Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആശുപത്രിയിൽ നിന്ന് ചോരക്കുഞ്ഞിനെ തട്ടിയെടുത്ത യുവതി പിടിയിൽ; വീണ്ടെടുത്ത കുഞ്ഞിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആശുപത്രി ജീവനക്കാരിയെന്ന നാട്യത്തിൽ കുഞ്ഞിനെ തട്ടിയെടുത്തത് റാന്നി സ്വദേശിനി; പിടിയിലായത് വച്ചൂച്ചിറയിലെ ഭർതൃവീട്ടിൽ നിന്ന്

ആശുപത്രിയിൽ നിന്ന് ചോരക്കുഞ്ഞിനെ തട്ടിയെടുത്ത യുവതി പിടിയിൽ; വീണ്ടെടുത്ത കുഞ്ഞിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആശുപത്രി ജീവനക്കാരിയെന്ന നാട്യത്തിൽ കുഞ്ഞിനെ തട്ടിയെടുത്തത് റാന്നി സ്വദേശിനി; പിടിയിലായത് വച്ചൂച്ചിറയിലെ ഭർതൃവീട്ടിൽ നിന്ന്

പത്തനംതിട്ട: കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്ത യുവതിയെ പിടികൂടിയ പൊലീസ് കുഞ്ഞിനെ വീണ്ടെടുത്തു. പത്തനംതിട്ട ജില്ലയിലെ റാന്നി വച്ചൂച്ചിറയിൽ നിന്നാണ് കുഞ്ഞിനെ തട്ടിയെടുത്ത യുവതിയെ പിടികൂടിയത്. റാന്നി സ്വദേശിനി ലീനയെയാണ്, കുഞ്ഞിനെ തട്ടിയെടുത്തതിന് പൊലീസ് അറസ്റ്റ് ചെയ്തത്. വീണ്ടെടുത്ത കുഞ്ഞിനെ തിരികെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വച്ചൂച്ചിറയിലെ ലീനയുടെ ഭർതൃവീട്ടിൽ നിന്നാണ് ഇവർ പിടിയിലായത്. റാന്നി മാടത്തുംപടി കാവുംമൂലയിലെ സജി ചാക്കോ - അനിത ദമ്പതികളുടെ നാല് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ തട്ടിക്കൊണ്ടുപോയത്. ആശുപത്രി ജീവനക്കാരിയാണെന്ന് പറഞ്ഞ് കുഞ്ഞിനെ മുറിയിൽ നിന്നും തട്ടിയെടുത്ത് ലീന മുങ്ങുകയായിരുന്നു.

ഇവരുടെ ചിത്രങ്ങൾ ആശുപത്രിയിലെ സി സി ടി വി ക്യാമറയിൽ പതിഞ്ഞിരുന്നു.പ്രസവ വാർഡിനരികിൽ കുഞ്ഞിനെ ബന്ധുക്കൾ എടുത്തുകൊണ്ടു നിൽക്കെ, പാലുകൊടുക്കാൻ സമയമായെന്നു പറഞ്ഞ് വാർഡിൽ നിന്ന് ഇറങ്ങിവന്ന, ലീന കുഞ്ഞിനെ വാങ്ങിക്കൊണ്ടു പോവുകയായിരുന്നു.

ആ സമയം, അനിതയെ പ്രസവം നിറുത്താനുള്ള ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അൽപ്പം കഴിഞ്ഞ് കുഞ്ഞിനെ തിരക്കി, വാർഡിലെ നഴ്‌സുമാർ വന്നപ്പോഴാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതാണെന്ന് ബന്ധുക്കൾക്ക് മനസിലായത്.

കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചിട്ടില്ലെന്നും, സ്വന്തം കുട്ടിയായി വളർത്താനാണ് ലീന, കുഞ്ഞിനെ തട്ടിയെടുത്തതെന്നും പൊലീസ് പറഞ്ഞു. വച്ചൂച്ചിറയിലെ ലീനയുടെ ഭർതൃഗൃഹത്തിൽ നിന്നാണു കുട്ടിയെ കണ്ടെത്തിയത്. നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയതു കൃത്യമായ ആസൂത്രണത്തോടെയെന്ന് ആശുപത്രിയിൽ നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായിരുന്നു.

നാലുദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ തട്ടിയെടുത്ത ശേഷം പിന്നീട് ഓട്ടോ റിക്ഷയിൽ കയറിയാണ് ഇവർ സ്ഥലം വിട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഓട്ടോ ഡ്രൈവറെ കണ്ടെത്തുകയും, ലീനയെ കാരംവേലിയിൽ ഇറക്കിയതായി ഡ്രൈവർ മൊഴി നൽകുകയും ചെയ്തു. ഇത് പ്രതിയിലേക്കെത്താൻ പൊലീസിനെ സഹായിച്ചു. എട്ടാം തീയ്യതിയും ലീന ആശുപത്രിയിലെത്തിയിരുന്നതായി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായതോടെ വ്യക്തമായ ആസൂത്രണത്തോടെ തന്നെയായിരുന്നു തട്ടിക്കൊണ്ടുപോകലെന്നാണ് പൊലീസ് കരുതുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP