കരുതെന്ന നിർദ്ദേശമാണ് ഉദ്യോഗസ്ഥർക്കു നൽകിയിരിക്കുന്നത്. വാഹന വില അടിസ്ഥാനമാക്കിയാണു കേരളത്തിൽ നികുതി ഈടാക്കുന്നത്. അഞ്ചുലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്ക് വിലയുടെ ആറു ശതമാനമാണ് നികുതി. അഞ്ചുലക്ഷം മുതൽ പത്തുലക്ഷം വരെ വിലയുള്ള വാഹനത്തിന് വിലയുടെ എട്ടുശതമാനവും പത്തുമുതൽ 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് 10 ശതമാനവും 15 മുതൽ 20 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് 15 ശതമാനവുമാണ് നികുതി. 20 ലക്ഷത്തിനു മുകളിലുള്ള വാഹനങ്ങൾക്ക് 20 ശതമാനവും. ഇതര സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും രജിസ്റ്റ്രേഷൻ നടത്തി നികുതി വെട്ടിച്ചു സംസ്ഥാനത്തോടുന്നതു രണ്ടായിരത്തിലേറെ ആഡംബര കാറുകറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

2013ൽ ഇത്തരം വാഹനങ്ങളുടെ കണക്കെടുക്കാനും ഉടമകളെ കണ്ടെത്താനും അന്നത്തെ ഗതാഗത കമ്മിഷണർ ഋഷിരാജ് സിങ് ശ്രമം നടത്തിയിരുന്നു. എന്നാൽ കള്ളത്തരം കാട്ടുന്നവരുടെ സ്വാധീനം കാരണം ഒന്നും നടന്നില്ല. കേരളത്തിൽ സ്ഥിരമായി കാണുന്ന അൻപതിലേറെ ആഡംബര കാറുകളുടെ വിലാസം കണ്ടെത്താനായിരുന്നു ശ്രമം. പരിശോധനയിൽ മിക്ക വിലാസവും വ്യാജമെന്നു കണ്ടെത്തി. പോണ്ടിച്ചേരിയിലെ പല മേൽവിലാസക്കാരും അറിയാതെയാണു മുന്തിയ ഇനം കാറുകൾ രജിസ്റ്റർ ചെയ്തത്. ഓട്ടോ പോലും കയറാൻ വഴിയില്ലാത്ത ചെറു വീടുകളുടെ പേരിലും ബെൻസും ബിഎംഡബ്ല്യുവുമുണ്ട്. സിനിമാ താരങ്ങൾ, ബിസിനസുകാർ, ബാറുടമകൾ, വിദേശ മലയാളികൾ, രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കൾ തുടങ്ങിയവരുടെ വാഹനങ്ങളായിരുന്നു ഇവ. ഇവർക്കെതിരെ കർശന നടപടി വേണമെന്നും നഷ്ടമായ നികുതിയും പിഴയും ഈടാക്കണമെന്നും ഋഷിരാജ് സിങ് സർക്കാരിനു റിപ്പോർട്ട് നൽകി. വൈകാതെ സിങ് കമ്മിഷണർ സ്ഥാനത്തുനിന്നു മാറ്റി. ഇതോടെ നടപടിയും തീർന്നു.

അതിനിടെ നികുതി വെട്ടിച്ച് ആഡംബര വാഹനം ഉപയോഗിക്കുന്നതിന് കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസൽ വിവാദത്തിലായി. കാരാട്ട് ഫൈസൽ തന്റെ മിനി കൂപ്പർ കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തതിലൂടെ 10 ലക്ഷം നികുതി വെട്ടിച്ചുവെന്നാണ് ആരോപണം. അമലാപോൾ ബെൻസ് എസ് ക്ലാസ് കാറാണ് നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തത്. ഒരുകോടി പന്ത്രണ്ട് ലക്ഷം വിലമതിക്കുന്ന കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാനത്തിന് 20 ലക്ഷമാണ് നികുതിയിനത്തിൽ നഷ്ടപ്പെട്ടത്. നടൻ ഫഹദ് ഫാസിലും പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 70 ലക്ഷം വിലമതിക്കുന്ന ബെൻസ് ഇ ക്ലാസ് കാറാണ് ഫഹദിന്റേത്. പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതുവഴി 14 ലക്ഷമാണ് താരം വെട്ടിച്ചിരിക്കുന്നത്. സുരേഷ് ഗോപിയും സമാന ആരോപണത്തിൽ കുടുങ്ങി.

അതിനിടെ പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തവർക്ക് പിഴ നൽകാൻ അവസരം ധനമന്ത്രി തോമസ് ഐസക് നൽകി. നികുതി ക്രമപ്പെടുത്തിയാൽ നിയമ നടപടിയിൽനിന്ന് ഒഴിവാക്കുന്നതിനുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചു. ഏപ്രിൽ 30 നുള്ളിൽ കേരളത്തിൽ ഓടുന്ന ഈ വാഹനങ്ങളുടെ ഉടമകൾക്ക് നികുതി അടച്ച് കേസുകളിൽ നിന്നൊഴിവാകാമെന്നായിരുന്നു പ്രഖ്യാപനം. അതിന് ശേഷവും നികുതി അടയ്ക്കാത്തവരുണ്ടെങ്കിൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ധനമന്ത്രി സഭയിൽ പറഞ്ഞിരുന്നു. ഇതിലൂടെ 100കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തിരുന്നു. എന്നാൽ അമലാ പോളും സുരേഷ് ഗോപിയും ഇതും പ്രയോജനപ്പെടുത്തിയില്ല. ഇതോടെയാണ് താരങ്ങൾക്കെതിരെ നിയമ നടപടി തുടരാൻ സർക്കാർ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടത്.

ഈയിടെ കേരളത്തിൽ ഏറെ വിവാദമായ സംഭവമായിരുന്നു പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പ്. ഫഹദ് ഫാസിൽ, അമലാ പോൾ, സുരേഷ് ഗോപി എന്നിവർ പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതിവെട്ടിച്ചുവെന്ന വാർത്ത സംസ്ഥാനത്ത് ഏറെ ചർച്ചയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP