Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എതിരാളികളെ വകവരുത്തുന്ന സ്ഥിരം ശൈലി കൊണ്ട് ഗുണ്ടാ ബിനുവിന് പേര് വീണത് 'തലവെട്ടി' എന്ന്; ചെന്നൈ അധോലോകത്തെ ഭരിച്ചിരുന്ന ഗുണ്ടാ നേതാവ് ഇടക്കാലം കൊണ്ട് പ്രവർത്തന മണ്ഡലം കേരളത്തിലേക്ക് മാറ്റി; വസ്തുക്കച്ചവട രംഗത്ത് കൈവെച്ച് സമ്പാദിച്ചത് കോടികൾ; പിറന്നാൾ പാർട്ടി നടത്തിയത് രണ്ട് ഗുണ്ടാ നേതാക്കളെ വകവരുത്താനുള്ള പദ്ധതിയോടെ: ചെന്നൈയിലെ 'ദാവൂദി'നെ തേടി തമിഴ്‌നാട് പൊലീസ് കേരളത്തിലേക്ക്

എതിരാളികളെ വകവരുത്തുന്ന സ്ഥിരം ശൈലി കൊണ്ട് ഗുണ്ടാ ബിനുവിന് പേര് വീണത് 'തലവെട്ടി' എന്ന്; ചെന്നൈ അധോലോകത്തെ ഭരിച്ചിരുന്ന ഗുണ്ടാ നേതാവ് ഇടക്കാലം കൊണ്ട് പ്രവർത്തന മണ്ഡലം കേരളത്തിലേക്ക് മാറ്റി; വസ്തുക്കച്ചവട രംഗത്ത് കൈവെച്ച് സമ്പാദിച്ചത് കോടികൾ; പിറന്നാൾ പാർട്ടി നടത്തിയത് രണ്ട് ഗുണ്ടാ നേതാക്കളെ വകവരുത്താനുള്ള പദ്ധതിയോടെ: ചെന്നൈയിലെ 'ദാവൂദി'നെ തേടി തമിഴ്‌നാട് പൊലീസ് കേരളത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ചെന്നൈ അധോലോകത്തെ നായകനായി വിലസിയ ഗുണ്ട ബിനുവിനെ തേടി തമിഴ്‌നാട് പൊലീസ് കേരളത്തിലേക്ക്. നാലു കൊലപാതകമുൾപ്പെടെ ഒട്ടേറെ കേസുകളിലെ പിടികിട്ടാപ്പുള്ളിയുമാണ് തിരുവനന്തപുരം സ്വദേശിയായ പി. ബിനു. എതിരാളികളെ വകവരുത്തുന്നതും ക്വട്ടേഷനിലെ സ്ഥിരം ശൈലിയും കണ്ട് 'തലവെട്ടി' എന്നാണ് ഗുണ്ടാ ബിനു അറിയപ്പെടുന്നത്. റിയൽ എസ്റ്റേറ്റ് രംഗത്തടക്കം കൈവെച്ച ബിനും കോടികൾ സമ്പാദിച്ചതായാണ് അറിയുന്നത്.

വടിവാൾ കൊണ്ട് കേക്ക് മുറിച്ചു നടത്തിയ ബിനുവിന്റെ ജന്മദിനാഘോഷ പാർട്ടിയിലേക്ക് ഇരച്ചുകയറിയ പൊലീസ് 73 ഗുണ്ടകളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ബിനുവും അടുത്ത അനുയായികളായ വിക്കിയും കനകരാജും കടന്നുകളഞ്ഞു. ഇവരെ പിടികൂടാനായി ആന്ധ്രയിലും തിരച്ചിൽ നടത്തുന്നു. ഗുണ്ടകൾ പാർട്ടി നടത്തിയ പന്തലിൽനിന്നു പിടിച്ചെടുത്ത 60 മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കും. പന്തലിന് അടുത്തുനിന്നു 400 കിലോ രക്തചന്ദനവും പിടിച്ചെടുത്തിരുന്നു.

അതേസമയം, ചെന്നൈ നഗരത്തിലെ ഗുണ്ടാ നേതാക്കളായ സി.ഡി. മണി, രാധാകൃഷ്ണൻ എന്നിവരെ വധിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് പിറന്നാൾ പാർട്ടി നടത്തിയതെന്നു പൊലീസ് പറയുന്നു. ചെന്നൈയിലെ പ്രധാന ഗുണ്ടയായിരുന്ന ബിനു രണ്ടുവർഷം മുൻപു കേരളത്തിലേക്കു മടങ്ങിയിരുന്നു. അടുത്ത കൂട്ടാളിയായിരുന്ന രാധാകൃഷ്ണൻ ഇതോടെ മണിക്കൊപ്പം ചേർന്നു. ഇരുവരും അടുത്ത കാലത്തായി വസ്തു കച്ചവടമുൾപ്പെടെയുള്ളവയിൽ ഇടപെട്ട് വൻതോതിൽ പണം സമ്പാദിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇതിനിടെയാണ് ബിനു വീണ്ടും അധോലോകത്തു സജീവമാകാൻ തീരുമാനിച്ചതും വരവറിയിക്കാനായി പ്രധാന ഗുണ്ടകളെയെല്ലാം വിളിച്ചുചേർത്തു ജന്മദിന പാർട്ടി സംഘടിപ്പിച്ചതും. രാധാകൃഷ്ണനും മണിക്കും ക്ഷണമുണ്ടായിരുന്നത്രേ. ഇവർക്കെതിരായ ആക്രമണത്തിനും പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇരുവരും എത്തിയില്ല.

തമിഴ്‌നാട്ടിൽ എത്തുകയും ചൂളൈമേട്ടിൽ താമസിക്കുകയും ചെയ്യുന്ന ദാവൂദ് ഇബ്രാഹീം എന്നാണ് ചെന്നൈയിൽ ബിനു അറിയപ്പെടുന്നത്. കേരളത്തിലേക്ക് കടന്നിട്ടുണ്ടാകും എന്ന നിഗമനത്തിലാണ് ബിനുവിനേ തേടി കേരളത്തിലേക്ക് എത്തുന്നത്. തിരുവനന്തപുരത്തുകാരൻ എന്നതിൽ അപ്പുറം തമിഴ്‌നാട് പൊലീസിന് ഒരു വിവരവും കേരളാ പൊലീസിന് ഇയാളെ കുറിച്ച് അറിയില്ല.

28 കേസുകളാണ് ഗുണ്ട ബിനുവിന്റെ പേരിൽ തമിഴ്‌നാട്ടിലുള്ളത്. രണ്ട് വർഷമായി ഒളിവിലായിരുന്നു ജീവിതം. വീണ്ടും ചെന്നൈയിൽ ഗുണ്ട ബിനു സജീവമാകാൻ ആഗ്രഹിച്ചിരുന്നു. ഇതിന്റെ ആഘോഷം പങ്കിടാനായിരുന്നു അനുയായികളെല്ലാം ഒത്തു കൂടിയത്. 47-ാം ജന്മദിനം വടിവാളു കൊണ്ട് കേക്ക് മുറിച്ച് ആഘോഷിക്കാനും തീരുമാനിച്ചു. ഇരുന്നോറോളം ഗുണ്ടകളാണ് പിറന്നാൾ ആഘോഷിക്കാൻ ഒത്തു കൂടിയത്. ബിരിയാണിയും കേക്കും ബിയറുമായി പൊടിപൊടിക്കുന്ന ആഘോഷമാണ് പദ്ധതിയിട്ടത്. വെടിക്കെട്ടിനും തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. കബാലി സിനിമയിൽ രജനി കാന്തിന്റെ മടങ്ങിവരവ് ആഘോഷമാക്കിയതിന് സമാനമായ ഒരുക്കങ്ങൾ.

വേലുവിന്റെ ലോറി വർക് ഷോപ്പിലായിരുന്നു പാർട്ടി നടന്നത്. രാത്ര ഒൻപത് മണിയോടെ ബൈക്കിലും കാറിലും എത്തിയ സംഘം ഈ ഷെഡ് പിടിച്ചെടുത്ത് ആഘോഷം തുടങ്ങുകയായിരുന്നു. വേലു സ്ഥലത്തുണ്ടായിരുന്നു. അവിടെയുണ്ടായിരുന്നത് ഒരു ജീവനക്കാരനും. ബൈക്കിൽ എത്തിയ ഗുണ്ടകളെ കണ്ട് ഇയാൾ പകച്ചു. തിരിച്ചൊന്നും ചോദിക്കാൻ പോലും കഴിഞ്ഞില്ല. ഇതിനിടെയിൽ ആഘോഷം തുടങ്ങി. പക്ഷേ ഓപ്പറേഷൻ ബർത്ത് ഡേയിൽ എല്ലാം പൊളിഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ 75 ക്രിമിനലുകളെ ഒരുമിച്ചു പിടിച്ചു. തമിഴ്‌നാട് പൊലീസിന്റെ ചരിത്രത്തിലെ സുവർണ്ണ ദിനം. അപ്പോഴും ബിനു വലപൊട്ടിച്ചു കടന്നു.

ചൊവ്വാഴ്ച രാത്രിയിൽ തുടങ്ങിയ റെയ്ഡ് ബുധനാഴ്ച രാവിലെ ഒമ്പതു മണിവരെ നീണ്ടു. എട്ടോളം കൊലപാതകക്കേസുകളിൽ പ്രതിയായ ബിനുവിന് പൊലീസ് നൽകിയിരിക്കുന്ന പേര് ദാവൂദ് ഇബ്രാഹീം എന്നാണ്. ജന്മദിനാഘോഷത്തിൽ നടത്തിയ പൊലീസ് ഇടപെടലിൽ നിന്നും പിടിച്ചെടുത്തത് എട്ടു കാറുകൾ, 45 ബൈക്കുകൾ, 88 മൊബൈൽഫോണുകൾ, വടിവാളുകൾ, കത്തികൾ എന്നിവയെല്ലാമാണ്. വേലു ലോറിത്താവളത്തിന് സമീപം സിനിമാ സ്‌റ്റൈൽ ആക്ഷനായിരുന്നു പൊലീസും ഗുണ്ടാസംഘങ്ങളും തമ്മിലുണ്ടായത്.

സിനിമയിൽ നിന്നും പ്രചോദനം കൊണ്ട് ആ രീതിയിലായിരുന്നു ബിനു ബർത്തഡേ പാർട്ടി നടത്തിയത്. പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ ഗുണ്ടകളിൽ പലർക്കും ബിനുവിനെ നേരിട്ടു പരിചയം പോലുമില്ലായിരുന്നു. കാറുകളിലും ഇരുചക്ര വാഹനങ്ങളിലുമായി 200 ലധികം പേർ ആഘോഷത്തിന് എത്തിയപ്പോൾ രാത്രി ഏഴു മണിയോടെ സ്വകാര്യ കാറുകളിലായി പൊലീസുകാരും വന്നു. റെയ്ഡിന് മുമ്പായി ആഘോഷത്തെക്കുറിച്ച് പൊലീസ് മണത്തറിഞ്ഞിരുന്ന പൊലീസ് പ്രത്യേക പദ്ധതി തയ്യാറാക്കി നേരത്തേ തന്നെ അനേകം പൊലീസുകാരെ വേദിക്ക് സമീപം ഒളിവിൽ പാർപ്പിച്ചിരുന്നു.

ഒരാഴ്ച മുമ്പ് വലയിൽ കുടുങ്ങിയ മദൻ എന്ന ഗുണ്ടയാണ് ബിനുവിന്റെ പിറന്നാൾ ആഘോഷത്തെക്കുറിച്ച് പൊലീസിന് വിവരം നൽകിയത്. ബിനുവിന് വേണ്ടി നഗരത്തിലെ മുഴുവൻ ഗുണ്ടകളും ഒത്തുകൂടുമെന്നായിരുന്നു ഇയാൾ നൽകിയ വിവരം. ബിനുവിന്റെ ജന്മദിനത്തിൽ ഗുണ്ടകളെ പൊക്കാൻ പൊലീസും സജ്ജമായി. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ എ കെ വിശ്വനാഥനും ഡപ്യൂട്ടി എസ് സർവേശുമായിരുന്നു പദ്ധതികൾ തയ്യാറാക്കിയത്.

പൊലീസ് നേരത്തേ തന്നെ പിറന്നാളാഘോഷ വേദിക്ക് സമീപം മറഞ്ഞിരുന്നു. വടിവാൾ ഉപയോഗിച്ച് കേക്ക് മുറിച്ചതോടെയായിരുന്നു ആഘോഷം തുടങ്ങിയത്. ആഘോഷം പൊലിക്കുന്നതിനിടയിൽ തോക്കുമായി പൊലീസ് ചാടിവീണു. ഇതോടെ ഗുണ്ടകൾ ചിതറിയോടി. പിടിയിലായി. ആഘോഷവേദിക്ക് സമീപത്തെ തടാകമാണ് പലർക്കും തുണയായത്. ഇതിൽ ചാടിയ പലരും നീന്തി രക്ഷപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP