Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോപ്പിയടി വീരൻ ഐജിയെ രക്ഷപ്പെടുത്താൻ വരട്ടെ; കഴിഞ്ഞ തവണയും കോപ്പിയടിച്ചതിനു ദൃക്‌സാക്ഷികളുണ്ട്; എവിടെയും പറയാൻ തയ്യാറെന്ന് അഡ്വ. സന്തോഷ് പീറ്റർ

കോപ്പിയടി വീരൻ ഐജിയെ രക്ഷപ്പെടുത്താൻ വരട്ടെ; കഴിഞ്ഞ തവണയും കോപ്പിയടിച്ചതിനു ദൃക്‌സാക്ഷികളുണ്ട്; എവിടെയും പറയാൻ തയ്യാറെന്ന് അഡ്വ. സന്തോഷ് പീറ്റർ

കൊച്ചി: എൽഎൽഎം പരീക്ഷയിൽ കോപ്പിയടിച്ചു പിടിയിലായ ഐജി ടി ജെ ജോസ് മുൻവർഷ പരീക്ഷകളിലും കോപ്പി അടിച്ചെന്ന് വെളിപ്പെടുത്തൽ.

ഇത്തവണ പരീക്ഷയിൽ കോപ്പിയടിച്ചതിന് തെളിവില്ലെന്നു സംഭവം അന്വേഷിക്കുന്ന എഡിജിപി ശങ്കർ റെഡ്ഡി റിപ്പോർട്ട് എഴുതിയ പശ്ചാത്തലത്തിലാണ് മുൻകാലങ്ങളിലും ഐജി കോപ്പിയടിച്ച് പിടിക്കപ്പെട്ടിട്ടുണ്ടെന്ന ആക്ഷേപം ശക്തമായിരിക്കുന്നത്.എ ഐ വൈ എഫ് എറണാകുളം ജില്ലാ സെക്രട്ടറിയും നഗരത്തിലെ അഭിഭാഷകനുമായ സന്തോഷ് പീറ്ററാണ് ഐജിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ സെമസ്റ്റർ പരീക്ഷയിലും ടി ജെ ജോസ് കോപ്പിയടിച്ചതിനു താൻ സാക്ഷിയാണെന്ന് സന്തോഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

അന്നു കളമശേരി സെന്റ് പോൾസ് കോളേജിൽ ഐജിക്കൊപ്പം പരീക്ഷ എഴുതാൻ താനുമുണ്ടായിരുന്നു. ഒരേ ഹാളിൽ തന്നെയായിരുന്നു പരീക്ഷ. അന്ന് തുണ്ടുകടലാസിൽ ഉത്തരം എഴുതിക്കൊണ്ടുവന്ന് പകർത്തിയെഴുതാൻ ശ്രമിച്ച ജോസിനെ ഇൻവിജിലേറ്റർ തന്നെയാണ് കയ്യോടെ പിടിച്ചത്. കോപ്പിയടിക്കാൻ ഉപയോഗിച്ച കടലാസുകൾ തിരികെ വാങ്ങിയ ശേഷം താക്കീത് മാത്രം നൽകി ടി ജെ ജോസിനെ പരീക്ഷ തുടർന്നും എഴുതാൻ അനുവദിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ആദ്യസംഭവമായതു കൊണ്ടായിരിക്കാം താക്കീതിൽ ഒതുക്കിയതെന്ന് സന്തോഷ് പീറ്റർ പറയുന്നു. ഐജി കോപ്പിയടിച്ച് പിടിക്കപ്പെട്ടുവെന്നു വാർത്ത പുറത്തുവന്നപ്പോൾ തന്നെ താൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കേസ് അന്വേഷിക്കുന്ന ശങ്കർ റെഡ്ഡി തന്നെ സമീപിച്ചിട്ടില്ലെന്നും സന്തോഷ് പറഞ്ഞു.

ഉത്തരവാദിത്വമുള്ള ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ സത്യം എവിടേയും തുറന്നുപറയാൻ സന്തോഷ് പീറ്റർ തയ്യാറാണ്. മുൻപ് ഇതുപോലെ കോപ്പിയടിക്കാൻ ശ്രമിച്ച ആളായതു കൊണ്ട് ഐജി ഇത്തവണയും അങ്ങനെ ചെയ്തതായി വിശ്വസിക്കാതിരിക്കാൻ കാരണങ്ങളില്ല. എന്നിട്ടും ഐജിക്കെതിരെ തെളിവില്ലെന്ന് എഡിജിപി ശങ്കർ റെഡ്ഡി വാദിക്കുകയാണ്. ഇത്തവണ കോപ്പിയടിച്ചതായി യൂണിവേഴ്‌സിറ്റി അധികൃതർ റിപ്പോർട്ടും നൽകിയിട്ടുണ്ട്. ഏതൊരു കുറ്റകൃത്യത്തിനും മുൻചരിത്രം പരിശോധിക്കാറുണ്ട്.

അങ്ങനെ നോക്കുമ്പോൾ ഐജി മുൻവർഷം കോപ്പിയടിച്ചതിനും അതു പിടിക്കപ്പെട്ടതിനും താൻ ദൃക്‌സാക്ഷിയാണ്. എന്നാൽ ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ തന്റെ സഹപ്രവർത്തകനെ സംരക്ഷിക്കാൻ ശ്രമിക്കുന്നത്. ഇപ്പോൾ നിർബന്ധിത അവധിയിലുള്ള ടി ജെ ജോസ് ശങ്കർ റെഡ്ഡിയുടെ തെളിവെടുപ്പിന്റെ പശ്ചാത്തലത്തിൽ സർവീസിൽ ഉടൻ തന്നെ പ്രവേശിക്കുമെന്നാണ് സൂചന. ഐജി യെ രക്ഷിക്കാൻ ഉന്നതതലത്തിലാണ് ഇടപെടൽ നടന്നിരിക്കുന്നതെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്.

എൽഎൽഎമ്മിനു പുറമേ ഇദ്ദേഹം ജേർണലിസത്തിൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. തിരുവനന്തപുരം പ്രസ്സ് ക്ലബിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരിക്കുമ്പോഴായിരുന്നു ഇവിടത്തെ പഠനം. ഫസ്റ്റ് ക്ലാസ്സ് മാർക്കോടെയായിരുന്നു ഇവിടെ നിന്നു ജോസ് ജയിച്ചത്. പഠനകാലത്ത് ഔദ്യോഗിക വാഹനത്തിൽ എത്തിയിരുന്ന കമ്മീഷണറെ ഇപ്പോഴും അന്നത്തെ സഹപാഠികളായ മാദ്ധ്യമ പ്രവർത്തകർ ഓർക്കുന്നു.

എന്തായാലും സന്തോഷ് പീറ്ററിന്റെ വെളിപ്പെടുത്തലോ മറ്റു തരത്തിലുള്ള തെളിവുകളോ അന്വേഷിക്കാതെ ധൃതി പിടിച്ചുള്ള നീക്കത്തിനെതിരെ സേനയിലെ ഒരു വിഭാഗത്തിനു കടുത്ത അതൃപ്തിയുണ്ട്. സ്ഥാനക്കയറ്റത്തിനായാണ് ജോസ് ഇത്തരത്തിൽ ബിരുദങ്ങൾ കരസ്ഥമാക്കുന്നതെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ വർഷം കോപ്പിയടിച്ച് പിടിച്ചയാളാണ് ഐജിയെന്ന വെളിപ്പെടുത്തൽ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചയാകാനാണ് സാധ്യത.

അതിനിടെ കോപ്പിയടിച്ചില്ലെന്നും പൊലീസിൽതന്നെ ഒരു വിഭാഗം ഗൂഢാലോചന നടത്തുകയും അപകീർത്തിപ്പെടുത്താൻ എംജി സർവകലാശാലയെ മറയാക്കുകയും ചെയ്തുവെന്നും ഐജി ടി ജെ ജോസ് എംജി സർവകലാശാലയുടെ സിൻഡിക്കറ്റ് ഉപസമിതിക്കു മുൻപാകെ മൊഴി നൽകിയിട്ടുണ്ട്. ഇത് വിശ്വസിക്കാമെന്ന നിഗമനത്തിൽ തന്നെയാണ് ഉപസമിതിയും.

'' കർച്ചീഫിനുള്ളിൽ ഉണ്ടായിരുന്നത് ഹാൾടിക്കറ്റായിരുന്നു. ഹാൾടിക്കറ്റ് ആദ്യം പറന്നുപോയി. തുടർന്ന് ഇതെടുത്ത് കർചീഫിനുള്ളിൽ വയ്ക്കുകയായിരുന്നു. തറയിൽ നിന്ന് ഇത് കുനിഞ്ഞെടുക്കുന്നതു കണ്ട ഉദ്യോഗസ്ഥർ കോപ്പിയെന്നു തെറ്റിദ്ധരിച്ചതാണ്. തലേന്ന് പുലർച്ചെ മൂന്നുമണിവരെ കേസന്വേഷണവുമായി ബന്ധപ്പെട്ട് യാത്രയിലായിരുന്നു. പരീക്ഷയ്ക്ക് കാര്യമായി തയ്യാറെടുക്കാൻ സാധിച്ചില്ല. മനസ്സിൽ തോന്നിയത് ചിലത് എഴുതി. എഴുതിയ പേപ്പറുകൾ പരിശോധിച്ചാൽ കോപ്പിയടിച്ചതല്ലെന്നു ബോധ്യപ്പെടുമെന്നായിരുന്നു ഐജിയുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP