Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെയ്ക്കാട് പണിക്ക് പോകുന്നതിനിടയിൽ അണക്കര പാടത്തെ മണലൂറ്റി പച്ചപിടിച്ചു; കോൺട്രാക്റ്റ് വർക്കുകൾ പരാജയപ്പെട്ടപ്പോൾ ചെന്നൈയ്ക്ക് മുങ്ങി; മടങ്ങി വന്നത് കോടികൾ വിലയുള്ള ജഗ്വാറിൽ; ഇന്ന് ഏക്കറുകണക്കിന് തോട്ടങ്ങളും കൊച്ചിയിലെ കണ്ണായ സ്ഥലത്ത് വൻ കെട്ടിടങ്ങളും ഉള്ള മുതലാളി; പൊലീസ് കേസ് രജിസ്റ്റർ ചെയ്ത സീറോ മലബാർ സഭ വിവാദത്തിലെ ദല്ലാളിന്റെ കഥ

മെയ്ക്കാട് പണിക്ക് പോകുന്നതിനിടയിൽ അണക്കര പാടത്തെ മണലൂറ്റി പച്ചപിടിച്ചു; കോൺട്രാക്റ്റ് വർക്കുകൾ പരാജയപ്പെട്ടപ്പോൾ ചെന്നൈയ്ക്ക് മുങ്ങി; മടങ്ങി വന്നത് കോടികൾ വിലയുള്ള ജഗ്വാറിൽ; ഇന്ന് ഏക്കറുകണക്കിന് തോട്ടങ്ങളും കൊച്ചിയിലെ കണ്ണായ സ്ഥലത്ത് വൻ കെട്ടിടങ്ങളും ഉള്ള മുതലാളി; പൊലീസ് കേസ് രജിസ്റ്റർ ചെയ്ത സീറോ മലബാർ സഭ വിവാദത്തിലെ ദല്ലാളിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സീറോ മലബാർ സഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കുകയും, ബാധ്യത വരുത്തുകയും ചെയ്തതിൽ ഒരിടനിലക്കാരനാണ് വില്ലനായതെന്ന് അങ്ങാടിയിൽ പാട്ടാണ്. ഇടനിലക്കാരൻ എന്നുപറഞ്ഞാൽ വസ്തുബ്രോക്കർ.ഈ ബ്രോക്കറുടെ പങ്ക് ആദ്യം ചൂണ്ടിക്കാണിച്ചത് സഭാ വക്താവായ ഫാ.പോൾ കരേടനാണ്.മാർ ആലഞ്ചരി പിതാവ് ഇയാളുടെ വാക് ചാതുരിയിൽ വീണുപോയതാണ് സഭയെ പിടിച്ചുകുലുക്കിയ വിവാദത്തിലേക്ക് നയിച്ചത്. ആരാണ് ഈ വസ്തുബ്രോക്കർ?

സഭയ്ക്ക് പിഴവ് പറ്റിയെന്നും, കബളിപ്പിച്ചത് ഇടനിലക്കാരൻ സാജു വർഗീസാണെന്നും ഫാ.പോൾ കരേടൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതിരൂപതയെ 90 കോടിയുടെ കടക്കെണിയിലാക്കിയ വില്ലൻ താനാണെന്ന് കുമളി അണക്കര സ്വദേശിയായ സാജു വർഗീസ് സമ്മതിക്കുകയില്ല.വസ്തുകച്ചവടത്തിൽ തനിക്ക് നേരിട്ട് ബന്ധമില്ലെന്ന് അദ്ദേഹം ആണയിടുന്നുണ്ടെങ്കിലും മൂന്നുനാലുപേരെ താൻ പരിചയപ്പെടുത്തിയെന്ന് സമ്മതിക്കുന്നുമുണ്ട്.

സാജു വർഗീസിന്റെ കഥ

എസ്എൻഡിപിയുടെ മാതൃകയിൽ കത്തോലിക്കാ കോൺഗ്രസ് പദ്ധതിയിട്ട മൈക്രോഫിനാൻസ് സ്ഥാപനത്തിന്റെ ചുമതലക്കാരനായാണ് സാജു വർഗീസ് കളം പിടിച്ചത്.ഈ സംവിധാനം ജനോപകാരപ്രദമാകുമെന്ന് വിശ്വസിപ്പിച്ച ഇദ്ദേഹം കർദിനാളുമായി അടുത്തു. ഇതാണ് കർദിനാളിനെ കുരുക്കിലാക്കിയത്. ഇടനിലക്കാരുടെ ഏറ്റവും വലിയ പ്രത്യേകത കാര്യം നേടിയെടുക്കാനുള്ള സംഭാഷണചാതുര്യമാണ്. അത് സാജു വർഗീസിന് വേണ്ടുവോളമുണ്ട്.ആദ്യകാലത്ത് മേസ്തിരി പണിയായിരുന്നു സാജു വർഗീസിന്.സാജു തന്റെ പിതാവിന്റെ തൊഴിൽ പിന്തുടരുകയായിരുന്നു.പിന്നീട് എളുപ്പം പണമുണ്ടാക്കാൻ കഴിയുന്ന മണലൂറ്റായി ഇഷ്ടതൊഴിൽ.

ഇപ്പോഴും പുളിയന്മല, ആമയാർ, അണക്കര മേഖലകളിൽ ഏക്കർ കണക്കിനു പാടശേഖരങ്ങളിലാണ് അനധികൃത മണലൂറ്റ് നടക്കുന്നത്. ഉൾമേഖലകളിലെ ഹെക്ടർ കണക്കായ പാടശേഖരങ്ങൾ ഇപ്പോൾ വലിയ കുളങ്ങൾ മാത്രമായി അവശേഷിച്ചിരിക്കുന്നു. വൻതോതിൽ മണൽ ഖനനം ചെയ്ത് വിറ്റതുമൂലം പാടശേഖരങ്ങൾ ഇല്ലാതായി.നിരവധി അനധികൃത നിർമ്മാണങ്ങൾക്കും കുപ്രസിദ്ധമാണ് ഇവിടം. അണക്കരയിൽ മണലൂറ്റ് തകൃതിയായി നടക്കുന്നതിനിടെ തന്നെ നിർമ്മാണമേഖലയിലും സാജു വർഗീസ് കൈവച്ചു.തൊട്ടതെല്ലാം പൊന്നാകുമെന്ന് കരുതി കൊയ്യാനിറങ്ങിയ നിർമ്മാണ മേഖല പക്ഷേ നിരാശയാണ് സാജുവർഗീസിന് സമ്മാനിച്ചത്. ഏറ്റെടുത്ത വീടുകൾക്കെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു പിഴവ്. ചോർച്ചയും തകരാറുമായി ജനങ്ങളുടെ പരാതി ഏറിയതോടെ കളം മോശമാകുന്നത് സാജു തിരിച്ചറിഞ്ഞു. നാടുവിടുകയല്ലാതെ മറ്റുമാർഗമില്ലെന്ന് വന്നു.രക്ഷാമാർഗമായി മുന്നിൽ തെളിഞ്ഞത് ചെന്നൈ പട്ടണം.

ചെന്നൈയിൽ സാജു എന്താണ് ചെയ്തതെന്ന് നാട്ടുകാർക്ക് വലിയ പിടിയില്ല. എല്ലാം കേട്ടുകേൾവികൾ മാത്രം. അതുകൊണ്ട് പളപളപ്പൻ കാറിൽ സാജു തിരിച്ചുവന്നപ്പോൾ നാട്ടുകാർക്കെല്ലാം അമ്പരപ്പായിരുന്നു. ഇതെന്തൊരു മറിമായം, ആളുകൾ അത്ഭുതം കൂറി. മടങ്ങിവന്നതോടെ ലമ്പാദ്യമെല്ലാം തോട്ടങ്ങൾ വാങ്ങി കൂട്ടാനും ആസ്തി കൂട്ടാനുമാണ് ശ്രദ്ധിച്ചത്. കൊച്ചിയിൽ നല്ല കണ്ണായ സ്ഥലത്ത് വമ്പൻ കെട്ടിടങ്ങൾ വാങ്ങിക്കൂട്ടി. പ്ലാന്റേഷൻ മേഖലയിലെ പിടിവിട്ടുപോകാതിരിക്കാൻ, തോട്ടം വാങ്ങി അനിയനെ മാനേജരാക്കി.. ഇതിനൊപ്പം വസ്തുകച്ചവടവും പൊടിപൊടിച്ചു.

സാജുവിന്റെ വാക്കുകൾ

സാജു മറുനാടൻ മലയാളിയോട് തന്റെ തൊഴിലിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ:'ചെറിയ കരാർ ജോലിയിൽ നിന്നാണ് തുടക്കം.അത് ഇപ്പോഴും തുടരുന്നുണ്ട്. ചെന്നൈയിലും മറ്റും വസ്തുക്കച്ചവടവുമായി ബന്ധപ്പെട്ട് പലപ്പോഴും പോകാറുണ്ട്.ഇപ്പോഴും പോകുന്നുണ്ട്.പത്ത് വർഷത്തോളമായി വസ്തുവിൽപ്പനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.ഇതുവരെ ഒരു പരാതിക്കും ഇട നൽകിയിട്ടില്ല.ഗുണ്ടായിസത്തിനും പോയിട്ടില്ല.ഒരു പൊലീസിൽ കേസിൽ പെട്ടിട്ടുമില്ല.ഒരു വിവരാവകാശം വഴി ആർക്കും ഇക്കാര്യം മനസിലാക്കാനാവും.

എന്റെയും കുടുംബത്തിന്റെയും ആസ്തി ആർക്കും പരിശോധിക്കാം.കോടികളുടെ കണക്ക് പലരും പറയുന്നുണ്ട്.യഥാർത്ഥ വസ്തുത ഇതല്ല.രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ തിരിച്ചെത്തുന്നത് രാത്രി 12 മണിയും ചിലപ്പോഴൊക്കെ ഇതിന് ശേഷവുമാവും.ഇപ്പോൾ ഫോൺ ഓണാക്കിയാൽ ഈ വിഷയത്തെക്കുറിച്ചറിയാൻ നിരവധി പേർ വിളിക്കുന്നുണ്ട്.ഇവരിൽ ആരും നേരിൽ വന്ന് കാര്യങ്ങൾ ബോദ്ധ്യപ്പെടാൻ ഒരുക്കമല്ല.'

'ഞാൻ വിശ്വാസി മാത്രമാണ്.പള്ളിയിലെത്തി പ്രാർത്ഥിച്ച് മടങ്ങും.ഇവിടെ നടക്കുന്ന കാര്യങ്ങളിൽ ഇടപെടാൻ എനിക്ക് അവകാശമില്ല.ഞാനതിന് ആളുമല്ല.ആത്മീയ കാര്യങ്ങളിൽ സഭയ്ക്ക് വ്യക്തമായ നിലപാടുകളുണ്ട്.അതിൽ സാധാരകണക്കാരനായ എനിക്ക് ഒന്നും ചെയ്യാനില്ല.സത്യസ്ഥിതി ഇതായിരിക്കെ എന്റെ മേൽ പഴിചാരുന്നവരുടെ ലക്ഷ്യം ഇപ്പോഴും മനസിലായിട്ടില്ല. ഈ വിഷയത്തെക്കുറിച്ച് ്ഇപ്പോഴും കൃത്യമായി ഒന്നുമറിയില്ല.ഇക്കാര്യത്തിൽ പിഴവ് സംഭവിച്ചിട്ടില്ല എന്ന ഉത്തമ വിശ്വാസം എനിക്കുണ്ട്.'

സാജു വർഗീസിന്റെ ന്യായം ഇതാണെങ്കിലും സാജുവിനെ അതിരൂപതാ നേതൃത്വത്തിന് പരിചയപ്പെടുത്തിയത് മാർ ആലഞ്ചേരിയാണെന്നാണ് മുഖ്യ ആരോപണം. സാജുവിനെ പിതാവ് കണ്ണടച്ച് വിശ്വസിച്ചതുകൊണ്ടാണ് അദ്ദേഹം കുരുക്കിലായതെന്നും ഒരിവിഭാഗം വൈദികർ കുറ്റപ്പെടുത്തുന്നു.

ഭൂമി ഇടപാടിന്റെ ചെറുചരിത്രം

അതിരൂപതയുടെ കടംതീർക്കാൻ ഭൂമി വിറ്റപ്പോൾ കടം മൂന്നിരട്ടിയായി. അഞ്ചിടത്താണ് സ്ഥലം വിറ്റത്. തൃക്കാക്കര ഭാരതമാതാ കോളജിനു മുന്നിലുള്ള സ്ഥലം, കരുണാലയം, കുസുമഗിരി, നൈപുണ്യ തുടങ്ങിയ സ്ഥലങ്ങൾ മുറിച്ചുവിറ്റത് 36 ആധാരങ്ങളായാണ്. കരുണാലയത്തിൽ 14 പ്ലോട്ടുകളും കുസുമഗിരിയിൽ രണ്ടു പ്ലോട്ടുകളും നൈപുണ്യയിൽ ഒമ്ബതു പ്ലോട്ടുകളുമായാണു തിരിച്ചത്. ബാങ്ക് കാര്യങ്ങളിൽ ഒപ്പിടാനുള്ള അവകാശം കർദിനാളിനും അതിരൂപതാ ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവെച്ചത്. എന്നാൽ, ഭൂമി സംബന്ധിച്ചു പണം എങ്ങനെ നഷ്ടപ്പെട്ടുവെന്നതിനെപ്പറ്റി ഇവർക്കു മറുപടിയില്ല. ഫിനാൻസ് കമ്മിറ്റിയിൽ കണക്ക് അവതരിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും ചെയ്തിട്ടില്ല.

2016 ലാണ് ഇടപാടിന്റെ തുടക്കം. അന്നുമുതൽ കർദിനാളിനു മുന്നറിയിപ്പു നൽകിയതാണെന്നു വൈദികർ പറയുന്നു.ഇടപാടുകാരനുമായുള്ള കരാർ പ്രകാരം അതിരൂപതയുടെ അനുവാദമില്ലാതെ മൂന്നാമത് ഒരു കക്ഷിക്കോ, കക്ഷികൾക്കോ സ്ഥലങ്ങൾ മുറിച്ചുനൽകാൻ പാടില്ല. എന്നാൽ, ഈ നിബന്ധന ലംഘിച്ചാണു 36 പേർക്കു സ്ഥലങ്ങൾ വിറ്റത്.
36 ആധാരങ്ങളിലായി സ്ഥലങ്ങൾ വിറ്റതു കാനോനിക സമിതികൾ അറിയാതെയാണ്. മാത്രമല്ല, അതിരൂപതാ കാനോനിക സമിതികളിൽ ആലോചനയ്ക്കു വരുംമുമ്പു തന്നെ വിൽക്കാനുള്ള ചില സ്ഥലങ്ങൾക്കു അഡ്വാൻസും വാങ്ങി. തുടർന്നു സ്ഥലം ബ്രോക്കർ പറഞ്ഞുറപ്പിച്ചവർക്കു കർദിനാൾ 36 ആധാരങ്ങൾ എഴുതിക്കൊടുത്തു.

ബാക്കി 18.7 കോടി രൂപയ്ക്കു പകരം കോട്ടപ്പടിയിൽ ബ്രോക്കർ വാങ്ങാനുദ്ദേശിച്ച 92 ഏക്കർ ഭൂമിയിൽ 25 ഏക്കർ സഭയുടെ പേരിൽ ഈടായി എഴുതിനൽകി. പണം നൽകുമ്പോൾ ഭൂമി തിരികെ നൽകണമെന്ന വ്യവസ്ഥയിൽ. സെന്റിന് 30,000 രൂപയ്ക്കു വാങ്ങിയ ഭൂമി ആഴ്ചകൾക്കുശേഷം 96,000 രൂപയ്ക്കാണ് ഇടപാടുകാരൻ അതിരൂപതയ്ക്കു വിറ്റത്. 24 കോടി രൂപ ലാഭം. എന്നിട്ടും 18.7 കോടി രൂപയിൽ ഒരു രൂപപോലും അരമനയ്ക്കു മടക്കിക്കിട്ടിയില്ല. പകരം ആറുകോടി രൂപ വായ്പയെടുത്തു ബ്രോക്കർക്കു നൽകുകയായിരുന്നു അതിരൂപതാ നേതൃത്വം. അവശേഷിച്ച 67 ഏക്കർ സ്ഥലം വാങ്ങാൻ അതിരൂപത ഒമ്പതുകോടി രൂപ കൂടി ബാങ്ക് വായ്പയെടുത്ത് ഇടപാടുകാരനു നൽകി.

അതിരൂപതയുടെ സ്ഥലത്തിന് മാർക്കറ്റ് വില 80 കോടിയോളം വരുമ്പോഴാണ് നിസാര വിലയ്ക്കു വിറ്റത്. ഭൂമി വിൽക്കാൻ അതിരൂപത ആദ്യം സമീപിച്ചത് ഭാരതമാതാ കോളജിനടുത്തുള്ള അന്യമതസ്ഥനായ ബ്രോക്കറെ ആയിരുന്നു. അയാളുടെ മകനും പാലാക്കാരൻ ബ്രോക്കറും അടുപ്പക്കാരാണ്. തുടർന്നാണു ബ്രോക്കർ രംഗത്തെത്തുന്നത്. അതിരൂപതാ സഹായ മെത്രാന്മാരുടെ അറിവോ സമ്മതമോ കൂടാതെയാണു കോട്ടപ്പടിയിലും ദേവികുളത്തും ഭൂമി ഇടപാടുകൾ നടത്തിയതെന്നു സഹായമെത്രാൻ വ്യക്തമാക്കിയതോടെയാണു കർദിനാൾ മാർ ജോർജ് ആലഞ്ചേരി വെട്ടിലായത്.ചതിച്ചത് ഇടനിലക്കാരനായ സാജുവാണെന്നും്. ഇയാളെ കർദിനാൾ വിശ്വസിച്ചു പോയതാണ് അബദ്ധത്തിന് കരാണമായതെന്നും സഭാവക്താവ് ഫാദർ പോൾ കരേടൻ ആരോപിച്ചത് ഈ പശ്ചാത്തലത്തിലാണ്.

പൊലീസ് അന്വേഷണം

ഭൂമിയിടപാടിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.. ഇടപാടിലെ ദല്ലാൾ സാജു വർഗീസിനെ പ്രതിയാക്കി മാർട്ടിൻ പയ്യപ്പിള്ളി ഐജിക്കു നൽകിയ പരാതിയാണ് അന്വേഷണത്തിനായി എസിപി കെ ലാൽജിക്ക് കൈമാറിയത്. തുടർന്ന് ഇരുവരെയും പൊലീസ് വിളിച്ചുവരുത്തി. സഭാവിശ്വാസി എന്ന പേരിലാണ് മാർട്ടിൻ പയ്യപ്പിള്ളി പരാതിനൽകിയത്. അതേസമയം, ഇയാൾക്ക് സഭയുമായി ബന്ധമില്ലെന്ന വിവരത്തെത്തുടർന്ന് നിയമോപദേശംകൂടി തേടിയശേഷമാകും തുടരന്വേഷണം. എന്നാൽ, മാർട്ടിൻ പയ്യപ്പിള്ളി കർദിനാൾ അനുകൂലിയാണെന്നും അന്വേഷണം ദല്ലാളിൽ മാത്രമൊതുക്കി മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരാതിയെന്നും മറുവിഭാഗം ആരോപിക്കുന്നു.

അതേസമയം, വൈദികസമിതി യോഗത്തിൽ കർദിനാളിനെ രൂക്ഷമായി വിമർശിക്കുന്ന സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിന്റെ സംഭാഷണം പുറത്തുവന്നു. ഭൂമിയിടപാടിനെതിരെ സംസാരിച്ചപ്പോൾ തന്റെ വൈദികജീവിതത്തെപ്പോലും ചോദ്യംചെയ്യുന്ന നീക്കമുണ്ടായെന്നും കഴിഞ്ഞ നാലുവർഷമായി തന്നെ പേടിപ്പിച്ച് കാര്യങ്ങൾ കാണുകയാണെന്നുമാണ് സംഭാഷണത്തിൽ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പറയുന്നത്. വിവാദ ഭൂമിയിടപാട് കത്തിനിൽക്കെ ഡിസംബറിൽ ചേർന്ന വൈദികസമിതി യോഗത്തിലാണ് എടയന്ത്രത്ത് ആഞ്ഞടിച്ചത്.

കാനോനിക സമിതികളോ കൂരിയകളോ അറിയാതെയാണ് ഭൂമിയിടപാട് നടന്നതെന്നും എടയന്ത്രത്ത് പറയുന്നു. കോട്ടപ്പടിയിലെ ഭൂമി വാങ്ങിയപ്പോൾ വേണ്ടെന്നു പറഞ്ഞിട്ടും കേട്ടില്ല. ഓരോ കാര്യങ്ങളും ചോദിക്കുമ്പോഴും പറയുമ്പോഴും ധാർഷ്ട്യമാണ് സഭാ നേതൃത്വത്തിൽനിന്നുണ്ടായത്. സാമ്പത്തികപ്രശ്നം പരിഹരിച്ചാലും ദുരൂഹത ബാക്കിയാണെന്നും അദ്ദേഹം പറയുന്നു.

സഭയുടെ ഭൂമിയിടപാടിൽ വീഴ്ചപറ്റി എന്ന് കുറ്റസമ്മതം നടത്തി കർദിനാൾ ഭൂമിടപാടിനെക്കുറിച്ച് അന്വേഷിച്ച കമീഷനു എഴുതിനൽകിയ കത്ത് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഭൂമി ഇടപാടിൽ കർദിനാളിനു വീഴ്ചപറ്റിയതായി അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP