Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയെ ചെരുപ്പ് തലയിൽ വച്ച് ഓടിക്കും.. ഇടയ്ക്കു ചൂരലിനടിക്കും.. അനുസരണക്കേടു കാട്ടിയാൽ രണ്ടുവയസുകാരനും ക്രൂരമർദ്ദനം; കോതമംഗലം നെല്ലിക്കുഴിയിൽ ത്വരീഖത്ത് അംഗങ്ങൾക്കു നൽകുന്ന അതിക്രൂരമായ പ്രാകൃത ശിക്ഷാരീതികൾ ഇങ്ങനെ; ചൂരലും ചട്ടുകവും ഉപയോഗിച്ചു മർദനമേറ്റ യുവതി ആശുപത്രിയിൽ

ഭാര്യയെ ചെരുപ്പ് തലയിൽ വച്ച് ഓടിക്കും.. ഇടയ്ക്കു ചൂരലിനടിക്കും.. അനുസരണക്കേടു കാട്ടിയാൽ രണ്ടുവയസുകാരനും ക്രൂരമർദ്ദനം; കോതമംഗലം നെല്ലിക്കുഴിയിൽ ത്വരീഖത്ത് അംഗങ്ങൾക്കു നൽകുന്ന അതിക്രൂരമായ പ്രാകൃത ശിക്ഷാരീതികൾ ഇങ്ങനെ; ചൂരലും ചട്ടുകവും ഉപയോഗിച്ചു മർദനമേറ്റ യുവതി ആശുപത്രിയിൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ചെരുപ്പ് തലയിൽ വയ്ക്കുക, എന്നിട്ട് വീടിനു ചുറ്റും ഓടാൻ നിർദ്ദേശിക്കുക, ഓടുന്നതിനിടയിൽ കുറ്റകൃത്യത്തിന്റെ കാഠിന്യത്തിനനുസരിച്ച് ചൂരലിനു നന്നായി പ്രഹരിക്കുക.. ഭാര്യ അനുസരണക്കേട് കാട്ടിയെന്നറിയിച്ചപ്പോൾ നിലക്ക് നിർത്താൻ 'ത്വരിഖത്ത് 'ആത്മീയാചാര്യൻ ഷൈഖ് അലി, നെല്ലിക്കുഴി സ്വദേശിയായ പ്രവർത്തകനോട് നിർദ്ദേശിച്ച ശിക്ഷാവിധി ഇങ്ങനെ. ശിക്ഷാവിധി അക്ഷരം പ്രതി നടപ്പിലാക്കിയതോടെ സഹികെട്ട ഇയാളുടെ യുവതിയായ ഭാര്യ വാവിട്ടു നിലവിളിച്ചു. ഇതോടെ അയൽവാസികൾ പ്രശ്‌നത്തിലിടപെടുകയും താക്കീതുചെയ്യുകയും ചെയ്തതോടെ തൽക്കാലം പിൻവാങ്ങിയ പ്രവർത്തകൻ നിസ്‌കരിക്കാത്തതിന്റെ പേരിൽ രണ്ടുവയസ്സുകാരനായ മകനെ ചൂരലിന് അടിച്ച് അവശനാക്കിയതായും വിശ്വസനീയ കേന്ദ്രത്തിൽ നിന്നും വിവരം ലഭിച്ചു.

ഭാര്യമാർക്കെതിരെ സംഘടനാപ്രവർത്തകർ നടത്തിവരുന്ന പ്രകൃതശിക്ഷാരീതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തായിട്ടണ്ട്. സംഘടനയുടെ പ്രവർത്തകനായ കുറ്റിലഞ്ഞി കൊട്ടകംബിള്ളി ഇസ്മായിലിന്റെ പീഡനത്തെതുടർന്ന് അവശയായ ഭാര്യ ഭാര്യ താഹിറ (33)ഇപ്പോൾ കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികത്സയിലാണ്. നിസാരകാരണങ്ങളുടെ പേരിൽ കഴിഞ്ഞ അഞ്ചുവർഷമായി ഭർത്താവ് തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് താഹിറ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പനിയും അസുഖങ്ങളും കാരണം സുഖമില്ലാതിരുന്ന തന്നെ ഇന്നലെ രാവിലേയും ചൂരലും ചട്ടുകവും ഉപയോഗിച്ച് ഭർത്താവ് മർദ്ദിച്ചതായി താഹിറ പൊലീസിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

ശക്തമായ പനിയും മർദ്ദനമേറ്റതിന്റെ അസ്വസ്ഥതകളുമായിക്കഴിഞ്ഞിരുന്ന താഹിറയെ രക്ഷിതാക്കളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. തിരൂർ കേന്ദ്രീകരിച്ചുള്ള ത്വരീഖത്തിൽ പ്രവർത്തിച്ചു തുടങ്ങിയതോടെയാണ് മകളെ ഇസ്മയിൽ മർദ്ദിക്കാൻ തുടങ്ങിയതെന്ന് താഹിറയുടെ പിതാവ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഷൈഖ് അലിയുടെ നിർദ്ദേശപ്രകാരം വിചിത്രമായ ശിക്ഷാവിധികളാണ് സംഘടനാപ്രവർത്തകർ കുടുംബങ്ങളിൽ നടപ്പാക്കുന്നതെന്നും ഇക്കാര്യത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും താഹിറയുടെ പിതാവ് ഹമീദ് വെളിപ്പെടുത്തി.  താഹീറയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചതായി കോതമംഗലം എസ് ഐ സുധീർ മനോഹർ അറിയിച്ചു.

താഹീറയ്ക്കുനേരെയുണ്ടായ ക്രൂരമായ മർദ്ദനമുറകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ സംഘടനാപ്രവർത്തകരുടെ ക്രൂരതകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തായി. മക്കളെ വലവീശിപ്പിടിച്ച് തന്റെ കുടുംബം ഷൈഖ് അലി കുട്ടിച്ചോറാക്കിയെന്നാണ് ചുമട്ടുതൊഴിലാളിയായ നെല്ലിക്കുഴി കീടത്തുംകുടി അബ്ബാസിന്റെ വെളിപ്പെടുത്തൽ. സംഘടനയുടെ പ്രവർത്തകരായ മൂത്ത മകൻ അൻസിലിലും സഹോദരൻ അനൂപും ചേർന്ന് തന്നെ ആക്രമിക്കുകയും കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി അബ്ബാസ്സ് ആലുവ റുറൽ എസ്‌പി ക്ക് പരാതി നൽകിയിട്ടുണ്ട്.

ആദ്യം മൂത്തമകൻ അൻസിലും പിന്നീട് തന്റെ ഭാര്യ നസീമയും പിന്നാലെ ഇളയമകൻ അനൂപും സംഘടനയിൽ അംഗങ്ങളായെന്നാണ് അബ്ബാസിന്റെ വെളിപ്പെടുത്തൽ. അനുസരണക്കേട് കാട്ടിയെന്നാരോപിച്ച് മൂത്തമകൻ ഭാര്യയെ പ്ലാസ്റ്റിക്ക് കസേരക്ക് അടിക്കാറുണ്ടെന്നും ഇത്തരത്തിൽ താൻ വീട്ടിൽ വാങ്ങിയിട്ടിരുന്ന 11 കസേരകൾ ഉപയോഗശൂന്യമായയെന്നും അബ്ബാസ്സ് ആരോപിക്കുന്നു. നെല്ലിക്കുഴി മേഖലയിലെ സംഘടനയുടെ നേതാവായി മാറിയ മകൻ തന്നെ കൊല്ലാനെത്തുമെന്ന് ഭയപ്പെടുന്നതായും പ്രാണഭയത്താലാണ് ഇപ്പോൾ കഴിയുന്നതെന്നും അബ്ബാസ് വ്യക്തമാക്കി.

നേഴ്‌സിങ് പഠനത്തിനായി മൂത്തമകൻ അൻസിലിനെ മഞ്ചേരി എം ഇ എസ് കോളേജിൽ ചേർത്തിരുന്നെന്നും വീട്ടിലേക്ക് വരവെ ട്രെയിനിൽ വച്ച് പരിചയപ്പെട്ട ഷൈഖ് അലിയുടെ അനുയായികൾ മകനെ പ്രലോഭിപ്പിച്ച് കൂടെ ചേർക്കുയായിരുന്നെന്നുമാണ് അബ്ബാസിന്റെ കണ്ടെത്തൽ. ഭാര്യയെ സംഘടനാപ്രവർത്തനത്തിൽ നിന്നും പിൻതിരിപ്പിക്കുന്നതിന് പലതരത്തിൽ താൻ നടത്തിയ നീക്കം പരാജയപ്പെട്ടതോടെ അവരെ മൊഴിചൊല്ലിയതായും അബ്ബാസ് വ്യക്തമാക്കി.

തീവ്രവാദ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന സംഘടനയ്ക്ക് നെല്ലിക്കുഴിയിൽ മുപ്പതോളം പ്രവർത്തകരുണ്ടെന്നാണ് അബ്ബാസ് നൽകുന്ന സൂചന. സംഘടനയിൽ അംഗങ്ങളാവുന്നവർ വീടിന് ചുറ്റും മറ തീർക്കുകയും അയൽവാസികളിൽ നിന്നും അകലുകയും സ്ത്രീകൾക്ക് വീടിന് പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയും പിന്നീട് നിസ്സാരകാരണങ്ങളുടെ പേരിൽ ഷൈഖ് അലിയുടെ നിർദ്ദേശപ്രകാരം കഠിനമായ പീഡനമുറകളിലൂടെ ഇവർ ഭാര്യമാരെ കൊല്ലാക്കൊല ചെയ്യുകയാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

സംഘടനാ പ്രവർത്തനത്തിന്റെ ബലിയാടുകളായ നിരവധി പേർ മേഖലയിൽ ഉണ്ടെന്നും കുടുംബ ബന്ധങ്ങൾ തകരാതിരിക്കാൻ ഇക്കൂട്ടർ ഇതു സംബന്ധിക്കുന്ന വിവരങ്ങൾ മറച്ചുവയ്ക്കുകയാണെന്നും ഇതേക്കുറിച്ച് വനിതാകമ്മീഷനും പൊതുപ്രവർത്തകരും അന്വേഷണം നടത്തി വിവവരങ്ങൾ പുറത്തുകൊണ്ടുവരണമെന്നും അബ്ബാസ് ആവശ്യപ്പെടുന്നു. ബാഗ്ദാദിൽ പിറവിയെടുത്ത നുരൂഷ ത്വരിഖത്തിന്റെ കേരളത്തിലെ തലവനാണ് ഷൈഖാഗ് അലിയെന്നാണ് ലഭ്യമായ വിവരം.ഇന്ത്യയിൽ ഹൈദരാബാദാണ് ആസ്ഥാനം. ഐ എസ് അണികൾക്ക് സമാനമായ സ്വഭാവവിശേഷങ്ങൾ സംഘടനാ പ്രവർത്തകരിൽ വളർത്താൻ ഷൈഖ് അലി ശ്രമം നടത്തുന്നതായും ആരോപണമുയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP