Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുസ്ലിം സ്ത്രീയുമായി ബന്ധമുണ്ടായതിന്റെ പേരിൽ ആസാദിനെ കടലിൽ മുക്കിക്കൊന്നതും വിനോദിനെ മഴുവിനു വെട്ടിക്കൊന്നതും തടിയന്റവിട നസീറും മുഹമ്മദ് ഹാലിമും ചേർന്ന്; ഇപ്പോൾ വിജിലൻസ് വേഷത്തിൽ കവർച്ച നടത്തിയതും തീവ്രവാദ പ്രവർത്തനത്തിനെന്നു രഹസ്യാന്വേഷണ വിഭാഗം

മുസ്ലിം സ്ത്രീയുമായി ബന്ധമുണ്ടായതിന്റെ പേരിൽ ആസാദിനെ കടലിൽ മുക്കിക്കൊന്നതും വിനോദിനെ മഴുവിനു വെട്ടിക്കൊന്നതും തടിയന്റവിട നസീറും മുഹമ്മദ് ഹാലിമും ചേർന്ന്; ഇപ്പോൾ വിജിലൻസ് വേഷത്തിൽ കവർച്ച നടത്തിയതും തീവ്രവാദ പ്രവർത്തനത്തിനെന്നു രഹസ്യാന്വേഷണ വിഭാഗം

രഞ്ജിത് ബാബു

കണ്ണൂർ: പെരുമ്പാവൂരിൽ വിജിലൻസ് ഉദ്യോഗസ്ഥർ ചമഞ്ഞ് സ്വർണ്ണാഭരണങ്ങളും പണവും കവർന്നത് തീവ്രവാദ പ്രവർത്തനത്തിനു തന്നെയെന്ന് രഹസ്യാന്വേഷണ വിഭാഗം. ഈ സംഘത്തിന്റെ മുൻകാല ചെയ്തികൾ അതിനെ സാധൂകരിക്കുന്നതാണ്. കണ്ണൂർ-കക്കാട് വച്ച് മുമ്പ് ഹവാലാ പണം തട്ടിയെടുത്തതും ഇതേ സംഘമാണ്. 22 ലക്ഷം രൂപയായിരുന്നു ഇവർ തട്ടിയെടുത്തത്. തടിയന്റവിടെ നസീറിന്റെ കുടുംബത്തിനും കൂട്ടുപ്രതികളുടെ കേസിനുമൊക്കെയാണ് ഇങ്ങനെ പണമുണ്ടാക്കുന്നതെന്ന് മുഹമ്മദ് ഹാലിം മുമ്പ് മൊഴി നൽകിയിട്ടുണ്ട്. കേരളത്തിലും കർണ്ണാടകത്തിലും ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി രഹസ്യാന്വേഷണവിഭാഗത്തിന്റെ നിരീക്ഷണത്തിൽ പറയുന്നു.

കേരളത്തിലാദ്യമായി താലിബാൻ മോഡൽ കൊലപാതകം നടത്തിയതും തടിയന്റവിടെ നസീറിന്റേയും മുഹമ്മദ് ഹാലിമിന്റെയും നേതൃത്വത്തിലായിരുന്നു. 1997 ജൂൺ 4 ന് കണ്ണൂരിലെ ആസാദ് വധമാണ് താലിബാൻ ശൈലിയിൽ കേരളത്തിൽ ആദ്യകൊലപാതകം. മുസ്ലിം സമുദായത്തിലെ സദാചാര രീതികൾ തങ്ങളുടെ വിശ്വാസമനുസരിച്ച് നടപ്പാക്കാൻ കണ്ണൂർ തയ്യിൽ കേന്ദ്രീകരിച്ച് ഒരു സംഘടനക്ക് തുടക്കമിട്ടിരുന്നു. അക്കാലത്ത് ഒമർ ഹാജി എന്ന് വിളിക്കപ്പെട്ടിരുന്ന തടിയന്റവിടെ നസീറായിരുന്നു ഈ സംഘത്തിന്റെ തലവൻ. രണ്ടാമൻ മുഹമ്മദ് ഹാലിമും. തീവ്ര സലഫിസത്തിലൂടെ ഇവർ പിന്നീട് ലഷ്‌ക്കർ-ഇ-തൊയ്ബ എന്ന നിരോധിത ഭീകരസംഘടനയിൽ ചേർന്ന് രാജ്യത്തിനെതിരെ ഭീകരപ്രവർത്തനം നടത്താൻ യുവാക്കളെ കാശ്മീരിലേക്ക് റിക്രൂട്ട് ചെയ്യുന്നതുവരെയെത്തി കാര്യങ്ങൾ.

കണ്ണൂർ ആയിക്കര കടലിലാണ് താലിബാൻ ശൈലിയിലുള്ള കൊലപാതകം നടന്നത്. ഒരു മുസ്ലിം സ്ത്രീയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. തടിയന്റവിടെ നസീറും ഹാലിമും ഈ ബന്ധം തുടരരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ആസാദ് അത് അനുസരിച്ചില്ല. മതബോധത്തോടെ ജീവിക്കാത്തതിന്റെ പേര് പറഞ്ഞാണ് ആസാദിനെ കൊല ചെയ്തതെന്നാണ് കേസ്. ഇക്കാലത്ത് നസീറും ഹാലിമും അബ്ദുൾ നാസർ മദനിയുടെ അനുയായികളായിരുന്നു. നസീറിന്റെ നേതൃത്വത്തിൽ ക്രിമിനൽ സംഘം രൂപപ്പെട്ടിരുന്നു. ആസാദിനെ കൊലപ്പെടുത്താൻ എറണാകുളത്തു നിന്നെത്തിയ അനൂപ് അബു, മതംമാറിയ ഫത്താഹ് എന്നിവർ ചേർന്നാണ് ആയിക്കരയിൽ വച്ച് കൊല നടത്തിയത്. ആയിക്കരയിലുണ്ടായിരുന്ന ആസാദിനെ സംഘം ചേർന്ന് അടിച്ച് കടലിലേക്കോടിച്ചു. ഒടുവിൽ മർദ്ദനം സഹിക്കവയ്യാതെ ആസാദ് കടലിൽ ചാടി. അധികം ആഴമില്ലാത്ത സ്ഥലത്താണ് ആസാദ് ചാടിയത്. നസീറും ഹാലിമും കൂട്ടാളികളും ആസാദിനെ പിടിച്ചു നിർത്തി കടലിൽ മുക്കി കൊല്ലുകയായിരുന്നു.

ആസാദ് വധത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിക്കുകയും ഭീകരവാദത്തിന്റെ സ്വാധീനം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ കേരളാ പൊലീസിന്റെ ഗുരുതരമായ വീഴ്ച അന്നു മുതൽ തീവ്രവാദികൾക്ക് ശക്തി പകരുന്നതായിരുന്നു. ആസാദ് വധത്തിന്റെ അന്വേഷണത്തിൽ സാധാരണ കൊലപാതകത്തിന്റെ പരിഗണന പോലും ലോക്കൽ പൊലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ചിട്ടില്ല. മത ഭീകരവാദം കേരളത്തിലെ മണ്ണിലും ശക്തിപ്പെടുത്താൻ കഴിയുമെന്ന തിരിച്ചറിവാണ് ഇതോടെ തീവ്രവാദികൾക്കുണ്ടായത്. തുടർന്ന് കോയമ്പത്തൂർ ജയിലിൽ കഴിയുന്ന അബ്ദുൾ നാസർ മദനിയെ മോചിപ്പിക്കാൻ സർക്കാറിൽ സമ്മർദ്ദം ചെലുത്തുന്നതിന് അട്ടിമറി വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നതിനും മന്ത്രിമാരേയും രാഷ്ട്രീയ നേതാക്കളെ വധിക്കുന്നതിനേയും പദ്ധതിയിട്ടുണ്ടെന്നായിരുന്നു. 99 ഓഗസ്ത് 12 ന് അന്നത്തെ കണ്ണൂർ ടൗൺ സിഐ പി.പി. ഉണ്ണികൃഷ്ണൻ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ട് കണ്ണൂർ തീവ്രവാദത്തിന്റെ പിടിയിലമരുന്നതിന്റെ സൂചനയായിരുന്നു.

2006 ഡിസംബറിൽ മരക്കാർ കണ്ടിയിലെ വിനോദ് വധമാണ് താലിബാൻ മോഡലിലെ രണ്ടാമത്തെ കൊല. രാവിലെ മോട്ടോർ ബൈക്കിൽ ആയിക്കരയിലേക്ക് വരുമ്പോൾ തടിയന്റവിടെ നസീറിന്റെ നേതൃത്വത്തിലുള്ള സംഘം വിനോദിനെ തടഞ്ഞു നിർത്തി രണ്ട് കൈയും ഇരുഭാഗത്തേക്കു പിടിച്ച് മഴുകൊണ്ട് തലക്ക് പിറകിൽ വെട്ടുകയായിരുന്നു. വിനോദിന് ഒരു മുസ്ലിം യുവതിയുമായി ബന്ധമുണ്ടായതാണ് വെട്ടി കൊലപ്പെടുത്താൻ കാരണമായത്. ഇതിലും മത സദാചാരം ഉയർത്തിക്കാട്ടിയാണ് കൊല നടത്തിയത്. കേരളത്തിൽ ഇത്തരമൊരു കൊലയും ഇതാദ്യമായിരുന്നു. അപകടമരണമായിരുന്നുവെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ വെട്ടാനുപയോഗിച്ച മഴുവിന്റെ രൂപവും മറ്റും തീവ്രവാദികൾ ഉപയോഗിക്കുന്ന ആയുധങ്ങളുമായി സാമ്യമുണ്ടെന്നതിനാലാണ് ഇതും താലബാൻ മോഡൽ കൊലയെന്ന് വ്യക്തമായത്.

കവർച്ച നടത്തിയും മറ്റും ഇപ്പോൾ ശേഖരിക്കുന്ന പണം കേവലം ജയിലിൽ കഴിയുന്നവർക്കും അവരുടെ കുടുംബത്തിനും വേണ്ടി മാത്രമാണെന്ന് രഹസ്യാന്വേഷണ വിഭാഗം കരുതുന്നില്ല. പകരം തീവ്രവാദവിഭാഗങ്ങളെ ശക്തിപ്പെടുത്താനും സമാനമായ രീതിയിൽ അക്രമങ്ങൾ ആസൂത്രണം ചെയ്യാനും ഏതോ ശക്തികൾ ഇപ്പോഴും ശ്രമിക്കുന്നുണ്ടാവാം. ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ കഴിയുന്ന മുഹമ്മദ് സാബിറിൽ നിന്നും കേരളത്തിലേക്ക് പണം വരുന്നുണ്ട്. ഇത് സ്വീകരിക്കുന്നത് പ്രധാനമായും ഹാലിമാണ്. അതുകൊണ്ടുതന്നെ മുൻ ലഷ്‌ക്കറെ തൊയ്ബ അംഗങ്ങളായ തീവ്രവാദികൾ രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഒരുങ്ങുന്നുണ്ടോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP