Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞങ്ങളുടെ രണ്ട് പേരുടെ പണി പോയത് ഓർമയുണ്ടോ? ചോദ്യം ചെയ്യലിനിടയിൽ ഭീഷണിയുടെ ധ്വനി പുറത്തെടുത്ത് ഡിവൈ.എസ്‌പി; എടപ്പാൾ തീയേറ്റർ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തത് മൊഴിയെടുക്കാനെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം; കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ ഒതുക്കിയത് മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയതോടെ; അറസ്റ്റ് താൻ അറിഞ്ഞില്ലെന്നും എസ്‌പി ന്യായീകരിച്ചെന്നും റിപ്പോർട്ട് നൽകി ഐജി

ഞങ്ങളുടെ രണ്ട് പേരുടെ പണി പോയത് ഓർമയുണ്ടോ? ചോദ്യം ചെയ്യലിനിടയിൽ ഭീഷണിയുടെ ധ്വനി പുറത്തെടുത്ത് ഡിവൈ.എസ്‌പി; എടപ്പാൾ തീയേറ്റർ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തത് മൊഴിയെടുക്കാനെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം; കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ ഒതുക്കിയത് മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയതോടെ; അറസ്റ്റ് താൻ അറിഞ്ഞില്ലെന്നും എസ്‌പി ന്യായീകരിച്ചെന്നും റിപ്പോർട്ട് നൽകി ഐജി

പീയൂഷ് ആർ

എടപ്പാൾ: തീയേറ്ററിനുള്ളിൽ ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ തീയേറ്റർ ഉടമയെ പ്രതി ചേർത്ത് കേസെടുത്തത് പൊലീസിന്റെ പകപോക്കലെന്ന് ഉറപ്പായി. ഇത് വ്യക്തമാക്കുന്ന സൂചനകൾ പുറത്തുവരികയും ഇത്തരമൊരു അറസ്റ്റിന്റെ കാര്യം താൻ അറിഞ്ഞില്ലെന്ന് ഐജി എംആർ അജിത്കുമാറും വ്യക്തമാക്കിയതോടെ ഡിസിആർബി ഡിവൈഎസ്‌പിയുടെ നടപടി കടുത്ത വിമർശനങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്. അതേസമയം മലപ്പുറം എസ്‌പി അറസ്റ്റിനെ ന്യായീകരിക്കുകയും ചെയ്തിരുന്നുവെന്ന് ഐജിയുടെ റിപ്പോർട്ടിൽ പറയുന്നു.

ഇതിനെല്ലാം പുറമെ ദൃശ്യം ചോർന്നതിന്റെ പേരിൽ ആണ് കേസെങ്കിൽ പോക്‌സോ പ്രകാരമാണ് കേസ് എടുക്കേണ്ടിയിരുന്നത്. എങ്കിൽ സ്റ്റേഷൻ ജാമ്യം നൽകുന്നതെങ്ങനെയെന്ന ചോദ്യമാണ് നിയമജ്ഞർ ഉയർത്തുന്നത്. അപ്പോൾ അറസ്റ്റ് പ്രഹസനമാണെന്നും പൊലീസിന് ചീത്തപ്പേര് ഉണ്ടാക്കുന്നവിധത്തിൽ കാര്യങ്ങളെത്തുകയും രണ്ടുപേർക്ക് എതിരെ നടപടി ഉണ്ടാവുകയും ചെയ്തതിന്റെ പകപോക്കലാണ് തിയേറ്റർ ഉടമയ്‌ക്കെതിരെ ഉണ്ടായതെന്നും ആണ് സൂചനകൾ. ഇക്കാര്യം തിയേറ്റർ ഉടമയോടുള്ള ചോദ്യംചെയ്യലിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയിൽ നിന്ന് അറിയാതെ പുറത്തുവരികയും ചെയ്തു.

തീയേറ്ററിലെ ദൃശ്യങ്ങൾ പുറത്തായതിനെ തുടർന്ന് പരാതിയിൽ കേസെടുക്കാതിരുന്ന പൊലീസുകാർക്കെതിരെ നടപടി ഉണ്ടായിരുന്നു. ഇതിന്റെ പക പോക്കലാണ് എന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ വച്ച് തീയേറ്റർ ഉടമ സതീഷിനെ ഡിസിആർബി ഡിവൈ.എസ്‌പി ഷാജി വർഗ്ഗീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തതിന് ശേഷം ഞങ്ങളുടെ രണ്ട് പേരുടെ ജോലി പോയ കാര്യം ഓർമ്മയുണ്ടല്ലോ എന്ന് സതീഷിനോട് ചോദിച്ചു. അറിയാതെ വായിൽ നിന്നും വീണുപോയ വാക്കുകൾ വർഗ്ഗ സ്നേഹം പുറത്ത് കാണിക്കുന്ന രീതിയിലായിരുന്നു. ഇത് പൊലീസ് പകപോക്കൽ നടത്തിയതാണ് എന്നതിന് സ്ഥിരീകരണവുമായി.

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ നിന്നും സതീഷിന് ഫോൺകോൾ വരുന്നത്. ഡിവൈ.എസ്‌പി എത്തും അരമണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ വരണം. മൊഴിയെടുത്താൽ ഉടനെ വിടും എന്നും പറഞ്ഞിരുന്നു. ഇതിൻ പ്രകാരം 11.30 ഓടെ സതീഷ് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെത്തി. പന്ത്രണ്ടരയോടെ ഡി.വൈ.എസ്‌പി എത്തി മൊഴിയെടുത്തതിന് ശേഷം അറസ്റ്റ് ചെയ്യുകയാണ് എന്നറിയിച്ചു. എന്തിനാണ് അറസ്റ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിന് പൊലീസിനെ അറിയിക്കാതിരുന്നതാണ് കാരണമെന്നാണ് മറുപടി. തന്റെ അറിവില്ലായ്മയാണ് അതിന് കാരണമെന്നും നിയമങ്ങൾ അറിയാവുന്ന സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു എന്നുമാണ് സതീഷ് പറഞ്ഞത്.

അപ്പോൾ വളരെ അധികം ദേഷ്യത്തിൽ നീ ചോദിക്കുന്നതിന് ഉത്തരം പറഞ്ഞാൽ മതിയെന്നും എന്തുകൊണ്ട് പൊലീസിൽ അറിയിച്ചില്ലാ എന്നുമായി ഡിവൈ.എസ്‌പി. അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞെങ്കിലും മാധ്യമങ്ങളിൽ വാർത്ത വന്നതോടെ പണി പാളിയപോലെയായി കാര്യങ്ങൾ. മുഖ്യമന്ത്രി അറസ്റ്റിൽ അതൃപ്തി രേഖപ്പെടുത്തി. കൂടാതെ ജനങ്ങൾ പ്രതിഷേധിക്കുകയും ചെയ്തു. ഇങ്ങനെ ഒരു സംഭവം നടന്നിട്ടും അക്കാര്യം ഒളിച്ചുവയ്ക്കാതെ പുറത്തുകൊണ്ട് വന്ന തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ആർത്തിരമ്പി. അതോടെ സ്റ്റേഷൻ ജാമ്യത്തിൽ സതീഷിനെ ഡിവൈ.എസ്‌പി വിട്ടയക്കുകയായിരുന്നു. ഈ സംഭവത്തിൽ ഡിവൈ.എസ്‌പി ഏറെ പ്രതി സന്ധിയിലായതായാണ് സൂചന. ആഭ്യന്തര വകുപ്പ് ഡി.വൈ.എസ്‌പിക്ക് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിച്ചു വരികയാണ്.

പീഡനം സ്റ്റേഷനിൽ അറിയിക്കാതെ ചൈൽഡ്ലൈൻ പ്രവർത്തകരെ അറിയിച്ചതെന്തിന്, സിസിടിവി ദൃശ്യങ്ങൾ തിയറ്ററിൽ ചോർന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് ഡിവൈഎസ്‌പി ആരാഞ്ഞത്്. അറിഞ്ഞയുടൻ ചൈൽഡ്ലൈനിനെ വിവരം ധരിപ്പിച്ചെന്നും സ്റ്റേഷനിൽ പരാതി നൽകിയാൽ സാങ്കേതിക പ്രയാസങ്ങളുണ്ടാകുമെന്നാണ് കരുതിയതെന്നും തിയറ്റർ ഉടമ മറുപടി നൽകി. മറുപടി തൃപ്തികരമല്ലെന്നും ജാമ്യമില്ലാവകുപ്പ് അനുസരിച്ച് അറസ്റ്റ് ചെയ്ത് പോക്‌സോ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോവുകയാണെന്നും ഡിവൈഎസ്‌പി അറിയിച്ചു. ഇതോടെ പ്രതിഷേധം ശക്തമായി. ഒടുവിൽ സർക്കാരും ഇടപെട്ടു. ഒടുവിൽ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം 191 വകുപ്പ് (പീഡനം അറിഞ്ഞിട്ടും ലോക്കൽ പൊലീസിനെയോ ജുവനൈൽ പൊലീസിനെയോ അറിയിക്കാതിരിക്കൽ) മാത്രം ചുമത്തുകയായിരുന്നു.

മുഖ്യപ്രതിയുമായി തിയറ്റർ അധികൃതരും ചൈൽഡ്ലൈൻ പ്രവർത്തകനും സംസാരിച്ചിരുന്നെന്നും വിലപേശലിനു ശേഷമാണ് ദൃശ്യങ്ങൾ ചൈൽഡ്ലൈനിനു കൈമാറിയതെന്നും വ്യാജ ആരോപണം പൊലീസ് ഉയർത്തുകയായിരുന്നു. ഈ സാഹചര്യത്തിൽ തിയറ്റർ ഉടമയ്ക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്താൻ നീക്കംനടന്നതോടെയാണ് പ്രതിഷേധം കനത്തത്. എടപ്പാളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രകടനം നടത്തി. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന അവസ്ഥയിലുമെത്തി. ഇത് സർക്കാരിന് വലിയ തലവേദനായി മാറിയിട്ടുണ്ട്. എന്നാൽ തിയറ്റർ ഉടമയുടെ അറസ്റ്റ് നിയമപ്രകാരം ഒഴിവാക്കാനാവാത്ത നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ പ്രതികരിക്കുന്നു.

സംഭവമറിഞ്ഞിട്ടും കേസെടുത്ത് അന്വേഷിക്കാൻ വൈകിയ എസ്‌ഐയെയും വിവരം മേലുദ്യോഗസ്ഥരെ അറിയിക്കാതിരുന്ന സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെയും നേരത്തെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. എസ്‌ഐയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തിയറ്റർ ഉടമ സംഭവം ജുവനൈൽ പൊലീസിനെയോ ലോക്കൽ പൊലീസിനെയോ അറിയിച്ചില്ലെന്നു വ്യക്തമാണ്. ഇക്കാര്യത്തിൽ പൊലീസ് നടപടി സ്വീകരിക്കാതിരുന്നാൽ തുടർന്നുള്ള കോടതി നടപടികളിൽ അക്കാര്യം ഉയർന്നുവരുമെന്നും എസ് പി പറഞ്ഞു. ചൈൽഡ്ലൈൻ പ്രവർത്തകർക്കെതിരെ കേസെടുക്കില്ലെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. എന്നാൽ തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്തതു നിയമ ലംഘനമെന്നു നിയമവിദഗ്ദ്ധർ പറയുന്നു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ - പോക്‌സോ 19 (7) നിയമപ്രകാരം വിവരം കൈമാറുന്ന വ്യക്തിക്ക് ഉറപ്പാക്കേണ്ട സംരക്ഷണമാണ് ഈ കേസിൽ പൊലീസ് തിയറ്റർ ഉടമയ്ക്കു നിഷേധിച്ചത്.

താൻ അറിഞ്ഞില്ലെന്ന് ഐജി; എസ്‌പിക്ക് അറിയാമായിരുന്നെന്നും റിപ്പോർട്ട്

അതേസമയം, തിയറ്റർ ഉടമയെ അറസ്റ്റു ചെയ്യുന്നതു താൻ അറിഞ്ഞില്ലെന്ന് പറഞ്ഞ ഐജി എം.ആർ. അജിത് കുമാർ. മലപ്പുറം എസ്‌പിക്ക് അറസ്റ്റിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും വ്യക്തമാക്കിയതും ചർച്ചയായി. അറസ്റ്റിൽ നിയമലംഘനമില്ലെന്നായിരുന്നു എസ്‌പിയുടെ വിശദീകരണമെന്നും ഡിജിപിക്കു കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. തിയറ്റർ ഉടമയുടെ അറസ്റ്റ് നിയമവിരുദ്ധവും ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെയുമാണെന്ന് ഇതോടെ കൂടുതൽ വ്യക്തമാകുകയാണ്.

അറസ്റ്റിന്റെ സാഹചര്യങ്ങൾ വിശദീകരിച്ചുള്ള റിപ്പോർട്ട് വേഗത്തിലാക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ തൃശൂർ റേഞ്ച് ഐജിയോട് ആവശ്യപ്പെട്ടിരുന്നു.. അറസ്റ്റിനെതിരെ പൊലീസിലെ വിവിധ സംഘടനകളും മുഖ്യമന്ത്രിയെയും പൊലീസ് മേധാവിയെയും അമർഷം അറിയിച്ചു. എന്നാൽ പൊലീസിന്റേതു പ്രതികാരനടപടിയായി കാണുന്നില്ലെന്നു കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തിയറ്റർ ഉടമയെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തതിൽ രണ്ടു തരത്തിലുള്ള ചട്ടലംഘനമുണ്ടായെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നിയമവിദഗ്ധരും വിലയിരുത്തുന്നത്.

പീഡനവിവരം പൊലീസിനെ അറിയിക്കാൻ വൈകി, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. പോക്‌സോ നിയമപ്രകാരം ഇവ രണ്ടും ജാമ്യമില്ലാ കുറ്റമാണ്. അങ്ങനെയെങ്കിൽ അറസ്റ്റ് ചെയ്യാൻ വാറന്റോ കോടതി അനുമതിയോ വേണം. ഇതില്ലെന്നതാണ് അറസ്റ്റിലെ ഒരു ചട്ടലംഘനം. ഇനി അറസ്റ്റ് നിയമവിധേയമാണങ്കിൽ ജാമ്യമില്ലാ കുറ്റം ചുമത്തിയയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതു നിയമവിരുദ്ധമാണുതാനും അറസ്റ്റ് വിവാദമായതോടെ തടിയൂരാൻ വേണ്ടിയാണു ജാമ്യം നൽകിയതെന്ന് ഇതോടെ കൂടുതൽ വ്യക്തമാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP