Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് സംഘത്തെ ലീഗുകാർ അക്രമിച്ചതിനു പിന്നാലെ ഉണ്ണിയാലിൽ മുസ്ലിംലീഗ് വീടുകൾ തകർത്ത് സിപിഐ(എം) അണികളുടെ പ്രതികാരം; കടലിൽ ചാടി രക്ഷപ്പെട്ട പ്രതികളെ പിടികൂടാൻ കോസ്റ്റ് ഗാർഡിന്റെ സ്പീഡ് ബോട്ട്; ഉണ്ണിയാലിൽ അക്രമത്തിനും കൊള്ളിവെയ്‌പ്പിനും അറുതിയില്ല..

പൊലീസ് സംഘത്തെ ലീഗുകാർ അക്രമിച്ചതിനു പിന്നാലെ ഉണ്ണിയാലിൽ മുസ്ലിംലീഗ് വീടുകൾ തകർത്ത് സിപിഐ(എം) അണികളുടെ പ്രതികാരം; കടലിൽ ചാടി രക്ഷപ്പെട്ട പ്രതികളെ പിടികൂടാൻ കോസ്റ്റ് ഗാർഡിന്റെ സ്പീഡ് ബോട്ട്; ഉണ്ണിയാലിൽ അക്രമത്തിനും കൊള്ളിവെയ്‌പ്പിനും അറുതിയില്ല..

എം പി റാഫി

മലപ്പുറം: ഉണ്ണിയാൽ ആലിൻചുവട് ഡിവൈ എസ് പി, എസ്.ഐ എന്നിവരുൾപ്പെടെയുള്ള പൊലീസുകരെ അക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ നാലു മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ. തേവർകടപ്പുറം കൊണ്ടരന്റെ പുരക്കൽ യൂനസ് (37), ഉണ്ണിയാൽ ആലിഹാജിന്റെ പുരക്കൽ മൊയ്തീൻകുട്ടിയുടെ മകൻ നൗഫൽ (25), ആലിഹാജിന്റെ പുരക്കൽ ഹംസക്കുട്ടിയുടെ മകൻ അമീർ (24), പറവണ്ണ അരയന്റെ പുരക്കൽ അസറുദ്ദീൻ (20) എന്നിവരെയാണ് തിരൂർ ഡിവൈ.എസ്‌പിയുടെ ചുമതല വഹിക്കുന്ന മലപ്പുറം നാർക്കോട്ടിക്ക് ഡിവൈ.എസ്‌പി ബാലന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വധശ്രമം, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. പ്രതികളെ വൈദ്യപരിശോധനക്കു ശേഷം തിരൂർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ തിരൂർ ഡിവൈ.എസ്‌പി കെ.വി സന്തോഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. കണ്ടാലറിയാവുന്ന 200 പേർക്കെതിരെയും കേസെടുത്തു. ഇവർക്കായി പൊലീസ് വലവിരിച്ചിട്ടുണ്ട്. വീടുകളിൽ റെയ്ഡും സജീവമാക്കിയിട്ടുണ്ട്.

അതേസമയം പൊലീസ് സംഘത്തിനു നേരെ ലീഗുകാർ ആക്രമണം നടത്തിയതിനു പിന്നാലെ പ്രദേശത്ത് സിപിഐ(എം) അക്രമിസംഘങ്ങൾ അഴിഞ്ഞാടി. 22 ലീഗ് പ്രവർത്തകരുടെ വീടുകളും വാഹനങ്ങളും തകർത്തായിരുന്നു സിപിഐ(എം) പ്രവർത്തകരുടെ നരനായാട്ട്. അക്രമത്തിനു പുറമെ വ്യാപക കൊള്ളയും ലീഗ് വീടുകളിൽ നടക്കുകയുണ്ടായി. നാദാപുരത്തും തൂണേരിയിലുമുണ്ടായ അക്രമ സംഭവങ്ങളും ഇതിന്റെ മറവിലുണ്ടായ വീടുകൊള്ളയും ഓർമിപ്പിക്കുന്നതായിരുന്നു ഉണ്ണിയാലിലും സിപിഐ(എം) നടത്തിയ അക്രമങ്ങൾ. ഒരു ഗ്രാമം ഒന്നടങ്കം തകർക്കപ്പെട്ട അവസ്ഥയാണുള്ളത്. സ്ത്രീകളും കുട്ടികളും തനിച്ചുള്ള വീടുകളിൽ വീടും വീട്ടുപകരണവുമെല്ലാം ഒന്നു പോലും ബാക്കിയാക്കാതെ തകർത്തിരിക്കുകയാണ്. ഉണ്ണിയാലിൽ സാധാരണ നിലയിലേക്ക് ജീവിതാന്തരീക്ഷം തിരിച്ചു പോകണമെങ്കിലും മാസങ്ങളും വർഷങ്ങളും എടുക്കേണ്ടി വരും. വർഷങ്ങളുടെ അദ്ധ്വാനവും വിയർപ്പുമാണ് രാഷ്ട്രീയത്തിന്റെ പേരിൽ അക്രമികൾ തകർത്ത് ഇല്ലാതാക്കിയത്.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടു കാലമായി നിലനിന്നിരുന്ന ഉണ്ണിയാലിലെയും പരിസരപ്രദേശങ്ങളിലേയും രാഷ്ട്രീയ സംഘട്ടനങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും ലീഗിനും സിപിഎമ്മിനും ഒഴിഞ്ഞുമാറാൻ പറ്റില്ല. 15 വർഷം മുമ്പ് പ്രദേശത്ത് മുസ്ലിംലീഗ് പ്രവർത്തകൻ റാസിഖ് കൊല്ലപ്പെട്ടതോടെ സംഘർഷം രൂക്ഷമാകുകയും പിന്നീട് ഉണ്ണിയാൽ കലാപഭൂമിയാവുകയും ചെയ്തു. സമാധാനത്തിന്റെ ചെറിയ ഇടവേളകളൊഴിച്ചാൽ അക്രമസംഭവങ്ങൾ ഇവിടെ ആവർത്തിച്ചു കൊണ്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു വീണ്ടും പ്രശ്‌നങ്ങൾ തലപൊക്കിയത്. സിപിഐ(എം), ലീഗ് പാർട്ടികൾക്ക് സ്വാധീനമുള്ള ഇരു ചേരികളും ഗലികളുമാണ് ഇവിടെ ആക്രമിക്കുന്നതും അക്രമത്തിനിരയാകുന്നതുമെല്ലാം. ഏറ്റവും ഒടുവിൽ ഞായറാഴ്ചയുണ്ടായ സംഭവത്തിന്റെ തുടർച്ചയായും ഈ രീതിയിലായിരുന്നു അക്രമം.


ഞായറാഴ്ച വൈകിട്ട് സിപിഐ(എം) പ്രവർത്തകരുടെ വീടും കടകളും തകർക്കുന്നുണ്ടെന്ന വിവരം ലഭിച്ച പൊലീസ് സംഘം സംഭവസ്ഥലത്ത് എത്തിയിരുന്നു. എന്നാൽ ഈ അക്രമിസംഘം പൊലീസ് സംഘത്തിനു നേരെയും അക്രമം അഴിച്ചു വിടുകയായിരുന്നു. ഡിവൈ.എസ്‌പി, എസ്.ഐ അടക്കമുള്ള അഞ്ച് പൊലീസുകാർക്ക് കല്ലേറിൽ പരിക്കേൽക്കുകയും പൊലീസുകാർ ഇവിടെ നിന്നും മടങ്ങുകയും ചെയ്തു. ഈ സമയം മൂന്ന് വാഹനങ്ങളിലായി 12 പൊലീസുകാർ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ലീഗ് പ്രവർത്തകരുടെ ആക്രമണത്തെ തുടർന്ന് പൊലീസ് സംഘം മടങ്ങിയതിന് പിന്നാലെയാണ് ഇരു വിഭാഗവും സംഘടിച്ച് വ്യാപക അക്രമം അഴിച്ചുവിട്ടത്. 22 മുസ്ലിംലീഗ് പ്രവർത്തകരുടെയും 12 സിപിഐ(എം) പ്രവർത്തകരുടെയും വീടുകളും ഈ സമയം തകർക്കപ്പെടുകയായിരുന്നു.

മണിക്കൂറുകൾകൊണ്ടായിരുന്നു 34 വീടുകൾ തകർക്കപ്പെട്ടത്. സിപിഐ(എം) പ്രവർത്തകരുടെ വീടുകൾക്കും കടകൾക്കും നിസാര കേടുപാടുകളാണുള്ളത്. അതേസമയം ലീഗുകാരുടെ തകർക്കപ്പെട്ട 22 വീടുകളിൽ 11 വീടുകളും വീട്ടുപകരണങ്ങളും ഫർണിച്ചറുമെല്ലാം പൂർണമായും തകർന്നിട്ടുണ്ട്. വാതിൽ ചവിട്ടിത്തുറന്ന് ആയുധങ്ങളുമായെത്തിയ സംഘം വീട്ടിലെ ഫർണിച്ചറുകളും ജനൽ ചില്ലുകളും പൂർണമായി നശിപ്പിച്ചു. അലമാറ, ടെലിവിഷൻ, ഫ്രിഡ്ജ്, വീട്ടുപകരണങ്ങൾ, അടുക്കളയിലെ സാധനങ്ങൾ തുടങ്ങിയവയെല്ലാം നശിപ്പിച്ചിട്ടുണ്ട്. വീട്ടുപകരണങ്ങൾ കിണറ്റിൽ തള്ളിയിട്ട നിലയിലും കാണാം. പാസ്‌പോർട്ട്, റേഷൻ കാർഡ് മറ്റു തിരിച്ചറിയൽ രേഖകൾ എല്ലാം ലീഗ് വീടുകളിൽ നിന്നും നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അക്രമികൾ ഉപയോഗിച്ച ആയുധങ്ങളും ചില വീടുകളിൽ ഉപേക്ഷിച്ചിട്ടുണ്ട്. പള്ളിമാന്റെ പുരക്കൽ സൈതുമോന്റെ വീട്ടിൽ നിന്ന് നാലു പവൻ മാലയും ഓപ്പറേഷനു സൂക്ഷിച്ച പതിനായിരം രൂപയും അക്രമി സംഘം മോഷ്ടിച്ചതായി വീട്ടമ്മ കണ്ണീരോടെ പറഞ്ഞു.

പുതുതായി പണികഴിപ്പിച്ച വീടിന്റെ ഗ്രാനൈറ്റുകളും പ്ലമ്പിങും നശിപ്പിച്ചു. മുസ്ലിലീഗ് പ്രവർത്തകരായ പുത്തൻപുരയിൽ അൻസാർ ബാബുവിന്റെയും പൂച്ചക്കടവത്ത് അഫ്‌സലിന്റെയും ബൈക്കുകളും അദ്ധ്യാപിക ഫാത്തിമയുടെ സ്‌കൂട്ടിയും അക്രമികൾ തകർത്തു. ലീഗ് പ്രവർത്തകരുടെ വിവിധ വീടുകളിൽ നിന്നായി 18 പവൻ സ്വർണവും ഒരു ലക്ഷത്തിനടത്ത് പണവും നഷ്ടപ്പെട്ടു. സിപിഐ(എം) അക്രമത്തിൽ പരിക്കേറ്റ കോട്ടിലകത്ത് സമീറ(35)യെ കോഴിക്കോട് മെഡിക്കൽ കോളജിലും ഉണ്ണ്യാൽ സ്വദേശി പള്ളിക്കൽ ഹംസക്കുട്ടിയുടെ ഭാര്യ സഫിയ (45)യെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്.

സ്ഥലത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അഞ്ചു സി.ഐമാരും 10എസ്.ഐമാരും അടങ്ങുന്ന സംഘത്തെയാണ് ഉണ്ണിയാൽ മേഖലയിൽ നിയോഗിച്ചിരിക്കുന്നത്. നിയമവിധേയമായ ശക്തമായ പൊലീസിങ് നടപ്പാക്കാൻ എസ്‌പി ദേബേശ്കുമാർ ബെഹ്‌റ നിർദ്ദേശം നൽകിയതായി സി.ഐ എം.കെ. ഷാജി പറഞ്ഞു. ഡിവൈ.എസ്‌പി കെ.വി സന്തോഷിന് പരിക്ക് പറ്റിയതിനാൽ മലപ്പുറം നാർക്കോട്ടിക്ക് ഡിവൈ.എസ്‌പി ബാലന് തിരൂരിന്റെ അധിക ചുമതല നൽകിയിട്ടുണ്ട്. ഇരുന്നൂറോളം പൊലീസുകാരെയാണ് വിവിധ മേഖലകളിൽ വിന്യസിച്ചിരിക്കുന്നത്. പൊലീസിനെ അക്രമിച്ച സംഭവത്തിലും ഇരു വിഭാഗത്തിൽപ്പെട്ടവരുടെ വീടുകൾ തകർത്ത സംഭവത്തിലെയും പ്രതികൾക്കായി പൊലീസ് വലവിരിച്ചിട്ടുണ്ട്.

സംഘർഷബാധിത പ്രദേശമായ ഉണ്ണിയാൽ, പറവണ്ണ, ആലിൻചുവട് എന്നീ പ്രദേശങ്ങൾ തീരദേശ മേഖലയാണ്. ഇതിനാൽ അക്രമം നടത്തിയ ശേഷം പ്രതികൾ കടലിലേക്ക് ചാടി രക്ഷപ്പെടുകയാണ് പതിവ്. ഞായറാഴ്ച അക്രമത്തിന് നേതൃത്വം കൊടുത്ത ഇരുപതോളം പേരാണ് പൊലീസിനെ വെട്ടിച്ച് കടൽവഴി രക്ഷപ്പെട്ടതെന്ന് തിരൂർ സി.ഐ എം.കെ ഷാജി പറഞ്ഞു. കടലിലേക്ക് ചാടുന്ന ഇവർ ആഴക്കടലിലേക്ക് നീന്തിപ്പോകുകയും പിന്നീട് ബോട്ട് വരുത്തി രക്ഷപ്പെടുകയുമാണ്. അതിനാൽ പ്രതികളെ പിന്തുടർന്ന് പിടികൂടാനാവാത്ത അവസ്ഥയാണിവിടെ. ഈ പ്രതിസന്ധി മറികടക്കാനായി കോസ്റ്റൽ പൊലീസിന്റെ സ്പീഡ് ബോട്ട് എത്തിക്കാനാണ് പൊലീസിന്റെ തീരുമാനം. അഴീക്കോട്, കോഴിക്കോട് എന്നിവിടങ്ങളിലുള്ള തീരദേശ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള സ്പീഡ് ബോട്ട് ആയിരിക്കും എത്തിക്കുക. പ്രതികൾ കടലിൽ ചാടിയാൽ കോസ്റ്റ് ഗാർഡിന്റെ കൂടി സഹായം ലഭ്യമാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കടലിൽ ചാടുന്നതോടെ പ്രതികളെ പിടികൂടാനുള്ള ശ്രമം ഉപേക്ഷിച്ച് മടങ്ങിപ്പോരുന്ന പതിവ് ഇതോടെ അവസാനിപ്പിക്കാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP