Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചീഞ്ഞളിഞ്ഞ മീൻകൂമ്പാരത്തിനടിയിൽ 1500 കിലോ ആർ.ഡി.എക്‌സ്; മുംബൈയെ തകർക്കാനുള്ള പദ്ധതി പൊളിഞ്ഞത് നേരീയ വ്യത്യാസത്തിൽ; രക്ഷകനായത് സഞ്ജീർ എന്ന പൊലീസ് നായ; മേമന്റെ കഥ തുടരുന്നു

ചീഞ്ഞളിഞ്ഞ മീൻകൂമ്പാരത്തിനടിയിൽ 1500 കിലോ ആർ.ഡി.എക്‌സ്; മുംബൈയെ തകർക്കാനുള്ള പദ്ധതി പൊളിഞ്ഞത് നേരീയ വ്യത്യാസത്തിൽ; രക്ഷകനായത് സഞ്ജീർ എന്ന പൊലീസ് നായ; മേമന്റെ കഥ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിൽനിന്ന് അംബാസിഡർ കാറിന്റെ ഉടമയെ തപ്പിയിറങ്ങിയ മുംബൈ പൊലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മുംബൈ നഗരത്തെ ആകമാനം ചാമ്പലാക്കാൻ പോന്നത്ര സ്‌ഫോടക വസ്തുക്കളും അവരുടെ വലയിൽക്കുരുങ്ങി. കൂടാതെ സ്‌ഫോടനത്തിൽ മേമൻ കുടുംബത്തിന്റെ പങ്കും നിസംശയം തെളിയിക്കപ്പെട്ടു.

സ്‌ഫോടനത്തിന് ഉപയോഗിച്ച വാഹനങ്ങൾ ടൈഗർ മേമന് നൽകിയ ഫരീദ് ഭായിയെയും അസ്ഗർ അലി താഹേർ അലി മസാലവാലയെയും അറസ്റ്റ് ചെയ്തത് വഴിത്തിരിവായി. മൂന്ന് ബജാജ് സ്‌കൂട്ടറുകൾ ഇവരാണ് ടൈഗറിന് നൽകിയത്. മറ്റു വാഹനങ്ങളാട മൂന്ന് ജീപ്പുകളും ഒരു അംബാസഡർ കാറും രണ്ട് മാരുതി വാനുകളും വിറ്റത് സുലൈമാൻ ലക്ഡാവാലയായിരുന്നു. സ്‌ഫോടകവസ്തുക്കൾ സ്ഥാപിക്കാൻ പാകത്തിൽ വാഹനങ്ങളിൽ ചില്ലറ മാറ്റം വരുത്തിയതും ലക്ഡാവാലയുടെ ബൈക്കുളയിലുള്ള വർക്ക്‌ഷോപ്പിൽവച്ചായിരുന്നു.

ഇതിനിടെയാണ് ഡപ്യൂട്ടി കമ്മീഷണർ അരൂപ് പട്‌നായിക്കിന് മറ്റൊരു വിവരം ലഭിക്കുന്നത്. മുംബൈയുടെ പ്രാന്തപ്രദേശമായ മുംബൈയിൽ വൻതോതിലുള്ള സ്‌ഫോടക വസ്തുക്കൾ ഒളിപ്പിച്ചുവച്ചിരിക്കുന്നു എന്നായിരുന്നു വിവരം. സഞ്ജീർ എന്ന പൊലീസ് നായയുമായി സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘത്തെ വരവേറ്റത് ചീഞ്ഞഴുകിത്തുടങ്ങിയ മീനിന്റെ ദുർഗന്ധമായിരുന്നു.

നിരാശരായി മടങ്ങാൻ തുടങ്ങിയ പൊലീസിനെ ഞെട്ടിച്ചുകൊണ്ട് സഞ്ജീർ കള്ളക്കളി മണത്ത് പിടിച്ചു. മീന്മണമുള്ള കവറിനടിയിൽനിന്ന് പൊലീസ് കണ്ടെത്തിയത് 1500 കിലോ ആർഡിഎക്‌സ്. മുംബൈ കലാപത്തിന് പ്രതികാരം വീട്ടാനെന്നോണം മറ്റൊരു വർഗീയ കലാപത്തിന് കളമൊരുക്കുകയായിരുന്നു ടൈഗറിന്റെയും കൂട്ടരുടെയും ലക്ഷ്യമെന്ന് പൊലീസ് കണ്ടെത്തി.

വർഗീയ കലാപമുണ്ടാക്കുകയും നിർണായക സ്ഥലങ്ങളിൽ സ്‌ഫോടക വസ്തുക്കളുപയോഗിച്ച് ആക്രമണം നടത്തുകയുമായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ, മുംബൈ കലാപത്തിനുശേഷവും സ്‌ഫോടനത്തിനുശേഷവും ആളുകൾ പുലർത്തിയ ശാന്തതയും മുംബൈ പൊലീസ് പെട്ടെന്നുതന്നെ ഗൂഢാലോചനക്കാരിലേക്ക് എത്തിയതും ഇവരുട പദ്ധതികൾ പൊളിച്ചു. സ്‌ഫോടനത്തിന് പിന്നാലെ വൻതോതിലുള്ള കലാപം പൊട്ടിപ്പുറപ്പെടുമെന്നായിരുന്നു മേമന്റെയും കൂട്ടരുടെയും പ്രതീക്ഷ. ഈ കലാപത്തിനിടെ, സ്‌ഫോടനത്തിന്റെ സൂത്രധാരന്മാർക്ക് രക്ഷപ്പെടാനാവുമെന്നും അവർ കരുതി.

മുംബൈ സ്‌ഫോടനത്തിന് പിന്നിൽ ഒരു വ്യക്തിയല്ല, ഒരു രാജ്യത്തിന്റെ തന്നെ ഇടപെടലുണ്ടെന്ന സംശയം അന്വേഷണോദ്യോഗ്സ്ഥർക്ക് ആദ്യംമുതൽ തന്നെയുണ്ടായിരുന്നു. പണത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്ന കുറ്റവാളികളല്ല ഇതിന് പിന്നിലെന്നും ഒരു സമൂഹത്തിന്റെ സ്വസ്ഥ ജീവിതം തകർക്കുന്ന തരത്തിൽ വർഗീയ കലാപം ലക്ഷ്യമിട്ട് മറ്റൊരു ഏജൻസി തന്നെ ഇതിന് പിന്നിൽ പ്രവർച്ചിട്ടുണ്ടാകാമെന്ന് പൊലീസ് വിശ്വസിച്ചു. പാക്കിസ്ഥാന്റെയും ഐഎസ്‌ഐയുടെയും പങ്ക് തുടക്കം മുതൽതന്നെ ആരോപിക്കപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ, ഗൂഢാലോചന പാക്കിസ്ഥാനും അപ്പുറത്തേയ്ക്ക് വളർന്നിട്ടുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥർ കരുതുന്നു. പാക്കിസ്ഥാനെ തുടക്കത്തിൽത്തന്നെ പ്രതിസ്ഥാനത്ത് നിർത്തിയത് അന്വേഷണം ഏകപക്ഷീയമാണെന്ന ആരോപണത്തിന് വഴിവെക്കുകയും ചെയ്തു. പാക്കിസ്ഥാനിൽനിന്ന് ഗൾഫ് രാജ്യങ്ങളിലൂടെ ഇന്ത്യയിലേക്ക് കടക്കുന്ന തീവ്രവാദികൾ ഇതിന് പിന്നിലുണ്ടാകാമെന്നാണ് അന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ കരുതുന്നത്.

സ്‌ഫോടനം നടത്താനായി നിയോഗിക്കപ്പെട്ടവർക്ക് പരിശീലനം നൽകിയത് ഐഎസ്‌ഐയാണ്. കള്ളക്കടത്തുകാരെ ഉപയോഗിച്ച് അവർ സ്‌ഫോടക വസ്തുക്കൾ ഇന്ത്യയിലെത്തിക്കുകയും ചെയ്തു. പെഷവാർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഒരു തീവ്രവാദ സംഘടനയാണ് ഇതിന് വേണ്ട സഹായങ്ങൾ നൽകിയത്. മുംബൈയിൽ സ്‌ഫോടനം നടക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ന്യുയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിൽ ബോംബാക്രമണം ഉണ്ടായത്. 1993 ഫെബ്രുവരി 26-നായിരുന്നു അത്. രണ്ട് ടവറുകളും തകർക്കുകയായിരുന്നു ഉദ്ദേശം വിഫലമായെങ്കിലും ആറുപേർ ആ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.

മുംബൈയിൽ സ്‌ഫോടനം നടത്തിയവർക്കും ന്യുയോർക്കിൽ സ്‌ഫോടനം നടത്തിയവർക്കും തമ്മിൽ ബന്ധമുണ്ടെന്ന സംശയം അന്നുതന്നെ ഉയർന്നിരുന്നു. മുംബൈ സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ അമേരിക്കയിൽനിന്ന് ചില അന്വേഷണോദ്യോഗസ്ഥർ മുംബൈയിലെത്തിയതും അത്തരത്തിലുള്ള ബന്ധം കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു. രണ്ടിടത്തും പ്രവർത്തിച്ചത് ഒരേ ആളുകളല്ലെങ്കിലും, ഒരേ ആശയമാണ് അവരെ നയിച്ചതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ കണ്ടെത്തി.

1992 ഡിസംബർ 27-ന് കൊളംബോയിൽ തീവ്രവാദ സംഘടനകൾ ഒരു യോഗം ചേർന്നിരുന്നു. ഇന്ത്യയും ഈജിപ്തും അമേരിക്കയും നടുങ്ങുന്ന തരത്തിൽ സ്‌ഫോടനങ്ങൾ നടത്തണമെന്ന് ആ യോഗത്തിൽ തീരുമാനിക്കപ്പെട്ടതായി ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്ന് രാജ്യങ്ങളും ഇത് കാര്യമായെടുത്തില്ല. അതിന്റെകൂടി ഫലമായിരുന്നു മുംബൈ സ്‌ഫോടനം. ടൈഗർ മേമനും കുടുംബവും ഇന്ത്യയിൽനിന്ന് കടന്നതുൾപ്പെടെ ഒട്ടേറെ കാര്യങ്ങളിൽ ഇവിടുത്തെ അന്വേഷണോദ്യോഗസ്ഥർക്ക് വീഴ്ചകളും സംഭവിച്ചിരുന്നു. അതേക്കുറിച്ച് നാളെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP