Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിവാഹ വീഡിയോകൾ മോർഫ് ചെയ്ത് അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ; 'മോർഫിങ് വിദഗ്ധൻ' ബിബീഷിനെ പിടികൂടിയത് ഇടുക്കിയിൽ വെച്ച്; ഞരമ്പുരോഗിയായ യുവാവിന്റെ ക്രൂരവിനോദത്തിന് ഇരയായവർ അയൽപക്കക്കാരും പരിചയക്കാരുമായ സ്ത്രീകൾ; കണ്ടാൽ 'കൈകാര്യം' ചെയ്യുമെന്ന് പറഞ്ഞ് രോഷാകുലരായി നിൽക്കുന്ന നാട്ടുകാർക്ക് മുമ്പിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകാൻ ഭയന്ന് പൊലീസും

വിവാഹ വീഡിയോകൾ മോർഫ് ചെയ്ത് അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ; 'മോർഫിങ് വിദഗ്ധൻ' ബിബീഷിനെ പിടികൂടിയത് ഇടുക്കിയിൽ വെച്ച്; ഞരമ്പുരോഗിയായ യുവാവിന്റെ ക്രൂരവിനോദത്തിന് ഇരയായവർ അയൽപക്കക്കാരും പരിചയക്കാരുമായ സ്ത്രീകൾ; കണ്ടാൽ 'കൈകാര്യം' ചെയ്യുമെന്ന് പറഞ്ഞ് രോഷാകുലരായി നിൽക്കുന്ന നാട്ടുകാർക്ക് മുമ്പിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകാൻ ഭയന്ന് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വടകര മോർഫിങ് കേസിലെ മുഖ്യ പ്രതി ബിബീഷ് പിടിയിൽ. ഇന്നലെ രാത്രി ഇടുക്കിയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. സ്റ്റുഡിയോ ഉടമകളായ രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മുഖ്യ പ്രതിയായ ബിബീഷിനെ പിടികൂടാത്തതിൽ വലിയ പ്രതിഷേധമായിരുന്നു വടകരയിൽ ഉയർന്നതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇതിനിടെ ഇന്നലെ ബിബീഷിന് വേണ്ടി പൊലീസ് ലുക്ക്ഔട്ട് നോട്ടീസും ഇറക്കിയിരുന്നു. തുടർന്നാണ് ഇയാൾ അറസ്റ്റിലായത്.

ബിബീഷിന്റെ ക്രൂരവിനോദത്തിന് ഇരയായത് ഏറെയും അയൽക്കാരും നാട്ടുകാരുമായിരുന്നു. അതുകൊണ്ട് തന്നെ കടുത്ത രോഷത്തിലാണ് നാട്ടുകാർ. അവനെ കൈയിൽ കിട്ടിയാൽ കൈകാര്യം ചെയ്യുന്നുമെന്ന് ഉറപ്പിച്ചു നിൽക്കുകയാണ് നാട്ടുകാർ. അതുകൊണ്ട് തന്നെ രോഷാകുലരായി നിൽക്കുന്ന നാട്ടുകാർക്ക് മുമ്പിലേക്ക് തെളിവെടുപ്പിനായി എങ്ങനെ എത്തുമെന്ന ആശങ്കയിലാണ് പൊലീസ്. ഇടുക്കിയിൽ നിന്നും ഇന്നലെ രാത്രി അറസ്റ്റു ചെയ്ത ബിബീഷിനെ ഇന്ന് വടകരയിലെ സദയം സ്റ്റുഡിയോയിൽ എത്തിക്കും. അതേസമയം തലേദിവസം വരെ വർത്തമാനം പറഞ്ഞ് നടന്ന അയൽപക്കത്തെ ചെറുക്കൻ ഇങ്ങനെ ഒരു കാര്യം ചെയ്തു എന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാരിൽ പലരും. തങ്ങളുടെ നഗ്ന ഫോട്ടോകൾ ഉണ്ടാക്കാൻ അവനെങ്ങിനെ തോന്നി എന്ന് പലരും വിലപിക്കുന്നു. ഒപ്പം പലരും തങ്ങളുടെ മക്കളുടെ ഭാവിയെ കുറിച്ചോർത്തുള്ള സങ്കടത്തിലാണ്.

46,000 സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രങ്ങളിൽ തങ്ങളുടെ മക്കളുടെയും ചിത്രം ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള ആശങ്കയിലാണ് ഇപ്പോൾ വടകരയിലെ മാതാപിതാക്കൾ എല്ലാവരും തന്നെ. നാളെ തങ്ങളുടെ മക്കളുടെ നല്ല ഭാവിക്കും വിവാഹ ജീവിതത്തിനും ബിബീഷിന്റെ ഈ മോർഫിങ് ഫോട്ടോകൾ വിഘാതമാകുമെന്ന പേടിയാണ് പല മാതാപിതാക്കളും പങ്കു വയ്ക്കുന്നത്. വീട്ടമ്മമാരുടേതടക്കം ഫോട്ടോകൾ ഉപയോഗിച്ച് നിരവധി വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകളാണ് ബിബീഷ് ഉണ്ടാക്കിയിരുന്നത്. ഈ അക്കൗണ്ടുകളിൽ നിന്നും പലരുമായി അശ്ലീല ചാറ്റുകളും നടത്തി.

ബിബീഷിന്റെ ഈ ക്രൂരത മൂലം പല സ്ത്രീകളേയും മോശപ്പെട്ടവരായാണ് നാട്ടുകാരിൽ പലരും കണ്ടിരുന്നത് തന്നെ. ഇതെല്ലാവരും പരസ്പരം തുറന്ന് പറയാൻ തുടങ്ങിയപ്പോഴാണ് ബിബീഷിന്റെ കെണികൾ ഓരോന്നായി പുറം ലോകം അറിയുന്നത്. എന്നാൽ ഇപ്പോഴും ഇതൊന്നും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് പല വീട്ടമ്മമാരും. സ്മാർട്ട് ഫോൺ എ്താണെന്നും ഫേസ്‌ബുക്ക് എന്താണെന്നോ മോർഫിങ് എന്താണെന്നോ അറിയാത്തവർ പോലുമാണ് ബിബീഷിന്റെ മോർഫിംഗിന് ഇരയായത്. ഇവരുടെ എല്ലാം പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി ഇയാൾ അശ്ലീല ചാറ്റിങ് നടത്തിയിരുന്നു.

സുഹൃത്തുക്കൾ പറഞ്ഞാണ് തന്റെ വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈൽ നിലവിലുള്ളതായി അറിഞ്ഞതെന്ന് ഒരു വീട്ടമ്മ വെളിപ്പെടുത്തുന്നു. ഇതേതുടർന്ന് ഇവരുടെ ഭർത്താവ് പൊലീസിൽ പരാതി നൽകി. തന്റെ നഗ്‌നചിത്രം ബിബീഷിന്റെ ഹാർഡ് ഡിസ്‌കിലുണ്ടെന്ന് സ്റ്റുഡിയോ ഉടമ തന്നെ പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്ന് മറ്റൊരു വീട്ടമ്മ വെളിപ്പെടുത്തി. സ്റ്റുഡിയോ ഉടമയുമായി വഴക്കിട്ട് ബിബീഷ് പിരിഞ്ഞുപോയപ്പോഴാണ് ഇയാൾ ഇക്കാര്യം ഭർത്താവിനോട് പറഞ്ഞത്. ഇതേതുടർന്ന് ഇയാളുടെ ഹാർഡ് ഡിസ്‌ക് ആവശ്യപ്പെട്ടു.

എന്നാൽ തരില്ലെന്നായിരുന്നു നിലപാട്. തുടർന്ന് പൊലീസിൽ പരാതി നൽകിയതോടെ ഹാർഡ് ഡിസ്‌ക് നൽകി. നോക്കരുതെന്ന ഉറപ്പിലാണ് ഹാർഡ് ഡിസ്‌ക് നൽകിയത്. എന്നാൽ ഹാർഡ് ഡിസ്‌ക് പരിശോധിച്ചപ്പോൾ നാട്ടിലെ ഒട്ടുമിക്ക സ്ത്രീകളുടേയും നഗ്‌നചിത്രങ്ങൾ അതിലുണ്ടെന്ന് വ്യക്തമായി. പൂർണ നഗ്‌നചിത്രങ്ങളാണുണ്ടായിരുന്നത്. ഇയാളുടെ ഹാർഡ് ഡിസ്‌കിൽ 46,000 ചിത്രങ്ങളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ഉപജീവനത്തിനായി സ്റ്റുഡിയോ നടത്തുന്നവരെ പോലും മോശക്കാരായി ചിത്രീകരിക്കുന്ന നീക്കമാണ് വടകരയിലെ സ്റ്റുഡിയോ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് നാട്ടുകാർ തന്നെ അഭിപ്രായപ്പെടുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരേയും അടച്ചാക്ഷേപിക്കാൻ തങ്ങൾ തയ്യാറല്ല. ഈ സംഭവത്തിൽ കുറ്റക്കാരെ ശിക്ഷിക്കുന്നതിന് ഏതറ്റം വരേയും പോകുമെന്നും നാട്ടുകാർ പറയുന്നു. അതേസമയം ബിബീഷിനെ അറസ്റ്റ് ചെയ്യാത്തതിലും നാട്ടുകാർ രോഷാകുലരാണ്. സംഭവത്തിൽ സദയം ഷൂട്ട് ആൻഡ് എഡിറ്റ് ഉടമകളായ മീത്തൽ ദിനേശൻ, സഹോദരൻ സതീശൻ എന്നിവരെ വടകര ഡിവൈഎസ്‌പി ടി. പി പ്രേമരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയിരുന്നു. തൊട്ടിൽപ്പാലം കുണ്ടുതോടിലെ ചെറിയച്ഛന്റെ വീട്ടിൽ ഒളിവിൽ താമസിക്കുന്നതിനിടെ മറ്റൊരു സ്ഥലത്തേക്ക് പോകുമ്പോഴാണ് ഞായറാഴ്ച പുലർച്ചെ ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

സ്ഥാപന ഉടമകളായ ഇവർക്ക് ഇതിൽ പങ്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ബിബീഷിനെ ഇവർ സംരക്ഷിച്ചിരുന്നതായി സൂചനയുമുണ്ട്. ബിബീഷിന്റെ കംപ്യൂട്ടർ ഹാർഡ് ഡിസ്‌കിനുള്ളിൽ ആരുടെയൊക്കെ ചിത്രങ്ങൾ ഉണ്ടെന്ന ആശങ്ക വടകരക്കാരെ വെട്ടിലാക്കുന്നുണ്ട്. വൈക്കിലശ്ശേരി, മലോൽമുക്ക് നിവാസികൾ പ്രതിഷേധം തുടരുകയാണ്.

സ്റ്റുഡിയോ ജീവനക്കാരൻ കൈവേലി സ്വദേശി ബിബീഷ് ചിത്രങ്ങൾ മോർഫിങ് നടത്തുന്നതായി ഇവർക്ക് ആറുമാസം മുൻപേതന്നെ അറിയാമായിരുന്നെന്ന് കോഴിക്കോട് റൂറൽ എസ്‌പി. എം.കെ. പുഷ്‌കരൻ പത്രസമ്മേളനത്തിൽ പറഞ്ഞു. തുടർന്ന് ബിബീഷിന്റെ ഹാർഡ് ഡിസ്‌ക് ഇവർ വാങ്ങിവെച്ചു. അന്ന് പരാതിയുമായി എത്തിയവരെ എല്ലാ പ്രശ്‌നങ്ങളും തീർന്നെന്ന് വിശ്വസിപ്പിച്ചു. ഈയിടെ വീണ്ടും പരാതി ഉയർന്നപ്പോഴാണ് ഇവർ ഹാർഡ് ഡിസ്‌ക് നാട്ടുകാർക്ക് കൈമാറിയത്.

മോർഫിങ് നടത്തിയ വടകര സദയം ഷൂട്ട് ആൻഡ് എഡിറ്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ കൈവേലി സ്വദേശി ബിബീഷിന്റെ ഹാർഡ് ഡിസ്‌കിൽ പൊലീസ് കണ്ടെത്തിയത് 46,000-ത്തോളം ചിത്രങ്ങളാണ്. ഇതിൽ മോർഫിങ് ചെയ്ത അശ്ശീലചിത്രങ്ങൾ നൂറുകണക്കിന് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കല്യാണവീഡിയോകളിൽ നിന്നെടുത്ത സ്ത്രീകളുടെ ചിത്രങ്ങളാണ് ഇവ. സ്ഥാപനഉടമകളുടെ നാടായ ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരിയിലെ ഒരു സ്ത്രീയുടെ ചിത്രമാണ് ആദ്യം പുറത്തായത്. ബിബീഷിനെ കുടുക്കാനുള്ള ലക്ഷ്യത്തോടെയാണ് ഇത് പുറത്തുവിട്ടത്. എന്നാൽ ഈ ഫോട്ടോ പുറത്തുവന്നതോടെ കാര്യങ്ങൾ കൈവിട്ടു പോയി. പൊലീസ് റെയ്ഡിൽ ഫോട്ടോ കണ്ടെത്തിയ വിവരം പുറത്തുവന്നതോടെ ആശങ്ക കൂടി. നാട്ടുകാർ പ്രതിഷേധവുമായെത്തി.

ഏഴുമാസം മുമ്പുതന്നെ ബിബീഷ് ചിത്രങ്ങൾ മോർഫ് ചെയ്യുന്നുണ്ടെന്ന് സ്ഥാപനഉടമകൾക്ക് മനസ്സിലായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, എഡിറ്റിങ്ങിൽ മിടുക്കനായതിനാൽ ബിബീഷിനെതിരേ നടപടിയെടുത്തില്ല. ഇതിനുശേഷവും ഇയാൾ മോർഫിങ് തുടർന്നപ്പോൾ നിയന്ത്രിക്കാൻ ഉടമകൾ തയ്യാറായില്ലെന്നാണ് ആരോപണം. സംഭവം പുറത്തായത് ബിബീഷ് ഈ സ്ഥാപനത്തിൽനിന്ന് പുറത്തുപോയി മറ്റൊരു സ്റ്റുഡിയോ തുറക്കാൻ ശ്രമം തുടങ്ങിയപ്പോഴാണ്. ഇതിന് പിന്നിൽ ഉടമകൾക്ക് പങ്കുണ്ടോയെന്ന സംശയവും സജീവമാണ്.

ഹാർഡ് ഡിസ്‌ക് കൈവശംവെച്ചത് ബിബീഷിനെ കുടുക്കുക എന്ന ലക്ഷ്യത്തോടെയാണോ എന്നും സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതേക്കുറിച്ചും അന്വേഷിക്കും. മോർഫിങ് നടത്തിയ ആറുചിത്രങ്ങൾ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഐ.ടി.ആക്ട് പ്രകാരവും ഐ.പി.സി. 354 വകുപ്പ് (സ്ത്രീത്വത്തെ അപമാനിക്കൽ) പ്രകാരവുമാണ് രണ്ടുപേർക്കുമെതിരേ കേസെടുത്തത്. ഇതേ കേസ് തന്നെയാണ് ബിബീഷിനെതിരെയും ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP