Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദിലീപിനെ വിവാദത്തിൽ കുടുക്കിയത് സെറ്റിടൽ തന്നെയോ? പൾസർ സുനിക്കായി ജനപ്രിയനായകന് കത്തെഴുതാൻ ജയിൽ ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തിയെന്ന് വിപിൻലാലിന്റെ വെളിപ്പെടുത്തൽ; നടിയെ ആക്രമിച്ചതിലെ ഗൂഢാലോചനകേസിൽ ട്വിസ്‌റ്റോട് ട്വിസ്റ്റ്; പേപ്പർ മോഷ്ടിച്ച് കത്തെഴുത്തെന്ന ജിയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് വിവാദത്തിൽ; എന്തുചെയ്യണമെന്നറിയാതെ ദിനേന്ദ്ര കാശ്യപ്

ദിലീപിനെ വിവാദത്തിൽ കുടുക്കിയത് സെറ്റിടൽ തന്നെയോ? പൾസർ സുനിക്കായി ജനപ്രിയനായകന് കത്തെഴുതാൻ ജയിൽ ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തിയെന്ന് വിപിൻലാലിന്റെ വെളിപ്പെടുത്തൽ; നടിയെ ആക്രമിച്ചതിലെ ഗൂഢാലോചനകേസിൽ ട്വിസ്‌റ്റോട് ട്വിസ്റ്റ്; പേപ്പർ മോഷ്ടിച്ച് കത്തെഴുത്തെന്ന ജിയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് വിവാദത്തിൽ; എന്തുചെയ്യണമെന്നറിയാതെ ദിനേന്ദ്ര കാശ്യപ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജയിൽ അധികൃതരും പൾസർ സുനിയും ഭീഷണിപ്പെടുത്തിയാണ് തന്നെക്കൊണ്ട് കത്തെഴുതിച്ചെന്ന് പൾസർ സുനിയുടെ സഹതടവുകാരനായ വിപിൻലാൽ. എന്നാൽ എന്തിനാണ് ജയിൽ അധികൃതർ ഭീഷണിപ്പെടുത്തിയതെന്ന ചോദ്യത്തിന് വിപിൻലാൽ മറുപടി നൽകിയില്ല.
കാക്കനാട് മജിസ്റ്രടേറ്റ് കോടതിയിൽവെച്ച് മാധ്യമങ്ങളോടാണ് വിപിൻലാൽ ഇക്കാര്യം പറഞ്ഞത്. താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പൾസർ സുനിയുടെ സഹതടവുകാരൻ വിഷ്ണു പറഞ്ഞു. കേസിൽ ഗൂഢാലോചനയുണ്ട് എന്നാൽ ദിലീപിന് പങ്കുണ്ടോയെന്ന് അറിയില്ലെന്നും വിഷ്ണു പറഞ്ഞു. കേസിനെ സംബന്ധിച്ച് പരസ്പര വിരുദ്ധമായ മൊഴികളാണ് ഇരുവരും നൽകുന്നത്. പൾസർ സുനി ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയോ നാദിർഷയെയോ വിളിച്ചതായി തനിക്ക് അറിയില്ലെന്നും വിഷ്ണു ചോദ്യം ചെയ്യലിനിടെ പൊലീസിനെ അറിയിച്ചു. അതേസമയം പൾസറിന്റെ സഹതടവുകാർ പരസ്പരവിരുദ്ധമായ മൊഴി നൽകിയത് അന്വേഷണ സംഘത്തെയും കുഴപ്പിക്കുന്നുണ്ട്.

പൾസർ സുനിക്കു വേണ്ടി ദിലീപിന് നൽകാൻ കത്തെഴുതി നൽകിയത് ചെക്കുകേസിൽ ജയിലിലായ നിയമ വിദ്യാർത്ഥിയായ വിപിൻലാൽ ആണെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി ഇന്നാണ് വിപിൻലാലിനെയും മറ്റൊരു സഹതടവുകാരനായ വിഷ്ണുവിനെയും പൊലീസ് അറസ്റ്റു ചെയ്തതും കസ്റ്റഡിയിൽ വാങ്ങിയതും.

കോടതിയിലേക്ക് പോകും വഴി വിപിൻലാലാണ് വിഷ്ണുവിന് കത്ത് നൽകിയത്. ഈ കത്താണ് ദിലീപിനും നാദിർഷായ്ക്കും കിട്ടിയത്. പൾസർ സുനിക്ക് തെറ്റുകൂടാതെ എഴുതാനറിയാത്തതിനാലാണ് വിപിൻലാലിനെക്കൊണ്ട് കത്തെഴുതിച്ചത്. ദിലീപിന് കൈ മാറാൻ എഴുതിയ കത്ത് കക്കാനാട് ജില്ലാ ജയിലിലെ വെൽഫെയർ ഓഫീസറുടെ കാബിനിൽ നിന്നും മോഷ്ടിച്ചതാണെന്ന് ജയിൽ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കക്കാനാട് ജില്ലാ ജയിൽ സൂപ്രണ്ട് ജയകുമാർ ആണ് ഇക്കാര്യം അന്വേഷിച്ചത്. വെൽഫെയർ ഓഫീസറുടെ വിശ്വസ്തനായിരുന്ന വിപിൻലാൽ ഈ ബന്ധം ഉപയോഗിച്ചാണ് സീൽ ചെയ്ത പേപ്പർ തട്ടിയെടുത്തത്. ജാമ്യത്തിലിറക്കാൻ ആളെ തരപ്പെടുത്തി നൽകാമെന്ന പൾസർ സുനിയുടെ വാക്ക് വിശ്വസിച്ചാണ് വിപിൻലാൽ കത്തെഴുതാൻ തയാറായതെന്നും അന്നു കണ്ടെത്തിയിരുന്നു.

സുനിൽ ജയിലിൽ വെച്ച് ഫോൺ ചെയ്തിട്ടില്ലന്നും സീൽ ചെയ്ത പേപ്പർ മോഷ്ടിച്ചതാണന്നുമുള്ള സുപ്രണ്ടിന്റിന്റെ റിപ്പോർട്ട് അന്ന്തന്നെ ജയിൽ മേധാവി പൂർണമായും വിശ്വാസത്തിലെടുത്തിരുന്നില്ല. ഇതേത്തുടർന്ന് സ്പെഷ്യൽ ബ്രാഞ്ചിനോടും റിപ്പോർട്ട് തേടിയിരുന്നു.

ദിലീപിന് കത്ത് കൈമറായി വിഷ്ണുവും പൾസർ സുനിയുടെ സഹ തടവുകാനായിരുന്നു. പൾസർ ബൈക്കിൽ മോഷണം നടത്തിയിരുന്ന വിഷ്ണുവും സുനിയും നേരത്തെ പരിചയക്കാരനായിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നടൻ ദിലീപിനോട് പണം ആവശ്യപ്പെട്ട് കത്ത് എത്തിച്ച വിഷ്ണു കൊച്ചിയിൽ മാത്രം 86 മാലമോഷണക്കേസിലെ പ്രതിയാണെന്ന് പൊലീസും പറയുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ പുറത്തിറങ്ങിയ ഇയാൾക്ക് കോടതിയിലേക്കുള്ള യാത്രയ്ക്കിടെ കൈയിൽ കരുതിയ കത്ത് വിപിൻലാൽ കൈമാറുകയായിരുന്നു.

വിഷ്ണുവിനെയും വിപിൻലാലിനെയും മൂന്നുദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഇതിനിടെ നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ സഹതടവുകാർ പരസ്പരവിരുദ്ധമായ മൊഴി നൽകുന്നത് ആന്വേഷണ സംഘത്തെയും പ്രതിസന്ധിയാലാക്കിയിട്ടുണ്ട്. ഓരോ ദിവസവും കേസിലുണ്ടാകുന്ന നിർണായക വെളിപ്പെടുത്തലുകളും കണ്ടെത്തലുകളും അന്വേഷണത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP