Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പോസ്റ്റ് മോർട്ടം പോലും നടത്താതെ ടീനയുടെ മൃതദേഹം കത്തിച്ചു കളഞ്ഞു; വൃക്കരോഗം അടിച്ചേൽപ്പിച്ചതെന്ന് ആരോപിച്ച് ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകും; കേരളത്തെ നടുക്കിയ ദുരൂഹ മരണങ്ങളിൽ ഇനി ആരോപണ വിധേയർക്ക് ക്ലീൻ ചിറ്റ് എളുപ്പമാകും

പോസ്റ്റ് മോർട്ടം പോലും നടത്താതെ ടീനയുടെ മൃതദേഹം കത്തിച്ചു കളഞ്ഞു; വൃക്കരോഗം അടിച്ചേൽപ്പിച്ചതെന്ന് ആരോപിച്ച് ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകും; കേരളത്തെ നടുക്കിയ ദുരൂഹ മരണങ്ങളിൽ ഇനി ആരോപണ വിധേയർക്ക് ക്ലീൻ ചിറ്റ് എളുപ്പമാകും

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മലബാർ സിമന്റ്‌സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീനയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ചർച്ചയാകുമ്പോഴും അന്വേഷണത്തിന് മടിച്ച് പൊലീസ്. ടീനയുടേത് സ്വാഭാവിക മരണമാണെന്ന വാദത്തിൽ പൊലീസ് ഉറച്ച് നിൽക്കുകയാണ്. ബന്ധുക്കളിൽ ഒരുവിഭാഗവും ടീനയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് വാദിക്കുന്നു. എന്നാൽ ശശീന്ദ്രന്റെ മരണത്തെ തുടർന്നുണ്ടാക്കിയ ആക്ഷൻ കൗൺസിൽ നിയമ പോരാട്ട വഴിയിൽ തന്നെയാണ്.

ടീനയുടെ പോസ്റ്റ്മോർട്ടം നടത്താതെയാണ് മൃതദേഹം സംസ്‌കരിച്ചത്. ഭർത്താവും രണ്ട് മക്കളും മരിച്ച ടീനയോ അവരുടെ കുടുംബമോ ശശീന്ദ്രന്റെ മരണത്തെത്തുടർന്ന് മലബാർ സിമന്റ്‌സുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിലൊന്നും പരസ്യമായി ഇടപെട്ടിരുന്നില്ല. ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യ സാക്ഷികളിലൊരാളാണ് ടീന. അതുകൊണ്ട് കേസിലെ കുറ്റാരോപിതർക്ക് ഇനി നല്ലകാലമാകുമെന്നാണ് വിലയിരുത്തൽ. ടീനയുടെ മരണത്തിലും ദുരൂഹതയുണ്ടെന്നാണ് ശശീന്ദ്രന്റെ സഹോദരൻ സനൽകുമാറും ശശീന്ദ്രന്റെയും മക്കളുടെയും മരണമന്വേഷിക്കണമെന്നാവശ്യപ്പെട്ട് രൂപവത്കരിച്ച കർമസമിതിയുടെ ചെയർമാൻ ജോയ് കൈതാരത്തും ആരോപിക്കുന്നത്.

കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ടീനയ്ക്ക് ഉണ്ടായിരുന്നില്ല. വൃക്കകൾ തകരാറിലായി മരിച്ചു എന്നാണ് പറയുന്നത്. എന്നാൽ, ആശുപത്രിയിലെത്തുന്‌പോൾത്തന്നെ ടീന അവശയായിരുന്നെന്നാണ് ഇവർ ആരോപിക്കുന്നത്. ചികിത്സാരേഖകളിൽനിന്ന് ഇത് വ്യക്തമാകുമെന്നും പറയുന്നു. ആരോപണങ്ങളും ദുരൂഹതകളും നിലനിൽക്കുമ്പോഴും പോസ്റ്റ്മോർട്ടം നടത്താതെയാണ് മൃതദേഹം സംസ്‌കരിച്ചത്. ഇതാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്. മനപ്പൂർവ്വമാണ് മൃതദേഹം സംസ്‌കരിച്ചതെന്നാണ് ഉയരുന്ന വാദം. ഇതോടെ വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള സാധ്യതയും ഇല്ലാതായി. ഇതോടെയാണ് കുറ്റവാളികൾക്ക് രക്ഷപ്പെടാൻ അവസരമൊരുങ്ങിയത്. അതിനിടെ ടീനയുടെ മരണത്തിലും മലബാർ സിമന്റ്‌സുമായി ബന്ധപ്പെട്ട ഹർജിയിലെ രേഖകൾ ഹൈക്കോടതിയിൽനിന്ന് കാണാതായതിലും ദുരൂഹതയുണ്ടെന്ന ആരോപണവുമായി പി.സി. ജോർജ് എംഎ‍ൽഎ.യും രംഗത്തുണ്ട്. ഇതോടെ ടീനയുടെ മരണവും ചർച്ചയാവുകയാണ്.

മലബാർ സിമന്റ്‌സിലെ അഴിമതിക്കേസിൽ സാക്ഷിയായ ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിന് കമ്പനിയിലെ അഴിമതിയുമായി ബന്ധമുണ്ടെന്നാണ് ശശീന്ദ്രന്റെ സഹോദരൻ സനൽകുമാറിന്റെയും അച്ഛൻ വേലായുധന്റെയും ആരോപണം. മറ്റൊരു സാക്ഷിയായ മുൻ ജീവനക്കാരൻ സതീന്ദ്രകുമാർ ബസിടിച്ച് മരിച്ചതും അന്വേഷിക്കണമെന്ന് ആവശ്യമുണ്ട്. എല്ലാ കാര്യങ്ങളും സി.ബി.െഎ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇവരും കർമസമിതി ചെയർമാനും സമർപ്പിച്ചിട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. മകനും കൊച്ചുമക്കളും എങ്ങനെ മരിച്ചു എന്നറിയാൻ നീതിതേടി അലയുകയാണ് 80 പിന്നിട്ട റിട്ട. അദ്ധ്യാപകൻകൂടിയായ വേലായുധൻ. ഇതിനിടെയാണ് ടീനയുടെ മരണവും.

മലബാർ സിമന്റ്‌സ് മുൻ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെ ഭാര്യ ടീനയുടെ മരണത്തിനു പിന്നിലുള്ള സാഹചര്യങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശശീന്ദ്രൻ കേസിന്റെ വിചാരണാ നടപടി ക്രമങ്ങൾ നീണ്ടുപോകുമ്പോൾ സാക്ഷികളും തെളിവുകളും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടെന്നു ഹൈക്കോടതിയെയും ബോധ്യപ്പെടുത്തുമെന്നു ശശീന്ദ്രന്റെ സഹോദരൻ ഡോ. വി. സനൽകുമാർ, ശശീന്ദ്രൻ ആക്ഷൻ കൗൺസിൽ ചെയർമാൻ ജോയ് കൈതാരം എന്നിവർ പറഞ്ഞു. ടീനയുടെ രോഗം സൃഷ്ടിക്കപ്പെട്ടതാണെന്നു ബലമായി സംശയിക്കുന്നു. ടീനയ്ക്ക് വൃക്കരോഗം ഉണ്ടെന്നത് ആർക്കും അറിയാത്ത കാര്യമായിരുന്നു. എന്നാൽ മരണ ശേഷം കേട്ടത് ഈ രോഗത്തെ കുറിച്ചാണ്. ഇതാണ് സംശയങ്ങൾക്ക് ഇടനൽകുന്നത്.

ശശീന്ദ്രൻ നേരിടേണ്ടിവന്ന കടുത്ത സമ്മർദ്ദവും ഭീഷണിയും വ്യക്തമായി അറിയുന്നയാളാണു ടീന. മരണത്തെ തുടർന്നു കോയമ്പത്തൂരിലെ ആശുപത്രി നടപടികൾ അതിവേഗത്തിലാണു പൂർത്തിയാക്കിയതെന്നു ജോയ് കൈതാരം ആരോപിച്ചു. പോസ്റ്റ്‌മോർട്ടം ആവശ്യപ്പെടേണ്ടതായിരുന്നു. ടീനയുടെ മൃതദേഹം പോത്തന്നൂരിലെ വൈദ്യുത ശ്മശാനത്തിൽ സംസ്‌കരിച്ചു. ഇതിലും തെളിവ് നശീകരണത്തിന്റെ സാധ്യതയുണ്ടെന്ന് ആക്ഷൻ കൗൺസിൽ തിരിച്ചറിയുന്നുണ്ട്. കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു ടീനയുടെ മരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. മൂന്നു ദിവസം മുൻപാണ് വൃക്കരോഗ ചികിത്സയുമായി ബന്ധപ്പെട്ട് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഏറെ കാലമായി കോയമ്പത്തൂരിൽ താമസിക്കുകയായിരുന്ന ടീന എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. അബോധാവസ്ഥയിൽ കണ്ടെത്തിയതിനെത്തുടന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പനിയെത്തുടർന്നാണു കോവൈ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പുലർച്ചയോടെ ആരോഗ്യസ്ഥിതി തകരാറിലാവുകയായിരുന്നു. വൃക്കകളുടെ പ്രവർത്തനവും തകരാറിലായി. തുടർന്നാണു മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ പറയുന്നു.

ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി സിബിഐക്കു വിട്ടു. മലബാർ സിമന്റ്‌സിലെ കരാറുകാരനായ വി എം.രാധാകൃഷ്ണനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി 2013 മാർച്ച് 19നു സിബിഐ അറസ്റ്റു ചെയ്തു. മലബാർ സിമന്റ്‌സുമായി ബന്ധപ്പെട്ട കേസുകളിൽ രാധാകൃഷ്ണനെതിരെ ശശീന്ദ്രൻ മൊഴി നൽകിയിരുന്നു. കോടതിയിൽ മൊഴി നൽകും മുൻപു കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി ശശീന്ദ്രനെ തളർത്താൻ നടത്തിയ നീക്കങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണു സിബിഐയുടെ കണ്ടെത്തൽ.

കുറ്റപത്രം രണ്ടു തവണ സിബിഐ കോടതി മടക്കി. മാറ്റം വരുത്തിയ കുറ്റപത്രം 2014 സെപ്റ്റംബർ രണ്ടിനു സ്വീകരിച്ചു. 2015 ജനുവരിയിൽ, ദുരൂഹ മരണം സംബന്ധിച്ചു പുനരന്വേഷണം നടത്തണമെന്നും അഴിമതിക്കേസുകളും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സഹോദരൻ സനൽകുമാർ ഹൈക്കോടതിയെ സമീപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP