Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദേശീയ പതാകയെ അപമാനിച്ച കേസിൽ ഉൾപ്പെട്ട പശ്ചിമ ബംഗാൾ സ്വദേശി മലപ്പുറത്ത് അറസ്റ്റിൽ; ഐസിസ് അനുഭാവിയെന്നു സംശയം; കുടുങ്ങിയതു ഫേസ്‌ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചപ്പോൾ

ദേശീയ പതാകയെ അപമാനിച്ച കേസിൽ ഉൾപ്പെട്ട പശ്ചിമ ബംഗാൾ സ്വദേശി മലപ്പുറത്ത് അറസ്റ്റിൽ; ഐസിസ് അനുഭാവിയെന്നു സംശയം; കുടുങ്ങിയതു ഫേസ്‌ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചപ്പോൾ

എം പി റാഫി

മലപ്പുറം: ഫേസ്‌ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചതുമൂലം കസ്റ്റഡിയിലായ ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തു. ആഗോള ഭീകരവാദ സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റ് (ഐഎസ്)മായി ബന്ധമുണ്ടെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത പശ്ചിമ ബംഗാൾ സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മുർഷിദാബാദ് ജില്ലയിലെ വാഹിദ് ഷേഖി(26)നെയാണ് വിവിധ വകുപ്പുകൾ ചുമത്തി വണ്ടൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇസ്ലാമിക്ക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ഫോട്ടോകൾ, പതാകയുടെ ചിത്രങ്ങൾ ഇയാളുടെ ഫോണിൽ നിന്നും പൊലീസ് കണ്ടെടുത്തു.

കൂടാതെ ഇന്ത്യൻ പതാകയെ അപമാനിക്കും വിധമുള്ള നിരവധി ചിത്രങ്ങളും ബംഗ്ലാദേശ് പതാകയെ മഹത്വവൽക്കരിക്കുന്ന ഫോട്ടോകളും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ ഫേയ്‌സ്ബുക്ക് അക്കൗണ്ടും മൊബൈൽ ഫോണും നിരീക്ഷിച്ചു വരികയാണ്. കൂടുതൽ നിരീക്ഷിച്ച ശേഷം മാത്രമെ ഇയാൾ ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പറയാൻ സാധിക്കുകയുള്ളൂ. അതേസമയം അറസ്റ്റിലായ വാഹിദ് തീവ്രവാദ സ്വഭാവമുള്ള നിരവധി പോസ്റ്റുകളും സന്ദേശങ്ങളും സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

വാഹിദിനെ പൊലീസ് വലയിലാക്കിയത് ഫേസ്‌ബുക്കിലെ ഒരു ഫ്രണ്ട് റിക്വസ്റ്റിലൂടെ ആയിരുന്നു. സോഷ്യൽ മീഡിയകളിൽ സമയം ചെലവിടാറുള്ള വാഹിദ് ഫേസ്‌ബുക്കിൽ സൗഹൃദ വലയം ഉണ്ടാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു യുവാവിന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരുന്നു. എന്നാൽ കാര്യങ്ങൾ ഇത്ര കുഴഞ്ഞു മറിയുമെന്ന് വാഹിദ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. വാഹിദിന്റെ ഫ്രണ്ടാകാനുള്ള റിക്വസ്റ്റ് ലഭിച്ച ആ യുവാവ് ആദ്യം ചെയ്തത് റിക്വസ്റ്റ് അയച്ച ആളുടെ പ്രൊഫൈലും ഇയാൾ ഏതു തരത്തിലുള്ള പോസ്റ്റുകളാണ് ഇട്ടതെന്നുമായിരുന്നു. എന്നാൽ ഇന്ത്യൻ പതാകയെ അപമാനിക്കും വിധമുള്ള ചിത്രങ്ങളും ബംഗ്ലാദേശി പതാകയെ മഹത്വ വൽക്കരിക്കും വിധമുള്ള ചില പോസ്റ്റുകളുമായിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട യുവാവ് ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് മലപ്പുറം എസ്‌പി ദീപേഷ് കുമാർ ബെഹ്‌റയുടെ നിർദേശപ്രകാരം വണ്ടൂർ സി.ഐ പി.എം രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇയാളുടെ ഫേയ്‌സ്ബുക്ക് പേജുകൾ നിരീക്ഷിക്കുകയും കൂടുതൽ പരിശോധനക്കായി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാളുടെ താമസ സ്ഥലമായ കുറ്റിയിലെ വാടക ക്വാർട്ടേഴ്‌സിൽ നിന്നുമാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. നിർമ്മാണ മേഖലയിലെ ജോലിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷമായി വാഹിദ് ശൈഖ് കേരളത്തിലുണ്ടെന്നാണ് പൊലീസിൽ നൽകിയിട്ടുള്ള മൊഴി. തുടർന്നുള്ള പരിശോധനയിൽ ഇയാളിൽ നിന്നും കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നെന്ന് വണ്ടൂർ സി.ഐ മറുനാടൻ മലയാളിയോടു പറഞ്ഞു.

ഇന്ന് ഉച്ചയോടെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. വാഹിദ് നിരന്തരമായി ഐഎസ് വെബ്‌സൈറ്റുകലും കാശ്മീരിലെ തീവ്രവാദ സംഘടനകളുടെ വെബ്‌സൈറ്റുകളും സന്ദർശിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മസ്ഹൂദ് അസ്ഹർ അടക്കമുള്ള ചില തീവ്ര വാദ സംഘടനാ നേതാക്കളുടെ ഫോട്ടോകൾ ഇയാളുടെ മൊബൈലിൽ നിന്നും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കണ്ടെടുത്ത ഫോട്ടോകലിൽ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ വിവിധ ഫോട്ടോകളും ഉണ്ട്. ഫേസ്‌ബുക്കിൽ നിന്നും ലഭിക്കുന്ന ഫോട്ടോകൾ ഡൗൺലോഡ് ചെയ്തിട്ടുമുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ ഫെയ്‌സ്ബൂക്ക് കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്. കൂടുതൽ വിദഗ്ദ പരിശോധനക്കായി ഇയാളുടെ സോഷ്യൽ മീഡിയ പോജുകളും മൊബൈൽ ഫോണും വിധേയമാക്കുമെന്ന് പൊലീസ് അറിയച്ചു. കൂടാതെ ഇയാളുമായി അടുത്ത ബന്ധം പുലർത്തുന്ന ഫെയ്‌സബുക്ക് സുഹൃത്തുക്കള കേന്ദ്രീകരിച്ചും പരിശോധിക്കുന്നുണ്ട്. ഐഎസ് അടക്കമുള്ള തീവ്രവാദ സംഘങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രവർത്തനം ശക്തമാക്കുന്നതായും ആളുകളെ റിക്രൂട്ട് ചെയ്യുന്നതായുമുള്ള വാർത്തകൾ നിരന്തരമായി വന്നിരുന്നു. ഈ സഹചര്യത്തിൽ വാഹിദ് ശൈഖുമായി സോഷ്യൽ മീഡിയയിലൂടെ അടുത്ത ബന്ധം പുലർത്തിയ ചിലരും പൊലീസ് നിരീക്ഷണത്തിലാണ്. ദേശീയ പതാകയെ അപമാനിക്കൽ, തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കൽ, ഐ.ടി ദുരുപയോഗം തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കുമേൽ ചുമത്തിയിട്ടുള്ളത്. അറസ്റ്റു ചെയ്ത വാഹിദ് ശൈഖിനെ ഇന്ന് പെരിന്തൽമണ്ണ കോടതിയിൽ ഹാദരാക്കുമെന്ന് പൊലീസ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP