Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല സ്ത്രീപ്രവേശനവും ആചാരലംഘനവും 'എല്ലാം പറഞ്ഞ് കോംപ്ലിമെന്റ് ആക്കി'; ദേവസ്വം വിജിലൻസ് കട്ടയും പടവും മടക്കിയത് തന്ത്രിയുടെ നിലപാടിൽ; സന്നിധാനത്തെ പെരുങ്കള്ളന്മാരെ വെള്ളപൂശി വിവാദത്തിന് ശുഭാന്ത്യം; ദർശന ദല്ലാൾ സുനിൽ സ്വാമിയുടെ വിഹാരം തുടരും

ശബരിമല സ്ത്രീപ്രവേശനവും ആചാരലംഘനവും 'എല്ലാം പറഞ്ഞ് കോംപ്ലിമെന്റ് ആക്കി'; ദേവസ്വം വിജിലൻസ് കട്ടയും പടവും മടക്കിയത് തന്ത്രിയുടെ നിലപാടിൽ;  സന്നിധാനത്തെ പെരുങ്കള്ളന്മാരെ വെള്ളപൂശി വിവാദത്തിന് ശുഭാന്ത്യം; ദർശന ദല്ലാൾ സുനിൽ സ്വാമിയുടെ വിഹാരം തുടരും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയെന്നും ആചാരം ലംഘിച്ച് നട തുറന്നുവെന്നുമുള്ള വിവാദത്തിന് ശുഭാന്ത്യം. ശബരിമല തന്ത്രി ദേവസ്വം വിജിലൻസിന് നൽകിയ മൊഴിയോടെയാണ് ദേവസ്വം ബോർഡും സർക്കാരും കട്ടയും പടവും മടക്കിയത്. ഇതോടെ ദർശന ദല്ലാൾ സുനിൽ സ്വാമിയുടെ വിഹാരം സോപാനത്ത് തുടരും. ആചാരങ്ങൾ ലംഘിക്കപ്പെട്ടു കൊണ്ടുമിരിക്കും.

കഴിഞ്ഞ 10 നാണ് വിവാദത്തിന് തിരികൊളുത്തിയ സംഭവം സന്നിധാനത്തുണ്ടായത്. യൗവനയുക്തകൾ അടക്കം 75 പേരുമായി ദർശന ദല്ലാൾ സുനിൽ സ്വാമി ശബരിമലയിലെത്തി. ഇവർക്കായി മാത്രം ആചാരം ലംഘിച്ച് നട തുറന്നു. യുവതികൾ സോപാനത്ത് നിന്ന് ദർശനം നടത്തുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന ജന്മഭൂമി ഫോട്ടോഗ്രാഫർ കാർത്തിക് ഈ ചിത്രം പകർത്തി. ഇത് കൈവശം ലഭിച്ച ആർഎസ്എസ് നേതാവ് ടിജി മോഹൻദാസ് ചിത്രമുൾപ്പെടെ ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് മറുനാടൻ വാർത്തയാക്കുകയും ചെയ്തതോടെയാണ് വിവാദം ഉടലെടുത്തത്.

പുനഃസ്ഥാപനത്തിനായി കൊടിമരം അഴിച്ചു മാറ്റിയതിനാൽ ശബരിമലയിൽ ഇക്കുറി ഉത്സവം വേണ്ടെന്ന് വച്ചിരുന്നു. എന്നാൽ, ഉത്സവത്തിനെന്നതു പോലെ നട തുറക്കാനും പതിവു പൂജകൾ നടത്താനും തീരുമാനിച്ചിരുന്നു. കഴിഞ്ഞ 30 മുതൽ 10 ദിവസം നീണ്ടു നിന്ന ഉത്സവ കാലയളവിന് ശേഷം പൈങ്കുനി ഉത്രം നാളിൽ രാത്രി 10 ന് ഹരിവരാസനം പാടി നടയടച്ചു കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം പൂജകൾ ഒന്നും ഉണ്ടാകാറില്ല. 10 ന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. അന്ന് ദീപാരാധന നടത്തുന്ന പതിവില്ല.ഈ പതിവ് തെറ്റിച്ച് 10 ന് രാവിലെ തന്നെ നട തുറന്നു. നിർമ്മാല്യം, ഉദയാസ്തമയ പൂജ, സഹസ്രകലശം, വൈകിട്ട് പടിപൂജ, കളഭാഭിഷേകം എന്നിവ നടത്തി.

സുനിൽ സ്വാമി കൊണ്ടുവന്ന 75 അംഗ സംഘത്തിന് വേണ്ടിയുള്ള സ്പെഷ്യൽ ഷോ ആയിരുന്നു ഇത്. അതാണ് വിവാദമായ ചിത്രങ്ങളിൽ കണ്ടത്. നട തുറക്കില്ലെന്ന് കരുതി മറ്റു ഭക്തർ എത്താതിരുന്നതോടെ സുനിൽ സ്വാമിക്കും സംഘത്തിനും ആവോളം പൂജകളിൽ പങ്കെടുക്കാൻ കഴിഞ്ഞു. സംഘത്തിൽ രണ്ടു സ്ത്രീകൾ മാത്രമായിരുന്നുവെന്നാണ് പൊലീസും വിജിലൻസും നൽകിയ റിപ്പോർട്ട്. ചിത്രത്തിലുണ്ടായിരുന്ന രണ്ടു സ്ത്രീകളുടെ വീട്ടിലെത്തി ദേവസ്വം വിജിലൻസ് മൊഴി എടുത്തു. തിരിച്ചറിയൽ രേഖ പ്രകാരം ഇവരുടെ പ്രായം 50 ന് മുകളിലാണെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. സംഘത്തിലുണ്ടായിരുന്ന മറ്റു സ്ത്രീകളെ കുറിച്ച് പരാമർശം ഉണ്ടായിട്ടുമില്ല.

പിന്നെയുള്ളത് ആചാരലംഘനമായിരുന്നു. ഇതു സംബന്ധിച്ച് തന്ത്രി കണ്ഠരര് രാജീവരര് നൽകിയ മൊഴി ആകട്ടെ തന്റെ ചെയ്തികളെ ന്യായീകരിച്ചു കൊണ്ടുമായിരുന്നു. തന്ത്രിയുടേത് അവസാന വാക്കായതിനാൽ വിജിലൻസ് വിവാദം അവസാനിപ്പിച്ചു. സുനിൽ സ്വാമി ഒരിക്കൽ കൂടി സുരക്ഷിതനായി. ആചാരം ലംഘിച്ച് നട തുറന്നു, സോപാന ഭരണം ദർശന ദല്ലാൾ സുനിൽ സ്വാമിയാണ് നടത്തുന്നത് എന്നീ പരാതികളെക്കുറിച്ച് ഇനി വിവാദമില്ല. അതുകൊണ്ട് തന്നെ ഈ വിഷയം അവസാനിപ്പിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്.

സുനിൽ സ്വാമിയുടെ നേതൃത്വത്തിൽ നടന്ന പൂജ തൊഴാൻ നടൻ ജയറാം, ജ്യോത്സ്യൻ പത്മനാഭശർമ, കോയമ്പത്തൂർ ആര്യവൈദ്യശാലയിലെ ഡോ. രവീന്ദ്രൻ, പാലക്കാട് ശബരി ഗ്രൂപ്പിലെ ജീവനക്കാർ എന്നിവരും ഉണ്ടായിരുന്നു. ശ്രീകോവിലിലെ പൂജയ്ക്ക് അകമ്പടിയായി സോപാന സംഗീതം ആലപിക്കുന്നതിനിടെ ജയറാം ഉടുക്കു വാങ്ങി കൊട്ടുകയും ചെയ്തു. ആചാരലംഘനങ്ങളുടെ നീണ്ട നിരയാണ് ശബരിമലയിൽ നടക്കുന്നത്. ഇതിനെല്ലാം നേതൃത്വം നൽകുന്നത് സുനിൽ സ്വാമിയും. ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ സുനിൽ സ്വാമി ഭക്തരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP