Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ ബാബുവിനെ രക്ഷിക്കാൻ സുധീരനെ ഒതുക്കി കോൺഗ്രസുകാർ ഒറ്റക്കെട്ടായപ്പോൾ കുരുക്ക് മുറുക്കി ജേക്കബ് തോമസ്; ബാബുവിന്റെ ഭാര്യയെയും സഹോദരനെയും വിജിലൻസ് ചോദ്യം ചെയ്തു; നടപടി ബാങ്ക് ലോക്കറിൽനിന്ന് സാധനങ്ങൾ മാറ്റിയതിനെ തുടർന്ന്; 'മതിയായ തെളിവുകൾ ലഭിച്ചു കഴിഞ്ഞു; ഇനി കോടതിയിൽ കാണാ'മെന്ന് ജേക്കബ് തോമസ്

കെ ബാബുവിനെ രക്ഷിക്കാൻ സുധീരനെ ഒതുക്കി കോൺഗ്രസുകാർ ഒറ്റക്കെട്ടായപ്പോൾ കുരുക്ക് മുറുക്കി ജേക്കബ് തോമസ്; ബാബുവിന്റെ ഭാര്യയെയും സഹോദരനെയും വിജിലൻസ് ചോദ്യം ചെയ്തു; നടപടി ബാങ്ക് ലോക്കറിൽനിന്ന് സാധനങ്ങൾ മാറ്റിയതിനെ തുടർന്ന്;  'മതിയായ തെളിവുകൾ ലഭിച്ചു കഴിഞ്ഞു; ഇനി കോടതിയിൽ കാണാ'മെന്ന് ജേക്കബ് തോമസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ കുടുങ്ങിയ മുൻ എക്‌സൈസ് മന്ത്രി കെ ബാബുവിനെ രക്ഷിക്കാൻ കൈ മെയ് മറന്ന് കോൺഗ്രസുകാർ ഒരുമിച്ചതിന് പിന്നാലെ മന്ത്രിക്കെതിരെ കുരുക്ക് മുറുക്കി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. ഇതുവരെ വിഷയത്തിൽ മൗനം തുടർന്ന് കെപിപിസി പ്രസിഡന്റിനെയും ഒതുക്കി അദ്ദേഹത്തെ കൊണ്ട് ബാബുവിന് നിർബന്ധിത പിന്തുണ നേടിക്കൊടുത്തിരുന്നു കോൺഗ്രസുകാർ. ഇതിന് പിന്നാലെ അനധികൃത സ്വത്തുസമ്പാദനക്കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കെ ബാബുവിന്റെ ഭാര്യ ഗീതയെയും സഹോദരൻ ജോഷിയെയും വിജിലൻസ് സംഘം ചോദ്യം ചെയ്തു. ഗീതയെ മൂന്നു മണിക്കൂറോളമാണ് വിജിലൻസ് ചോദ്യം ചെയ്തത്.

കേസിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ബാബുവിന്റെ ഭാര്യ ബാങ്ക് ലോക്കറിൽനിന്ന് സാധനങ്ങൾ മാറ്റുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ വിജിലൻസിന് ലഭിച്ചിരുന്നു. ഇത് ആസൂത്രതിമായിട്ടാണെന്നാണ് വിജിലൻസിന് ലഭിച്ച വിവരം. ഇതനുസരിച്ചാണ് സിസി ടി വി ദൃശ്യങ്ങൾ വിജിലൻസ് പരിശോധിച്ചത്. എസ്‌ബിറ്റി തൃപ്പൂണിത്തുറ ശാഖയിലെ ലോക്കറിൽനിന്ന് ഗീത സാധനങ്ങൾ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് വിജിലൻസ് കണ്ടെടുത്തത്. ഇതിന്റെ വിശദാംശങ്ങളാണ് അന്വേഷണസംഘം ചോദിച്ചറിഞ്ഞത്.

ബാബുവിന്റെ സഹോദരൻ ജോഷിയിലേക്കും അന്വേഷണം നീളുന്നതായാണ് വിവരങ്ങൾ. ബാബു അനധികൃതമായി സമ്പാദിച്ച സ്വത്ത് ജോഷിയുടെ പേരിലേക്ക് മാറ്റിയിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്തത്. എൽഐസിയിൽ ഡെവലപ്‌മെന്റ് ഓഫീസറാണ് ജോഷി. നേരത്തെ ബാർകോഴക്കേസിൽ സർക്കാർ രാഷ്ട്രീയമായി പകപോക്കുകയാണെന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ജേക്കബ് തോമസും രംഗത്തെത്തിയിരുന്നു.

ബാർ കോഴക്കേസുമായി ബന്ധപ്പെട്ടും അനധികൃത സ്വത്തുസമ്പാദനക്കേസുകളിലും കെ.ബാബുവിനെതിരെയുള്ള തെളിവുകൾ കൃത്യസമയത്ത് കോടതിയിൽ ഹാജരാക്കുമെന്ന് ജേക്കബ് തോമസ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച തെളിവുകളും വിവരങ്ങളും മറ്റാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം വിജിലൻസിനില്ലെന്നും ജേക്കബ് തോമസ് മാദ്ധ്യമം ദിനപത്രത്തോട് പറഞ്ഞു.

ബാബുവിനെതിരായ അന്വേഷണം സുതാര്യമാണ്. ആരുടെയും ഇടപെടൽ ഇല്ല. വ്യക്തമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതും ഇപ്പോൾ മുന്നോട്ട് പോകുന്നതും. ഇതുവരെ നടത്തിയ അന്വേഷണത്തിൽ മതിയായ തെളിവുകൾ ലഭിച്ചു കഴിഞ്ഞെന്നും അവയുടെ പരിശോധനകൾ പൂർത്തിയായെന്നും ജേക്കബ് തോമസ് പറഞ്ഞു. മൂന്നുമാസത്തിനകം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചാൽ മതി. അപ്പോൾ ബോധ്യമാകും ബാബുവിനെതിരെ തെളിവുണ്ടോ എന്ന്. നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുമ്പോൾ വിജിലൻസിന് എതിരെ ഇനിയും ധാരാളം ആരോപണങ്ങൾ ഉയർന്നേക്കാം. ഇതിനൊന്നും മറുപടി നൽകേണ്ട ബാധ്യത വിജിലൻസിനില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.ബാബുവിനെതിരായ വിജിലൻസ് അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് സുധീരൻ ഇന്നലെ ആരോപിച്ചിരുന്നു. കേസിൽ ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയുന്ന തെളിവുകളൊന്നും കൊണ്ടുവരാൻ സർക്കാരിനോ അന്വേഷണ ഉദ്യോഗസ്ഥർക്കോ സാധിച്ചില്ലെന്നും സുധീരൻ പറഞ്ഞിരുന്നു. ഇതിനാണ് മറുപടിയുമായി ജേക്കബ് തോമസ് രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP