Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

35 വർഷത്തെ ഇരുട്ട് മാറ്റി സുപ്രീം കോടതിയുടെ ഇടപെടൽ; ബലാത്സംഗത്തിന് ഇരയായി ഒറ്റപ്പെട്ട് ജീവിക്കുന്ന അന്ധ യുവതിക്ക് പ്രതിമാസം 8000 രൂപ വീതം നൽകാൻ സർക്കാരിനോട് കോടതി

35 വർഷത്തെ ഇരുട്ട് മാറ്റി സുപ്രീം കോടതിയുടെ ഇടപെടൽ; ബലാത്സംഗത്തിന് ഇരയായി ഒറ്റപ്പെട്ട് ജീവിക്കുന്ന അന്ധ യുവതിക്ക് പ്രതിമാസം 8000 രൂപ വീതം നൽകാൻ സർക്കാരിനോട് കോടതി

പാറക്കഷണങ്ങളും പൊടിയും സർവോപരി അപകടവും നിറഞ്ഞ ദുർഘടമായ പാതയിലൂടെ എന്നും രാവിലെ 10.30ന് അവൾ തന്റെ നിലം പതിക്കാറായ കുടിലിലേക്ക് നടന്ന് നീങ്ങും. പതിവുള്ള കുളി കഴിഞ്ഞ് തടാകത്തിൽ നിന്നും വീട്ടിലേക്കുള്ള യാത്രയാണത്. ഒരു കൈയിൽ ബക്കറ്റും മറു കൈയിൽ നനഞ്ഞ തുണികളുമേന്തി തപ്പിത്തടഞ്ഞാണ് അന്ധയായ അവളുടെ യാത്ര... കുടിലിനടുത്തെത്തിയാൽ അതിന്റെ മരവാതിൽ തുറന്ന് എങ്ങനെയോ അകത്തേക്ക് നുഴഞ്ഞ് കയറും... തന്റെ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്ന താക്കോൽ കൊണ്ട് മരവാതിലിന്റെ പൂട്ട് പാടുപെട്ട് തുറന്നാണ് അകത്ത് കയറുന്നത്...തീരെ കണ്ണ് കാണാൻ സാധിക്കുന്നില്ലെങ്കിലും 35 വർഷത്തെ തന്റെ പരിചയം കൊണ്ടാണ് അവർ ഇതെല്ലാം ചെയ്യുന്നത്. ഛത്തീസ്‌ഗഡിലെ ഈ സ്ത്രീയുടെ ജീവിതത്തിലേക്ക് വ്യാഴാഴ്ചയുണ്ടായ സുപ്രീംകോടതി വിധി പുതിയ വെളിച്ചം കൊണ്ടു വന്നിരിക്കുകയാണ്. തന്റെ 17ാം വയസിൽ ബലാത്സംഗത്തിന് ഇരയായി ഒറ്റപ്പെട്ട് ജീവിക്കുന്ന ഈ 37കാരിക്ക് മാസം തോറും 8000രൂപ വീതം നൽകാനാണ് സുപ്രീം കോടതി സർക്കാരിനോട് ഉത്തരവിട്ടിരിക്കുന്നത്.രണ്ടാം വയസിലായിരുന്നു ഇവർക്ക് കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടത്.

20 വർഷങ്ങൾക്ക് മുമ്പ് തന്റെ സഹോദരന്റെ കൂട്ടുകാരനും വീട്ടിലെ നിത്യസന്ദർശകനുമായിരുന്ന ആൾ അവരെ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു. എന്നാൽ കാര്യം കഴിഞ്ഞപ്പോൾ അയാൾ വാഗ്ദാനം പാലിക്കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു.വില്ലേജ് പഞ്ചായത്തിന് മുന്നിൽ ഈ ബന്ധത്തെക്കുറിച്ച് അയാൾ തുറന്ന് സമ്മതിച്ചിരുന്നെങ്കിലും ഇതുവരെ അയാൾ ഈ സ്ത്രീയെ വിവാഹം ചെയ്യാൻ തയ്യാറായിട്ടില്ല. ഇയാൾക്കെതിരെ ഈ സ്ത്രീ ബലാത്സംഗ കേസ് ഫയൽ ചെയ്യുകയും തുടർന്ന് നാല് വർഷങ്ങൾക്ക് മുമ്പ് ഇയാളെ ഏഴ് വർഷത്തേക്ക് തടവിലിടുകയും ചെയ്തിരുന്നു. തുടർന്ന് ഈ കേസ് സുപ്രീംകോടതിയെത്തിയതിനെ തുടർന്നാണ് വ്യാഴാഴ്ച നിർണായകമായ വിധിയുണ്ടായിരിക്കുന്നത്. ഇതു പ്രകാരം ഛത്തീസ് ഗഡ് സർക്കാരിനോട് ഈ സ്ത്രീക്ക് പ്രതിമാസം 8000രൂപ നൽകാൻ പരമോന്നത കോടതി ഉത്തരവിട്ടിരിക്കുകയാണ്.തികച്ചും ഒറ്റപ്പെട്ട് ജീവിക്കുന്ന ഈ സ്ത്രീക്ക് സഹായിക്കാൻ മറ്റാരുമില്ലെന്ന് മാത്രമല്ല മറ്റ് വരുമാനമാർഗങ്ങളുമില്ലെന്ന പശ്ചാത്തലത്തിലാണ് കോടതി ഇടപെട്ടിരിക്കുന്നത്. എല്ലാ മാസവും കിലോയ്ക്ക് ഒരു രൂപയ്ക്ക് 35 കിലോ അരി ലഭ്യമാക്കുന്ന പിഡിഎസ് സ്‌കീമിന്റെ ആനുകൂല്യം മാത്രമാണ് ഇവരുടെ ജീവനോപാധി.ഇതിന് പുറമെ 300രൂപ വികലാംഗ പെൻഷനും ലഭിക്കുന്നുണ്ട്.

വെറും രണ്ട് റൂം മാത്രമുള്ള ഈ വീട്ടിൽ നിശബ്ദത മാത്രമാണ് ഈ സ്ത്രീയുടെ നിത്യ തോഴൻ. ഈ സ്ത്രീ ചെറിയ കുട്ടിയായിരുന്നപ്പോൾ തന്നെ അമ്മ വീട് വിട്ട് പോയിരുന്നു. തുടർന്ന് അച്ഛന്റെയും രണ്ട് സഹോദരന്മാരുടെയും കൂടെയായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. ഏഴ് വർഷങ്ങൾക്ക് മുമ്പ് പിതാവ് മരിക്കുകയും സഹോദരന്മാർ അവരുടെ പാട് നോക്കി പോവുകയും ചെയ്തതോടെ ഇവർ തീർത്തും ഒറ്റപ്പെടുകയായിരുന്നു.ചെറുപ്പത്തിൽ അച്ഛനോടും സഹോദരന്മാരോടും കളികളിൽ ഏർപ്പെട്ട് സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുട്ടിയായിരുന്നു ഇവരെന്നും എന്നാൽ ഇപ്പോൾ ആര് അടുത്ത് പോയി സംസാരിച്ചാലും ദേഷ്യമാണെന്നും ആരെയും വിശ്വസിക്കാനാവത്ത അവസ്ഥയിൽ ഈ സ്ത്രീ എത്തിച്ചേർന്നുവെന്നുമാണ് അയൽക്കാർ വെളിപ്പെടുത്തുന്നത്.സുപ്രീം കോടതി വിധിയോടും ഈ സ്ത്രീ സന്തോഷത്തോടെയും ആശ്വാസത്തോടെയുമൊന്നുമല്ല പ്രതികരിച്ചിരിക്കുന്നത്. വർഷങ്ങളായി താൻ ഇത്തരത്തിലാണ് ജീവിക്കുന്നതെന്നാണവർ പ്രതികരിച്ചിരിക്കുന്നത്. വീട്ടിൽ വളരെ പരിമിതമായ സൗകര്യങ്ങളേയുള്ളൂ. പലപ്പോഴും പാചകം ചെയ്യുമ്പോൾ തന്റെ കൈ പൊള്ളാറുണ്ടെന്നും മറ്റ് വഴിയില്ലാത്തതിനാൽ ചെയ്യുകയാണെന്നും സ്ത്രീ വെളിപ്പെടുത്തുന്നു.

കുറച്ച് ദിവസം സർക്കാർ മുൻകൈയെടുത്ത് സ്ത്രീയെ നാരിനികേതനിലേക്ക് മാറ്റിയിരുന്നെങ്കിലും മറ്റുള്ളവരോട് ഇടപഴകാനുള്ള സ്ത്രീയുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് തിരിച്ച് വീട്ടിൽ തന്നെ എത്തിക്കുകയായിരുന്നു.ഇവരുടെ കേസിലുണ്ടായിരിക്കുന്നത് നിർണായകമായ വിധിയാണ്. ഇതുപോലുള്ള അവസ്ഥ നേരിടുന്ന ബലാത്സംഗ ഇരകൾക്ക് ഏകീകൃതമായ ഒരു സ്‌കീം ആവിഷ്‌കരിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും യൂണിയൻ ടെറിട്ടറികളോടും ഈ വിധിയിലൂടെ കോടതി ആവശ്യപ്പെടുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP