Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഐ(എം)-ബിജെപി സംഘർഷം കേരളം മുഴുവൻ വ്യാപിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; രക്തസാക്ഷികളെ സൃഷ്ടിച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ ഉറച്ച് രണ്ട് പാർട്ടികളും; സിപിഎമ്മിന് നിലനിൽപ്പിന്റെ പോരാട്ടം; ബിജെപിക്ക് ഉയർത്തെഴുന്നേൽപ്പിന്റേയും

സിപിഐ(എം)-ബിജെപി സംഘർഷം കേരളം മുഴുവൻ വ്യാപിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; രക്തസാക്ഷികളെ സൃഷ്ടിച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ ഉറച്ച് രണ്ട് പാർട്ടികളും; സിപിഎമ്മിന് നിലനിൽപ്പിന്റെ പോരാട്ടം; ബിജെപിക്ക് ഉയർത്തെഴുന്നേൽപ്പിന്റേയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സി. പി. എം - ബി. ജെ. പി സംഘട്ടനം തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ ശക്തിപ്പെടുമെന്നും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്നും ഇന്റലിജൻസ് വിഭാഗം സർക്കാരിന് റിപ്പോർട്ട് നൽകി. തിരുവോണ നാളിൽ രണ്ട് പേരെ കൊലപ്പെടുത്തിക്കൊണ്ട് തുടങ്ങിയ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് വേണ്ടത്ര ഗൗരവം കൊടുക്കണമെന്നാണ് ആവശ്യം. സിപിഎമ്മും ബിജെപിയുമായി കടുത്ത രാഷ്ട്രീയ ഭിന്നതയിലേക്ക് പോകുന്നതുകൊണ്ട് തന്നെ കരുതൽ അനിവാര്യമാണെന്നാണ് ആവശ്യം. രാഷ്ട്രീയ നിലപാടുകൾ ശക്തമാക്കാനും മറ്റും അക്രമത്തിലൂടെ സിപിഎമ്മും ബിജെപിയും ശ്രമിക്കുമെന്നാണ് നിരീക്ഷണം.

രക്തസാക്ഷികളെ സൃഷ്ടിച്ച് ജനങ്ങൾക്കിടയിൽ അനുകമ്പാ തരംഗമുണ്ടാക്കാൻ ഇരുപക്ഷവും ഗൂഢാചന നടത്തുന്നതായാണ് സൂചന. ഇതിനൊപ്പം അണികളെ പിടിച്ചു നിർത്താനും അക്രമത്തിലൂടെ ശ്രമമുണ്ട്. സിപിഐ(എം) വോട്ട് ബാങ്കിൽ ബിജെപി വൻതോതിൽ കടന്നു കയറുന്നതായി വിലയിരുത്തലുണ്ട്. ബിജെപിയെ നേരിടുന്നതിലെ പോരായ്മയാണ് ഈ വോട്ട് ചോർച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തലുകൾ വന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസിനപ്പുറം സിപിഎമ്മുകാരുടെ ശത്രു ബിജെപിയാണെന്ന് വരുത്താനാണ് സിപിഐ(എം) നീക്കം. ഇതിന്റെ ഭാഗമായാണ് സിപിഐ(എം) അക്രമങ്ങൾ. മറുഭാഗത്ത് സിപിഎമ്മിന് പഴയ കരുത്തില്ലെന്ന് തെളിയിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് ബിജെപി ശ്രമം. ഇതിലൂടെ കൂടുതൽ വോട്ടുകൾ തങ്ങൾക്ക് ലഭിക്കുമെന്നാണ് കണക്ക് കൂട്ടൽ.

അക്രമങ്ങൾ വ്യാപിപ്പിക്കാൻ ശക്തി സമാഹരിക്കുന്നതിന്റെ ഭാഗമായി ഇരുഭാഗത്തും രഹസ്യകേന്ദ്രങ്ങളിൽ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സംഭരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെയുണ്ടായ അക്രമങ്ങൾ ഈ സൂചനയാണ് നൽകുന്നത്. രാഷ്ട്രീയ പകപോക്കലിന് പുറമെ, പകരത്തിന് പകരം വീട്ടി ശക്തി കാണിക്കുകയെന്ന സന്ദേശവും അക്രമങ്ങൾക്ക് പിന്നിലുണ്ടെന്ന് കരുതുന്നു. കാസർകോട്, കണ്ണൂർ തുടങ്ങിയ വടക്കൻ ജില്ലകൾക്ക് പുറമെ, തെക്കൻ ജില്ലകളിലേക്കും അക്രമം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുണ്ട്. ഇപ്പോൾ തൃശൂർ, ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിലും അക്രമങ്ങൾ അരങ്ങേറി. ഇതിനെല്ലാം ഓണക്കാലം തന്നെ തെരഞ്ഞെടുത്തുവെന്നത് തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെയാണ്.

ഓണക്കാലമായിട്ടും ഇരു പാർട്ടികളും അക്രമങ്ങളും കൊലപാതകങ്ങളും നടത്തിയത് ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചനയുടെ വ്യക്തമായ തെളിവാണെന്ന് ഇന്റലിജൻസ് വിഭാഗം കരുതുന്നു. കാസർകോടും തൃശൂരിലും നടന്ന കൊലപാതകങ്ങൾ അവിചാരിതമല്ല. അതി സൂക്ഷ്മമായ ആസൂത്രണം രണ്ട് കൊലപാതകങ്ങൾക്കും പിന്നിലുണ്ട്. പ്രാദേശിക രാഷ്ട്രീയ നേതൃത്വം മാത്രം അറിഞ്ഞുകൊണ്ടുള്ള കൊലപാതകങ്ങളായി ഇവയെ പൊലീസ് കാണുന്നില്ല. രണ്ട് പാർട്ടികളുടെയും ഉന്നത നേതൃത്വം അറിഞ്ഞ് കൊണ്ടുള്ളതാണ് അക്രമം.
തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് സി. പി.എമ്മിനും ബി ജെ. പിക്കുമുള്ളത്. പ്രാദേശിക തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ഏത് മാർഗവും സ്വീകരിക്കുകയെന്ന തന്ത്രം രണ്ട് പാർട്ടികളും സ്വീകരിച്ചിരിക്കുകയാണ്. ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിച്ച് സർക്കാരിനെ അലോസരപ്പെടുത്താനും നീക്കമുള്ളതായും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.

കാസർഗോഡ് സംഘർഷത്തിന് ഒരു അയവും വന്നിട്ടില്ല. കാഞ്ഞങ്ങാട് കൊളവയലിൽ സിപിഐ(എം) ബിജെപി. സംഘർഷത്തിൽ ഏഴു പേർക്ക് വെട്ടേറ്റു. ഒരാളുടെ നില അതീവ ഗുരുതരം. കണ്ണൂരിൽ സിപിഐ(എം) ബിജെപി. സംഘർഷം ഗ്രാമപ്രദേശങ്ങളിലേക്കും പടരുകയാണ്. ബിജെപി. ജില്ലാ പ്രസിഡന്റിന്റെ വീടിനു നേരേ ബോംബെറിഞ്ഞു. കണ്ണൂരിൽ മൂന്നു ദിവസമായി തുടരുന്ന സംഘർഷത്തിൽ പൊലീസ് 26 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലയിലേക്ക് കൂടുതൽ പൊലീസിനെ വിന്യസിക്കാൻ ജില്ലാ പൊലീസ് മേധാവി പി.എൻ. ഉണ്ണിരാജൻ ഡി.ജി.പിക്കു സന്ദേശമയച്ചു. സംഘർഷ സാധ്യത നിലനിൽക്കുന്ന സ്ഥലങ്ങളിൽ നൈറ്റ് പട്രോളിങ് ശക്തമാക്കാൻ നിർദ്ദേശം നൽകി. അഴീക്കോട് പഞ്ചായത്തിൽ നിരോധനാജ്ഞ തുടരുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സിപിഐ(എം), ബിജെപി പ്രവർത്തകർ തങ്ങളുടെ ശക്തി തെളിയിക്കാൻ അക്രമത്തിന് തയ്യാറെടുക്കുന്നതായും സൂചനയുണ്ട്. കണ്ണൂരിൽ രജിസ്റ്റർ ചെയ്ത 26 കേസുകളിൽ 16 എണ്ണത്തിൽ ബിജെപി. പ്രവർത്തകരാണു പ്രതിസ്ഥാനത്ത്. ശേഷിക്കുന്നവയിൽ സിപിഐ(എം). പ്രവർത്തകരാണ്. കാസർകോട് വെട്ടേറ്റവരിൽ രണ്ടു പേരെ മംഗളൂരു ആശുപത്രിയിലും അഞ്ചു പേരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കൊളവയലിലെ സിപിഐ(എം). പ്രവർത്തകരായ ശ്രീജിത്ത്, ഷിജു, ശ്രീജേഷ്, രതീഷ്, ബിജെപി. പ്രവർത്തകരായ ചന്ദ്രൻ, ഗണേശൻ, സഹോദരൻ സുനിൽ എന്നിവർക്കാണു വെട്ടേറ്റത്. അക്രമത്തിൽ ബിജെപി. പ്രവർത്തകരായ സഞ്ജു, പ്രജിത്ത് എന്നിവർക്കു പരുക്കേറ്റു.

തൃശൂരിൽ സംഘർഷം വ്യാപകമായതോടെ പൊലീസ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടത്തി. ഒരു ബോംബ് മാത്രമാണു കണ്ടെത്താനായത്. തിരുവോണ നാളിൽ അഴീക്കോട് ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിച്ചത്. സംഘർഷത്തിൽ രണ്ട് ആർഎസ്എസ്ബിജെപി. പ്രവർത്തകർക്കും രണ്ടു സിപിഐ(എം). പ്രവർത്തകർക്കും വെട്ടേറ്റിരുന്നു. സിപിഐ(എം). പ്രവർത്തകരുടെ പത്തു വീടുകളും ബിജെപി പ്രവർത്തകരുടെ ആറു വീടുകളും സിപിഐ(എം). ഓഫീസുകളും അക്രമത്തിൽ തകർന്നിരുന്നു. സംഘർഷമേഖലകളിൽ വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നു.

തിരുവോണദിനത്തിൽ തൃശൂരിൽ കൊടകരയ്ക്കടുത്തു വാസുപുരത്ത് ബിജെപി പ്രവർത്തകൻ അഭിലാഷിനെ വെട്ടിക്കൊന്ന കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. വാസുപുരം സ്വദേശികളായ ഡെന്നീസ്, ശിവദാസൻ, രാജൻ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP