Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിനാമി ഇടപാടുകൾ പിടിക്കപ്പെടാതിരിക്കാൻ റിട്ടയേർഡ് തഹസിൽദാരെ തന്നെ ഓഫീസിൽ ഇരുത്തി ബാബു; ഒരു പേഴ്‌സണൽ സ്റ്റാഫ് അംഗം മാത്രം അമ്പതോളം തവണ വിദേശയാത്ര നടത്തി; കെ എം മാണി ഖത്തറിൽ 300 കോടി നിക്ഷേപം നടത്തിയെന്ന് സൂചന; പൂവാറിലെയും മൂന്നാറിലെയും റിസോർട്ടുകളെ കുറിച്ചും അന്വേഷണം

ബിനാമി ഇടപാടുകൾ പിടിക്കപ്പെടാതിരിക്കാൻ റിട്ടയേർഡ് തഹസിൽദാരെ തന്നെ ഓഫീസിൽ ഇരുത്തി ബാബു; ഒരു പേഴ്‌സണൽ സ്റ്റാഫ് അംഗം മാത്രം അമ്പതോളം തവണ വിദേശയാത്ര നടത്തി; കെ എം മാണി ഖത്തറിൽ 300 കോടി നിക്ഷേപം നടത്തിയെന്ന് സൂചന; പൂവാറിലെയും മൂന്നാറിലെയും റിസോർട്ടുകളെ കുറിച്ചും അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഡിഎഫ് സർക്കാറിന്റെ അടിത്തറ ഇളക്കിയ ബാർകോഴ കേസിലെ മുഖ്യ ആരോപണ വിധേയരായ കെ ബാബുവിനും കെ എം മാണിക്കും മേൽ കുടുതൽ കരുക്കുകൾ മുറുകുന്നു. ബിനാമി ഇടപാടുകൾ വഴി രണ്ട് പേരും ഭീമമായ വിധത്തിൽ സമ്പാദിച്ചു കൂട്ടിയിട്ടുണ്ടെന്ന വാർത്തകളാണ് വിജിലൻസ് വൃത്തങ്ങളിൽ നിന്നും പുറത്തുവരുന്നത്. കുടുംബാംഗങ്ങളുടെയും ബിനാമികളുടെയും പേരിൽ കോടികൾ നിക്ഷേപിച്ചപ്പോൾ സംസ്ഥാന ഖജനാവിൽ നിന്നും വൻ ചോർച്ചയുണ്ടായി എന്നു വേണം അനുമാനിക്കാൻ. അനധികൃത, ബിനാമി സമ്പാദ്യങ്ങളുടെ ചുരളുകൾ അഴിക്കും വിധം അന്വേഷണം മുന്നോട്ടു കൊണ്ടാപോകാനാണ് ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള നീക്കം. ബാബുവിന്റെ ബിനാമികൾ പിടിക്കപ്പെട്ടതോടെ കടുത്ത ആശങ്കയിലാണ് മണിയും.

കേരളത്തിൽ നിന്നും അഴിമതിയിലൂടെ സമ്പാദിച്ച പണം വിദേശത്തേക്ക് കടത്തിയെന്ന സൂചനയാണ് പുറത്തുവരുന്നത്. വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലേക്കുമാണ് അനധികൃത സമ്പാദ്യം കടത്തിയതെന്ന് ബോധ്യമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇരുവരുടെയും ബുക്കൾക്കുള്ള ബിസിനസ് ശൃംഖലകളെക്കുറിച്ച് വിജിലൻസ് വിവരം ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. എക്‌സൈസ് മന്ത്രി ആയതോടെ ചക്കരക്കുടമാണ് കിട്ടിയതെന്ന ബാബുവിന് തന്നെ ബോധ്യമായിരുന്നു. ഇതോടെ ബിനാമി ഇടപാടുകളും പ്രത്യേകം കൈകാര്യം ചെയ്യാൻ ബന്ധുവായ റിട്ട. തഹസിൽദാരെ തന്നെയാണ് കെ ബാബു സ്വന്തം ഓഫീസിൽ നിയമിച്ചിരുന്നത്. ഇക്കാര്യം വിജിലൻസിന് ബോധ്യം വന്നിട്ടുണ്ട്.

മലയാറ്റൂർ സ്വദേശിയായ ഇദ്ദേഹത്തെ മറ്റൊരു മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ അസി. പ്രൈവറ്റ് സെക്രട്ടറിയാക്കിയെങ്കിലും ഓഫീസ് അനുവദിച്ചത് ബാബുവിനൊപ്പമായിരുന്നു. ഭൂമിയുടെ രജിസ്‌ട്രേഷൻ, തിരഞ്ഞെടുപ്പ് ഫണ്ട് സൂക്ഷിക്കൽ, സ്വത്തുക്കളുടെ സംരക്ഷണം, ആദായനികുതി വകുപ്പിനുള്ള കണക്ക് തയ്യാറാക്കൽ എന്നിവയെല്ലാം തഹസിൽദാരുടെ ചുമതലയായിരുന്നു. ബാബുവിന്റെ ബിനാമി സ്വത്തുക്കളെക്കുറിച്ചറിയാൻ വിജിലൻസ് ഇദ്ദേഹത്തെ ചോദ്യംചെയ്യും. വിശ്വസ്തനും ഇടപാടുകൾ സുരക്ഷിതമായി നടത്താനും കഴിയുന്ന ഒരാളെ വേണമെന്നതു കൊണ്ടാണ് റിട്ടയേർഡ് തഹസിൽദാരെ തന്നെ ബാബു നിയമിച്ചത്.

2013ലും 2015ലുമായി രണ്ടുവട്ടമേ കെ. ബാബു വിദേശയാത്ര നടത്തിയിട്ടുള്ളൂ. അങ്കമാലി പ്രവാസി അസോസിയേഷന്റെ ഓണാഘോഷത്തിൽ പങ്കെടുക്കാനായിരുന്നു 2013ലെ യാത്ര. വിഴിഞ്ഞം തുറമുഖത്തിന്റെ കരാർ നടപടികൾ ആരംഭിക്കുന്നതിന് മുൻപ് സിംഗപ്പൂർ തുറമുഖം സന്ദർശിക്കാനായിരുന്നു ഭാര്യയുമൊത്ത് 2015ലെ യാത്ര. അതേസമയം, ബാബുവിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളാണ് പലപ്പോഴും വിദേശയാത്രകൾ നടത്തിയത്. പല ഇടപാടുകളും വിദേശത്തു വച്ചു നടത്താൻ വേണ്ടിയായിരുന്നു ഇതെന്നാണ് വിജിലൻസ് സംശയിക്കുന്നത്. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സുരേഷ് പൈ സിംഗപ്പൂരും മലേഷ്യയും സന്ദർശിച്ചിട്ടുണ്ട്. ബിനാമിയെന്ന് സംശയിക്കുന്ന പേഴ്‌സണൽ സ്റ്റാഫംഗം നന്ദകുമാർ നിരവധി സംശയാസ്പദമായ വിദേശയാത്രകൾ നടത്തിയിട്ടുണ്ട്. മുൻ ഗ്രാമവികസന മന്ത്രിയുടെ ഉറ്റബന്ധുവിനെ ബാബുവിന്റെ സ്റ്റാഫംഗമാക്കിയിരുന്നു. ചങ്ങനാശേരിക്കാരനായ ഇദ്ദേഹം അമ്പതോളം തവണ വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ബാബുവിനെ പോലെ തന്നെ മാണിക്ക് മേലും വിജിലൻസ് കുരുക്കിട്ടു കഴിഞ്ഞു. കെ.എം. മാണിയുടെ മക്കളുടെയും മരുമക്കളുടെയും പേരിൽ വിദേശത്തെ ബിസിനസ് നിക്ഷേപങ്ങളെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയാണ് വിജിലൻസിന്റെ അന്വേഷണം. ഖത്തറിൽ 300 കോടിയിലേറെ വിവിധ മേഖലകളിലായി മാണി നിക്ഷേപിച്ചെന്നാണ് സംശയം. തലസ്ഥാനത്ത് മാണിയുടെ ബന്ധുക്കൾക്ക് വൻകിട റിസോർട്ടും ഉള്ളതായി വിജിലൻസിന് വിവരംകിട്ടി. പൂവാറിലും മൂന്നാറിലുമാണ് മാണിയുടെ ബന്ധുക്കൾക്ക് റിസോർട്ടുകൾ ഉള്ളത്. ഈ റിസോർട്ടിന് കെ. ബാബു മന്ത്രിയായിരിക്കേ ബാർലൈസൻസ് അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 1970 മുതൽ മാണിക്ക് ബിനാമി നിക്ഷേപമുണ്ടെന്നാണ് വിജിലൻസിനുള്ള വിവരം.

എംഎ!ൽഎയായും മന്ത്രിയായുമുള്ള ശമ്പളവും ബത്തയും മാത്രമായിരുന്നു മാണിയുടെയും ബാബുവിന്റെയും ഏകവരുമാനം. ബാബുവിന്റെ ഭാര്യയ്ക്കും മക്കൾക്കും ജോലിയില്ല. തൃപ്പൂണിത്തുറയിലും അങ്കമാലിയിലും ഭൂമിയും 3000 ചതുരശ്രയടിയുടെ വീടും ബാബുവിനുണ്ട്. ആസ്തികളുടെ മൂല്യനിർണയത്തിന് വിജിലൻസ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ സഹായംതേടി. കുമ്പളം സ്വദേശിയെ ബിനാമിയാക്കി കൊച്ചിയിൽ ടോൾപിരിവിന് കരാറെടുത്തെന്ന പരാതിയെക്കുറിച്ചും അന്വേഷണമുണ്ട്. ഇയാളുടെ ഭാര്യയുടെ പേരിൽ വേളാങ്കണ്ണിയിൽ 125 മുറികളുള്ള ലോഡ്ജ് സമുച്ചയം ബിനാമി നിക്ഷേപമാണെന്നും വിജിലൻസ് കണ്ടെത്തി.

ബാബുവിന്റെ ബിനാമിയെന്ന് വിജിലൻസ് കണ്ടെത്തിയ ബാബുറാമിന്റെ ഭാര്യയുടെ വിദേശത്തുള്ള ബന്ധുവിന്റെ പേരിലുള്ള ഏഴേക്കർ പാടശേഖരത്തേക്ക് തുറമുഖവകുപ്പിന്റെ ഫണ്ടുപയോഗിച്ച് റോഡ് നിർമ്മിച്ചതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. മാണിയെയും ബാബുവിനെയും ചോദ്യംചെയ്യാൻ വിശദമായ ചോദ്യാവലി വിജിലൻസ് തയ്യാറാക്കുന്നുണ്ട്. അതേസമയം ബാബുവും മാണിയും കഴിഞ്ഞ പത്തുവർഷം ആദായനികുതി വകുപ്പിന് സമർപ്പിച്ച സത്യവാങ്മൂലങ്ങളുടെ വിവരങ്ങളാവശ്യപ്പെട്ട് വിജിലൻസ്, ആദായനികുതി വകുപ്പ് കമ്മിഷണർക്ക് കത്തുനൽകി.

ബാബു മന്ത്രിയായിരുന്ന സമയത്ത് കൈകാര്യം ചെയ്തിരുന്ന വിവിധ വകുപ്പുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. ഹാർബർ എഞ്ചിനിയറിങ് ഡിപ്പാർട്ടുമെന്റുകൾ അടക്കം നിർമ്മിച്ച റോഡുകൾ റിയൽ എസ്‌റ്റേറ്റുകാർക്ക് വേണ്ടി നിർമ്മിച്ചതാണെന്നാണ് അക്ഷേപം വന്നിരിക്കുന്ന സാഹചര്യത്തിലാണ് വിജിലൻസ് അന്വേഷണം വ്യാപിപ്പിച്ചത്. കെ.ബാബുവിന്റെ ബിനാമിയെന്ന് വിജിലൻസ് ആരോപിക്കുന്ന ബാബുറാമിന്റെ സ്ഥലത്തിന് സമീപം നിർമ്മിച്ച റോഡുകൾ അടക്കം ആക്ഷേപം ഉയരുന്നുണ്ട്. ഇങ്ങനെ സംസ്ഥാനത്ത് പലയിടത്തും റോഡുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട് ഇതൊക്കെ റിയൽ എസ്റ്റേറ്റ്കാർക്ക് വേണ്ടിയാണെന്നാണ് ആക്ഷേപം. ഹാർബർ എഞ്ചിനിയറിങ് ഡിപ്പാർട്ട്‌മെന്റ് നിർമ്മിച്ച റോഡുകൾ പലതും വേണ്ടപ്പെട്ടവർക്ക് വേണ്ടി നിർമ്മിച്ചുവെന്നാണ് ആക്ഷേപം.

ഈ സാഹചര്യത്തിലാണ് ഇക്കാര്യവും വിജിലൻസ് അന്വേഷിക്കാൻ തീരുമാനിച്ചത്. അതേ സമയം ഇതു വരെയുള്ള റെയ്ഡിൽ കണ്ടെത്തിയ കെ.ബാബുവിൽ നിന്നും ബാബുറാം, തൃപ്പൂണിത്തറ സ്വദേശിയായ മോഹനൻ എന്നിവരുടെ മൂന്ന് പേരുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുള്ള 236 ഓളം രേഖകളിൽ കൂടുതലും ഭൂമി ഇടപാട് സംബന്ധിച്ച രേഖകളാണ്. അതിൽ കൂടുതലും ബാബുറാമിന്റെ ഇടപാടുകളാണ്. ഈ രേകഖൾ വിജിലൻസ് കോടതിയിലാണ് ഇരിക്കുന്നത് . ഇത് കോടതിയിൽ നിന്നും വാങ്ങി പരിശോധിക്കുക എന്നതാണ് വിജിലൻസ് ആദ്യം ചെയ്യുക. ഒപ്പം കെ. ബാബു മന്ത്രിയായിരുന്ന സമയത്ത് കൈകാര്യം ചെയ്തിരുന്ന വകുപ്പുകളുടെ ദുർവിനയോഗത്തെ പറ്റിയുള്ള കാര്യങ്ങളും അന്വേഷണത്തിലേക്കു കൊണ്ടു വരും.

വിജിലൻസ് ആരോപിക്കുന്നത് ബാബുവിന്റെ ബിനാമിയാണ് ബാബുറാമെന്നാണ്. ബാബുറാം ധാരാളം ഭൂമിയിടപാടുകൾ നടത്തിയിട്ടുണ്ടെന്നും അവിടേക്ക് പാത നിർമ്മിക്കാൻ ബാബു സഹായിച്ചുവെന്നുമാണ് വിജിലൻസ് സംശയിക്കുന്നത്. 236 രേഖകൾ വിശദമായി പഠിച്ച ശേഷം ഒരു ചോദ്യാവലി ഉണ്ടാക്കിയായിരിക്കും കെ.ബാബുവിനെ അടക്കം വിജിലൻസ് ചോദ്യം ചെയ്യുക. സിംഗപ്പുർ, കുവൈത്ത് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് കെ. ബാബു നടത്തിയ നടത്തിയ യാത്രകളെപ്പറ്റിയും വിജിലൻസ് അന്വേഷിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP